Image

ട്രംപ് കെയറുമായി ടെഡ്ക്രൂസ് വീണ്ടും (ഏബ്രഹാം തോമസ്)

Published on 30 March, 2017
ട്രംപ് കെയറുമായി ടെഡ്ക്രൂസ് വീണ്ടും (ഏബ്രഹാം തോമസ്)
ട്രംപ് കെയറിന് ഭൂരിപക്ഷം നേടാനാവില്ല എന്ന തിരിച്ചറിവില്‍ ജനപ്രതിനിധി സഭയില്‍ പ്രമേയം പിന്‍വലിച്ചതിന്റെ അലയോലികള്‍ അടങ്ങുന്നതിനു മുന്‍പുതന്നെ മറ്റൊരു ശ്രമവുമായി ടെക്‌സസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടെഡ് ക്രൂസ് മുന്നോട്ടു വന്നു. കോണ്‍ഗ്രഷനല്‍ റിപ്പബ്ലിക്കനുകളോട് വീണ്ടും ശ്രമം നടത്തുവാന്‍ ക്രൂസ് ആഹ്വാനം ചെയ്തു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്വപ്ന പദ്ധതിയായ ആരോഗ്യ പരിരക്ഷാ ഭേദഗതിബില്ലിനുവേണ്ടി ആദ്യവട്ടവും മുന്‍നിരയില്‍ നിന്ന് പ്രചരണം നടത്തിയത് ക്രൂസായിരുന്നു. ഒബാമയുടെ അഫോഡബിള്‍ കെയര്‍ ആക്ടിന്റെ നിശിത വിമര്‍ശകനും നിയമം റദ്ദാക്കണമെന്ന് നിരന്തരം വാദിക്കുന്ന സെനറ്ററുമാണ് ക്രൂസ്.

ട്രംപ് കെയര്‍ പ്രമേയം പിന്‍വലിച്ചത് ഡമോക്രാറ്റുകള്‍ ആഘോഷിക്കുകയാണ്. ഒബാമകെയര്‍ തുടരുന്നതിന്റെ സന്തോഷത്തിലാണവര്‍. എന്നാല്‍ ഈ ആഘോഷം അകാലത്തിലുള്ളതാണെന്ന് ഹൗസ് റിപ്പബ്ലിക്കന്‍ വിപ്പ് ലൂസിയാനയില്‍ നിന്നുള്ള ജനപ്രതിനിധി സ്റ്റീവ് സ്‌കാലിസ് പ്രതികരിച്ചു. ഒബാമകെയര്‍ റദ്ദാക്കുന്നതിന് തങ്ങള്‍ മുമ്പെങ്ങും ഇത്രയും അടുത്ത് എത്തിയിട്ടില്ല എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൗസിനു മുന്നിലുള്ള പദ്ധതി പരസ്യമാക്കപ്പെട്ടിട്ട് 18 ദിവസങ്ങളേ ആയിട്ടുള്ളൂ. 18 ദിവസം കൊണ്ട് ഒരു നിര്‍മ്മിതി പൂര്‍ണ്ണരൂപത്തില്‍ എത്തുകയില്ല. കോണ്‍ഗ്രസിന് മുമ്പിലുള്ള ജോലി വളരെ ലളിതമാണ്. 'ജനങ്ങളെ ഒന്നിച്ചു കൊണ്ടുവരിക, ഏവര്‍ക്കും സ്വീകാര്യമായ പോംവഴികണ്ടെത്തുക അങ്ങനെ പദ്ധതി നടപ്പാക്കുക' ഫെഡറലിസ്റ്റ് സൊസൈറ്റി യോഗത്തില്‍ ക്രൂസ് പറഞ്ഞു.

ആദ്യ ശ്രമം വിഫലമാക്കിയത് തീവ്രയാഥാസ്ഥിതികരും വിശാല മനസ്‌കരുമായ റിപ്പബ്ലിക്കനുകളുമാണ്. അതിന് ശേഷം ബലതന്ത്രത്തില്‍ എന്തു മാറ്റമാണ് ഉണ്ടായതെന്ന് വ്യക്തമല്ലെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഒബാംകെറിനെ റദ്ദാക്കി പകരം വരുന്ന ട്രംപ് കെര്‍ (പാസ്സായാല്‍) 10 വര്‍ഷത്തിന് ശേഷം 2 കോടി 40 ലക്ഷം അമേരിക്കക്കാരെ ഇന്‍ഷുറന്‍സ് ഇല്ലാത്തവരാക്കുമെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. ഇതാണ് മിതവാദികളായ റിപ്പബ്ലിക്കനുകളെ ആശങ്കപ്പെടുത്തുന്നത്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വ്യവസായത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുണ്ടാവും എന്നതാണ് വലതുപക്ഷയാഥാസ്ഥികരെ ആശങ്കപ്പെടുത്തുന്നത്.

ട്രംപ് പറഞ്ഞു താന്‍ തന്റെ അജന്‍ഡയിലെ അടുത്ത ജനങ്ങളുമായി മുന്നോട്ടു പോവുകയാണെന്ന്. ഒബാമയുടെ ക്ലീന്‍ പവര്‍ പ്ലാനില്‍ തടഞ്ഞുവച്ചിരുന്ന പദ്ധതികള്‍ മുന്നോട്ടു പോകാന്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളില്‍ ഒപ്പുവച്ച് വാക്കുപാലിക്കുകയും ചെയ്തു. എന്നാല്‍ ട്രംപ് കെയറില്‍ അടുത്തുതന്നെ വിജയം നേടാനാവുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ ക്യാപ്പിറ്റോള്‍ ഹില്ലിലേയ്ക്ക് ചര്‍ച്ചയ്ക്ക് അയയ്ക്കുകയും ചെയ്തു. '?ഞങ്ങള്‍ ഒരുമൂലയില്‍ ഒതുങ്ങി ഇരിക്കാന്‍ പോകുന്നില്ല. വളരെയധികം താത്പര്യങ്ങള്‍ സംരക്ഷിക്കുവാനുണ്ട്. ഒരു പരാജയത്തില്‍ പൂഴ്ന്ന് പോകാനാവില്ല' ഹൗസ് സ്പീക്കര്‍ പോള്‍ റയാന്‍ പറഞ്ഞു.

റദ്ദാക്കല്‍ ബില്ലിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുവാന്! റയാന്‍ വിസമ്മതിച്ചു. ബില്ലിന് ഒരു ടൈംടേബിളുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം നല്‍കിയില്ല. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ 2018ലേയ്ക്കുള്ള പ്രീമിയങ്ങള്‍, കോപേ, ഔട്ട് ഓഫ് പോക്കറ്റ് എക്‌സ്‌പെന്‍സസ് എന്നിവ തയാറാക്കി വരുന്നതിനാല്‍ കോണ്‍ഗ്രസ് ഉടനെതന്നെ പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടു. വലിയ ഒച്ചപ്പാടില്ലാതെ പ്രസിഡന്റിന്റെ മുഖ്യ സമര തന്ത്ര!ജ്ഞന്‍ സ്റ്റീഫന്‍ ബാനന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ രണ്ടു പ്രബല വിഭാഗങ്ങളുമായി ചര്‍ച്ച നടത്തുകയാണ്.

ഒബാമ സര്‍ക്കാരിന്റെ കാലാവസ്ഥാ–പരിസ്ഥിതി നയങ്ങള്‍ സമൂലം പൊളിച്ചെഴുതുന്ന വിവാദ ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. അമേരിക്കയുടെ ഊര്‍ജമേഖലയിലെ നിയന്ത്രണങ്ങള്‍ നീക്കാനും സര്‍ക്കാര്‍ ഇടപെടലുകള്‍ പിന്‍വലിക്കാനും തൊഴില്‍ നഷ്ടമാക്കുന്ന നിയമങ്ങള്‍ റദ്ദാക്കാനുമുള്ള ചരിത്രപരമായ ചുവടുവയ്പാണ് ഉത്തരവെന്നു ട്രംപ് പറഞ്ഞു.

യുഎസിലെ ഊര്‍ജ വ്യവസായ മേഖലയില്‍ മാര്‍ഗതടസ്സമായി നിലകൊള്ളുന്ന എല്ലാ ചട്ടങ്ങളും നിയന്ത്രണങ്ങളും വിശകലനം ചെയ്യാനാണു വിവിധ ഏജന്‍സികളോട് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍, 2015 ലെ പാരിസ് കാലാവസ്ഥാ ഉടമ്പടി സംബന്ധിച്ച നിലപാട് ഉത്തരവില്‍ പറയുന്നില്ല. പാരിസ് ഉടമ്പടിയില്‍നിന്നു പിന്‍മാറുമെന്നു തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

കല്‍ക്കരി വ്യവസായ മേഖലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തുകളയുമെന്നു തിരഞ്ഞെടുപ്പുകാലത്ത് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും നഷ്ടമാകാതെ നമുക്കു ശുദ്ധവായുവും ശുദ്ധജലവും ഉറപ്പാക്കുന്നതാണു പ്രസിഡന്റിന്റെ ഉത്തരവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. എന്നാല്‍, ട്രംപിന്റെ പരിസ്ഥിതി നയം ആഗോള താപനത്തിനെതിരായ രാജ്യാന്തര ശ്രമങ്ങള്‍ക്കു തിരിച്ചടിയാകുമെന്നാണ് ആശങ്ക.

കാലാവസ്ഥാ വ്യതിയാനത്തിനു മുഖ്യകാരണമായ ഹരിതഗൃഹ വാതക നിര്‍ഗമനം ഏറ്റവും കൂടുതല്‍ നടത്തുന്നതു ചൈന കഴിഞ്ഞാല്‍ യുഎസാണ്. ഇത് 2025 ആകുമ്പോഴേക്കും 26% കുറയ്ക്കുമെന്നാണു പാരിസ് ഉടമ്പടിയിലുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക