Image

കൊടിയ കുറ്റവാളികളെ ജയില്‍ തുറന്നുവിടുന്നത് രാജ്യദ്രോഹം (എ.എസ് ശ്രീകുമാര്‍)

Published on 24 March, 2017
കൊടിയ കുറ്റവാളികളെ ജയില്‍ തുറന്നുവിടുന്നത് രാജ്യദ്രോഹം (എ.എസ് ശ്രീകുമാര്‍)
നാട്ടിലെ പരമോന്നതമായ നീതിന്യായ സംവിധാനത്തെയും കുറ്റാന്വേഷണ ഏജന്‍സികളെയും നോക്കുകുത്തികളാക്കിക്കൊണ്ട് വിവിധ ജയിലുകളില്‍ കഴിയുന്ന കൊടും കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവുകള്‍ നല്‍കി നിരുപാധികമായ മോചനം സാധ്യമാക്കാനുള്ള ഭരണകൂട താത്പര്യത്തെ അപലപിക്കാന്‍ വാക്കുകളില്ല. മനസാക്ഷിയെ മരവിപ്പിക്കുന്ന മഹാപരാധങ്ങളുടെ പേരില്‍ അറസ്റ്റ്, തെളിവെടുപ്പ്, കുറ്റപത്രം നല്‍കല്‍, വിചാരണ തുടങ്ങിയ സ്വാഭാവിക നിയമനടപടികള്‍ക്ക് ശേഷം നീതിപീഠം തുറുങ്കിലടച്ച നരാധമന്‍മാരാണ് സര്‍ക്കാരിന്റെ ഇഷ്ടക്കാരായി, വിനീത വിധേയരായി പുറത്തിറങ്ങി വിഹരിക്കാന്‍ പോകുന്നത്. സമൂഹത്തിന്റെ കരുതലിനും ജാഗ്രതയ്ക്കും സമാധാനജീവിതത്തിനും മേല്‍ ഭയത്തിന്റെ ആയുധപ്പുരകള്‍ നിറച്ചുകൊണ്ട് കൊലപാതകികളും ബലാല്‍സംഗ വീരന്‍മാരും ക്വട്ടേഷന്‍ മാഫിയകളുമൊക്കെ, ജയിലിലെ അനുവദിച്ചുകിട്ടിയ സുഖവാസത്തിനൊടുവില്‍ സ്വതന്ത്രരായി തങ്ങളുടെ മേച്ചില്‍പുറങ്ങളിലേയ്ക്കിറങ്ങുകയാണ്.

ഇതിലൂടെ സമ്പന്നമായ ഒരു ജനാധിപത്യ രാജ്യത്തെ നിയമവാഴ്ച അവഹേളിക്കപ്പെടുകയാണ്...അപമാനിക്കപ്പെടുകയാണ്. രാജ്യദ്രോഹം, ഭീകരവാദം, കൊലപാതകം, സ്ത്രീപീഡനം, ലഹരിമരുന്ന് വാണിഭം തുടങ്ങിയ കൊടിയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ ശിക്ഷാ ഇളവിന് അര്‍ഹരല്ല എന്ന സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ യാതൊരുളുപ്പുമില്ലാതെ കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഭരണകൂടം സാമൂഹിക ദ്രോഹികള്‍ക്ക് മോചനത്തിന്റെ പച്ചപ്പരവതാനി വിരിച്ചുകൊടുക്കുന്നത്. സമൂഹത്തില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന ഏകപക്ഷീയവും പ്രതിഷേധാര്‍ഹവുമായ ഈ നടപടി പരിഷ്‌കൃത ചിന്തയ്ക്ക് ഭൂഷണമല്ല എന്ന കടുത്ത ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. അതതു കാലഘട്ടങ്ങളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പൊതുസമൂഹത്തിന്റെ മനസാക്ഷിക്ക് ക്രമസമാധാനം പകര്‍ന്നാണ് കോടതി വിധികളുണ്ടായിട്ടുള്ളത്. ഏറെ ഗൗരവമേറിയ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ശിക്ഷ വിധിക്കപ്പെട്ടവരെ അതീവ ലാഘവത്തോടെ പുറത്തുവിടുന്നത് ജാജ്യദ്രോഹം തന്നെയാണ്.

സംസ്ഥാന ജയില്‍ വകുപ്പ് ശിക്ഷാ ഇളവിനായി നല്‍കിയവരുടെ ലിസ്റ്റില്‍ നിന്ന് 1850 പേരുടെ പട്ടിക സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചുവെങ്കിലും അദ്ദേഹം ലിസ്റ്റ് മടക്കുകയുണ്ടായി. പട്ടികയില്‍പ്പെട്ട ഭൂരിഭാഗം പേരും സുപ്രീംകോടതി നിശ്ചയിച്ച മാനദണ്ഡത്തില്‍പ്പെടുന്നവരല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ പി. സദാശിവം ശുപാര്‍ശ തിരിച്ചയച്ചത്. എന്നാല്‍ ലിസ്റ്റ് സര്‍ക്കാര്‍ സമിതി പുനപരിശോധിക്കുകയും പരിഷ്‌കരിക്കുകയും ചെയ്തു. ഇത് സ്വാധീനങ്ങള്‍ക്കും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കും വഴങ്ങിയാണെന്ന് ആരോപണമുയര്‍ന്നിരിക്കുകയാണ്. 1850 പേരെയാണ് ശിക്ഷാ ഇളവ് നല്‍കി ജയിലില്‍ നിന്നു മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം പേരുടെ പട്ടിക ശിക്ഷാ ഇളവിനായി സര്‍ക്കാര്‍ തയാറാക്കുന്നത്. ഇടതു സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു നല്‍കിയ ഇളവുകാരുടെ ലിസ്റ്റില്‍ കൊടും ക്രിമിനലുകളാണെന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്.

പട്ടികയില്‍, കോളിളക്കം സൃഷ്ടിച്ച ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുമുണ്ട്. ഈ കേസിലെ 11 പ്രതികള്‍ക്കു പുറമെ കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രധാന പ്രതി മണിച്ചന്‍, കുപ്രസിദ്ധ മാഫിയാ തലവന്‍ ഓംപ്രകാശ്, തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ കാപ്പ നിയമം ചുമത്തപ്പെട്ട നിസാം, അമേരിക്കന്‍ മലയാളി കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ എന്നിവരും ഉള്‍പ്പെടുന്നു. നിസാമിനെ ജയിലില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് കാപ്പ ചുമത്തിയിരുന്നു എന്നും എന്നാല്‍ സ്പെഷല്‍ റിവിഷനുള്ള ലിസ്റ്റ് സമര്‍പ്പിക്കുന്ന സമയത്ത് കാപ്പ ഇല്ലായിരുന്നുവെന്നുമാണ് ജയില്‍ അധികൃതര്‍ വാദിക്കുന്നത്. ജയില്‍ ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ നല്‍കിയ മറുപടിയില്‍ ശിക്ഷാ ഇളവിനായി സര്‍ക്കാരിനു സമര്‍പ്പിച്ച 1911 തടവുകാരുടെ പട്ടികയിലാണ് കൊടുംകുറ്റവാളികള്‍ ഉള്‍പ്പെടുന്നത്. അതേസമയം പട്ടികയെ പൂര്‍ണമായും തള്ളിക്കളയാന്‍ സര്‍ക്കാര്‍ രംഗത്തുവരാത്തത് ഗൂഢ നീക്കത്തെ ബലപ്പെടുത്തുന്നു എന്നുവേണം മനസിലാക്കാന്‍.

കൊടി സുനി, എം.സി അനൂപ്, കിര്‍മാണി മനോജ്, ടി.കെ രജീഷ്, സിജിത്ത്, കെ ഷിനോജ്, വി.പി റഫീഖ്, എം.കെ പ്രദീപ്, കെ.സി രാമചന്ദ്രന്‍, മനോജന്‍, പി.കെ കുഞ്ഞനന്ദന്‍ എന്നിവരാണ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍. കൊടി സുനി, കുഞ്ഞനന്തന്‍, കെ.സി രാമചന്ദ്രന്‍, സിജിത്ത്, മനോജ്, റഫീഖ് എന്നിവരാണ് ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനിച്ച പ്രതികളുടെ ലിസ്റ്റിലുളളത്. ആര്‍.എം.പി സ്ഥാപക നേതാവായ ഒഞ്ചിയം സ്വദേശി ടി.പി ചന്ദ്രശേഖരനെ രാഷ്ട്രീയ വൈരാഗ്യം മൂലം 2012 മെയ് നാലിന് രാത്രി വടകരയ്ക്കടുത്ത് ബോംബെറിഞ്ഞ ശേഷം വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. അമേരിക്കയില്‍ നിന്ന് നാട്ടിലെത്തി വിശ്രമ ജീവിതം നയിക്കുകയായിരുന്ന ചെങ്ങന്നൂരിലെ ഭാസ്‌ക്കര കാരണവരെ ശ്വാസം മുട്ടിച്ച് കൊന്നെന്നാണ് മരുമകള്‍ ഷെറിനെതിരെയുള്ള കേസ്. 2009 നവംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മകന്‍ ബിനു, മരുമകള്‍ ഷെറില്‍, കൊച്ചു മകള്‍ ഐശ്വര്യ എന്നിവരുടെ പേരില്‍ കാരണവര്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത ധനനിശ്ചയ ആധാരം റദ്ദു ചെയ്തതിനെ തുടര്‍ന്ന് മൂന്ന് പേരുമായി ഗൂഢാലോചന നടത്തി ഷെറില്‍ കൊല്ലുകയായിരുന്നത്രേ.

കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു കല്ലുവാതുക്കല്‍ മദ്യ ദുരന്തം. മണിച്ചന്‍ എന്ന വ്യക്തിയുടെ ഗോഡൗണില്‍ നിന്ന് വിവധ സ്ഥലങ്ങളില്‍ എത്തിച്ച മദ്യം കഴിച്ചവരാണ് ദുരന്തത്തില്‍ പെട്ടത്. മണിച്ചന്‍. ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ, സഹോദന്മാരായ കൊച്ചനി, വിനോദ് കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഹയറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ മരകണപ്പെട്ടിരുന്നു. അപ്രാണി കൃഷ്ണകുമാറിനെ വെട്ടിക്കൊന്ന കേസിലാണ് ഓംപ്രകാശ് ശിക്ഷയഅനുഭവിക്കുന്നത്. ഗുണ്ടാ കുടിപ്പകയെ തുടര്‍ന്നായിരുന്നു കൊലപാതകം. പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ഹമ്മര്‍ വാഹനം കൊണ്ടിടിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയതാണ് നസാമിനെതിരായ കുറ്റം. കള്ളപ്പണക്കാരനായ ഇയാള്‍ക്ക് ജയിലില്‍ അനധികൃത സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത് വന്‍ വിവാദമായിരുന്നു.

2016ല്‍ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് തടവുകാര്‍ക്ക് ശിക്ഷായിളവ് നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതുപ്രകാരം മൂവായിരത്തോളം തടവുകാരില്‍ 1911 പേര്‍ക്ക് ശിക്ഷായിളവ് നല്‍കണമെന്ന് കാണിച്ച് ജയില്‍ വകുപ്പ് 2016 ഒക്ടോബര്‍ 17ന് സര്‍ക്കാറിന് പട്ടിക സമര്‍പ്പിച്ചിരുന്നു. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ശിക്ഷാ കാലാവധി പൂര്‍ത്തിയാകാത്ത 32 പേരെ മോചിപ്പിച്ചിട്ടുണ്ടെന്ന് നിയമസഭയില്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. കൊലക്കേസ് പ്രതികളായ 31 പേരെയും ഒരു ബലാത്സംഗ കേസ് പ്രതിയെയുമാണ് സര്‍ക്കാര്‍ മോചിപ്പിച്ചത്. ആറു ജയിലുകളില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാത്ത 44 പേരെ മോചിപ്പിക്കാന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കൊലപാതക കേസുകളിലെ 17 പ്രതികളെയും അബ്കാരി കേസിലെ ആറു പേരെയും ബലാത്സംഗം കേസുകളില്‍ പ്രതികളായ അഞ്ചുപേരെയും കൈക്കൂലി കേസിലെ രണ്ടും വധശ്രമക്കേസിലെ മൂന്നും മറ്റുള്ള കേസുകളിലെ പതിനൊന്നും പ്രതികളാണ് ശിപാര്‍ശ നല്‍കപ്പെട്ട പട്ടികയിലുള്ളതെന്നായിരുന്നു സര്‍ക്കാറിന്റെ വിശദീകരണം. 

പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണത്തിന് ഇരയാവുന്ന, പാതിരിമാര്‍ പോലും കാമവെറിക്ക് പിടിയിലാവുന്ന സംഭവങ്ങള്‍ നിത്യേന പുറംലോകമറിയുന്നു. നേരും നെറിയും കെട്ട വര്‍ത്തമാനകാല ദുരവസ്ഥയിലാണിന്ന് സാംസ്‌കാരിക കേരളം. ഇവിടെ കുറ്റവാളികള്‍ യഥേഷ്ടം അഴിഞ്ഞാടുകയും ദിവസത്തെ ഓരോ മണിക്കുറിലും കുറ്റകൃത്യങ്ങള്‍ പെരുകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നാടിന്റെ തീരാശാപമായ കുറ്റവാളികള്‍ക്ക് മുന്നില്‍ ജയിലറകള്‍ തുറക്കപ്പെടുന്നതെന്നോര്‍ക്കണം. കുറ്റവാളികളെ തുറന്നുവിടാന്‍ പാടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍രന്‍ കടുത്ത ഭാഷയില്‍ പറഞ്ഞിട്ടുണ്ട്. ഇടതു സര്‍ക്കാര്‍ ആധികാരമേറ്റതുമുതല്‍ ജനപക്ഷ നിലപാടുമായാണ് സി.പി.ഐ മുന്നോട്ടു പോകുന്നത്. ഇത് ഭരണത്തിന് നേതൃത്വം നല്‍കുന്ന പി.പി.എമ്മിനെ പലപ്പോഴും അലോസരപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം ശിക്ഷാ ഇളവ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം തുടരുന്നു. മൗനം വിദ്വാന്‍മാര്‍ക്കല്ല, വിഡ്ഢികള്‍ക്കും ഭൂഷണമാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്.

രമയുടെ ചുടുകണ്ണീര്‍

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തീരുമാനം നീചമായ കൊലയ്ക്കുള്ള പ്രത്യുപകാരമെന്ന് ആര്‍.എം.പി നേതാവും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമ. ക്രിമിനലുകളെ പുറത്തിറക്കിയാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് മുന്നില്‍ സത്യഗ്രഹം നടത്തുമെന്നും അവര്‍ പ്രതികരിച്ചു.

കൊടിയ കുറ്റവാളികളെ ജയില്‍ തുറന്നുവിടുന്നത് രാജ്യദ്രോഹം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
CID Moosa 2017-03-24 19:40:53
കുറ്റവാളിക്ക് മാപ്പു അല്ല കൊടുക്കുന്നത് ഒരു പ്രത്യോപാകരം ചെയ്തു കൊടുക്കുന്നു എന്നേയുള്ളു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക