Image

മദ്യ വില്‍പ്പനശാലക്കെതിരെ സമരം: ഹൈബി ഈഡന്‌ നേരെ ജീവനക്കാര്‍ 'മൂത്രമൊഴിച്ചു'.

Published on 23 March, 2017
 മദ്യ വില്‍പ്പനശാലക്കെതിരെ സമരം:  ഹൈബി ഈഡന്‌ നേരെ ജീവനക്കാര്‍ 'മൂത്രമൊഴിച്ചു'.
കൊച്ചി: പൊന്നുരുന്നിയില്‍ കണ്‍സ്യൂമര്‍ഫെഡ്‌ മദ്യ വില്‍പ്പനശാല സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്‌ത ഹൈബി ഈഡനും അനുനായികള്‍ക്കുമെതിരെ ജീവനക്കാര്‍ മൂത്രാഭിഷേകം നടത്തിയെന്ന്‌ ആരോപണം.

 മാര്‍ച്ച്‌ 23 വ്യാഴാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. ജനവാസ കേന്ദ്രത്തിലേക്ക്‌ മദ്യശാല സ്ഥാപിക്കുന്നതിനെതിരെയായിരുന്നു സമരം. ദേശീയപാതയോരത്തെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്‌ വൈറ്റിലയിലെ മദ്യവില്‍പ്പന ശാല പൊന്നുരുന്നിയിലേക്ക്‌ മാറ്റിസ്ഥാപിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്‌ തീരുമാനിച്ചത്‌. 

എന്നാല്‍ പൊന്നുരുന്നിയിലെ ജനവാസ മേഖലയില്‍ മദ്യവില്‍പ്പനശാല സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന്‌ പ്രദേശവാസികളും പ്രഖ്യാപിച്ചു. മദ്യവില്‍പ്പന ശാലയ്‌ക്കെതിരെ സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവരാണ്‌ സമരത്തിനിറങ്ങിയത്‌.


പുതിയ കെട്ടിടത്തിലേക്ക്‌ സ്‌റ്റോക്ക്‌ എത്തിക്കുന്ന ജീവനക്കാരെ സമരക്കാര്‍ കഴിഞ്ഞ ദിവസം തടയുകയും ചെയ്‌തു. നാട്ടുകാരുടെ സമരത്തിന്‌ പിന്തുണയുമായി ഹൈബി ഈഡന്‍ എംഎല്‍എ വ്യാഴാഴ്‌ചയാണ്‌ സമരപ്പന്തലിലെത്തിയത്‌.


 ഇതിനിടെ സമരക്കാര്‍ മദ്യവില്‍പ്പനശാല കെട്ടിടത്തിന്റെ ഷട്ടറിടാന്‍ തുടങ്ങിയതോടെ കണ്‍സ്യൂമര്‍ഫെഡ്‌ ജീവനക്കാര്‍ ഇത്‌ തടയാന്‍ ശ്രമിച്ചു.  സമരക്കാരും ജീവനക്കാരും തമ്മിലുള്ള തര്‍ക്കത്തിനിടെയാണ്‌ മൂത്രാഭിഷേകം ഉണ്ടായത്‌. 

കെട്ടിടത്തിനുള്ളില്‍ ബക്കറ്റില്‍ കരുതിയിരുന്ന മൂത്രം തങ്ങള്‍ക്ക്‌ നേരെ തളിക്കുകയായിരുന്നുവെന്നാണ്‌ എംഎല്‍എയും സമരക്കാരും ആരോപിക്കുന്നത്‌. മൂത്രം തളിച്ച കണ്‍സ്യൂമര്‍ഫെഡ്‌ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക