Image

സൗജന്യ വിമാനടിക്കറ്റ് നല്‍കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കുക: നവയുഗം

Published on 29 March, 2017
സൗജന്യ വിമാനടിക്കറ്റ് നല്‍കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കുക: നവയുഗം
ദമ്മാം: സൗദി അറേബ്യയിലെ മൂന്നുമാസത്തെ പൊതുമാപ്പ് ഇളവ് പ്രയോജനപ്പെടുത്തി, ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങിയിട്ടും വിമാനടിക്കറ്റ് എടുക്കാന്‍ പണമില്ലാത്തതിനാല്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിയാത്ത നിര്‍ദ്ധനരായ മലയാളി പ്രവാസികള്‍ക്ക്, സൗജന്യമായി വിമാനടിക്കറ്റ് നല്‍കി മടക്കിക്കൊണ്ടുവരാന്‍ കേരള സര്‍ക്കാരും, പ്രവാസിവകുപ്പിന്റെ ചുമതലയുള്ള ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും തയ്യാറാകണമെന്ന് നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഇക്കാമ പുതുക്കാനോ, സ്‌പോണ്‍സറിന് നഷ്ടപരിഹാരം നല്‍കാനോ, ഫൈന്‍ അടച്ച് ഫൈനല്‍ എക്‌സിറ്റ് എടുക്കാനോ, വിമാനടിക്കറ്റ് വാങ്ങനോ പണമില്ലാത്ത സാഹചര്യം കൊണ്ടാണ്, നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹമുള്ള ധാരാളം പ്രവാസികള്‍ക്ക് ഇപ്പോഴും സൗദി അറേബ്യയില്‍ നിയമവിരുദ്ധമായി കഴിയേണ്ടി വന്നിട്ടുള്ളത്. പൊതുമാപ്പ് പ്രഖ്യാപനം വഴി മറ്റെല്ലാ കാര്യങ്ങള്‍ക്കും ഇളവ് ലഭിച്ചെങ്കിലും, വിമാനടിക്കറ്റ് സ്വന്തം പണം കൊണ്ട് വാങ്ങണം എന്ന കടമ്പ നിര്‍ദ്ധനരായ പ്രവാസികള്‍ നേരിടുന്നുണ്ട്. അത്തരം പ്രവാസികളില്‍ മലയാളികളായവരെ സഹായിയ്‌ക്കേണ്ടത് കേരളസര്‍ക്കാരിന്റെ കടമയാണ്. സൗദി അറേബ്യയില്‍ പ്രവര്‍ത്തിയ്ക്കുന്ന അംഗീകൃതമലയാളി പ്രവാസി സംഘടനകളുടെ സഹായത്തോടെ അത്തരം നിര്‍ദ്ധനരായ പ്രവാസികളെ കണ്ടെത്തി, നോര്‍ക്കയുടെ നേതൃത്വത്തില്‍ അവര്‍ക്ക് വിമാനടിക്കറ്റ് നല്‍കാനുള്ള സംവിധാനം കേരളസര്‍ക്കാര്‍ അടിയന്തരമായി നടപ്പാക്കണമെന്ന് നവയുഗം സാംസ്‌കാരികവേദി ആവശ്യപ്പെട്ടു.

പൊതുമാപ്പിന്റെ സാഹചര്യങ്ങള്‍ വിലയിരുത്താനും, മലയാളി പ്രവാസികളെ സഹായിയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിയ്ക്കാനുമായി, കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരിലെ ഏതെങ്കിലും മന്ത്രി, നേരിട്ട് സൗദി അറേബ്യ സന്ദര്‍ശിയ്ക്കുന്നത് നന്നായിരിയ്ക്കുമെന്നും നവയുഗം കേന്ദ്രകമ്മിറ്റി വിലയിരുത്തി.

പൊതുമാപ്പില്‍ പ്രവാസികളെ നാട്ടിലേയ്ക്ക് അയയ്ക്കാന്‍ ഇന്ത്യന്‍ എംബസ്സി തയ്യാറാക്കിയ പദ്ധതികളെക്കുറിച്ച് ഇപ്പോഴും പ്രവാസി സമൂഹത്തില്‍ ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. വെറും 90 ദിവസത്തിന്റെ സമയം മാത്രമാണ് മുന്നിലുള്ളതെന്നതിനാല്‍, നടപടിക്രമങ്ങളില്‍ വ്യക്തത വരുത്തി അത് പ്രവാസി സമൂഹത്തെ ബോധ്യപ്പെടുത്തുകയും, പ്രവാസി സംഘടനകളുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിയ്ക്കുന്ന എല്ലാവരെയും അതിന് സഹായിയ്ക്കാനും എംബസ്സി തയ്യാറാകണമെന്നും നവയുഗം ആവശ്യപ്പെട്ടു.

പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിയ്ക്കുന്ന കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്കായി ദമ്മാം, അല്‍കോബാര്‍, അല്‍ഹസ്സ എന്നീ മൂന്ന് സ്ഥലങ്ങളില്‍ നവയുഗം ഹെല്‍പ്പ്‌ഡെസ്‌ക്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പടേണ്ട ഫോണ്‍ നമ്പറുകള്‍ ചുവടെ കൊടുക്കുന്നു.

ദമ്മാം: 0567103250, 0569460643, 0569853837
അല്‍കോബാര്‍: 0583649777, 0530642511, 0581160944
അല്‍ഹസ്സ: 0539055144, 0508494762, 0502821458  
സൗജന്യ വിമാനടിക്കറ്റ് നല്‍കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കുക: നവയുഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക