Image

പാട്ടിന്റെ പാലാഴിയില്‍ നഞ്ചു കലക്കുന്നവര്‍...

അനില്‍ പെണ്ണുക്കര Published on 23 March, 2017
പാട്ടിന്റെ പാലാഴിയില്‍ നഞ്ചു കലക്കുന്നവര്‍...
പാട്ടിനു വിലക്കുമായി ഇതാ ഒരു മാന്യന്‍. ജനിച്ചു വീണപ്പോഴേ കൈയ്യില്‍ വീണയും തംബുരുവും ഏന്തി വന്നതല്ലേ പാട്ടിന്റെ വലിയരാജ. അപ്പോള്‍ സംഗീതം മുഴുവന്‍ ആ രാജാവിന്റെ സ്വന്തമാണ്.

ആര്‍ക്കാണ് സംഗീതത്തെ ഇപ്രകാരം സ്വന്തം സ്വത്തായി പ്രഖ്യാപിക്കാന്‍ കഴിയുക? തന്റെ പാട്ട് പാടിയതിനു ഇളയരാജയെന്ന സംഗീത വ്യാപാരി ഉല്പന്നം മോഷ്ടിച്ചു എന്ന പേരില്‍ ചിത്രയ്ക്കും എസ്.പിയ്ക്കുമെതിരെ നോട്ടീസ് അയച്ചു എന്ന വാര്‍ത്ത സാമാന്യബോധമുള്ള ഏതൊരാള്‍ക്കും എന്നല്ല സാക്ഷാല്‍ ഷൈലോക്കിനു പോലും ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല,

പാട്ട് ഇത്രമാത്രം സ്വകാര്യമായ ഒരു ഉല്പന്നമാണോ?

ഇളയരാജ പടച്ചുവിടുന്ന പാട്ടിന്റെ രാഗം ആരുണ്ടാക്കിയതാണ്? അദ്ദേഹം ഗുരുവില്‍നിന്നും പഠിച്ച കീര്‍ത്തനങ്ങളും വര്‍ണ്ണങ്ങളും ആരുടേതായിരുന്നു. എന്തിനു ഉപയോഗിക്കുന്ന സംഗീതോപകരണങ്ങള്‍പോലും ആരുടെ ബുദ്ധിയില്‍ ഉണര്‍ന്നതാണ്. അതെല്ലാം ഉപയോഗിക്കുന്നതിനു ഇതുപോലെ ഒരു നോട്ടീസ് വന്നാല്‍ ഇളരാജന്റെ സ്ഥാനം പടപ്പില്‍ ആയിരിക്കും.

ഭൂമി എല്ലാവരുടേതുമാണ്, ജലവും വെളിച്ചവും എല്ലാം സര്‍വ്വതിനും അര്‍ഹതപ്പെട്ടതാണ്. സൂര്യനും താരഗണങ്ങളും അതുപോലെ. കാറ്റും എല്ലാം. അപ്പോള്‍ നാദവും ഒച്ചയും എല്ലാവര്‍ക്കുമായി ഉള്ളതാണ്. ഇളരാജയുടെ സംഗീതം ഒരാളുടെ കര്‍ണ്ണപുടത്തില്‍ എത്തണമെങ്കില്‍ വായു എന്ന മാധ്യമം ആവശ്യമാണ്. പ്രപഞ്ചത്തിലുള്ള എല്ലാത്തിന്റേയും സ്വന്തമായ വായുവിലൂടെ തന്റെ സംഗീതം പ്രസരണം ചെയ്യാന്‍ ഇളയരാജ ആരുടെങ്കിലും അനുവാദം വാങ്ങിയിരുന്നോ? വായുവില്‍ ലയിച്ചുവരുന്ന നല്ലതും ചീത്തയുമായ എല്ലാം അനുഭവിക്കാന്‍ കാതും നാസികയുമുള്ള ഏതിനും അവകാശമുണ്ട്. എന്നുമാത്രമല്ല അത് അതിന്റെ ധര്‍മ്മവുമാണ്.

രാജ്യത്ത് ടെലികോം കമ്പനികള്‍ അവരുടെ സര്‍വ്വീസ് നടത്തുന്നതിനു സര്‍ക്കാരിന്റെ അനുമതിവേണം. നമ്മുടെ വ്യോമാര്‍ത്തിയും സമുദ്രാര്‍ത്തിയും ഉപയോഗിക്കാന്‍ നമ്മുടെ രാജ്യത്തിന്റെ അനുവാദം വേണം, ഇളരാജയുടെ പാട്ട് ഇവിടെ ഇന്ത്യയ്ക്കകത്ത് പ്രസരിക്കാന്‍ അദ്ദേഹത്തിനു പണംകൊടുത്ത് അനുവാദം വാങ്ങണമെങ്കില്‍ ഈ പറഞ്ഞപോലെ ഒരു അനുവാദവും ലൈസന്‍സിങ്ങും പാട്ടുകച്ചവടക്കാര്‍ക്കും വേണം.

പണം തലയ്ക്കുപിടിച്ചാല്‍ ഏതുരാജയും ഇങ്ങനെയെ പ്രതികരിക്കൂ. പാട്ട് കേട്ടാല്‍ ആരും അത് ഏറ്റുപാടും. അതിനനെല്ലാം ലാഭംവേണമെന്നു പറയുന്നവന്റെ മനസ്സിലെ സംഗീതം ദുഷിച്ചിരിക്കുന്നു എന്നേ പറയാവൂ. ഇത് ടൂത്ത്‌പേസ്റ്റോ മറ്റോ ആണോ ഇങ്ങനെ നിര്‍ബ്ബന്ധപിടിച്ചു വില്‍ക്കാന്‍?

ഇളയരാജ പണം വാങ്ങിവിറ്റ ഈണം. ഏതോ ഗായകന്‍ പണം വാങ്ങി വിറ്റ നാദം... പിന്നെ അതില്‍ മറ്റെന്ത് അവകാശവാദം? എന്നനാല്‍ ഈ നാദം കോടാനുകോടി ജീവജാലങ്ങള്‍ ശ്വസിക്കേണ്ട വായുവില്‍ പ്രസരിക്കുന്നു. ഞാന്‍ ശ്വസിക്കുന്ന വായു, എനിക്കു ജന്മം തന്ന പ്രകൃതിയുടെ വകയാണ്. എനിക്കു ജന്മായത്തമാണ്. അതില്‍ ഇളയരാജയുടെ പാട്ടിന്റെ തരംഗങ്ങള്‍ പടര്‍ത്തണമെങ്കില്‍ എനിക്കും പണം കിട്ടിയേ തീരൂ എന്ന് എല്ലാവരും ചിന്തിക്കേണ്ടിരിക്കുന്നു.

ഇത്തരം കച്ചവടലാക്കുകളെ കലാരംഗത്തുനിന്നും ആട്ടിപ്പുറത്താക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ബള്‍ബ് ഉല്പാദിപ്പിക്കുന്ന കമ്പനി പ്രകാശത്തിനും ഇപ്രകാരം ലാഭവിഹിതം ആവശ്യപ്പെട്ടാല്‍ ഇളരാജന്‍ അംഗീകരിക്കുമോ? ഇനി കഴുതയും കരുതിയിരിക്കുക പടുപാട്ടുപാടിയാലും ഇളയരാജന്മാര്‍ക്കു കപ്പം കൊടുക്കേണ്ടിവരും. കാതില്‍ ഈയവും കൊരവള്ളിയ്ക്കു ക്ലിപ്പുമായി ഇളയന്മാര്‍ വരും... പാട്ടിന്റെ പാലാഴിയില്‍ നഞ്ചു കലക്കുന്ന ജീവികള്‍... 
പാട്ടിന്റെ പാലാഴിയില്‍ നഞ്ചു കലക്കുന്നവര്‍...
Join WhatsApp News
വിദ്യാധരൻ 2017-03-23 07:45:39

ജ്യോതിർഭ്രമത്താൽ ഉളവാം ഒലികൊണ്ടിതാദ്യ
സാഹിത്യഗീതി കലകൾക്കുദയംവരുത്തി
നേരായുദിർത്തൊരാ സ്വരതാളമേളം
ജീവാതുജീവിത സുഖത്തെ വളർത്തിടുന്നു (വി.സി.ബാലകൃഷ്ണപ്പണിക്കർ)

സംഗീതം പ്രകൃതിയുടെ വരപ്രസാദമാണ്. മനുഷ്യ ജീവിതത്തെ സുഖപ്രദമാക്കാൻ പ്രകൃതിനൽകിയ ദാനം. മഴപെയ്യുമ്പോഴും പുഴയൊഴുകുമ്പോഴും താളലയങ്ങളുണ്ട്.  അനന്തവിഹായസ്സിലെ താരഗോളങ്ങൾ ഭ്രമിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദതരംഗങ്ങൾ നാദ ബ്രഹ്മത്തിൽ നിന്നാണ് ഉദിക്കുന്നത്. പക്ഷെ അഹങ്കാരം തലക്കു പിടിച്ചാൽ ഗാനഗന്ധർവ്വന്മാരും വിവരക്കേട് പുലമ്പും.  സംഗീതം ഇളയരാജയുടെയോ, ചിത്രയുടെയോ, യേശുശുദാസിന്റെയോ അല്ല. ഇവരെല്ലാം സംഗീതത്തിന്റെ    സൂക്ഷിപ്പുക്കാർ മാത്രം. അവരെ ഏൽപ്പിച്ച കർത്തവ്യം അവർ വിശ്വാസത്തോടെ ചെയ്യുന്നു എന്നതാണ് നാം അവരുടെ ആരാധകരാവാൻ കാരണമായി തീതിരുന്നത്. അല്ലാത്തവർക്ക് യേശുദേവൻ ഒരു താലന്തുകളെ ശരിയായി സൂക്ഷിച്ചില്ലെങ്കിൽ അത് എടുത്തുകളയും, എന്ന് ഉപമയിലൂടെ ഒരു മുന്നറിയിപ്പ് നൽകുന്നുണ്ട്.

നെഞ്ചാളും വിനയമൊടെന്ന്യെ പൗരഷത്താൽ 
നിഞ്ചാരുദ്യുതി കണികാണ്മതില്ലൊരാളും 
കൊഞ്ചൽതേൻ മണിമൊഴി നിത്യകന്യകെ നിൻ
മഞ്ചത്തിൻ മണമറികില്ല മൂർത്തിമാരും (കാവ്യകല -ആശാൻ)     

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക