Image

പ്രണയിക്കാന്‍ അമ്മ അനുവദിക്കുന്നില്ലെന്ന പരാതിയുമായി മകന്‍ പൊലീസ്‌ സ്‌റ്റേഷനില്‍

Published on 23 March, 2017
 പ്രണയിക്കാന്‍ അമ്മ അനുവദിക്കുന്നില്ലെന്ന പരാതിയുമായി മകന്‍ പൊലീസ്‌ സ്‌റ്റേഷനില്‍


മൂവാറ്റുപുഴ: അമ്മ പ്രണയിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി മകന്‍ പൊലീസ്‌ സ്‌റ്റേഷനില്‍. മൂവാറ്റുപുഴ പൊലീസിനാണ്‌ അമ്മ പ്രണയിക്കാന്‍ അനുവദിക്കുന്നില്ലെന്ന്‌ കാണിച്ച്‌ പതിനെട്ട്‌ വയസുള്ള മകന്‍ രേഖാമൂലം പരാതി നല്‍കിയത്‌. 

പ്രണയിക്കാന്‍ തടസം നില്‍ക്കുന്ന അമ്മയ്‌ക്കെതിരെ കേസെടുത്ത്‌ ജയിലില്‍ അടയ്‌ക്കണമെന്നാണ്‌ ആവശ്യം.
പൊലീസ്‌ പലതവണ യുവാവിനെ ഉപദേശിപ്പിച്ച്‌ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തന്റെ പരാതിയില്‍ ഉടന്‍ നടപടി വേണമെന്ന ആവശ്യത്തില്‍ ചെറുപ്പക്കാരന്‍ ഉറച്ചു നിന്നു. 

നടപടി ആവശ്യപെട്ട്‌ യുവാവ്‌ സ്ഥിരമായി സ്‌റ്റേഷനിലെത്തിയതോടെ പൊലീസ്‌ അമ്മയേയും പെണ്‍കുട്ടിയുടെ വീട്ടുകാരെയും വിളിച്ചുവരുത്തി.

അനുരഞ്‌ജനങ്ങള്‍ക്കുള്ള ശ്രമത്തില്‍ നിന്നും പിന്മാറാതെ മകന്‍ ഉറച്ചു നിന്നപ്പോള്‍ മകനു നിര്‍ബന്ധമാണെങ്കില്‍ പ്രണയിക്കട്ടെ എന്ന്‌ അമ്മ പറഞ്ഞു. 

എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രണയത്തിന്‌ തടസം നിന്നു. ആദ്യം വിവാഹം പിന്നീട്‌ പ്രണയം എന്ന ആവശ്യം അവര്‍ ഉന്നയിച്ചു. വിവാഹശേഷം മതി പ്രണയമെന്ന്‌ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ പരാതിക്കാരന്‍ സ്‌റ്റേഷനില്‍ നിന്ന്‌ സ്ഥലം കാലിയാക്കി.

 ഇപ്പോള്‍ വിവാഹത്തില്‍ താത്‌പര്യമില്ലെന്നും പ്രണയം മതിയെന്നുമായിരുന്നു പരാതിക്കാരന്റെ നിലപാട്‌.

സ്‌റ്റേഷനില്‍ നിന്ന്‌ ഇറങ്ങിപോയ യുവാവിനെ പൊലീസ്‌ തിരികെ വിളിച്ച്‌ വീണ്ടും കാര്യങ്ങള്‍ അന്വേഷിച്ചു.

 വിവാഹം വേണ്ട പ്രണയം മാത്രം മതിയെന്ന ആവശ്യത്തില്‍ ചെറുപ്പക്കാരന്‍ ഉറച്ചു നിന്നു. പൊലീസ്‌ സ്വരം കടുപ്പിച്ചതോടെ ചെറുപ്പക്കാരന്‍ അമ്മയുടെ കൂടെ സ്‌റ്റേഷന്‍ വിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക