Image

ഭൂമിയുടെ കാത്തിരിപ്പ് (കവിത: ഡോ.ഈ.എം.പൂമൊട്ടില്‍)

ഡോ.ഈ.എം.പൂമൊട്ടില്‍ Published on 25 March, 2017
ഭൂമിയുടെ കാത്തിരിപ്പ് (കവിത: ഡോ.ഈ.എം.പൂമൊട്ടില്‍)
ഒരു പകല്‍കൂടി കഴിഞ്ഞു വസുധരേ
വിടപറഞ്ഞീടുവാന്‍ നേരമായി
ദൂരെ പടിഞ്ഞാറു ചക്രവാളങ്ങളില്‍
ചാങ്ങിറങ്ങീടവെ സൂര്യനോതി;

പകലിത്ര നേരം നാം ഒന്നിച്ചിരുന്നില്ലേ,
പങ്കുവെച്ചില്ലേ സുഖദുഃഖമെല്ലാം
ഇനിയും ഞാന്‍ പിരിയുവാന്‍ നേരം വരുന്നു,
ഇരവിതില്‍ നീ ഏകയാകും പ്രിയേ!

നീറും മനസ്സുമായ് നോക്കി നിന്നീടവെ
ദിനപതിയോടു ധരണ ചൊല്ലി;
അരുതേയെന്നോതുവാന്‍ പ്രാപ്തമല്ലെങ്കിലും
അബല ഞാന്‍ നിന്‍ പ്രിയ തോഴിയല്ലേ,
അനുരാഗവാനേ നാം പങ്കിട്ട സ്വപ്‌നങ്ങള്‍
അകതാരിലെന്നും ഞാന്‍ സൂക്ഷിച്ചീടാം!

ആദിത്യനെ ചക്രവാളം ഗ്രസിക്കവെ
മേദിനി തന്‍ കണ്ണുനീര്‍ പൊഴിഞ്ഞു.
ഗദ്ഗദത്തോടെ വിശ്വംഭര പിന്നെയും
സപ്താശ്വനെ നോക്കി ഏവം ഓതി:

വീരനാം മന്നവാ നീ മറഞ്ഞീടിലും
വീണ്ടും വരും വരെ കാത്തിരിക്കാം,
വിരഹമീ ദുഃഖം അസഹ്യമതെങ്കിലും
പ്രിയതമന്‍ നിന്നെ ഞാന്‍ കാത്തിരിക്കാം!


ഭൂമിയുടെ കാത്തിരിപ്പ് (കവിത: ഡോ.ഈ.എം.പൂമൊട്ടില്‍)
Join WhatsApp News
ആദിത്യന്‍ 2017-03-27 20:23:19
എന്റെ  വസുന്ധരേ എന്നിൽ നിന്നും 
എങ്ങുപോയി നീ ഒളിച്ചിരിക്കും
എന്നെ ചുറ്റി കറങ്ങിയാലേ 
ജീവിതം  നിന്റെ ധന്യമാകു 
ഇങ്ങു പടിഞ്ഞാറ് സന്ധ്യയെങ്കിൽ 
അങ്ങ് കിഴക്കു സുപ്രാതം
പോകുവാനാവില്ല എന്നെ വിട്ട് 
അത്രക്ക് ബന്ധിതാരാണ് നമ്മൾ 
എന്റെ പ്രകാശകിരണങ്ങളാൽ 
നിന്റെ കുളിരു ഞാനകറ്റും 
അങ്ങനെ കെട്ടിപുണർന്നു നമ്മൾ 
അണ്ഡകടാഹത്തിൽ തിളങ്ങി നിൽക്കും 
എന്തിനു ചൊല്ലുന്നു പൂമൊട്ടുപോലും 
സൂര്യന്റെ താപത്തിൽ ഫുല്ലമാകും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക