Image

നന്ദിയാരോടു ചൊല്ലേണ്ടു? 'മംഗള'മായല്ലോ എല്ലാം

അനില്‍ പെണ്ണുക്കര Published on 02 April, 2017
നന്ദിയാരോടു ചൊല്ലേണ്ടു? 'മംഗള'മായല്ലോ എല്ലാം
ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവച്ചതോടെ കേരളീയരാകെ ആശങ്കയിലും നിരാശയിലുമായിരുന്നു. ഗതാഗതത്തിനു ഒരു മന്ത്രിയില്ലാത്തതിനാല്‍ റോഡുകള്‍ക്കും വണ്ടികള്‍ക്കും തേജസ്സ് നഷ്ടപ്പെട്ട പ്രതീതിയായിരുന്നു.

ഇനിയാര് മന്ത്രിയാകാനുണ്ട് എന്ന ഉത്കണ്ഠ മലയാളി വല്ലാണ്ട് വേട്ടയായി. നിലാവിനു കുളിര്‍മ്മ ഇല്ലെന്നും അറബിക്കടലില്‍ തിരയില്ലെന്നും പമ്പ കുട്ടനാട്ടില്‍ ഗതിമുട്ടിനിന്നെന്നും കേരളജനതയ്ക്കു മനസ്സിലായി,. അപ്പോഴാണ് ഒരു അവദൂതനെപോലെ ആ മനുഷ്യന്‍ -കഥ പറയുമ്പോള്‍ എന്ന ഈച്ചപ്പന്‍ മുതലാളി, അശോകരാജിനു താല്പര്യമുണ്ടെങ്കില്‍ അദ്ധ്യക്ഷനായി ഇരിക്കാമെന്നും രണ്ടുവാക്കുപറയാമെന്നും മട്ടില്‍- മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാര്‍... എന്ന പ്രഖ്യാപനം കേരളീയരുടെ കാതുകളിലേക്കു പകര്‍ന്നത്.

തനിക്കുവേണ്ടിയല്ല തന്റെ പാര്‍ട്ടിയുടെ അന്തസ്സിനുവേണ്ടി, കേരളമക്കള്‍ക്കുവേണ്ടി. ഗതിമുട്ടിനിന്ന പമ്പ വീണ്ടും ഒഴുകാന്‍വേണ്ടി ആ വേദനിക്കുന്ന കോടീശ്വരന്‍ മന്ത്രിസ്ഥാനമെന്ന മഹാത്യാഗത്തിലേക്കു എടുത്തുചാടി.

അങ്ങനെ സത്യപ്രതിജ്ഞ എന്ന മഹാദുര്‍ഗ്ഗം വലിഞ്ഞുകയറിയപ്പോള്‍ എന്‍സിപി എന്ന മഹാപ്രസ്ഥാനത്തിന്റെ, കുട്ടനാടിന്റെ മക്കള്‍ കര്‍ഷകവേഷത്തില്‍ ചാണ്ടി മന്ത്രിക്കു ജയവിളിയുമായി നാടുചുറ്റി. അങ്ങനെ ഒരു ചാണ്ടികൂടി സഖാവായി, മന്ത്രിയായി അധികാരത്തിലെത്തുമ്പോള്‍ വിപ്ലവ പ്രസ്ഥാനത്തിനു സാധുജനങ്ങളോടുള്ള ആഭിമുഖ്യത്തിനു ഒരു മാതൃക കൂടിയായെന്നു പറഞ്ഞാല്‍ മതിയല്ലോ.

പാവം തിരഞ്ഞെടുപ്പുകാലത്തു നട്ട തൈയാണ്. പക്ഷേ അങ്ങോട്ടു വളര്‍ന്നില്ല. തളിര്‍ത്തില്ല. ചിലതങ്ങനെയാണ്. നമ്മുടെ സര്‍ക്കാര്‍ വക കൃഷിത്തോട്ടിലെ തൈകള്‍പോലെ..

കോടികള്‍ ഉണ്ടായിട്ടെന്താണ് കാര്യം. നല്ല കാലവസ്ഥയില്ലെങ്കില്‍ ഒരു പുല്ലും വളരില്ല. കുറെ കോടികള്‍ കോടിയതല്ലാതെ എന്നും എങ്ങും പവര്‍ മോഹിക്കുന്ന പവാര്‍ കനിഞ്ഞില്ല. ഇവിടെ വിജയേട്ടന്‍ അല്ലാ സാറും കനിഞ്ഞില്ല. ഒടുവില്‍ മംഗള കലിദ്വാപരന്മാര്‍ വേണ്ടിവന്നു എല്ലാം മംഗളമാകാന്‍! അതിനു നന്ദിയുണ്ടോ എന്തോ?

കോടി വല്ലതും കോടിമതവഴി ചെന്നിട്ടുണ്ടോ എന്നൊന്നും അറയില്ല. മംഗളനു പണികിട്ടുമെന്നാണ് എല്ലാരും പറയുന്നത്. സഹായിക്കാതിരിക്കരുത്. ഈ ചെറുക്കനുണ്ടായിട്ടാ രാജാവിനു നാണമുണ്ടായതും തുണിയെടുക്കാന്‍ അന്തപുരത്തിലേക്കുതന്നെ മടങ്ങിയതും.

പക്ഷേ ഇച്ചെറുക്കന്‍ വികൃതിയല്ല, ധനമോഹിച്ച് നില്ക്കാനൊരിടം തേടി എന്തെല്ലാമോ കാട്ടിക്കൂട്ടിയതാണെന്നു പറയുന്നു. ചാണ്ടി സാര്‍ അങ്ങ് ഗതാഗതനായില്ലേ? അതുകൊണ്ടു ആഗതമായിതിനു വല്ലതും ഗതമാക്കാന്‍ മറക്കല്ലേ.

കുറഞ്ഞപക്ഷം ആവണക്കെണ്ണയെടുത്ത കടവിറങ്ങിയ ആ പാവം മംഗളമാധ്യമന്റെ ഒരു പടമെങ്കിലും സ്വകാര്യമായി സൂക്ഷിച്ചുകൊള്ളേണമേ!

ശശീന്ദ്രന്റെ കേരളത്തിലെ പാര്‍ട്ടി ഇത്തവണ പെറ്റിട്ടത് രണ്ടേ രണ്ടു എംഎല്‍എമാരെയാണ്. രണ്ട് ആണ്‍. മൂത്തവന്‍ ശശീന്ദ്രനെ എല്‍ഡിഎഫ് തറവാട്ടിലെ ഇപ്പോഴത്തെ പ്രമാണി പിണറായി സഖാവ് വണ്ടിക്കാരനായി നിയമിച്ചാരുന്നു.

ഇളയവന് അത് ആഗ്രഹിച്ചതായിരുന്നെങ്കിലും സ്വന്തം കാര്യത്തില്‍ മാത്രം എപ്പോഴും കര്‍ക്കശക്കാരനായ കാര്‍ണവര്‍ക്ക് മൂത്തവനോടായിരുന്നു താല്പര്യം. അന്നുമുതല്‍ ഇളയവന്‍ നിഴല്‍ക്കുത്തുമായി നടക്കുകയിരുന്നു എന്നാണ് പാണന്‍ പാടിനടക്കുന്നത്. എതോ കള്ളഹംസന്‍ പരിചയപ്പെടുത്തിയ ദമയന്തിയക്കുറിച്ച് എല്ലാം മറന്ന ശശീന്ദ്ര നളന്‍ സന്ധ്യാവന്ദനം ചെയ്യതപ്പോള്‍ മംഗളകലിദ്വാപരന്മാര്‍ അയാളില്‍ പ്രവേശിച്ചു. രാജ്യംപോയ ശശിന്ദ്ര നളന്‍ വഴിയാധാരമായി. ഇളയവന്‍ പുഷ്‌ക്കരന്‍ ചാണ്ടി സ്ഥാനം പിടിച്ചെടുത്തു.

ഇത്തവണ പവാറും ഉഴവൂരും ഒന്നുകൂടി കളിച്ചു. രണ്ടിലൊന്നു പിഴച്ചെന്ന് ആരോ പറഞ്ഞപ്പോള്‍ രണ്ടാമനു സ്വഭാവികമായും നറുക്കുവീഴും. പക്ഷേ രണ്ടാളും അവിടെ ഒരു അനിശ്ചിതത്വം ഉണ്ടാക്കി. ചാണ്ടിക്കുഞ്ഞിനെ മന്ത്രിയാക്കുമോ ഇല്ലെന്നോ ഊഹോപോഹങ്ങള്‍ ഉയര്‍ന്നു. ഒരു മന്ത്രിയില്ലാതെ മലയാളികളുടെ ഉള്ളം ഉമിത്തീപോലെ നീറി... ചാണ്ടിക്കുഞ്ഞിന്റെ കോടികളില്‍നിന്നും ചെറുതൂവലുകള്‍ കൊഴിഞ്ഞുകാണും.

പവറന്‍ മൗനം വെടിഞ്ഞു. ഉഴവന്‍ ശരിക്കും ഉഴുതു. ചാണ്ടി നന്നായി വിതച്ചു. വിജയന്‍സാറും കോടിയറിയും സഖാവും കൊയ്തു. നമുക്കൊരു മന്ത്രിയുമായി. എല്‍ഡിഎഫ് മന്ത്രിസഭയ്ക്ക് കോടികളുടെ മൂല്യവുമായി. ഇപ്പോള്‍ ഏതാണ്ട് എല്ലാം ശരിയായി.

സൂര്യന്‍ മാത്രമല്ല സ്രോതസ്സ് എന്ന് ഉമ്മന്‍ ചാണ്ടിസാറ് കണ്ടുപഠിക്ക്.

മലയാളത്തിലെ മണ്ണുചുവന്നത് മുറുക്കിത്തുപ്പീട്ടല്ല, ഇപ്പോള്‍ ചാണ്ടികള്‍ കോടിമുടക്കീട്ടാണ്! വയലാറിന്റെ വരികള്‍ തിരുത്തിയെഴുതാം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക