Image

(ശൈലപ്രഭാഷണം (ഭാഗം-2: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 01 April, 2017
(ശൈലപ്രഭാഷണം (ഭാഗം-2: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
"ശ്രീസുതര്‍'

ശിഷ്യരുമൊത്തുശ്രീയേശുവെഴുന്നള്ളി
ശൈലപീഠത്തിലന്തിയിന്‍ പ്രശാന്തിയില്‍
കാല്‍മൂട്ടുകളാതൃണമെത്തയിലൂന്നി
കണ്ണുകള്‍കൂപ്പിതാതനോടര്‍ത്ഥനയായ്
താരകാങ്കിത നിശ്ശബ്ദയാമിനിയിന്‍
തുഷാരാര്‍ദ്രമാം പേശല പ്രഭാതത്തില്‍
ബദ്ധഹൃദയരാം മര്‍ത്യസഹസ്രത്തോ
ടിത്ഥം ഭാഷിച്ചാന്‍ സ്വര്‍ഗീയമര്‍മ്മങ്ങളെ!

"ആത്മാവില്‍ നിര്‍ദ്ധനരായവര്‍ "ശ്രീസുതര്‍'
രമ്യമാംവിണ്ണവര്‍ക്കുള്ളതത്രെ;
ആതങ്കംകൊണ്ടുകേഴുന്നവര്‍ "ശ്രീസുതര്‍'
സന്തോഷസിന്ദുവില്‍മുങ്ങുമവര്‍;
സൗമ്യതയുള്ളവര്‍ നിശ്ചയം "ശ്രീസുതര്‍'
ഭൂമിയവര്‍ക്കവകാശമാകും;
നീതിക്കായ് ബദ്ധപ്പെടുന്നവര്‍ "ശ്രീസുതര്‍'
സംതൃപ്തരായവര്‍വാഴുമെന്നും;
കാരുണ്യംകാട്ടുവോര്‍, "ശ്രീസുതര്‍'തന്നവര്‍
കാരുണ്യംകണ്ടെത്തും ഭംഗമെന്യേ;
ആന്തരശുദ്ധിയില്‍ ധന്യരും ‘ശ്രീസുതര്‍’
സന്തതമീശനെ കാണുമവര്‍;
ശാന്തിയേകുന്ന ഭൂമാന്യരും ‘ശ്രീസുതര്‍’
അന്തരമില്ലവര്‍ദൈവപുത്രര്‍;
നീതിക്കായ് പീഢയേല്‍ക്കുന്നവര്‍ ‘ശ്രീസുതര്‍’
സത്യമായ്‌വാനിടം പൂകുമവര്‍;
മാമകനാമം കൊണ്ടാമയം നിങ്ങള്‍ക്ക്
ആമന്ദംവന്നു ഭവിക്കുമെങ്കില്‍;
‘ശ്രീസുത’രായിടും നിങ്ങളനാരതം
ശാശ്വതലോകവും നേടും നിങ്ങള്‍.”

* * * *
ഇപ്പാരിനുപ്പാണ് നിങ്ങളെന്നോര്‍ക്കണം
ഉപ്പാണുസ്വാദിണുറവയെന്നും,
 ഉപ്പാകും നിങ്ങള്‍ക്കുകാരമില്ലാതായാല്‍
ചപ്പായിമുറ്റത്തുതള്ളുമത്രെ,
ലോകത്തിന്‍ദീപവും നിങ്ങള്‍തന്നല്ലയോ
പൊക്കത്തില്‍ശോഭിക്കുംസ്‌നേഹദീപം,
മല്‍സുതരായിടും നിങ്ങളീക്ഷോണിയില്‍
ഭാസുരദീപമായ്‌ശോഭിക്കേണം,
മാമല ശ്രംഗത്തില്‍കാമ്യമായ് നിര്‍മ്മിച്ച
പൂമേടവെട്ടിത്തിളങ്ങിടും പോല്‍
നിങ്ങള്‍തന്‍ കൈവശമുള്ളതാം ദീപിക
ഭംഗ്യാവിളങ്ങട്ടെ ദീപ്തിയോടെ,
നിങ്ങള്‍ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങളില്‍ സദാ
അങ്ങുയരെ പിതാവാനന്ദിക്കും.
(തുടêം)

********
ശ്രീസുതര്‍ = ഭാഗ്യവാന്മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക