Image

നമ്മുടെ നല്ല ഭൂമി (ലേഖനം: ജയന്‍ വര്‍ഗീസ്)

Published on 25 March, 2017
നമ്മുടെ നല്ല ഭൂമി (ലേഖനം: ജയന്‍ വര്‍ഗീസ്)
എത്ര മനോഹരമാണീ ഭൂമി! അത്യതിശയകരമായി ജീവനുരുത്തിരിഞ്ഞു നിലനില്‍ക്കുന്ന ഈ വര്‍ണ്ണഗോളം! ഇവിടെ; ജീവിത സാഹചര്യങ്ങളുടെ ഈ അനുകൂലാവസ്ഥയില്‍ വീണു കിട്ടിയ അസുലഭ സൗഭാഗ്യം, അതാണ് ജീവിതം. നാം എത്ര ഭാഗ്യവാന്മാര്‍?

ഈ അപൂര്‍വതകള്‍ക്കിടയില്‍ അപ്രതീക്ഷിതമായി ആവര്‍ത്തിക്കപ്പെടുന്ന ഭൗമ ദുരന്തങ്ങള്‍, വേദനിപ്പിക്കുന്ന ഓര്‍മ്മകളായി നമ്മില്‍ അവശേഷിക്കുന്നു. കൊടുങ്കാറ്റുകളും, ഭൂമി കുലുക്കങ്ങളും, കടല്‍ ക്ഷോഭങ്ങളും, വരള്‍ച്ചയും, പ്രളയങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി എന്നും നമ്മെ അലോസരപ്പെടുത്തുന്നു. ഉത്തരേന്ത്യയില്‍ മാത്രമല്ല, കേരളത്തിലും കത്തിക്കാളുന്ന കൊടും ചൂടില്‍ നരക യാതന അനുഭവിക്കുന്നവരെക്കുറിച്ചാണ് ഇന്നത്തെ ചിന്ത.നൂറിനും മുകളില്‍ ഉയരുന്ന സെന്റിഗ്രേഡില്‍ മനുഷ്യന്‍ ശ്വാസം മുട്ടുകയാണ്.നൂറു കണക്കിനാളുകള്‍ ഓരോ വര്‍ഷവും സൂര്യാഘാതമേറ്റ് പിടഞ്ഞു വീണു മരിക്കുന്നു!

ഏഷ്യാ വന്‍കരയുടെ തെക്കേ ചരുവില്‍ അറബിക്കടലും, ഇന്ത്യന്‍ മഹാ സമുദ്രവും, ബംഗാള്‍ ഉള്‍ക്കടലും ഉമ്മ വച്ച് നില്‍ക്കുകയാണ് ഭാരതത്തെ. ഭൂമധ്യരേഖയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശം എന്ന നിലയില്‍ ഒരു ഉഷ്ണ രാജ്യമായിട്ടാണ് ഇന്‍ഡ്യ അറിയപ്പെടുന്നത്. ആത്യന്തികമായ സൂഷ്മ വിശകലനത്തോടെ സമീപിക്കുകയാണെങ്കില്‍ ഈ പ്രസ്താവനയില്‍ വലിയ കഴന്പില്ലെന്നു കാണാം.

ഭൗമ ഘടനയുടെ അനിവാര്യത എന്ന നിലയില്‍ ഭൂമധ്യരേഖാ മേഖലകളില്‍ ചൂടുണ്ടാവും. ഈചൂടിനെ ഗുണപരമായി പരിണമിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ പ്രകൃതിയില്‍ത്തന്നെ ഉണ്ടായിരിക്കും. അത് കണ്ടെത്തി ഉപയോഗപ്പെടുത്താന്‍ സാധിച്ചാല്‍ ഏതൊരു ചൂട് പ്രദേശത്തും മനുഷ്യവാസം അനായാസമായിത്തീരും.

ലോകത്തിലെ അതി മനോഹരമായ നാടുകളിലൊന്നാണ് ഭാരതം. അത്യാകര്‍ഷകവും, അസാധാരണവുമായ അതിന്റെ ഭൂപ്രകൃതി തന്നെയാണ് ഇതിനേറ്റവും വലിയ തെളിവായി നില്‍ക്കുന്നത്. വടക്കനതിരില്‍ കനത്ത മഞ്ഞു തലപ്പാവണിഞ്ഞു നില്‍ക്കുന്ന ഭീമന്‍ ഹിമാലയം. അതിന്റെ മലമടക്കുകളില്‍ നിന്നുത്ഭവിച്ച് ഉത്തരേന്ത്യയെ കുളിരണിയിക്കുന്ന മഹാ നദികള്‍. ജനജീവിതത്തില്‍ ഈ നദികള്‍ ചെലുത്തിയ വാന്‍ സ്വാധീനങ്ങളാണ് , പുണ്യ നദികള്‍ എന്ന പേരില്‍ ഇവ വിവക്ഷിക്കപ്പെട്ടതും, പില്‍ക്കാലങ്ങളില്‍ ആരാധിക്കപ്പെട്ടതും. ഈ നദികളിലെ നീരുറവകള്‍ ഒരിക്കലും നിലക്കുന്നില്ല. കടുത്ത വേനലില്‍ ദക്ഷിണേന്ത്യ കുടിവെള്ളമില്ലാതെ വരളുന്‌പോള്‍, ഹിമാലയ സാനുക്കളിലെ മഞ്ഞുരുകി ഈ നദികളില്‍ വെള്ളപ്പൊക്കമുണ്ടാവുകയാണ്. ബുദ്ധിയും ഹൃദയ വിശാലതയുമുള്ള ആസൂത്രകന്‍ നമുക്കുണ്ടായിരുന്നെങ്കില്‍, ഈ പ്രളയ ജലം തിരിച്ചുവിട്ട് ദക്ഷിണേന്ത്യന്‍ ഗ്രാമാന്തരങ്ങളില്‍ വരെ ജലസമൃദ്ധിയുടെ കുളിരല പകരാന്‍ നമുക്ക് സാധിച്ചേനെ. ആര്‍ക്കുനേരം? അധികാരത്തിന്റെ ചക്കരക്കുടങ്ങളില്‍ നിന്ന് കാട്ടുവാരി സ്വിസ്സ് ബാങ്കുകളിലൊളിപ്പിക്കാനുള്ള കസര്‍ത്ത് കളികളില്‍ കക്ഷിരാഷ്ട്രീയവും, കാലുവാരലുകളുമായി നമ്മുടെ ആസൂത്രകര്‍ തിരക്കിലാണ്? മുക്ത മനസ്സങ്ങളില്‍ വിരിയുന്ന വ്യര്‍ത്ഥസ്വപ്നങ്ങളായി മാത്രം ഈ ആശയങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു!

നിര്‍ ലോഭമായും നിര്‍ വിഘ്‌നമായും ഭാരത മണ്ണില്‍ വിശ്ലേഷിക്കപ്പെടുന്ന ഈ സൂര്യപ്രകാശം ലക്ഷോപിലക്ഷം ടണ്‍ വരുന്ന സൗജന്യ ഊര്‍ജമാണ്. കോടാനുകോടി ഡോളറിനു പോലും വില മതിക്കാനാവാത്തതാണ് അതിന്റെ മൂല്യം. വ്യവസായികാവശ്യത്തിനായി സൗരോര്‍ജം പരിണമിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇന്നും ശൈശവ ദശയില്‍ തന്നെയാണ്. .സൗരോര്‍ജ്ജത്തിന്റെ നൈസര്‍ഗിക ഉപയോക്താക്കളില്‍ ഒന്നാം സ്ഥാനത്തു വരുന്നത് സസ്യങ്ങളാണ്. മണ്‍സൂണും മഴമേഘങ്ങളും ഫലപുഷ്ടമാക്കുന്ന ഇന്ത്യന്‍ മണ്ണില്‍ സസ്യങ്ങള്‍ തഴച്ചു വളരുന്നത് ഈ സൗര വികിരണം ഉപയോഗപ്പെടുത്തിയാണ്.ഈ ചെടികളില്‍ വിളയുന്ന കായ്കനികളാണ് നൂറുകോടിയിലധികം വരുന്ന ഇന്ത്യന്‍ ജനതയെ സമൃദ്ധമായി തീറ്റിപ്പോറ്റിയ ശേഷമുള്ളത് വിദേശങ്ങളിലേക്ക് കയറ്റി അയക്കാനായി കപ്പല്‍ കാത്തു കിടക്കുന്നതു.

നൂറുകോടിയിലധികം വരുന്ന വായും വയറും ആര്‍ത്തിയോടെ തിന്നാന്‍ നിന്നിട്ടും, ദരിദ്ര രാജ്യമാണ് ഭാരതം എന്ന് മേലെഴുത്തുണ്ടായിട്ടും, കപട രാഷ്ട്രീയക്കാര്‍ കയ്യിട്ടുവാരി കട്ട് കടത്തിയിട്ടും, ലോക ജനതയെ അത്ഭുതപ്പെടുത്തി ഭാരതം പുരോഗതിയിലേക്കു കുതിക്കുന്നതിന്റെ കാരണമന്വേഷിച്ചാല്‍ നമുക്ക് കണ്ടെത്താനാവുന്നത് , നമ്മുടെ സസ്യങ്ങളില്‍ സ്വയം വിളയുന്ന ഈ ഫലമൂലാദികളാണ്. മറ്റൊരു തലത്തില്‍ പറഞ്ഞാല്‍ രാഷ്ട്രീയക്കാരന്റെ ചട്ടുകങ്ങളായി ജനം റോഡുറോഡാന്തരം മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കുന്‌പോളും, അവനറിയാതെ, അവനു തിന്നാനുള്ളത് സൗജന്യമായി ഒരുക്കിയെടുക്കുകയാണ് ഈ പ്രകാശ വിശ്ലേഷണം!

നമ്മുടെ വിശാല സാദ്ധ്യതകളെ വിജയകരമായി ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട ആസൂത്രകരാണ്, ജനസംഖ്യാ പെരുപ്പത്തിന്റെയും, പട്ടിണി മരണങ്ങളുടെയും കണക്കുകള്‍ നിരത്തി നമ്മുടെ കണ്ണില്‍ പൊടിയിടുന്നത്.

നമ്മുടെ പ്രതികൂലങ്ങളെ അനുകൂലങ്ങളാക്കി മാറ്റാന്‍ ആസൂത്രകര്‍ക്കു സാധിച്ചിരുന്നെങ്കില്‍, നമ്മുടെ പൂര്‍വികര്‍ സ്വപ്നം കണ്ടിരുന്നതുപോലെ ഭൗതികവും, ആത്മീയവുമായി ലോക സമൂഹത്തിനു നേതൃത്വം നല്‍കാനാവുന്ന ഒരു ജനതയായി എന്നുപണ്ടേ നമുക്ക് വളരാനാകുമായിരുന്നില്ലാ?

ചുട്ടുപൊള്ളുന്ന തീച്ചൂടിനെയെടുക്കാം. എങ്ങിനെ നമുക്കതിനെ മെച്ചപ്പെട്ട ജന ജീവിതത്തിനുള്ള ഉപാധിയാക്കാം എന്ന് പരിശോധിക്കാം

തൊഴിലില്ലായ്മയുടെ നാടാണ് ഭാരതം എന്നാണല്ലോ വയ്പ്പ്. ഈ തൊഴിലന്വേഷകരെ ഉപയോഗപ്പെടുത്തിക്കൊണ്ട് മരങ്ങള്‍ വച്ച് പിടിപ്പിച്ചു കൂടെ? വഴി വക്കുകളിലും, പൊതു സ്ഥലങ്ങളിലും , തരിശു നിലങ്ങളിലും മാത്രമല്ലാ, സ്വകാര്യഭൂമികളില്‍ പോലും നമുക്ക് പച്ചപ്പിന്റെ പരവതാനി വിരിച്ചു കൂടെ? തൊഴിലന്വേഷകരായ ഏതൊരു വ്യക്തിക്കോ, കുടുംബത്തിനോ ആവശ്യാനുസരണം ഫലവൃക്ഷങ്ങളുടെയും, തണല്‍ മരങ്ങളുടെയും തൈകള്‍ സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കണം.ആസൂത്രകരുടെ നിര്‍ദ്ദേശാനുസരണം അവര്‍ അത് നട്ട് നനച്ചു വളര്‍ത്തണം.തൈകളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവര്‍ക്ക് മാന്യമായ പ്രതിഫലം നല്‍കണം.വളര്‍ച്ചയെ ഒരു ഇഞ്ച് , രണ്ട് ഇഞ്ച് ,നാല് ഇഞ്ച് , എട്ടു ഇഞ്ച് , പതിനാറ് ഇഞ്ച് , മുപ്പത്തിരണ്ട് ഇഞ്ച് , അറുപത്തിനാല് ഇഞ്ച് എന്നിങ്ങനെ തിരിച്ച് ഓരോ ഘട്ടത്തിലും പ്രതിഫലം ലഭ്യമാക്കണം. അറുപത്തിനാല് ഇഞ്ച് വണ്ണമെത്തുന്നതോടെ മരം പൊതു സ്വത്തായിത്തീരുകയും,മരത്തിന്റെ മാര്‍ക്കറ്റ് വിലയേക്കാള്‍ ഒട്ടും കുറയാത്ത തുക വളര്‍ത്തുകാരന് ലഭിച്ചിരിക്കുകയും വേണം.

വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പ്രതിഫലം ലഭിക്കുമെന്നതിനാല്‍ , വളര്‍ത്തുകാരനും അയാളുടെ കുടുംബവും വൃക്ഷത്തിന്റെ സംരക്ഷകരും കാവല്‍ക്കാരും ആയിരിക്കും. വൃക്ഷത്തെ നന്നായി പരിപാലിക്കുന്നതിനും, നിശ്ചിത വളര്‍ച്ചയെത്തിച്ചു പ്രതിഫലം കൈപ്പറ്റുന്നതിനും അവര്‍ അതീവ ഉല്‌സുകരായിരിക്കും. ഇപ്രകാരം ഭാരതത്തിലാകമാനം ലക്ഷോപലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും , ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുടക്കു മുതലിന്റെ പല മടങ്ങായി നിക്ഷേപത്തുക തിരിച്ചു പിടിക്കുന്നതിനും സാധിക്കുന്നു. സൂര്യതാപത്തില്‍ വീണുമരിക്കാതെ ഒരു ജീവന്‍ രക്ഷപ്പെടുന്‌പോള്‍ അതിന്റെ വിലയെത്രയാണ്? കോടികളോ ? കോടാനുകോടികളോ?

ഇങ്ങിനെ ചെയ്താല്‍ ഇന്ത്യ ഒരു ശീതള ഉദ്യാനമായി മാറും. പഴങ്ങളുടെയും,ഫലങ്ങളുടെയും ഏറ്റവും വലിയ ഉല്‍പ്പാദന കേന്ദ്രമാവും. സൂര്യാഘാതമേറ്റ് ഇവിടെ മനുഷ്യന്‍ മരിച്ചിരുന്നു എന്ന് പറഞ്ഞാല്‍ വരും തലമുറകള്‍ അത് വിശ്വസിക്കുകയേയില്ലാ!

പക്ഷെ? അതൊരു വലിയ പക്ഷേയാണ്! സുനാമി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട് സര്‍ക്കാരിന്റെ തകര ഷെഡ്ഡുകളില്‍ കഴിയുന്ന കുറെ ചേട്ടന്‍മ്മാരെ ഏഷ്യാനെറ്റ് ന്യൂസില്‍ കാണുകയുണ്ടായി. ചേട്ടന്‍മ്മാര്‍ രാവിലെ മുതല്‍ രാത്രി വരെ ചീട്ടു കളിച്ച് സമയം പോക്കുകയാണ്.
മറ്റൊന്നും ചെയ്യാനില്ലെന്നാണ് ചേട്ടന്‍മ്മാരുടെ ഭാഷ്യം.

ഈ ചേട്ടന്മാര്‍ക്കു കടല്‍ത്തീരത്തു കണ്ടല്‍ചെടികള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി നടപ്പിലാക്കി തൊഴില്‍ നല്‍കിക്കൂടെ? ഓരോ ചേട്ടനും ഓരോ പ്ലോട്ട്.കണ്ടല്‍ച്ചെടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കനത്ത പ്രതിഫലം. രാഷ്ട്രീയക്കാരും ഉദ്യോഗക്കാരും കയ്യിട്ടു വാരിയതിനു ശേഷമുള്ള നക്കാപ്പിച്ച പോരാ എന്നറിയുക?

കടലില്‍ കല്ലിട്ടു കടല്‍ക്ഷോഭം തടയാമെന്നു കരുതുന്ന തല തിരിഞ്ഞ ശാസ്ത്രജ്ഞന്മാരെ ആട്ടിപ്പായിച്ചു ആ പണം ഇവര്‍ക്ക് നല്‍കുക. വളര്‍ന്നു മുറ്റുന്ന കണ്ടല്‍ക്കാടുകള്‍ കടലാക്രമണം തടയും. അന്‍പതു മീറ്റര്‍ വരെ ആഴ്ന്നിറങ്ങുന്ന അതിന്റെ വേരുകള്‍ മണ്ണിടിച്ചില്‍ ഒഴിവാക്കും. സുനാമി പോലുള്ള വന്‍ ക്ഷോഭങ്ങളുടെ നശീകരണ ശേഷി വളരെയേറെ ലഘൂകരിക്കും. ചിലപ്പോള്‍ തടഞ്ഞേക്കാനും മതി!

പ്ലാസ്റ്റിക് മലിനീകരണമാണ് വികസ്വര രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു ഭീഷണി.ജനങ്ങള്‍ അലസമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ നൂറ്റാണ്ടുകളോളും നശിക്കാതെ കിടന്ന് പ്രകൃതിയെ മലിനവും, വിഷലിപ്തവുമാക്കുന്നു. ഇന്ത്യയിലെ തന്നെ റോഡുകളും, തോടുകളും,പുഴകളും,തടാകങ്ങളും,പാര്‍ക്കുകളും മാരകമായി മലിനീകരിക്കപ്പെട്ടു കഴിഞ്ഞു.ആസൂത്രകര്‍ക്കു വിവരമുണ്ടെങ്കില്‍ തൊഴിലന്വേഷകരെ ഈ രംഗത്തിറക്കണം. സ്വയം പെറുക്കി സംസ്ക്കരണ കേന്ദ്രത്തിലെത്തിക്കുന്ന ഓരോ കിലോ പ്ലാസ്റ്റിക്കിനും കനത്ത പ്രതിഫലം ഉറപ്പാക്കണം. ഇങ്ങിനെ സംന്പാദിക്കാനാവുന്ന തുക ഏതൊരു സര്‍ക്കാരുദ്യോഗസ്ഥന്റെ ശന്പളത്തോടും ഒപ്പമെത്തണം.

വൈറ്റ്‌കോളര്‍ വര്‍ണ്ണ സ്വപ്നവുമായി നടക്കുന്ന നമ്മുടെ യുവാക്കളെ സ്വയം തിരുത്താന്‍ അവസരമൊരുക്കണം. വൈറ്റ് കോളറിന് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ ഈ നീലക്കു കിട്ടുമെങ്കില്‍ നീലക്കോളറിനല്ലേ കൂടുതല്‍ മാന്യത?

നിര്‍ഭാഗ്യവശാല്‍ നമ്മുടെ കൊച്ചാട്ടന്‍മ്മാര്‍ക്ക് ഒന്നിനും താല്‍പ്പര്യമില്ല. അലക്കിത്തേച്ച കുപ്പായങ്ങളിലിറങ്ങി മുദ്രാവാക്യം വിളിക്കാനാണെങ്കില്‍ റെഡി. വെളുപ്പിന് ഒരു കൈയില്‍ കുറുവടിയും (പട്ടിയെ തടുക്കാന്‍) മറുകൈയില്‍ ഫഌഷ് ലൈറ്റുമായി (പാന്പിനെക്കാണാന്‍) ഓട്ടത്തോടോട്ടം! എക്‌സര്‍സൈസ് .മുറ്റത്തെ പുല്ലു പറിക്കില്ല. തേങ്ങപൊതിക്കില്ല, ചുരണ്ടില്ല. അടുക്കളമാലിന്യം കുഴികുത്തി മൂടില്ല, അടുത്തവന്റെ വീട്ടിലേക്കെറിയും.? സ്വന്തം വീട്ടിലെ അത്യാവശ്യം ജോലികള്‍ ചെയ്താല്‍ വേറെ എക്‌സര്‍ സൈസ് വേണ്ടിവരില്ലന്നു ഈ കൊച്ചാട്ടന്മാരോട് ആര് പറയും?

ഒരു നാട്ടുന്പുറം തോട്ടിലെ തെളിവെള്ളത്തിലൂടെ ആരോ ഒഴുക്കി വിട്ട , ചത്ത കോഴികളെ നിറച്ച ചാക്കുകെട്ടുകളെ നോക്കി കുറെ കുട്ടിനേതാക്കള്‍ വീറോടെ മുദ്രാവാക്യം വിളിക്കുന്നത് കണ്ടു ചാനല്‍ വാര്‍ത്തയില്‍. മുണ്ടും മടക്കിക്കുത്തി തൊട്ടിലിറങ്ങി അതെടുത്തു കുഴിച്ചിട്ടിരുന്നെങ്കില്‍ പ്രശ്‌നം തീര്‍ന്നേനെ! തൊണ്ട കാറിയതിന്റെ അത്രയും ഊര്‍ജം വേണ്ടി വരില്ലായിരുന്നു എന്ന് തീര്‍ച്ച.

നദീമലിനീകരണത്തെക്കുറിച്ചാണ് മറ്റൊരു കഴുതക്കരച്ചില്‍. ആയിരക്കണക്കിനാളുകളാണ് കുത്തിയിരുന്നു കരയുന്നത്. മതം,രാഷ്ട്രീയം,കല,സാഹിത്യം എല്ലാത്തിന്റെയും പ്രതിനിധികളുണ്ട്. ഉശിരന്‍ പ്രസംഗങ്ങള്‍ കൊണ്ട് നദി ശുദ്ധമാകുമോ? വരുന്നവര്‍ ഓരോ കുട്ടയുമായി വരികയും, നദീ മാലിന്യം സ്വന്തം കൈകള്‍ കൊണ്ട് വാരി നിറച്ച് പൊതു വളക്കുഴികളിലോ, വീട്ടിലെ പച്ചക്കറികള്‍ക്ക് വളമായോ ഉപയോഗിച്ചിരുന്നെങ്കില്‍ ഒരു കിലോമീറ്റര്‍ പുഴ ശുദ്ധമാകുമായിരുന്നു?

മരത്തെ പുണര്‍ന്നു ഗിന്നസ് ബുക്കില്‍ കയറിപ്പറ്റുന്നു ചിലര്‍. എന്ത് പ്രയോജനം? ഒരു മരത്തൈ നട്ടുനനച്ചു വളര്‍ത്തിയെടുത്താല്‍ അത് വൃക്ഷസ്‌നേഹം.

അല്ലാ ഇതിനൊക്കെ ആര്‍ക്കു നേരം? പതിനാറ് സീരിയലുകളാണ് ദിവസവും കണ്ടു തീര്‍ക്കാനുള്ളത്. തിരക്കോടുതിരക്ക്. അരിയും കുക്കിങ് ഗ്യാസും മാത്രം തന്നാല്‍പ്പോരാ, മുഖ്യമന്ത്രി നേരിട്ട് വന്ന് കഞ്ഞി വച്ച് തരണം.അതാണ് ഡിമാന്‍ഡ്.

ഒരു തിരിച്ചു നടത്തം അനിവാര്യമായിരിക്കുന്നു.പ്രുകൃതിയോടിണങ്ങാതെ മനുഷ്യന് ജീവിതമില്ല.അല്ലാതുള്ള ഏതൊരു നീക്കവും പില്‍ക്കാലത്തു വിപരീത ഫലങ്ങള്‍ ഉളവാക്കും.ലോക വ്യാപകമായ ഈ വഴിതെറ്റലിന്റെ ദുരന്ത ഫലങ്ങളാണ് ഇന്ന് നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത്!

,അനാഘ്രാതമായ പനിനീര്‍പൂവ് പോലെ ആയിരമായിരം സാദ്ധ്യതകളുള്ള നാടാണ് ഇന്നും ഭാരതം. അറിയാനും, ഉപയോഗപ്പെട്ടുത്താനും ആല്മാര്‍ത്ഥതയുള്ള ഭരണകൂടങ്ങള്‍ വേണം. നിര്‍ഭാഗ്യവശാല്‍ നമുക്കില്ലാതെ പോയതും ആ സൗഭാഗ്യമാണ്?
Join WhatsApp News
James Mathew, Chicago 2017-03-26 14:25:43
ജയൻ ആൻഡ്രുസ് - ലേഖനം വായിച്ചു. ഇതൊന്നും നമ്മുടെ നാട്ടില്  നടപ്പാവില്ലെന്നു എഴുതിയ താങ്കൾക്കും അറിയാം. എന്നാലും ആ രോഷം തീർത്തുകളഞ്ഞത് നന്നായി. അമേരിക്കൻ മലയാളികൾക്കും ചിലതൊക്കെ ചെയ്യാം. നാട്ടിൽ പോയി കണ്ട രാഷ്ട്രീയക്കാർക്കും എഴുത്തുകാർക്കും ( അതിലും നല്ല എഴുത്തുകാർ ഇവിടെയില്ല എന്ന് ഇ മലയാളി വായിക്കുമ്പോൾ തോന്നാറുണ്ട്) വിരുന്നും വേദിയുമൊരുക്കി അവരോത്ത് പടമെടുത്ത് സായൂജ്യം അടയുന്നവർ. ഇ മലയാളിയിൽ വായിച്ചു ഇവിടത്തെ നേതാക്കന്മാർ നാട്ടിലുള്ളവർക്ക് വീടുണ്ടാക്കി കൊടുക്കാൻ പോകുന്നുവെന്ന്.  ജയൻ വർഗീസ് എഴുതിയ പോലെ നല്ല മരങ്ങൾ വച്ച് പിടിപ്പിക്കാനും മാലിന്യങ്ങൾ ഒഴിവാക്കാനും അമേരിക്കൻ മലയാളിക്ക് ശ്രമിച്ചികൂടെ.  ട്രംപ് പെണ്ണുങ്ങളുടെ കൂടെ പോയി എന്ന് കൊതി കെറുവ് പറഞ്ഞു നാണം കെട്ടു എഴുതുന്നു ചിലർ.
നാട്ടിൽ യാതൊരു ജീവ കാരുണ്യ പ്രവര്ത്ത്തനവും ചെയ്യരുത്. അതിനു പകരം  ജയൻ എഴുതിയ പോലെയുള്ള കാര്യങ്ങൾക്ക് അമേരിക്കൻ മലയാളി മുൻ കൈ എടുക്കട്ടേ. ജയ് കേരളം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക