Image

പീഡനങ്ങള്‍ക്കെതിരെ കുഞ്ഞുമക്കള്‍ക്ക് കാവല്‍ദിനമൊരുക്കി നവയുഗം വനിതാവേദി

Published on 09 April, 2017
പീഡനങ്ങള്‍ക്കെതിരെ കുഞ്ഞുമക്കള്‍ക്ക് കാവല്‍ദിനമൊരുക്കി നവയുഗം വനിതാവേദി
അല്‍കോബാര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വര്‍ദ്ധിച്ചു വരുന്ന ലൈംഗികപീഡനങ്ങള്‍ക്കെതിരെ സാമൂഹ്യമന:സാക്ഷിയെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ, 'നമ്മുടെ കുഞ്ഞുമക്കള്‍ക്കായി ഒരു കാവല്‍ദിനം' എന്ന ആശയവുമായി നവയുഗം വനിതാവേദി സംഘടിപ്പിച്ച സ്‌നേഹസായാഹ്‌നം ഏറെ ശ്രദ്ധേയമായി.

കുട്ടികള്‍ക്കെതിരെയുള്ള പീഡനത്തെക്കുറിച്ചുള്ള 'കിക്കി' എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശനത്തോടെയാണ് സ്‌നേഹസായാഹ്നം ആരംഭിച്ചത്.

നവയുഗം കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രട്ടറി ലീന ഉണ്ണികൃഷ്ണന്‍ മോഡറേറ്റര്‍ ആയി, കിഴക്കന്‍ പ്രവിശ്യയിലെ വിവിധ പ്രവാസിസംഘടനകളുടെ വനിതാപ്രതിനിധികള്‍ പങ്കെടുത്ത സംവാദം തുടര്‍ന്ന് നടന്നു.

നമ്മുടെ രാജ്യമായ ഇന്ത്യയിലും കൊച്ചുകേരളത്തിലും വര്‍ദ്ധിച്ചു വരുന്ന സ്ത്രീ,ബാലപീഡനങ്ങളുടെ കണക്കുകള്‍ നിരത്തി, എണ്‍പതു വയസ്സുള്ള വൃദ്ധയിലും, മൂന്നു വയസ്സുള്ള പിഞ്ചു കുഞ്ഞിലും കാമം കണ്ടെത്തുന്ന സാമൂഹ്യവൈകൃതങ്ങളെ എങ്ങനെ ഇല്ലായ്മ ചെയ്യാം എന്ന ചോദ്യത്തിന് പ്രായോഗികമായ ഉത്തരം കണ്ടത്തേണ്ടിയിരിയ്ക്കുന്നുവെന്ന് വിഷയം അവതരിപ്പിച്ച നവയുഗം വനിതാവേദിഅംഗം മീനു അരുണ്‍ പറഞ്ഞു.

സ്ത്രീപീഡനകേസുകളില്‍ കുറ്റവാളികള്‍ക്ക്, മുഖം നോക്കാതെ വളരെ വേഗത്തില്‍ ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിയുന്ന ഭരണ, നീതിന്യായവ്യവസ്ഥകള്‍ ഇനിയും ഉണ്ടാകേണ്ടിയിരിയ്ക്കുന്നുവെന്ന് ഒ.ഐ.സി.സി വനിതാവേദി ദമ്മാം മേഖല ജനറല്‍ സെക്രട്ടറി ഷിജില ഹമീദ് പറഞ്ഞു.

ഇന്നത്തെക്കാലത്ത് കുട്ടികളാണ് ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്നതെന്നും അതില്‍ തന്നെ അടുത്ത ബന്ധുക്കളില്‍ നിന്നും കുടുംബസുഹൃത്തുക്കളില്‍ നിന്നുമാണ് കുട്ടികള്‍ക്ക് ഏറ്റവുമധികം പീഡനം അനുഭവിയ്‌ക്കേണ്ടി വരുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത നവോദയ കേന്ദ്രബാലവേദി രക്ഷാധികാരിസമിതി കണ്‍വീനര്‍ ഷൈസ അഷറഫ് ചൂണ്ടിക്കാട്ടി.

മക്കളുടെ സുരക്ഷിതത്വം രക്ഷിതാക്കളുടെ കൈകളിലാണെന്നും, സമൂഹത്തിലെ സാമൂഹ്യവിരുദ്ധചൂഷണത്തിന്റെ അപകടങ്ങളെക്കുറിച്ചും കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നതിനൊപ്പം, തങ്ങള്‍ക്ക് സംഭവിയ്ക്കുന്ന എന്തു വിഷയവും ഒളിച്ചു വയ്ക്കാതെ അച്ഛനമ്മമാരോട് പറയുന്ന വിധത്തില്‍ മക്കളുടെ വിശ്വാസം ആര്‍ജ്ജിയ്ക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണമെന്നും ഡോക്റ്റര്‍ ടെസ്സി റോണി പറഞ്ഞു.

സ്ത്രീപുരുഷ ലിംഗവ്യത്യാസങ്ങള്‍ക്ക് അപ്പുറം മനുഷ്യരെ തുല്യരായി കാണുന്ന സാമൂഹ്യബോധം ആണ് ആദ്യം വേണ്ടതെന്നും, പെണ്‍കുട്ടികളെ നിര്‍ഭയരും, ആര്‍ജ്ജവമുള്ളവരുമാക്കി വളര്‍ത്തുന്ന കുടുംബവ്യവസ്ഥിതിയാണ് പ്രോത്സാഹിപ്പിയ്‌ക്കേണ്ടതെന്ന് പ്രവാസി സാംസ്‌കാരികവേദി പ്രതിനിധിയും, സൗദി ഗസറ്റിലെ മുന്‍ജെര്‍ണലിസ്റ്റുമായ ഷബ്‌ന അസീസ് പറഞ്ഞു.

നിയമപരിരക്ഷകള്‍ക്ക് അപ്പുറത്ത്, സ്ത്രീയും പുരുഷനും തമ്മിലുള്ള പരസ്പരബഹുമാനമാണ് ആരോഗ്യകരമായ സമൂഹത്തിന് ആവശ്യമെന്നും, കുട്ടിക്കാലം മുതലേ അത്തരം മനോഭാവം വളര്‍ത്തിയെടുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ വേണമെന്നും, പാഠ്യപദ്ധതികളില്‍ ഉള്‍പ്പടെ ലൈംഗികവിദ്യാഭ്യാസവും, ലിംഗസമത്വവും ഉള്‍പ്പെടുത്തണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത നവയുഗം വനിതാവേദി ജോയിന്റ് കണ്‍വീനര്‍ സുമി ശ്രീലാല്‍ അഭിപ്രായപ്പെട്ടു.

സ്ത്രീ,ബാലപീഡനങ്ങള്‍ക്ക് എതിരെ സ്ത്രീകളും കുട്ടികളും സ്‌നേഹജ്വാല തെളിയിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സ്‌നേഹസദസ്സിന്, നവയുഗം വനിതാവേദി കണ്‍വീനര്‍ മിനി ഷാജി ദൃഢപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചടങ്ങുകള്‍ക്ക് നവയുഗം വനിതാവേദിയംഗം പ്രതിഭ പ്രിജി സ്വാഗതവും, നവയുഗം കേന്ദ്രകമ്മിറ്റിയംഗം ലീന ഷാജി നന്ദിയും പറഞ്ഞു. നവയുഗം വനിതാവേദി നേതാക്കളായ ഖദീജ ഹബീബ്, മഞ്ജു മണിക്കുട്ടന്‍, അനീഷ അബ്ദുള്‍ കലാം, മഞ്ജു അശോക്,ഷീബ,നിഷ മുരളി, ബിന്ദുമോള്‍, പ്രവീണ പ്രസാദ്, ആനി.പി.തോമസ്, അജിതമോള്‍, നസ്രിന്‍, സിന്ധു, പ്രമീള പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. 
പീഡനങ്ങള്‍ക്കെതിരെ കുഞ്ഞുമക്കള്‍ക്ക് കാവല്‍ദിനമൊരുക്കി നവയുഗം വനിതാവേദി പീഡനങ്ങള്‍ക്കെതിരെ കുഞ്ഞുമക്കള്‍ക്ക് കാവല്‍ദിനമൊരുക്കി നവയുഗം വനിതാവേദി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക