Image

ഫോമ കേരള കണ്‍വന്‍ഷന്‍: രാജു എബ്രഹാം രക്ഷാധികാരി, അഡ്വ. വര്‍ഗീസ് മാമ്മന്‍ കോ ഓര്‍ഡിനേറ്റര്‍

Published on 30 March, 2017
ഫോമ കേരള കണ്‍വന്‍ഷന്‍: രാജു എബ്രഹാം രക്ഷാധികാരി, അഡ്വ. വര്‍ഗീസ് മാമ്മന്‍ കോ ഓര്‍ഡിനേറ്റര്‍
ചിക്കാഗോ: അമേരിക്കന്‍ മലയാളികളെയും ജന്‍മനാടിന്റെ പ്രിയ മനസുകളെയും ഹൃദയത്തില്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് ജനകീയ കൂട്ടായ്മയുടെ പതാക വഹിക്കുന്ന ഫോമയുടെ കേരള കണ്‍വന്‍ഷന്റെ രക്ഷാധികാരിയായി അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനും റാന്നി എം.എന്‍.എയുമായ രാജു എബ്രഹാമിനെ ചുമതലപ്പെടുത്തി. കേരള കോണ്‍ഗ്രസ് എമ്മിന്റെ സംസ്ഥാന സെക്രട്ടറിയും പ്രമുഖ അഭിഭാഷകനുമായ അഡ്വ. വര്‍ഗീസ് മാമ്മനാണ് കോ ഓര്‍ഡിനേറ്റര്‍. ഫോമയുടെ മുന്‍ പ്രസിഡന്റും വ്യവസായിയുമായ ജോണ്‍ ടൈറ്റസിനെ കേരള കണ്‍വന്‍ഷന്‍ ചെയര്‍മാനായി നേരത്തെ തിരഞ്ഞെടുത്തിരുന്നു. ഓഗസ്റ്റ് നാലിന് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിലാണ് കേരള കണ്‍വന്‍ഷന്‍ അരങ്ങേറുന്നത്.

ഫോമയുടെയുടെ സാമീപ്യം ഏവര്‍ക്കും അനുഭവവേദ്യമാകുന്ന തരത്തിലാണ് കേരള കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഫോമ എന്ന പേരിന് പ്രവാസി മലയാളികളെ, പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം ഒരുമയുടെ വിളംബരമുണ്ട്, സഹജീവി സാമീപ്യത്തിന്റെ സുജന മര്യാദയുണ്ട്. ഫോമ, കേരളമെന്ന നമ്മുടെ ജന്‍മ ഭൂമിയെയും അമേരിക്കയെന്ന കര്‍മഭൂമിയെയും സ്‌നേഹത്തിന്റെ ഹൃദയപാലം കൊണ്ട് കൂട്ടി യോജിപ്പിക്കുന്ന മഹത്തായ സംഘടനയാണ്. എല്ലാ കാലത്തും അതിന്റെ കാത്തു സൂക്ഷിപ്പുകാരായവര്‍ നാടിന്റെ നന്മയിലേക്ക് വെളിച്ചം വീശുന്ന സംരംഭങ്ങളും സഹായ ഹസ്തങ്ങളും നീട്ടുവാറുണ്ട്. അത്തരം ഒരു പ്രതിജ്ഞാബദ്ധതയുടെ വാക്കു പറഞ്ഞുകൊണ്ടാണ് ഇക്കുറി ഫോമ കേരള കണ്‍വന്‍ഷന് അനന്തപുരിയില്‍ കൊടി ഉയര്‍ത്തുന്നത്.

കേരള കണ്‍വന്‍ഷന്റെ രക്ഷാധികാരിയുടെ സ്ഥാനം തികച്ചും സന്തോഷത്തോടെയാണ് രാജു എബ്രഹാം എം.എല്‍.എ ഏറ്റെടുത്തത്. സി.പി.എമ്മിന്റെ പ്രമുഖ നേതാവായ ഇദ്ദേഹം 1996 മുതല്‍ റാന്നി നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ഇടതുപക്ഷ മുന്നണിയുടെ കരുത്തുറ്റ ശബ്ദമാണ്. 1996, 2001, 2006, 2011, 2016 എന്നീ വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞടുപ്പുകളില്‍ റാന്നി നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു.1961 ജനുവരി ഒന്നിന് കണ്ടനാട്ട് കുടുംബത്തില്‍ കെ. എസ്. ഏബ്രഹാമിന്റെയും തങ്കമ്മ ഏബ്രഹാമിന്റെയും മകനായി ജനിച്ചു. എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. റാന്നി സെന്റ് തോമസ് കോളജിലെ യൂണിയന്‍ ചെയര്‍മാനായി. കേരള യൂണിവേഴ്‌സിറ്റി കൗണ്‍സിലറുമായി. റാന്നി റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ്, പത്തനംതിട്ടയിലെ ദേശാഭിമാനി ബ്യൂറോ ചീഫ്, പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ ജൊയിന്റ് സെക്രട്ടറി, വിവിധ തൊഴിലാളി സംഘടനകളുടെ ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അഞ്ച് ടെലിഫിലിമുകളിലും അഭിനയിച്ചു. ഭാര്യ റ്റീനാ ഏബ്രഹാം. മൂന്ന് മക്കളുണ്ട്.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി അഭിഭാഷകനായി പ്രവര്‍ത്തിക്കുന്ന അഡ്വ. വര്‍ഗീസ് മാമ്മന്‍ സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്തിട്ടുണ്ട്. സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനായ ഇദ്ദേഹം മാര്‍ത്തോമ്മാ സഭയുടെ മുന്‍ ട്രസ്റ്റിയാണ്. തിരുവല്ല വൈ.എം.സി.എയുടെ പ്രസിഡന്റ്, ബി.എസ്.എന്‍.എല്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍, തിരുവല്ല ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. പലവട്ടം അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള ഇദ്ദേഹം കൊറിയയില്‍ നടന്ന വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ അന്താരാഷ്ട്ര കോണ്‍ഫറന്‍സിലും പങ്കെടുത്തിട്ടുണ്ട്. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ അദ്ധ്യാപികയായ വൈനിയാണ് ഭാര്യ. പ്രവീണ്‍, നവീന്‍ എന്നിവര്‍ മക്കള്‍.
ഫോമ കേരള കണ്‍വന്‍ഷന്‍: രാജു എബ്രഹാം രക്ഷാധികാരി, അഡ്വ. വര്‍ഗീസ് മാമ്മന്‍ കോ ഓര്‍ഡിനേറ്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക