Image

അമേരിക്കന്‍ മലയാളിയെ വധിച്ച മരുമകള്‍ക്ക് ജയിലില്‍ ഉന്നതരുടെ 'കനിവി'ല്‍ സുഖവാസം

എ.എസ് ശ്രീകുമാര്‍ Published on 30 March, 2017
അമേരിക്കന്‍ മലയാളിയെ വധിച്ച മരുമകള്‍ക്ക് ജയിലില്‍ ഉന്നതരുടെ 'കനിവി'ല്‍ സുഖവാസം
വിശ്രമ ജീവിതം നയിക്കാന്‍ നാട്ടിലേയ്ക്ക് മടങ്ങിയ അമേരിക്കന്‍ മലയാളി ഭാസ്‌കര കാരണവരെ (65) ആസൂത്രിതമായി കൊലപ്പെടുത്തിയ 24കാരിയായ മരുമകള്‍ ഷെറിന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ജയിലില്‍ സുഖവാസം. സുന്ദരിയും ചെറുപ്പക്കാരിയുമായ ഷെറിന്‍ ജയില്‍ ഉദ്യോഗസ്ഥരെ മയക്കിയെടുത്താണ് കാര്യങ്ങള്‍ സാധിച്ചെടുക്കുന്നതെന്നാണ് ജയില്‍ വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഉന്നതരുടെ പിന്തുണയുള്ള ഷെറിന്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അനര്‍ഹമായത് തരപ്പെടുത്തുന്നുവെന്ന് സഹതടവുകാരും സാക്ഷ്യപ്പെടുത്തുന്നു. ഷെറിന്‍ ജയിലധികൃതര്‍ക്ക് നിത്യ തലവേദനയാണത്രേ. ഒന്നര വര്‍ഷം മുമ്പാണ് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ നിന്ന് ഷെറിന്‍ തൃശൂരിലെ വിയ്യൂര്‍ വനിതാ ജയിലിലെത്തിയത്. അവിടെയും പ്രശ്‌നക്കാരിയായതോടെ ഇപ്പോള്‍ വീണ്ടും അട്ടക്കുളങ്ങരയിലേയ്ക്ക് മാറ്റിയിരിക്കുന്നു. 

അട്ടക്കുളങ്ങര ജയിലില്‍ ജീവനക്കാരോടും സഹതടവുകാരോടും മോശമായി പെരുമാറിയതിനെതുടര്‍ന്നാണ് വിയ്യൂരിലേയ്ക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ഷെറിനും ചില ഉന്നതരും തമ്മിലുള്ള 'തടവറ' ബന്ധമാണ് വീണ്ടുമിപ്പോള്‍  അവരെ അട്ടക്കുളങ്ങരയിലെത്തിച്ചിരിക്കുന്നത്. 2009 നവംബര്‍ ഏഴിനാണ് ചെങ്ങന്നൂര്‍ ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. മരുമകളായ ഷെറിനെ കസ്റ്റഡിയിലെടുത്തതോടെ കൊലപാതകത്തിന്റെ ചുരുള്‍ നിവരുകയായിരുന്നു. അമേരിക്കയില്‍ ഗവണ്‍മെന്റ് സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത് നാട്ടില്‍ തിരിച്ചെത്തി വിശ്രമജീവിതം നയിച്ചിരുന്ന ഭാസ്‌കര കാരണവരെ ഉറക്കത്തിനിടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്നാം പ്രതി ഷെറിനുവേണ്ടി മറ്റു പ്രതികള്‍ ചേര്‍ന്ന് കൃത്യം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഷെറിന്റേയും ബുദ്ധിമാന്ദ്യമുള്ള ഭര്‍ത്താവ് ബിനു പീറ്റര്‍ കാരണവരുടേയും മകള്‍ ഐശ്വര്യ അന്നയുടേയും പേരില്‍ ഭാസ്‌കര കാരണവര്‍ റജിസ്റ്റര്‍ ചെയ്ത ധനനിശ്ചയ ആധാരം റദ്ദുചെയ്തതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കാരണവരുടെ ഭാര്യ 2007ല്‍ അമേരിക്കയില്‍ വച്ച് മരിച്ചു. തന്‍മൂലമാണ് ഇദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങിയത്.

ഏറെ കോളിളക്കം സൃഷ്ടിച്ച ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ഷെറിന്‍ (24) അടക്കം നാലു പ്രതികള്‍ക്കാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് അതിവേഗ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 85,000 രൂപ വീതം പിഴയും, പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നര വര്‍ഷം കൂടി ശിക്ഷ അനുഭവയ്ക്കേണ്ടതാണെന്നും കോടതി വിധിച്ചിരുന്നു. കുറിച്ചി സചിവോത്തമപുരം കാലായില്‍ ബിബീഷ് ബാബു എന്ന ബാസിത് അലി (25) കളമശ്ശേരി ബിനാനിപുരം കുറ്റിനാട്ടുകര നിധിന്‍ നിലയത്തില്‍ നിധിന്‍ (ഉണ്ണി-28) കൊച്ചി ഏലൂര്‍ പാതാളം പാലത്തിങ്കല്‍ ഷാനു റഷീദ് (24) എന്നിവരാണ് രണ്ടും മൂന്നും നാലും പ്രതികള്‍. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. പ്രതികളുടെ പ്രായം പരിഗണിച്ച് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കുന്നില്ലെന്ന് കോടതി വ്യക്തമാക്കുകയുണ്ടായി. വിവിധ കുറ്റങ്ങള്‍ക്കായി മൂന്ന് ജീവപര്യന്തമാണ് ഷെറിന് ലഭിച്ചത്. ഷെറിനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രതികള്‍ പണത്തിനു വേണ്ടിയാണ് കൊലപാതകം നടത്തിയത്. കോളേജ് ബ്യൂട്ടി ക്യൂനായ ഷെറിന്റെ അന്നത്തെ കാമുകനാണ് ബാസിത് അലി.

കൊലക്കേസിലെ മുഖ്യ പ്രതിയായ ഷെറിന് ജയിലില്‍ സുഖസൗകര്യങ്ങള്‍ക്ക് ഉന്നത സഹായം ലഭിക്കുന്നുണ്ടെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് ഉന്നതരുടെ സഹായത്തോടെ തന്നെ ജയില്‍മാറ്റവും സംഭവിച്ചിരിക്കുന്നത്. ജയില്‍ സൂപ്രണ്ടിനോടും സഹതടവുകാരോടും മോശമായി പെരുമാറിയതിനെ തുടര്‍ന്നും പരോളിലിറങ്ങാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ തുടര്‍ന്നുമായിരുന്നു ഷെറിനെ വിയ്യൂരിലേക്ക് മാറ്റിയത്. ഇവിടെയും ഇവര്‍ ജീവനക്കാരുമായി നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. സന്ദര്‍ശകരുമായി സംസാരിക്കാന്‍ ഷെറിന്‍ അധിക സമയമെടുക്കാറുണ്ടെന്ന ആരോപണം ശക്തമാണ്. കൂടാതെ ജയില്‍ ചട്ടങ്ങള്‍ പാലിക്കാറുമില്ല. മാത്രമല്ല, ഷെറിന് അടുക്കള ജോലി നല്‍കിയപ്പോള്‍ ഉന്നതര്‍ ഇടപെട്ട് ഒഴിവാക്കുകയുണ്ടായി.

ജയിലില്‍ നിരന്തരം പ്രശ്‌നമുണ്ടാക്കുന്നവരെ സാധാരണ കണ്ണൂര്‍ ജയിലിലേക്കാണ് അയക്കാറുള്ളത്. എന്നാല്‍ ഷെറിന്റെ ആവശ്യം അനുസരിച്ചാണ് അട്ടക്കുളങ്ങരയിലേക്ക് മാറ്റിയിരിക്കുന്നത്. ഷെറിന്റെ അപേക്ഷ ജയില്‍ ആസ്ഥാനത്തെത്തിയതോടെ കാര്യങ്ങള്‍ വേഗത്തില്‍ നീങ്ങി. അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട് അനുകൂല റിപ്പോര്‍ട്ടും നല്‍കി. ഉന്നതരുടെ ഇടപെടലുകള്‍ തന്നെയാണ് നടപടികള്‍ പ്രകാശ വേഗത്തിലാക്കിയത്. ജയില്‍ മേധാവി ഉത്തരവിറക്കിയ ഉടന്‍ തന്നെ ഷെറിന്‍ തിരുവനന്തപുരത്തെത്തി. ഷെറിനെ അടിക്കടി അടിയന്തിര പരോള്‍ കിട്ടുന്നതിനു പിന്നിലും മുകളില്‍ നിന്നുള്ള ഇടപെടലുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പല തടവുകാരും പരോളിനപേക്ഷ നല്‍കി മാസങ്ങളോളം കാത്തിരിക്കുമ്പോഴാണ് ഷെറിന്റെ കാര്യത്തില്‍ തീരുമാനം പെട്ടെന്നുണ്ടായത്. ഷെറിനെതിരെ ജയിലധികൃതര്‍ ആരെങ്കിലും നടപടി എടുക്കാന്‍ ശ്രമിച്ചാല്‍ സ്ഥലം മാറ്റും എന്ന് ഭീഷണിപ്പെടുത്തുന്നതായി ജീവനക്കാര്‍ തന്നെ കുറ്റപ്പെടുത്തുന്നു. 

ബിനുവുമായുള്ള ഷെറിന്റെ വിവാഹം 2001ലായിരുന്നു. ആറ് മാസങ്ങള്‍ക്കു ശേഷം ഇരുവരും അമേരിക്കയില്‍ എത്തി. അന്ന് ന്യൂയോര്‍ക്കില്‍ ഭാസ്‌കര കാരണവര്‍ക്കൊപ്പം താമസിക്കുന്ന സമയത്ത് ഷെറിന്‍ നിരവധി കുഴപ്പങ്ങള്‍ ഉണ്ടാക്കിയിരുന്നു. കാരണവരുടെ ഭാര്യ അന്നാമ്മയുടെ ക്രെഡിറ്റ് കാര്‍ഡ് മോഷ്ടിച്ചതിനും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യവേ സാമ്പത്തിക തിരിമറി നടത്തിയതിനും ഷെറിന്‍ ന്യൂയോര്‍ക്കില്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. പിന്നീട് മോചിതയായി. കാര്യങ്ങള്‍ കൂടുതല്‍ വഷളായതോടെ ബിനുവിനെയും ഷെറിനെയും കാരണവര്‍ നാട്ടിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. നിര്‍ധന കുടുംബത്തിലെ അംഗമായ ഷെറിനെ തന്റെ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ഏറെ താത്പര്യം കാട്ടിയത് കാരണവരായിരുന്നു. ആ കുടുംബത്തിന് കൈയയച്ച് സാമ്പത്തിക സഹായവും നല്‍കി. എന്നാല്‍ മരുമകളുടെ പണക്കൊതിയില്‍ രക്ഷകനായ കാരണവര്‍ക്ക് അവളുടെ തന്നെ കൈകൊണ്ട് കിട്ടിയത് മരണവും.

ജയിലില്‍ കട്ടിപ്പണികളൊന്നും ചെയ്യാന്‍ വയ്യെന്നാണ് ഷെറിന്‍ പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥമാര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചാലോ ഉടനെത്തും സ്ഥലം മാറ്റുമെന്ന പതിവ് ഭീഷണി. ഷെറിന് അത്തരം ചില സ്വാധീനങ്ങള്‍ ഉണ്ടെന്ന് ജയില്‍ അധികൃതരും പറയാതെ പറയുന്നു. സൗന്ദര്യം നഷ്ടമാകുമെന്ന് പറഞ്ഞ് കട്ടിപ്പണികള്‍ ഒന്നും ചെയ്യാത്ത ഷെറിന്‍ വേണമെങ്കില്‍ താന്‍ അടുക്കള ജോലി മാത്രം ചെയ്യാമെന്ന് ജയില്‍ ജീവനക്കാരോട് പറയുമായിരുന്നു. കൃഷിപ്പണി ഏല്‍പ്പിച്ചാല്‍ കാലില്‍ പൊടിയാകുമെന്നാണ് പറച്ചില്‍. ഇതിനിടെ നെറ്റിപ്പട്ടവും ആഭരണങ്ങളും നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കി ഷെറിനെ അതിന്റെ നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചിരുന്നു. രാഷ്ട്രീയപരമായ ബന്ധങ്ങളുടെ പേരിലാണ് സരിത എസ് നായര്‍ സോളാര്‍ കേസിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ചതെങ്കില്‍ അത്തരം വല്യ ബന്ധങ്ങളൊന്നുമില്ലാതെ താരമായ ആളാണ് ഷെറിന്‍. ശിക്ഷയ്ക്കിടെ തന്നെ പത്തിലധികം തവണ സാധാരണ പരോളും രണ്ട് തവണ അടിയന്തിര പരോളും ഷെറിന്‍ നേടി. 

അമേരിക്കന്‍ മലയാളിയെ വധിച്ച മരുമകള്‍ക്ക് ജയിലില്‍ ഉന്നതരുടെ 'കനിവി'ല്‍ സുഖവാസം
Join WhatsApp News
Philiph 2017-03-30 08:33:22
മയങ്ങുവാൻ ഇതെന്താ ഇവൾ മയക്കുമരുന്നാണോ ? ഇന്ന് കേരളത്തിൽ മയങ്ങുന്നവർ ആണ് ഭൂരിഭാഗവും.
ഭക്ഷണ രീതിയിലുള്ള മാറ്റം ആണോ , ഇന്റർനെറ്റും നീല ചിത്രങ്ങളുടെയും ലഭ്യത ആണോ, കാലാവസ്ഥ വ്യതിയാനം ആണോ , പ്രായ വ്യത്യാസം ഇല്ലാതെ ലൈന്ഗീക തീഷ്ണത കൂടി . മന്ത്രിമാർ , അച്ചന്മാർ, മുത്തച്ഛന്മാർ , പുരോഹിതർ, പാസ്റ്റർമാർ , സ്വാമിമാർ,മറ്റു പൊതു പ്രവർത്തകർ , ഉദ്യോഗസ്ഥന്മാർ, അധ്യാപകർ എന്ന് വേണ്ട എല്ലാ മേഖല കാലിലും സ്ത്രീ പുരുഷ ഭേദം കൂടാതെ തിളച്ചു മറിയുകയാണ്.... അവരും മഞ്ഞയും മാസവും വികാരവും ഉള്ളവർ തന്നെ എന്ന് വാദിക്കുന്നവർ ഇവർ കാണിക്കുന്നത് കണ്ടാൽ, പറയുന്നത് കേട്ടാൽ ലജ്ജിച്ചു തല താഴ്ത്തും ....നാണം കേട്ടാലും ഇവർ വീണ്ടും പൊതുജന സേവനത്തിനു ഇറങ്ങുകയും ചെയ്യും....ദൈവത്തിന്റെ സ്വന്തം നാടേ നിന്നെ ഓർത്തു പാശ്ചാത്യ രാജ്യങ്ങൾ പോലും നാണിച്ചു പോകും 
Truth and Justice 2017-03-31 05:52:32
Gods justice is done for father in law
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക