Image

ഭാഗ്യദോഷിക്കുരുന്നുകള്‍ (കവിത: മഞ്ജുള ശിവദാസ് റിയാദ്)

Published on 29 March, 2017
ഭാഗ്യദോഷിക്കുരുന്നുകള്‍ (കവിത: മഞ്ജുള ശിവദാസ് റിയാദ്)
അമ്മിഞ്ഞപ്പാലിന്‍റെ മാധുര്യമറിയുവാന്‍,
താരാട്ടിന്നീണം ശ്രവിച്ചുറങ്ങീടുവാന്‍,
സൂക്കേടു നേരത്തുറക്കമിളച്ചിട്ടു
കാവലിരിക്കുന്നൊരമ്മയെ കിട്ടുവാന്‍,
മാറോടു ചേര്‍ത്തു താലോടിടുമമ്മതന്‍
വാത്സല്ല്യം നുകരുവാന്‍ ,
ഇന്നേറെ മക്കള്‍ക്കുമില്ല ഭാഗ്യം.

കൂട്ടുകുടുംബ സംരക്ഷണമറിയുവാന്‍,
ബന്ധത്തിന്‍ മൂല്ല്യമറിഞ്ഞു വളര്‍ന്നിടാന്‍,
മണ്ണപ്പം ചുട്ടും മരത്തിലേറീം
കണ്ണാരം പൊത്തിയും കൊത്തങ്കല്ലാടിയും
കുറ്റിപ്പുരകെട്ടി ചോറും കറീം വച്ചും,
കുട്ടികള്‍ക്കൊപ്പം കുറുമ്പുകാട്ടാന്‍
ഇന്നിന്‍ കുരുന്നുകള്‍ക്കില്ല ഭാഗ്യം.

കളികളില്ല കൂട്ടുകാരുമില്ല,
കഥ ചൊല്ലിക്കാര്യങ്ങള്‍ ചൊല്ലിക്കൊടുക്കുന്ന
മുത്തശ്ശിയെ പടിയിറക്കിവിട്ടു.
ഇവിടിക്കുരുന്നുകള്‍ക്കുത്തരം കിട്ടാത്തൊ
രായിരം ചോദ്യങ്ങള്‍ മാത്രം കൂട്ട്.

കുഞ്ഞിക്കാലുകള്‍ പിച്ചവെപ്പിക്കാതെ
കുഞ്ഞിളം ഹൃദയവും നോവുമെന്നറിയാതെ
തടവറക്കുള്ളില്‍ അടിച്ചമര്‍ത്തി.
വഴിവിട്ട സംസ്കാരമേറ്റുപിടിക്കുന്ന
മാതൃകാ സ്ഥാനമലങ്കരിപ്പോര്‍,
ബാല്യം കവര്‍ന്ന തന്‍ രക്ഷിതാക്കള്‍.

അണുകുടുംബത്തിന്‍ അരുമക്കിടാങ്ങള്‍
അരുതാ പാഠം പഠിച്ച പൊന്മക്കള്‍
അരുതാത്തതൊന്നുമേ അരുതെന്നുരക്കുവാന്‍
അറിയാ കുരുന്നു ബാല്യങ്ങള്‍.
കുഞ്ഞു വിലാപക്കയത്തില്‍ നിന്നൊറ്റക്കു
പകയുടെ കനലില്‍ ചവിട്ടിക്കരേറുമ്പോള്‍
പിന്‍വിളി വിളിച്ചു ശകാരിച്ചു നിര്‍ത്തുവാന്‍
ശാപവാക്കോതി പഴിച്ചീടുവാന്‍,
നേര്‍വഴി കാട്ടി നടത്തുവാനാകാത്ത
രക്ഷിതാവേ നിനക്കെന്തര്‍ഹത....
Join WhatsApp News
വിദ്യാധരൻ 2017-03-30 07:12:49
സ്വാതന്ത്യം സ്വാതന്ത്ര്യം
ജീവിതത്തിൽ
സ്വാതന്ത്യമാണിന്നേറെ
മുഖ്യം
സ്വാതന്ത്യം നേടാനായി
ഓടിടുമ്പോൾ
ബന്ധങ്ങൾ കാറ്റിൽ
പറന്നിടുന്നു
മാതാപിതാക്കൾ
പിരിഞ്ഞിടുന്നു
കുട്ടികൾ അനാഥ-
രായിടുന്നു.
കച്ചറ തൊട്ടിയിൽ
തട്ടിടുന്നു,
കാറിൽ പൂട്ടി
ചുട്ടിടുന്നു.
വരില്ല നീ കാണും
ബാല്യകാലം
കവയിത്രി നീ
സ്വപ്‌നം കണ്ടിടേണ്ട
ശീഘ്രം ചലിക്കും
ജീവിതത്തിൽ
ബന്ധങ്ങളിന്നു
ബന്ധനങ്ങൾ
പറക്കണം പത്രം
വിടർത്തിയിന്ന്
അനന്തമീദ്യോവിൽ
ജനത്തിനിന്ന്
ചിറകറ്റ മുത്തശ്ശി
മുത്തശ്ശനും
സദനത്തിൽ കഴിയട്ടെ
വൃദ്ധരുടെ
മാറുക കവികളെ
കവിയിത്രികളെ
വഴിമാറി നില്ക്കുക
നിങ്ങളൊക്കെ
തടയാതെ കുതിച്ചെത്തും
പുതുതലമുറയെ
എറിയുക പഴഞ്ചനാദൃശ
കവിതയൊക്കെ
ചുടുകാട്ടിലിട്ടു
ചുട്ടിടുക
അല്ലെങ്കിൽ അവാർഡിനായി
അയച്ചിടുക
മാറുക കവികളെ
കവിയിത്രികളെ
വഴിമാറി നില്ക്കുക
നിങ്ങളൊക്കെ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക