Image

ടിപി കേസ്‌ പ്രതികള്‍ക്കും നിസാമിനും വരെ ശിക്ഷായിളവ്‌!

Published on 23 March, 2017
ടിപി കേസ്‌ പ്രതികള്‍ക്കും നിസാമിനും വരെ ശിക്ഷായിളവ്‌!

തിരുവനന്തപുരം: ശിക്ഷായിളവ്‌ നല്‍കുന്നതിനായി തയ്യാറാക്കിയ പട്ടികയില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ്‌ പ്രതികളും ചന്ദ്രബോസ്‌ കൊലക്കേസിലെ പ്രതി നിസാമും ഉണ്ടെന്ന്‌ തെളിഞ്ഞു. വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ആണ്‌ ഇക്കാര്യം പുറത്ത്‌ വിട്ടത്‌.


ടിപി കേസിലെ പ്രതികള്‍ ഇളവ്‌ നല്‍കാനുള്ളവരുടെ പട്ടികയില്‍ ഉണ്ടോ എന്ന്‌ നിയമ സഭയില്‍ ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ പട്ടികയിലെ എല്ലാവരുടേയും പേരുകള്‍ ഓര്‍ക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്‌.

ടിപി കേസിലെ 11 പ്രതികളും ശിക്ഷാ ഇളവിനുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്‌ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ റിപ്പോര്‍ട്ട്‌. അതില്‍ പാര്‍ട്ടി അന്വേഷണത്തില്‍ സിപിഎം തന്നെ കുറ്റക്കാരനായി കണ്ടെത്തിയ കെസി രാമചന്ദ്രനും ഉണ്ട്‌ എന്നതാണ്‌ ഞെട്ടിപ്പിക്കുന്ന വിവരം.സംസ്ഥാന ജയില്‍ വകുപ്പാണ്‌ പട്ടിക തയ്യാറാക്കിയിട്ടുള്ളത്‌.

കേരളപ്പിറവിയുടെ 60ാം വാര്‍ഷികം പ്രമാണിച്ചാണ്‌ ശിക്ഷാ ഇളവ്‌ നല്‍കാനുള്ള തീരുമാനം. ശിക്ഷ ഇളവ്‌ നല്‍കുന്നതിനായി തയ്യാറാക്കിയ പട്ടികയില്‍ കൊടും കുറ്റവാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിച്ച്‌ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു.


1911 പേരുടെ പട്ടികയാണ്‌ ശിക്ഷ ഇളവിനായി തയ്യാറാക്കിയിട്ടുള്ളത്‌ എന്നാണ്‌ വിവരാവകാശ രേഖ വ്യക്തമാക്കുന്നത്‌. കൊടുംകുറ്റവാളികള്‍ അടക്കം ഇതില്‍ ഇടം നേടിയിട്ടുണ്ട്‌.

സിപിഎമ്മിന്‌ ഏറെ പ്രതിസന്ധി സൃഷ്ടിച്ച ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ 11 പ്രതികളും ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്‌ എന്നതാണ്‌ ഞെട്ടിപ്പിക്കുന്ന വസ്‌തുത. നേരത്തെ ഇത്‌ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്‌ കൃത്യമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു.

ടിപി വധം സംബന്ധിച്ച്‌ സിപിഎം പാര്‍ട്ടി തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന്‌ കണ്ടെത്തിയ ആളാണ്‌ കെസി രാമചന്ദ്രന്‍. തുടര്‍ന്ന്‌ രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കുകയും ചെയ്‌തിരുന്നു. ആ രാമചന്ദ്രനും ഇപ്പോള്‍ ശിക്ഷാ ഇളവിന്റെ പട്ടികയില്‍ സ്ഥാവം പിടിച്ചിട്ടുണ്ട്‌.

സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച്‌ കൊന്ന കേസിലെ പ്രതി മുഹമ്മദ്‌ നിസാമിനേയും പട്ടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. നേരത്തെ ഇത്‌ സംബന്ധിച്ച ആക്ഷേപങ്ങള്‍ സര്‍ക്കാരും സിപിഎമ്മും തള്ളിക്കളഞ്ഞിരുന്നു.
എന്നാല്‍ ഈ പട്ടികയല്ല സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക്‌ ്‌ന്തിമമായി അയച്ചത്‌ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക