Image

അനിശ്ചിതങ്ങള്‍ക്കൊടുവില്‍ പ്രവാസദുരിതങ്ങള്‍ താണ്ടി സല്‍മ നാട്ടിലേയ്ക്ക് മടങ്ങി

Published on 04 April, 2017
അനിശ്ചിതങ്ങള്‍ക്കൊടുവില്‍ പ്രവാസദുരിതങ്ങള്‍ താണ്ടി സല്‍മ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ വനിതാ അഭയകേന്ദ്രത്തില്‍ നിന്നും ഒരു വീട്ടുജോലിക്കാരി കൂടി നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തെലുങ്കാന സെക്കന്ദരാബാദ് സ്വദേശിനിയായ സല്‍മ ബീഗമാണ്, വനിതഅഭയകേന്ദ്രത്തിലെ രണ്ടു മാസത്തെ അനിശ്ചിതങ്ങള്‍ക്കൊടുവില്‍ നാടണഞ്ഞത്. അഞ്ചു മാസങ്ങള്‍ക്ക് മുന്‍പാണ് ദമ്മാമിലെ ഒരു സൗദിഭവനത്തില്‍ സല്‍മ വീട്ടുജോലിക്കെത്തിയത്. മുന്‍പ് ആ വീട്ടില്‍, സല്‍മയുടെ അമ്മ ജോലിയ്ക്ക് നാട്ടില്‍ നിന്നും വന്നിരുന്നു. എന്നാല്‍ ശാസകോശത്തിന് തകരാര്‍ ഉള്ളതിനാല്‍, മെഡിക്കല്‍ പാസ്സാകാത്തതിനാല്‍, നാലുമാസം മാത്രം ജോലി ചെയ്യിച്ചിട്ട് തിരിച്ചയച്ചു. നഷ്ടപരിഹാരം നല്‍കുന്നതിന് പകരം, മകളെ ആ വീട്ടില്‍ ജോലിയ്ക്കയയ്ക്കാമെന്ന് സല്‍മയുടെ അമ്മ സമ്മതിച്ചതിനാലായിരുന്നു അന്ന് സ്‌പോണ്‍സര്‍ അവര്‍ക്ക് എക്‌സിറ്റ് നല്‍കിയത്. അങ്ങനെയാണ് സല്‍മ അവിടെ വീട്ടുജോലിക്കാരിയായി എത്തിയത്.

ഭര്‍ത്താവ് ഉപേക്ഷിച്ച സല്‍മ തന്റെ രണ്ടു കൊച്ചുകുട്ടികളുടെ ജീവിതം മെച്ചപ്പെടുത്താം എന്ന പ്രതീക്ഷയിലാണ് ജോലിയ്ക്ക് എത്തിയത്. എന്നാല്‍ ആ വീട്ടിലെ ജോലിസാഹചര്യങ്ങള്‍ മോശമായിരുന്നു. രാപ്പകല്‍ വിശ്രമമില്ലാതെ ജോലി ചെയ്യിച്ചു എന്ന് മാത്രമല്ല, മതിയായ ഭക്ഷണം പോലും കിട്ടിയില്ല. മൂന്നുമാസം കഴിഞ്ഞിട്ടും ഒരു റിയാല്‍ പോലും ശമ്പളം നല്‍കിയതുമില്ല. ശമ്പളം ചോദിച്ചപ്പോള്‍ ശകാരവും, ഭീക്ഷണിയും ആണ് കിട്ടിയത്. വിസയ്ക്ക് ചെലവാക്കിയ കാശ് മുതലാകുന്നത് വരെ ശമ്പളം തരില്ല എന്നായിരുന്നു സ്‌പോണ്‍സറിന്റെ നിലപാട്. എന്നാല്‍ നാട്ടിലെ കുടുംബത്തിന്റെ അവസ്ഥ കാരണം ആകെ വിഷമത്തിലായ സല്‍!മ, ശമ്പളം കിട്ടാതെ ജോലി ചെയ്യില്ല എന്ന ഉറച്ച നിലപാടെടുത്തു. അത് വഴക്കായി മാറിയപ്പോള്‍, സ്‌പോണ്‍സര്‍ സല്‍മയെ വനിത അഭയകേന്ദ്രത്തില്‍ കൊണ്ട്‌പോയി ഉപേക്ഷിച്ചു.

വനിതഅഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് സല്‍മ തന്റെ ദുരവസ്ഥ വിവരിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഉണ്ണി പൂച്ചെടിയല്‍, പദ്മനാഭന്‍ മണിക്കുട്ടന്‍ എന്നിവരും സല്‍മയുടെ സ്‌പോണ്‍സറെ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. തനിയ്ക്ക് ഇരുപതിനായിരം റിയാല്‍ നഷ്ടപരിഹാരം നല്‍കിയാലേ സല്‍മയ്ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കൂ എന്ന നിലപാടിലായിരുന്നു സ്‌പോണ്‍സര്‍. സ്‌പോണ്‍സറുടെ പിടിവാശി കാരണം സല്‍മയുടെ അഭയകേന്ദ്രത്തിലെ താമസം നീണ്ടുപോയി.

നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ സല്‍മയുടെ സ്‌പോണ്‍സറെ നിരന്തരമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പിന് ശ്രമം തുടര്‍ന്നു കൊണ്ടിരുന്നു. ഒടുവില്‍ സ്‌പോണ്‍സറുടെ മനസ്സലിയുകയും, നഷ്ടപരിഹാരം വാങ്ങാതെ ഫൈനല്‍ എക്‌സിറ്റ് നല്‍കാമെന്ന് സമ്മതിയ്ക്കുകയും ചെയ്തു. സല്‍മയുടെ വീട്ടുകാര്‍ തന്നെ വിമാനടിക്കറ്റ് അയച്ചു കൊടുത്തു.

നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍, എല്ലാവര്‍ക്കും നന്ദി പറഞ്ഞ്, സല്‍മ നാട്ടിലേയ്ക്ക് മടങ്ങി.

അനിശ്ചിതങ്ങള്‍ക്കൊടുവില്‍ പ്രവാസദുരിതങ്ങള്‍ താണ്ടി സല്‍മ നാട്ടിലേയ്ക്ക് മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക