Image

വ്യോമാക്രമണം: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ട്രമ്പ് കത്തെഴുതി

ഏബ്രഹാം തോമസ് Published on 10 April, 2017
വ്യോമാക്രമണം: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ട്രമ്പ് കത്തെഴുതി
വാഷിംഗ്ടണ്‍: സിറിയയിലേയ്ക്ക് 59 മിസ്സെലുകള്‍ അയച്ചതിനെകുറിച്ച് വിവരിച്ച് യു.എസ്. കോണ്‍ഗ്രസിലെ ഇരു സഭകളിലെയും നേതാക്കള്‍ക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് കത്തയയ്ക്കുകയും ഇത് പ്രസിദ്ധമാക്കുകയും ചെയ്തു. ജോര്‍ജ് ഡബ്‌ളിയു ബുഷ് പ്രസിഡന്റായിരിക്കുമ്പോള്‍ നടത്തിയ അധിനിവേശം കോണ്‍ഗ്രസിനെ അറിയിക്കാതെയാണ് എന്ന് അന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. താന്‍ കത്തയയ്ക്കുന്നത് വാര്‍ പവേഴ്‌സ് റെസലൂഷന്‍ അനുസരിച്ച് കോണ്‍ഗ്രസിനെ വിവരം ധരിപ്പിക്കുവാനാണ് എന്ന് ട്രമ്പ് കത്തില്‍ പറഞ്ഞു. ദേശീയ സുരക്ഷയും വിദേശനയതാല്പര്യങ്ങളും മുന്‍നിര്‍ത്തി തന്റെ ഭരണഘടനാപരമായ അധികാരത്തില്‍ വിദേശരാജ്യബന്ധങ്ങള്‍ പാലിക്കുന്നതിനും കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന നിലയില്‍ നടപടി എടുക്കുന്നതിനുമാണ് താന്‍ വ്യോമാക്രമണത്തിന് ഉത്തരവിട്ടത് എന്നാണ് ട്രമ്പ് ന്യായീകരിച്ചത്. ന്യൂക്ലിയര്‍ ആക്രമണങ്ങള്‍ എത്ര വലിയ ദുരന്തങ്ങളാണ് സൃഷ്ടിക്കുന്നത് എന്ന് വിവരിച്ച് രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ച് ഒരു പുസ്തകവും ഹോളിവുഡ് ചിത്രവും ഉണ്ടായി. ദ ഡേ ആഫ്റ്റര്‍ എന്നായിരുന്നു പേര്. സിറിയയില്‍ നടന്ന കെമിക്കല്‍ ഗ്യാസ് ആക്രമണത്തിന് ശേഷം വീണ്ടും ദ ഡേ ആഫ്റ്ററിന് പ്രസക്തിയുണ്ടായി. അമേരിക്കിന്‍ മാധ്യമങ്ങള്‍ വിഷവാതകം ശ്വസിച്ച് മരിച്ച കുഞ്ഞുങ്ങളെ കൈകളില്‍ എടുത്ത് പലായനം ചെയ്യുന്ന മാതാപിതാക്കളുടെ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വലിയ പ്രാധാന്യം നല്‍കി, 84 പേര്‍ ഈ ആക്രമണത്തില്‍ മരിച്ചു. ആക്രമണത്തിന്‍ വെറും 63 മണിക്കൂറിന് ശേഷമാണ് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ സിറിയന്‍ എയര്‍ ബേസില്‍ ബോംബിട്ടത്. 21 പേരുടെ മരണത്തിന് ഇത് കാരണമായി. ചരിത്രത്തില്‍ വീണ്ടും ഒരു ഡേ ആഫ്റ്റര്‍ ഉണ്ടായിരിക്കുന്നു. ഇനി എന്ത് എന്ന ചോദ്യം പല കോണുകളില്‍ നിന്ന് ഉയരുന്നു. വ്യോമാക്രമണം ഒരിക്കല്‍ മാത്രമുള്ള നടപടി ആയിരുന്നു എന്ന് അമേരിക്ക വ്യക്തമാക്കി. എന്നാല്‍ സിറിയയുടെ എയര്‍ബേസില്‍ വീണ്ടും യുദ്ധവിമാനങ്ങള്‍ എത്തി എന്നും റഷ്യയുടെ യുദ്ധക്കപ്പല്‍ സിറിയന്‍ തീരത്തിനടുത്തെത്തി എന്നും റിപ്പോര്‍ട്ടുള്ളതിനാല്‍ ആക്രമണങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാവുമോ എന്ന് പറയാറായിട്ടില്ല. വടക്കന്‍ കൊറിയയുടെ ആണവായുധ പരീക്ഷണങ്ങള്‍ അമേരിക്കയെ എത്രമാത്രം പ്രകോപിപ്പിക്കുന്നു എന്ന് കണ്ടുതന്നെ അറിയണം. അമേരിക്കന്‍ വിപണിയില്‍ സ്റ്റീല്‍ ധാരാളമായി വിലകുറച്ച് ഇറക്കുന്ന ചൈനയ്ക്കും മറ്റ് ചില രാജ്യങ്ങള്‍ക്കും എതിരായ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ വൈറ്റ് ഹൗസ് തയാരാക്കിക്കഴിഞ്ഞു എന്നും പ്രസിഡന്റ് അടുത്തുതന്നെ ഒപ്പുവയ്ക്കും എന്നും ശ്രുതിയുണ്ട്.

സിറിയയില്‍ നടത്തിയ വ്യോമാക്രമണം റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട്. അമേരിക്ക-രഷ്യ ബന്ധത്തില്‍ കൂടുതല്‍ ഉലച്ചിലിന് ഇത് കാരണമായേക്കും. ഈ പശ്ചാത്തലത്തിലാണ് ട്രമ്പ് തന്റെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ് ടില്ലര്‍സണെ റഷ്യയിലേയ്ക്ക് അയയ്ക്കുന്നതും. സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റിന് എതിരായുള്ള പോരാട്ടത്തില്‍ അമേരിക്കയുടെ പങ്കാളിയായി റഷ്യ ഉണ്ടാകുമോ എന്ന് ആരായുകകൂടിയാണ് ടില്ലര്‍ സണിന്റെ ദൗത്യം.

സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ അമേരിക്കയ്ക്ക് കാര്യമില്ല എന്നാണ് ട്രമ്പ് ഇതുവരെ വാദിച്ചിരുന്നത്. ചൈനയാണ് മുഖ്യ ശത്രു എന്നും ചൈനീസ് നയതന്ത്ര പ്രതിനിധികളെ സല്‍ക്കാരങ്ങള്‍ക്ക് ക്ഷണിക്കരുത് എന്നും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ട്രമ്പ് ഈ നിലപാടുകള്‍ മാറ്റി, തന്റെ ഫ്‌ളോറിഡ എസ്‌റ്റേറ്റിലെ വിരുന്ന് സല്‍ക്കാരത്തിലേയ്ക്ക് ചൈനീസ് നേതവിനെ ക്ഷണിച്ചു. ദേശീയതയ്ക്ക് വേണ്ടി ഏറെവാദിച്ച സ്റ്റീഫന്‍ ബാനനെ ക്യാബിനറ്റില്‍ നിന്നൊഴിവാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക