Image

എസ്‌എസ്‌എല്‍സി കണക്ക്‌ പരീക്ഷ റദ്ദാക്കി; പുതിയ പരീക്ഷ 30ന്‌

Published on 25 March, 2017
എസ്‌എസ്‌എല്‍സി കണക്ക്‌ പരീക്ഷ റദ്ദാക്കി; പുതിയ പരീക്ഷ  30ന്‌


എസ്‌എസ്‌എല്‍സി കണക്ക്‌ പരീക്ഷ റദ്ദാക്കിയെന്ന്‌ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്‌. ഈ മാസം മുപ്പതിന്‌ ഉച്ചയ്‌ക്ക്‌ പരീക്ഷ വീണ്ടും നടത്തും. മുപ്പതിന്‌ നടക്കാനുളള പരീക്ഷകള്‍ 31ലേക്ക്‌ മാറ്റിയിട്ടുണ്ട്‌. കുട്ടികളുടെ ഭാഗത്തുനിന്നാണ്‌ സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെന്നും മന്ത്രി പറഞ്ഞു.

 എസ്‌എസ്‌എല്‍സി കണക്ക്‌ പരീക്ഷയുടെ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ സ്വകാര്യ സ്ഥാപനം നടത്തിയ പരീക്ഷയില്‍ നിന്നും പകര്‍ത്തിയതാണെന്ന പരാതികള്‍ ഉയരുന്നതിനിടെ വിളിച്ചുചേര്‍ത്ത അടിയന്തരയോഗത്തിന്‌ ശേഷമായിരുന്നു പരീക്ഷ റദ്ദാക്കിയതായുളള മന്ത്രിയുടെ പ്രഖ്യാപനം.

ചോദ്യപേപ്പര്‍ കോപ്പിയടിച്ചതാണെന്ന്‌ യോഗത്തില്‍ കണ്ടെത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ കണക്ക്‌ പരീക്ഷയ്‌ക്കെതിരെ ഉയര്‍ന്ന പരാതികളില്‍ കഴമ്പുളളതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്‌. 

ചോദ്യപേപ്പര്‍ പകര്‍ത്തിയെന്നും ചോര്‍ന്നെന്നുമുളള പരാതികളെകുറിച്ച്‌ വകുപ്പുതല അന്വേഷണം നടത്തും. വിദ്യാഭ്യാസവകുപ്പ്‌ സെക്രട്ടറിക്കാണ്‌ അന്വേഷണത്തിന്റെ ചുമതല. 

ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെതിരെ നടപടി ഉണ്ടായേക്കും.വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡിപിഐ, പരീക്ഷാഭവന്‍ സെക്രട്ടറി എന്നിവരുള്‍പ്പെടെ ചേര്‍ന്ന യോഗത്തിലാണ്‌ തീരുമാനം. പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന്‌ യുദ്ധകാലാടിസ്ഥാനത്തില്‍ ചോദ്യപേപ്പറുകള്‍ ഇനി തയ്യാറാക്കേണ്ടി വരും.

മാര്‍ച്ച്‌ 20ന്‌ നടന്ന കണക്ക്‌ പരീക്ഷയിലെ ചോദ്യങ്ങള്‍ മലപ്പുറത്തെ സ്വകാര്യ സ്ഥാപനം നടത്തിയ പരീക്ഷയില്‍ നിന്നും അതെപടി ചോര്‍ത്തിയതാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക