Image

ഹര്‍ഷ്‌ വര്‍ധന്‍ ന്യൂജേഴ്‌സി ഗവര്‍ണര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്നു

Published on 25 March, 2017
ഹര്‍ഷ്‌  വര്‍ധന്‍ ന്യൂജേഴ്‌സി ഗവര്‍ണര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്നു
ന്യൂജേഴ്‌സി: ജൈത്രയാത്ര തുടരുന്ന ഇന്ത്യന്‍ ബിസിനസുകാരനും എഞ്ചിനീയറുമായ ഹര്‍ഷ്‌ വര്‍ധന്‍ ജനപ്രിയ വാഗ്ദാനങ്ങളുമായി റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി ടിക്കറ്റില്‍ ന്യൂജേഴ്‌സി ഗവര്‍ണര്‍ പദത്തിലേയ്ക്ക് കൊമ്പുകോര്‍ക്കുന്നു. വരുന്ന ജൂണ്‍ ആറാം തീയതിയാണ് പ്രൈമറി. 

ഹര്‍ഷ്‌ വര്‍ധനും ന്യൂജേഴ്‌സി ലഫ്റ്റനന്റ് ഗവര്‍ണറും സ്റ്റേറ്റ് സെക്രട്ടറിയുമായ കിം ഗ്വാഡങ്‌നോയും ഉള്‍പ്പെടെ  അഞ്ച് സ്ഥാനാര്‍ത്ഥികള്‍ ഗോദയിലുണ്ട്. ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റിയുടെ പിന്‍ഗാമിക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പില്‍ പക്ഷേ, അഭിപ്രായ വോട്ടെടുപ്പ് പ്രകാരം കിം ഗ്വാഡങ്‌നോയാണ് ഒന്നാം സ്ഥാനത്ത്. രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടി അംഗങ്ങള്‍ക്ക് മാത്രമേ പ്രൈമറിയില്‍ വോട്ടവകാശമുള്ളൂ. ന്യൂജേഴ്‌സിക്ക് പുറമെ വിര്‍ജീനിയയും ഇക്കൊല്ലം പുതിയ ഗവര്‍ണറെ തിരഞ്ഞെടുക്കും. 

റിപ്പബ്‌ളിക്കനായ റപ്രസെന്റേറ്റീവ് പ്രസാദ് ശ്രീനിവാസന്‍ കണക്റ്റിക്കട്ട് മേയര്‍ സ്ഥാനത്തേയ്ക്ക് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത വര്‍ഷമാണവിടുത്തെ ഇലക്ഷന്‍.

ഹര്‍ഷ്‌ വര്‍ധന്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് അറ്റ്‌ലാന്റിക് സിറ്റിയിലെ ബോര്‍ഡ്‌വാക്കിലുള്ള ചരിത്ര പ്രധാനമായ കെന്നഡി പ്ലാസയില്‍ വച്ചാണ്. ഹര്‍ഷന്റെ ജന്‍മ സ്ഥലമാണീ പ്രദേശം. ''നമ്മള്‍ മുന്‍കാലങ്ങളില്‍ ഗവര്‍ണര്‍ പദത്തിലേയ്ക്ക് ബാങ്കര്‍മാരെയും ലോയര്‍മാരെയുമൊക്കെ പരീക്ഷിച്ചിട്ടുണ്ട്. നിങ്ങള്‍ എന്നെ വിശ്വസിക്കുകയും സഹായിക്കുകയുമാണെങ്കില്‍ ഒരു പ്രശ്‌ന പരിഹാരകന്‍ എന്ന നിലയില്‍ ഞാന്‍ എന്റെ എഞ്ചിനിയറിങ് പശ്ചാത്തലം ഉപയോഗിച്ച് ന്യൂജേഴ്‌സിയെ ശാസ്ത്ര സാങ്കേതിക മാറ്റത്തിന്റെ ഹൃദയഭൂമിയാക്കും...'' സ്ഥാനാര്‍ഥിത്വ പ്രഖ്യാപന വേളയില്‍ ഹര്‍ഷ്‌  വര്‍ധന്‍ പറഞ്ഞു.

പ്രോപ്പര്‍ട്ടി ടാക്‌സ് വെട്ടിക്കുറയ്ക്കുക, ക്ഷേമോന്‍മുഖ ലക്ഷ്യത്തോടെ സ്‌കൂള്‍ ഫണ്ടിങ് ഫോര്‍മുല നിജപ്പെടുത്തുക, ഗതാഗത അടിസ്ഥാന സൗകര്യം ജനകീയമാക്കുക, മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ക്ക് ടാക്‌സ് നിയന്ത്രിച്ച് കൂടുതല്‍ വരുമാനമുണ്ടാക്കുക, ഇന്‍ഹെരിറ്റന്‍സ് ടാക്‌സ് നിര്‍ത്തലാക്കുക, കുട്ടികളുടെ പഠന സ്വാതന്ത്രം മാനിച്ച് സ്‌കൂള്‍ വൗച്ചര്‍ പരിപാടികള്‍ ഏര്‍പ്പെടുത്തുക, ട്രേഡ് സ്‌കൂളുകളുടെ എണ്ണം വര്‍ധിപ്പിക്കുക, മയക്കുമരുന്ന് ഉപയോഗം സമൂഹ തിന്‍മയായി കണക്കാക്കുക, മയക്കുമകുന്ന് അടിമകള്‍ക്ക് ചികില്‍സയും സഹായവും നല്‍കുക, അറിവില്ലാത്തതും ഉത്തരവാദിത്വമില്ലാത്തതുമായ നിയമ വ്യവഹാരങ്ങളിലൂടെയുണ്ടാവുന്ന സാമ്പത്തിക നഷ്ടം വീണ്ടെടുക്കാന്‍ ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷണര്‍മാരെ അനുവദിക്കുക,  കുടിയേറ്റക്കാര്‍ക്കെതിരെ വംശീയ വിദ്വേഷം മൂലമുള്ള അക്രമം തടയുക...തുടങ്ങിയവ ഹിഷ് വര്‍ധന്റെ വാഗ്ദാനപ്പട്ടികയിലുള്‍പ്പെടുന്നു.

ന്യൂജേഴ്‌സി എഗ് ഹാര്‍ബര്‍ ടൗണ്‍ഷിപ്പ് ഹൈസ്‌കൂളിലെ പഠനത്തിനുശേഷം ന്യൂജേഴ്‌സി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് ഹിഷ് എഞ്ചിനീയറിങ് നേടിയത്. ടിഷ്യൂ എഞ്ചിനീയറിങ്, മെറ്റീരിയല്‍ സയന്‍സ് എന്നീ മേഖലകളില്‍ വിദഗ്ധനായ ഇദ്ദേഹം എയ്‌റോ സ്‌പേസ്, ഡിഫന്‍സ് ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. നാഷണല്‍ എസ്‌റോ സ്‌പേസ് സംവിധാനത്തിനുള്ള സുരക്ഷ, മിസൈല്‍ ഡിഫന്‍സ് പ്രോഗ്രം, മിലിട്ടറി ഇന്റലിജന്‍സിന് സഹായം, വാര്‍ത്താവിനിമയ സങ്കേതങ്ങളുടെ വിപുലപ്പെടുത്തല്‍, സാറ്റലൈറ്റ് നാവിഗേഷന്‍ എഞ്ചിനീയറിങ് തുടങ്ങിയവ ഹിഷിന്റെ കര്‍മ മണ്ഡലങ്ങളാണ്. ഹര്‍ഷ്‌ അവതരിപ്പിച്ച പ്രോഗ്രമുകളുടെ സങ്കീര്‍ണതകളും വ്യാപ്തിയും ആകാശയാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്ക് മുതല്‍ കൂട്ടിയ അവിഭാജ്യ ഘടകങ്ങളാണെന്ന് അദ്ദേഹത്തിന്റെ കാമ്പെയ്ന്‍ വെബ് സൈറ്റില്‍ പറയുന്നു.

സൗത്ത് ഏഷ്യക്കാര്‍ ഏറ്റവും കൂടുതലുള്ള ന്യൂജേഴിസിയില്‍ അവരുടെ പിന്തുണ ആര്‍ജിക്കാനാവുമെന്ന് ഹര്‍ഷ്‌  കണക്കുകൂട്ടുന്നു. ''വംശീയ വിദ്വേഷത്തിലധിഷ്ടിതമായ അക്രമങ്ങള്‍ ഇവിടെ വര്‍ധിച്ച് വരികയാണ്. കുടിയേറ്റക്കാര്‍ക്ക്, പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക് മതിയായ സുരക്ഷ ലഭിക്കുന്നില്ല. അക്രമങ്ങള്‍ അടിയന്തിരമായി അവസാനിപ്പിക്കുകയും സുരക്ഷ ഉറപ്പ് വരുത്തുകയും വേണം. ഞാന്‍ ഗവര്‍ണര്‍ ആവുകയാണെങ്കില്‍ ഗൗരവതരമായ ഈ വിഷയം ദേശീയ തലത്തിലെത്തിച്ച് പരിഹാരത്തിന് ആത്മാര്‍ത്ഥമായി ശ്രമിക്കും. വംശീയ അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടേണ്ടതുണ്ട്...'' ഹര്‍ഷ്‌ ചൂണ്ടിക്കാട്ടി. 

അതേസമയം താന്‍ എന്തുകൊണ്ട് റിപ്പബ്‌ളിക്കനായി എന്നതിനെക്കുറിച്ചും ഹര്‍ഷ്‌  വര്‍ധന്‍ വിശദീകരിച്ചു...''കുടിയേറ്റക്കാരില്‍ കൂടുതലും ഡെമോക്രറ്റുകളാണെന്ന് സമ്മതിക്കാം. യാഥാസ്ഥിതിക ചിന്തകളും വിശാസ പ്രമാണങ്ങളുമാണ് എന്നെ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയിലെത്തിച്ചത്. എന്നാല്‍ നാം ആളുകളെ പാര്‍ട്ടി നോക്കിയല്ല, മറിച്ച് അവരുടെ കഴിവും യോഗ്യതയും നോക്കി വേണം വിലയിരുത്താന്‍. സ്വയം സംരംഭകത്വത്തിന്റെ ഊര്‍ജത്തിലാണ് ഞാന്‍ വളര്‍ന്നത്. സത്യസന്ധത, സമഭാവന, കഠിനാധ്വനം തുടങ്ങിയവയുടെ മൂല്യങ്ങള്‍ കൂടുതലായും റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് നില്‍ക്കുന്നു. കുറഞ്ഞ ടാക്‌സ്, ബിസിനസ് വളര്‍ച്ച, സ്വയം സുരക്ഷയ്ക്കായി ആയുധം കൊണ്ടുനടക്കാനുള്ള അവകാശം, മത സ്വാതന്ത്ര്യം, എല്ലാ ജനങ്ങളെയും ഒരേതരത്തില്‍ കാണുക, ആശയപ്രകാശനത്തിനുള്ള അവകാശം, മാധ്യമ സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളില്‍ തന്റെ പാര്‍ട്ടിക്ക് വിട്ടുവിഴ്ചകളില്ലെന്ന് ഹര്‍ഷ്‌  വര്‍ധന്‍ പറഞ്ഞു.

''എന്റെ ലക്ഷ്യം സ്റ്റേറ്റ് നേരിടുന്ന പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുകയെന്നതാണ്. ഒരു കൗണ്‍സില്‍മാന്‍, ഫ്രീഹോള്‍ഡര്‍, അസംബ്ലിമാന്‍, സെനറ്റര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഒരു വിഷയമുണ്ടാവുമ്പോള്‍ യെസ് ഓര്‍ നോ എന്ന് പറയുകയാണ് അവരുടെ ചുമതല. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ അത്തരം പദവികള്‍ എന്നെ അനുവദിക്കില്ലെന്നോര്‍ക്കുക. ന്യൂജേഴ്‌സിയില്‍ ഗവര്‍ണറുടെ ഓഫീസിന് പ്രശ്‌ന പരിഹാരത്തിനായി അധികാരത്തിന്റെ ബലമുണ്ട്. ഞാനൊരു പരിഹാരകനാണ്. ന്യൂജേഴ്‌സിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ എന്നനിലയില്‍ എനിക്ക് ജനപ്രിയമായി കാര്യങ്ങള്‍ നിര്‍വഹിക്കാനാകും...'' ഹര്‍ഷ്‌ പറയുന്നു.

 മുത്തഛന്‍ ഡോ. നോനിഹാല്‍ ന്യൂജേഴ്‌സിയിലെത്തിയത് 1975ലാണ്. ഇന്റര്‍നാഷണല്‍ ബിസിനസ്, സ്ട്രാറ്റജിക് പോളിസി, പ്ലാനിങ് തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം അധ്യാപനം നടത്തിയിട്ടുണ്ട്. പിന്നീട് ഇന്ത്യയിലേയ്ക്ക് മടങ്ങിയ നോനിഹാല്‍ രാജ്യസഭാംഗമായി. അമേരിക്കന്‍ ഗവണ്‍മെന്റിന് എഞ്ചിനീയറിങ്, റിസേര്‍ച്ച്, മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ സേവനം നല്‍കുന്ന പ്രൊഫഷണലുകളായ ത്രിഭുവന്‍-നന്ദിതാ സിങ് ദമ്പതികളുടെ മകനാണ് ഹര്‍ഷ്‌ വര്‍ധന്‍. ഒരു മള്‍ട്ടി മില്യണ്‍ ഡോളര്‍ കണ്‍സള്‍ട്ടിങ് കമ്പനിയുടെ ഉടമയാണ് ത്രിഭുവന്‍. മൂത്ത സഹോദരി ഫിസിഷ്യനും ഇളയ സഹോദരന്‍ ബയോകെമിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുമാണ്.

ഹര്‍ഷ്‌  വര്‍ധന്‍ ന്യൂജേഴ്‌സി ഗവര്‍ണര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക