Image

പൂരമാതാവും മേളരാജാവും ...ആറാട്ടുപുഴയും പെരുവനവും (ഫ്രാന്‍സിസ് തടത്തില്‍)

Published on 24 March, 2017
പൂരമാതാവും മേളരാജാവും ...ആറാട്ടുപുഴയും പെരുവനവും (ഫ്രാന്‍സിസ് തടത്തില്‍)
പൂരമാതാവാണ് ആറാട്ടുപുഴ പൂരം . ദൃശ്യ വിസ്മയങ്ങളുടെ നേര്‍ക്കാഴ്ച .. വിശ്വവിഖ്യാതമായ തൃശൂര്‍ പൂരത്തിന്റെ മാതാവ് ..അങ്ങനെയാണു വിശ്വാസം .. അക്കഥ ഇങ്ങനെ.

പണ്ട് കേരളത്തില്‍ ആകെയൊരു പൂരം മാത്രം .. ആറാട്ടു പുഴപ്പൂരം . സാധാരണ മാര്‍ച്ചു മാസത്തിലാണിത് അരങ്ങേറാറുള്ളത് . ഈ ദിവസങ്ങളില്‍ പ്രകൃതിയുടെ വലിയ വികൃതിയായ പെരുംമഴ പൂരപ്രേമികളെ പലപ്പോഴും കഠിന നിരാശയിലാറാടിക്കും . ഇതു പതിവായപ്പോള്‍ നാനാദേശവാസികളായ പൂരപ്രേമികള്‍ ആറാട്ടുപുഴ പൂരത്തിനു സദൃശ്യമായ മറ്റൊന്ന് തൃശൂരില്‍ സൃഷ്ടിച്ചു . അതാണ് തൃശൂര്‍ സ്വരാജ് ഗ്രൌണ്ടില്‍ തലയെടുപ്പോടെ നിലകൊള്ളുന്ന വടക്കുന്നാഥ ക്ഷേത്രവും ഈ ക്ഷേത്രത്തിന്റെ ഉത്സവമായ പുകള്‍ പെറ്റ തൃശൂര്‍ പൂരവും . നഗരമധ്യത്തിലായതിനാല്‍ അന്നു മുതല്‍ കൂടുതല്‍ ജന പങ്കാളിത്തവും തൃശൂര്‍ പൂരത്തിനു സ്വന്തമായി .

3000 വര്‍ഷത്തെ പഴക്കമുണ്ട് ആറാട്ടുപുഴ അമ്പലത്തിലെ ശാസ്താ പ്രതിഷ്ഠയ്ക്ക് . മറ്റു വിവിധ അമ്പലങ്ങളില്‍ നിന്നുള്ള ദേവീദേവന്മാരുടെ കൂട്ടിയെഴുന്നള്ളിപ്പാണ് ഈ പൂരത്തിന്റെ പ്രത്യേക ആകര്‍ഷണം . കൂട്ടിയെഴുന്നള്ളിപ്പിനു പങ്കെടുക്കുന്ന അമ്പലങ്ങളില്‍ പൂരത്തിനു മുമ്പായി ആറാട്ടുപുഴ ശാസ്താവ് പ്രത്യേക എഴുന്നള്ളിപ്പു നടത്തും . പൂരസമാപനത്തിന്റെ തലേന്ന് നടക്കുന്ന ശാസ്താവിന്റെ മേളം ചടങ്ങ് ജനപങ്കാളിത്തം കൊണ്ട് വിസ്മയപൂര്‍ണം ...ഏതാണ്ടു 107 ആനകള്‍ വരെ ഇവിടെ എഴുന്നള്ളിപ്പിനെത്തി ചേരും . നെറ്റിപ്പട്ടമണിഞ്ഞ അവര്‍ക്കു മുകളില്‍ വെഞ്ചാമരം , ആലവട്ടം , തങ്കം, പൊന്നിന്‍ അലുകുകള്‍ ചാര്‍ത്തിയ മുത്തുക്കുടകളുമായി ക്ഷേത്രത്തെ വലയം ചെയ്ത് പ്രദക്ഷിണ വഴിയില്‍ അവര്‍ നില്ക്കുന്നതു കണ്ടാല്‍ ആരും ഒന്നു കൂടി നോക്കിപ്പോകും . അത്രയ്ക്കു പ്രൌഢിയാണ് ആ ഗജസൌകുമാര്യക്കൂട്ടത്തിന് ...
അമ്പലപ്പരിസരത്തെ പാടത്ത് കരിവീരന്മാര്‍ നിരനിരയായി അണി ചേരുമ്പോള്‍ അവര്‍ക്ക് അകമ്പടിയായി വാദ്യഘോഷങ്ങളുടെ പെരുമഴ. പഞ്ചവാദ്യം , പഞ്ചാരി മേളം , പാണ്ടി മേളം എന്നിവയുടെ സമന്വയം . പൂരപ്രേമികള്‍ക്ക് ആനന്ദലബ്ധിക്കിനിയെന്തു വേണം ? ഈ ആസ്വാദ്യകരമായ മേളപ്പെരുമയ്ക്കു മുമ്പില്‍ കാര്‍മേഘങ്ങള്‍ പോലും താഴോട്ടിറങ്ങാന്‍ മറന്ന് മാനത്തങ്ങനെ ആസ്വദിച്ചു നില്‍ക്കും ! മേളം കൊട്ടിക്കയറി ശുഭാവസാനമാകുമ്പോള്‍ അവരത്രയും ബ്രേക്കില്‍ നിന്നു കാലെടുക്കും . പിന്നീടത് അന്തരീക്ഷത്തിനു കുളിര്‍മയേകി നിന്നു പെയ്യും ...ഇതും പൂരത്തിന്റെ ഭാഗമാണോ ?

വടക്കുന്നാഥനെപ്പോലെ പൂരത്തില്‍ പങ്കെടുക്കാതെ ഗമയിലിരുന്നു പൂരമാസ്വദിക്കുന്ന ശാസ്താവിന്റെ തട്ടകത്തില്‍ നടക്കുന്ന പെരുവനം പൂരമാണ് മികച്ച പൂരങ്ങളില്‍ രണ്ടാമന്‍ . പണ്ടൊക്കെ സമീപപ്രദേശങ്ങളില്‍ നിന്നായി 108 ദേവീദേവന്മാര്‍ ഇവിടെ പൂരത്തിന് എഴുന്നള്ളിപ്പ് എത്തുമായിരുന്നു . ഇന്നത് 23 മാത്രം ..തൃശൂര്‍ ജില്ലയിലെ ചേര്‍പ്പിനടുത്ത് പെരുവനം എന്ന ഗ്രാമത്തിലാണീ ക്ഷേത്രം . പെരുവനം എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ മനസിലോടിയെത്തുക പെരുവനം കുട്ടന്‍ മാരാരെന്ന മേളങ്ങളുടെ തമ്പുരാനാണ് . ലോകപ്രശസ്തനായ കുട്ടന്‍ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരി മേളം , പാണ്ടിമേളം എന്നിവ നല്‍കുന്ന ദൃശ്യ ശ്രാവ്യ വിരുന്ന് മറ്റൊരു പൂരത്തില്‍ നിന്നും ലഭിക്കില്ല . ഇത് എന്റെ അനുഭവ സാക്ഷ്യമാണ് .

പെരുവനം മഹാദേവ ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തില്‍ അടുത്തമാസം നടത്താനിരിക്കുന്നത് 1435 ാമത്തെ പൂരമാണെന്നാണ് അമ്പലക്കമ്മിറ്റിക്കാര്‍ അവകാശപ്പെടുന്നത് . പെരുവനം നടവഴി എന്നറിയപ്പെടുന്ന അമ്പലമുറ്റത്തെ നടപ്പാതയിലാണ് എഴുന്നള്ളിപ്പും പാണ്ടിമേളവും പഞ്ചാരിമേളവും അരങ്ങേറുന്നത് .
തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് ശ്രീരുധിരമഹാകാളികാവ് ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തിനാണ് ഉത്രാളിക്കാവ് പൂരമെന്നു പേര് . നാലു ചുറ്റും കുന്നുകളും മലമടക്കുകളും ... താഴ്വാരത്ത് വിശാലമായ നെല്‍വയലുകള്‍ ...ഇവിടെയാണ് പ്രസിദ്ധമായ ക്ഷേത്രം ...മൂന്നു ദേശങ്ങളുടെ പൂരമായ ഉത്രാളിക്കാവു പൂരം മറ്റേതു പൂരങ്ങളെക്കാളും വ്യത്യസ്തമാകുന്നത് എഴുന്നള്ളിപ്പും വെടിക്കെട്ടും കൊണ്ടു തന്നെ . വിശാലമായ ഈ വയലില്‍ വച്ചു നടക്കുന്നതിനാല്‍ പൂരപ്രേമികള്‍ കാലേക്കൂട്ടി തന്നെ ഇരിപ്പിടം സ്വന്തമാക്കും . പിന്നെ രാവേറുവോളം മനം നിറയെ പൂരത്തിന്റെ വിസ്മയക്കാഴ്ചകള്‍ നിറഞ്ഞ സംതൃപ്തിയുമായേ എല്ലാവരും മടങ്ങൂ...
കുതിരമേള ഘോഷയാത്രയാണ് ഈ പൂരത്തിന്റെ മറ്റൊരു പ്രത്യേകത. കേരളത്തിലെ ഏറ്റവും മികച്ച വാദ്യമേളക്കാര്‍ ഒരുക്കുന്ന നടപ്പുറ പഞ്ചവാദ്യമേളം അവിസ്മരണീയമായ നേര്‍ക്കാഴ്ചയാണ് പൂരപ്രേമികള്‍ക്ക് .

നെന്മാറ വേലങ്കി കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ വെടിക്കെട്ടാണ് ഉത്രാളിക്കാവ് പൂരത്തിന്റേത് . വെടിക്കെട്ടിന്റെ സമയദൈര്‍ഘ്യമാണ് മറ്റൊരു പ്രത്യേകത . കര്‍ണപുടം പൊട്ടുന്ന രീതിയിലുള്ള ഉഗ്രസ്‌ഫോടനശേഷിയുള്ള വെടിക്കട്ട് അതിന്റെ ഇരട്ടി പ്രതിധ്വനിയോടെ ഉച്ചസ്ഥായിയിലെത്തുമ്പോള്‍ എന്തായിരിക്കുമവസ്ഥ ...? ചുറ്റും പ്രകൃതി തീര്‍ത്ത കോട്ട കൊത്തളങ്ങളായി നില്‍ക്കുന്ന മലമടക്കുകളാണീ ഇരട്ടി പ്രതിധ്വനിക്കു കാരണം . പുലര്‍ച്ചെ നാലുമണിക്കാരംഭിക്കുന്ന വെടിക്കെട്ട് ഓരോ ദേശക്കാരും മുക്കാല്‍ മണിക്കൂര്‍ വീതം നടത്തും . ഏറ്റവും ഒടുവില്‍ കൂട്ടപ്പൊരിച്ചില്‍ ഒന്നിനു പുറകേ മൂന്നു പേരുടെയും കൂട്ടപ്പൊരിച്ചില്‍ കഴിയുമ്പോഴേക്കും ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയാണ്.

പൂരപ്രേമികളില്‍ ചിലര്‍ സമീപത്തുള്ള റെയില്‍വേ പാളത്തിലിരുന്നും വെടിക്കെട്ടാസ്വദിച്ച് ചൂളം വിളിച്ചു പാഞ്ഞു വന്ന ട്രെയിനിന്റെ ശബ്ദം കേള്‍ക്കാനാകാതെ ചക്രങ്ങള്‍ക്കിടയില്‍ ചതഞ്ഞരഞ്ഞ വെടിക്കെട്ടു ദുരന്തത്തിന്റെ കറുത്ത പാട് ഇന്നും മറക്കാനാവാത്ത നൊമ്പരമാണ് . വെടിക്കെട്ടു ദുരന്തങ്ങളെ കുറിച്ചുള്ള അധ്യായത്തിലിതു വിശദമായെഴുതാം .

തൃശൂര്‍ പൂരത്തിനു സമാനമായി 30 ഗജവീരന്മാരണി നിരക്കുന്ന നെന്മാറ വേല പാലക്കാടു ജില്ലയിലെ നെന്മാറയിലാണ് . വെടിക്കെട്ടിലൊന്നാമനും നെന്മാറ വേല തന്നെ . എല്ലാ ഏപ്രില്‍ മൂന്നിനുമാണ് നെന്മാറ വേല . തുറസായ പാടത്തു നടക്കുന്ന ഈ വെടിക്കെട്ട് പുലര്‍ച്ചെ മൂന്നിനാരംഭിക്കും .നാനാദിക്കുകളില്‍ നിന്നുമായി പതിനായിരങ്ങള്‍ പങ്കെടുക്കും . തമിഴ്‌നാട്ടില്‍ നിന്നു വരെ ഇതു കാണാനാളെത്തും . കോടികള്‍ വരെയാണ് ഇതിനായി ചിലവാക്കുന്നത് . വേലയിലെ വെടിക്കെട്ടില്‍ സവിശേഷതയാര്‍ന്നത് കൂട്ട് വെടിക്കെട്ടാണ് . ഓരോ ദേശക്കാരും പുതിയ സാങ്കേതിക വിദ്യയുപയോഗിച്ച് വെടിക്കെട്ട് ഒന്നിനൊന്ന് ഗംഭീരമാക്കും . എടുത്തു പറയേണ്ടത് വെടിക്കെട്ടിനൊരുക്കിയ സ്ഥലത്തിന്റെ പ്രത്യേകതയാണ് . സുരക്ഷാ ക്രമീകരണങ്ങളുടെ മികവിനാല്‍ അപായം തീരെ കുറവാണ് . നെന്മാറ , വെല്ലങ്കി എന്നീ രണ്ടു സഭകരളുടെ സംയുക്താഘോഷമാണ് നെന്മാറ വേല .ഫോക് ആര്‍ട്‌സ് ഇഷ്ടപ്പെടുന്നവര്‍ക്ക് മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ് നെന്മാറ വേല ഒരുക്കുന്നത് . കുമ്മാട്ടി , കരവേല , ആണ്ടി വേല എന്നിങ്ങനെ വര്‍ണങ്ങളുടെ ദൃശ്യചാരുതയാല്‍ അതി ഗംഭീരമാണ് നെന്മാറ വേല . പാലക്കാട് ഒരു വര്‍ഷം സേവനം നടത്തിയ കാലഘട്ടത്തില്‍ ഒരു തവണ നെന്മാറ വേല കാണാനായത് മഹാഭാഗ്യം തന്നെ ..ആനയുടെ ആകൃതിയില്‍ നിര്‍മിച്ച ദീപാലങ്കാരിതമായ ആനപ്പന്തല്‍ ഒരു വിസ്മയക്കാഴ്ച തന്നെ .

കേരളത്തിലെ ഏറ്റവും വലിയ തൈപ്പൂയ മഹോത്സവം നടക്കുന്നത് കൂര്‍ക്കഞ്ചേരിയിലാണ് .തായകുളങ്ങര , കൊടകര ഷഷ്ഠി തുടങ്ങിയ തൈപ്പൂയ മഹോത്സവങ്ങളും ഏറെ പ്രശസ്തിയാര്‍ജിച്ചവ തന്നെ . കൂര്‍ക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം വര്‍ണാഭമായ കാഴ്ചയാണ് . വിവിധ വര്‍ണങ്ങളില്‍ പല നിലകളിലായി ഒരുക്കിയിട്ടുള്ള കാവടികള്‍ ഏന്തിയ ഭക്തന്മാര്‍ ചെണ്ടമേളത്തിനും ചിലമ്പൊലികള്‍ക്കുമൊപ്പം ഒരേ താളത്തില്‍ ചുവടു വയ്ക്കുന്നു . നിര്‍ദ്ദിഷ്ട താളത്തിലുള്ള ആ ചുവടു വയ്പിന്റെ വര്‍ണ ചാരുത ഒരിക്കല്‍ കണ്ടവര്‍ വീണ്ടുമെത്തുന്നത് ചരിത്ര നിയോഗം മാത്രം . പ്രത്യേക നിയന്ത്രണമൊന്നുമില്ലാത്തതിനാല്‍ ഏറെ അടുത്തു നിന്നു തന്നെ കാവടി വീക്ഷിക്കാം . ശ്രീസുബ്രഹ്മണ്യ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും ജനുവരി ,ഫെബ്രുവരി മാസങ്ങളിലാണ് തൈപ്പൂയ മഹോത്സവം കൊണ്ടാടുന്നത് .

മറ്റൊരു പ്രധാന ഉത്സവമാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യത്തിലേത് . സംഗമേശ്വര എന്ന സംസ്‌കൃത പദത്തിന്റെ പരിഭാഷയാണ് കൂടല്‍മാണിക്യം . ഇതിനു മറ്റൊരൈതിഹ്യം കൂടിയുണ്ട് . നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ നിന്നും മാണിക്യത്തില്‍ നിന്നെന്ന പോലെ അത്യത്ഭുതകരമായി പ്രകാശം പരക്കാന്‍ തുടങ്ങി. ഇതു കേട്ടറിഞ്ഞ കായംകുളം രാജാവ് തന്റെ മാണിക്യം കൂടല്‍മാണിക്യ ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി താരതമ്യം ചെയ്യാനായി കൊണ്ടുവന്നു . ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കു മുമ്പില്‍ വച്ച രാജാവിന്റെ മാണിക്യം കുറച്ചു കഴിഞ്ഞപ്പോള്‍ അതു കൈകാര്യം ചെയ്തിരുന്നയാളുടെ കയ്യില്‍ നിന്നൂര്‍ന്ന് വിഗ്രഹത്തിലെ മാണിക്യത്തിന്റെ ദിവ്യപ്രകാശത്തില്‍ ലയിച്ചു ചേര്‍ന്നത്രെ .രണ്ടു മാണിക്യങ്ങള്‍ കൂടിച്ചേര്‍ന്നത് എന്ന അര്‍ഥത്തില്‍ കൂടല്‍ മാണിക്യമെന്ന പേരും ക്ഷേത്രത്തിന് അതോടെ കിട്ടി . 1907 ലും ഇത്തരത്തില്‍ പ്രകാശം പരന്നതായി പറയപ്പെടുന്നു . എഡി 54 ല്‍ ചേരരാജാവായ രവിവര്‍മനാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്നു ചരിത്രം.

തൃശൂര്‍ പൂരത്തിന്റെ പിറ്റേന്നാരംഭിക്കുന്ന കൂടല്‍ മാണിക്യ ക്ഷേത്രത്തിലെ ഉത്സവം തിരുവോണത്തലേന്നു സമാപിക്കും. ആയുര്‍വേദക്കൂട്ടുകളുടെ ഔഷധം മുക്കുടിയാണ് ഈ അമ്പലത്തിലെ പ്രസാദം . ഇത് കഴിക്കുന്നത് സകല രോഗങ്ങള്‍ക്കും നന്നെന്നാണ് വിശ്വാസം .

ഗുരുവായൂര്‍ ക്ഷേത്രോത്സവമാണ് മറ്റൊന്ന്. . കുംഭമാസത്തിലെ പുഷ്യദിനത്തിലെ പുലര്‍കാലേ ആരംഭിക്കുന്ന ഉത്സവം പത്തുനാള്‍ നീളും . .ഗുരുവായൂരമ്പലത്തിലെല്ലാ ദിവസവും ഉത്സവപ്രതീതിയായതിനാല്‍ ഉത്സവദിനത്തിനു പ്രത്യേകത അവകാശപ്പെടാനാകില്ല .
 
ഇക്കുറി പെരുവനം പൂരം ആഗോള പ്രശസ്തിയാര്‍ജിച്ച സാക്ഷാല്‍ ഉസ്താദ് സക്കീര്‍ ഹുസൈനിന്റെ തബലയിലെ നാദവിസ്മയം പെരുവനം പൂരത്തിന് അപൂര്‍വ ചാരുതയേകി. പെരുവനവും സക്കീര്‍ഹുസൈനും ചേര്‍ന്നൊരുക്കിയ സൌഹൃദ മത്സരമായ ജുഗല്‍ബന്ദിയില്‍ പെരുവനവും നാദവിസ്മയങ്ങള്‍ തീര്‍ത്തു . ഉസ്താദിന്റെ തബലയില്‍ നിന്നും പെരുവനത്തിന്റെ തായമ്പകയില്‍ നിന്നും ചെണ്ടയില്‍ നിന്നും അനര്‍ഗളമായി പ്രവഹിച്ച താളമേളങ്ങളുടെ വിനര്‍ഗളനം അത്യപൂര്‍വതയായി ...
പൂരങ്ങള്‍ക്കൊപ്പം പള്ളിപ്പെരുന്നാളുകള്‍ക്കും തൃശൂര്‍ മുമ്പിലാണ് . അതേക്കുറിച്ച് അടുത്ത അധ്യായത്തില്‍ ..
പൂരമാതാവും മേളരാജാവും ...ആറാട്ടുപുഴയും പെരുവനവും (ഫ്രാന്‍സിസ് തടത്തില്‍) പൂരമാതാവും മേളരാജാവും ...ആറാട്ടുപുഴയും പെരുവനവും (ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക