ദംഗല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അമീര്‍ ഖാന് ദേശീയ പുരസ്കാരം നിഷേധിച്ചതില്‍ വിചിത്ര ന്യായവുമായി ജൂറി അധ്യക്ഷന്‍ പ്രിയദര്ശന്. അവാര്‍ഡ് ലഭിച്ചാലും വാങ്ങില്ലെന്ന് അമീര്‍ ഖാന് പറഞ്ഞതിനാലാണ് മികച്ച നടനുള്ള പുരസ്കാരം നല്‍കാതിരുന്നതെന്ന് പ്രിയദര്ശന് പറഞ്ഞു. അവാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് അമീര്‍ പറഞ്ഞിരുന്നു.
എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 2008ല്‍ താരേ സമീന്‍ പര് എന്ന ചിത്രത്തിന് ലഭിച്ച അവാര്‍ഡ് ഏറ്റുവാങ്ങാന്‍ അമീര്‍ എത്തിയിരുന്നില്ല. പുരസ്കാര സാധ്യതയുള്ള മറ്റ് നടന്മാരുള്ളപ്പോള് വാങ്ങാത്തവര്‍ക്ക് വേണ്ടി അവാര്‍ഡ് നല്കി എന്തിന് നശിപ്പിക്കണമെന്നും പ്രിയന് ചോദിച്ചു. മുംബൈ മിററിന് നല്കിയ അഭിമുഖത്തിലാണ് പ്രിയദര്ശന് നിലപാട് വ്യക്തമാക്കിയത്.
അര്‍ഹതയുള്ളത് കൊണ്ട് തന്നെയാണ് അക്ഷയ് കുമാറിന് പുരസ്കാരം നല്‍കിയത്. ജൂറിയില്‍ തന്നെക്കൂടാതെ 38 പേരോളമുണ്ടായിരുന്നു. അത്രയും പേരുടെ തീരുമാനത്തെ എങ്ങനെയാണ് ചോദ്യം ചെയ്യുന്നത്. പികുവിലെ അഭിനയത്തിന് അമിതാബ് ബച്ചന് അവാര്‍ഡ് ലഭിക്കുമ്പോള്‍ രമേഷ് സിപ്പിയായിരുന്നു ജൂറി അധ്യക്ഷന്‍, അന്ന് അതിനെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും പ്രിയദര്ശന് പറഞ്ഞു.