Image

ടേക്ക്‌ ഓഫ്‌: നിലനില്‍പ്പിന്റെ കഥ

ആഷ എസ് പണിക്കര്‍ Published on 26 March, 2017
   ടേക്ക്‌ ഓഫ്‌: നിലനില്‍പ്പിന്റെ കഥ


മലയാളികള്‍ വിചാരിച്ചാലും ഇങ്ങനെയുള്ള സിനിമകള്‍ എടുക്കാന്‍ കഴിയും എന്നു തീര്‍ച്ചപ്പെടുത്താം, ടേക്ക്‌ ഓഫ്‌ എന്ന സിനിമ കണ്ടിറങ്ങുമ്പോള്‍. നാമെല്ലാവരും , ഓരോ മലയാളിയും കണ്ടിരിക്കേണ്ട ചിത്രം എന്ന്‌ ആത്മാര്‍ത്ഥമായി പറയാം. 

ഒരു യഥാര്‍ത്ഥ സംഭവത്തെ അതിന്റെ വൈകാരികത ഒട്ടും ചോര്‍ന്നു പോകാതെ അവതരിപ്പിക്കാന്‍ സംവിധായകനു കഴിഞ്ഞു.

ലോകത്തിലെ തന്നെ മികച്ച സിനിമകള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്ന ചിത്രീകരണവും അഭിനയമുഹൂര്‍ത്തങ്ങളും കൊണ്ട്‌ സമ്പന്നമാണ്‌ ടേക്ക്‌ ഓഫ്‌. അക്ഷരാര്‍തഥത്തില്‍ ഇത്‌ നല്ല സിനിമകളുടെ ടേക്ക്‌ ഓഫ്‌ കൂടിയാണ്‌.

വിദേശത്തു ജോലി ചെയ്യുന്ന നഴ്‌സുമാരുടെ കഥകള്‍ പറയുന്ന സിനിമകള്‍ മുമ്പും ഇറങ്ങിയിട്ടുണ്ട്‌. ആസ്‌ട്രേലിയ, ലണ്ടന്‍, അമേരിക്ക എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക്‌ ഇഷ്‌ടം പോലെ ധനം സമ്പാദിക്കാം. 

പക്ഷേ പ്രാരാബ്‌ധങ്ങള്‍ തീര്‍ക്കാന്‍ ലിബിയ, ഇറാഖ്‌ എന്നിവിടങ്ങളിലേക്ക്‌ പോകുന്ന നഴ്‌സുമാര്‍ നിരവധി പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണ്‌. അവര്‍ക്ക്‌ ആകര്‍ഷകമായ ശമ്പളവും ഉണ്ടായിരിക്കില്ല. 

വീട്ടിലെ കഷ്‌ടപ്പാടുകള്‍ തീര്‍ക്കാന്‍ ഇറാഖില്‍ ജോലിക്കെത്തുന്ന കുറേ നഴ്‌സുമാരുടെ കഥയാണ്‌ ഈ ചിത്രം പറയുന്നത്‌.

അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടം. ടേക്ക്‌ ഓഫ്‌ എന്ന ചിത്രത്തെ അങ്ങനെ മാത്രമേ വിശേഷിപ്പിക്കാന്‍ കഴിയൂ. നഴ്‌സായ സമീറയും(പാര്‍വതി) ഭര്‍ത്താവ്‌ ഷഹീദും(കുഞ്ചാക്കോ ബോബന്‍)ജോലിക്കായി ഇറാഖില്‍ എത്തുന്നു.

 ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ്‌ ആദ്യപകുതിയില്‍ പറയുന്നത്‌. നിലനില്‍പ്പിന്റെ സമരമുഖത്തേക്ക്‌ അവര്‍ എത്തിപപെടുന്നതും അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളുമാണ്‌ ഇടവേളയ്‌ക്കു ശേഷം ചിത്രം പറയുന്നത്‌. 

സ്വദേശികളും വിദേശികളുമായുള്ള നിരവധി അഭിനേതാക്കള്‍ ഈ ചിത്രത്തിലുണ്ട്‌. സത്യത്തില്‍ പാര്‍വതി എന്ന നടിയെ നമിച്ചുപോവുകയാണ്‌ ഈ ചിത്രം കാണുമ്പോള്‍. 

അതിതീവ്രവും വികാരനിര്‍ഭരവുമായ രംഗങ്ങള്‍ അങ്ങേയറ്റം മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്‌ പാര്‍വതി. പാര്‍വതിക്കൊപ്പം നില്‍ക്കുന്ന അഭിനയമാണ്‌ കുഞ്ചാക്കോ ബോബനും കാഴ്‌ചവച്ചത്‌. 

 ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥനായി ഫഹദ്‌ ഫാസില്‍ കൈയ്യടി നേടി. അത്രക്ക്‌ മിന്നുന്ന പ്രകടനമാണ്‌ അദ്ദേഹം സ്‌ക്രീനില്‍ കാഴ്‌ച വച്ചത്‌. ചെറുതാണെങ്കിലും ആസിഫ#്‌ അലി തന്റെ റോള്‍ ഭംഗിയായി ചെയ്‌തിട്ടുണ്ട്‌. 

എഡിറ്ററായ മഹേഷ്‌ നാരായണന്‍ തന്റെ ആദ്യ ചിത്രം കൊണ്ടു തന്നെ ഒരു മികച്ച സംവിധായകന്റെ വരവറിയിക്കുന്നു. എഡിറ്റിങ്ങിലെ മികവ്‌ ചിത്രത്തിലാകമാനം കാണാനുണ്ട്‌. 

ഐ.എസ്‌ ആക്രമണവും മറ്റു ദൃശ്യങ്ങളുമൊക്കെ കാണുമ്പോള്‍ ഇതു മലയാള സിനിമ തന്നെയോ എന്നു വീണ്ടും സംശയിച്ചു പോകും. 

അത്രയ്‌ക്കുണ്ട്‌ ആ രംഗങ്ങളുടെ സാങ്കേതിക മികവ്‌. ഇതുപോലുള്ള ദൃശ്യങ്ങള്‍ കാണാന്‍ ബോളിവുഡിലേക്കോ തമിഴിലേക്കോ കണ്ണും നട്ടിരുന്ന മലയാളിക്ക്‌ ഒരു നല്ല വിരുന്നാണ്‌ ഈ ചിത്രം. 

സാനു വര്‍ഗീസിന്റെ ഛായാഗ്രഹണം മികച്ചതായി. സിനിമയുടെ മൂഡിനനുസരിച്ച്‌ പശ്ചാത്തല സംഗീതമൊരുക്കിയ ഗോപീ സുന്ദറും അഭിനന്ദനം അര്‍ഹിക്കുന്നു. ധൈര്യമായി ടിക്കറ്റെടുത്തോളൂ....മികച്ചൊരു ചിത്രമാണ്‌ ടേക്ക്‌ ഓഫ്‌. 
   ടേക്ക്‌ ഓഫ്‌: നിലനില്‍പ്പിന്റെ കഥ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക