Image

നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജന സഖ്യം ; സഫലമീ യാത്ര (ബെന്നി പരിമണം)

Published on 10 April, 2017
നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജന സഖ്യം ; സഫലമീ യാത്ര (ബെന്നി പരിമണം)
ന്യൂയോര്‍ക്ക് :  നോര്‍ത്ത് അമേരിക്ക – യൂറോപ്പ് മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ഭദ്രാസന പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ മൂന്നു വര്‍ഷക്കാലം അനുഗ്രഹീതവും ശക്തവുമായ നേതൃത്വം നല്‍കിയ ഉപാധ്യക്ഷന്‍ റവ. ബിനു സി. ശാമുവേല്‍, സെക്രട്ടറി റെജി ജോസഫ്, ട്രഷറര്‍ മാത്യൂസ് തോമസ്, അസംബ്ലി അംഗം ലാജി തോമസ് എന്നിവര്‍ ഏറ്റെടുത്ത ഓരോ ദൗത്യവും വിജയകരമായി പൂര്‍ത്തീകരിച്ചതിലുള്ള ചാരിതാര്‍ത്ഥ്യത്തോടെ തങ്ങളുടെ ചുമതലകളില്‍ നിന്നും വിരമിച്ചു. കര്‍മ്മോജ്ജ്വലവും പ്രവര്‍ത്തന നിരതയും നിറഞ്ഞു നിന്ന മൂന്നു വര്‍ഷക്കാലം ഭദ്രാസന യുവജനസഖ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേറിട്ട കാഴ്ചപ്പാടുകള്‍ സമ്മാനിച്ചു. ആരാധനപഠനം, സാക്ഷ്യം, സേവനം എന്നീ ചതുര്‍മുഖ ആപ്ത വാക്യങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തന പന്ഥാവില്‍ സമാനതകള്‍ ഇല്ലാത്ത കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത് സഖ്യത്തിന്റെ ദൗത്യ നിര്‍വ്വഹണത്തില്‍ പുത്തനുണര്‍വ് പകരുവാന്‍ ഇടയാക്കി.

ഭദ്രാസന യുവജന സഖ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു മിഷന്‍ ബോര്‍ഡ് രൂപീകരിച്ചുകൊണ്ട് മിഷന്‍ പ്രവര്‍!ത്തനങ്ങള്‍ക്ക് പുതിയ മുഖം നല്‍കി. കേവലം കടലാസുകളില്‍ ഒതുങ്ങി നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ അല്ല മറിച്ച് കാരുണ്യത്തിന്റെ അനസ്യൂതമായ ഒരു പ്രവാഹം തന്നെ സൃഷ്ടിക്കുന്ന തരത്തില്‍ ആവശ്യത്തിന്റെയും കാരുണ്യത്തിന്റെയും കനലുകള്‍ തേടുന്ന ജീവിതങ്ങളെ സാന്ത്വനത്തിന്റെ അനുഭവങ്ങളിലേക്ക് നയിക്കുവാന്‍ കഴിഞ്ഞ മൂന്നുവര്‍ഷക്കാലം കഴിഞ്ഞു.

മാര്‍ത്തോമ്മാ സഭയുടെ വിവിധ മിഷന്‍ സെന്ററുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വളരെ വിജയകരമായിരുന്നു.കാട്ടാക്കട ഓള്‍ഡ് ഏജ് ഹോം, കൊട്ടാരക്കര – പുനലൂര്‍ ഭദ്രാസനത്തിന്റെ മിഷന്‍ പ്രൊജക്റ്റ്‌സ്, മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ സഖ്യം ഗ്രാമം, കൊച്ചി – കോട്ടയം ഭദ്രാസനത്തിന്റെ മിഷന്‍ പ്രോജക്ട്‌സ്, വിദ്യാഭ്യാസ ധനസഹായ മെക്‌സിക്കോയിലുള്ള മാര്‍ത്തോമ്മാ സഭയുടെ മിഷന്‍ സെന്ററില്‍ വച്ചു നടത്തിയ മെഡിക്കല്‍ ക്യാമ്പുകള്‍, ഒക് ലഹോമയിലുള്ള ട്രൈബല്‍ ആള്‍ക്കാര്‍ക്കുവേണ്ടിയുള്ള ഫെലോഷിപ്പ് ഹോമിന്റെ നിര്‍മ്മാണത്തിനുവേണ്ടിയുള്ള സാമ്പത്തിക സഹായം ഇങ്ങനെ ആ നിര നീളുന്നു.

മുംബൈ ഭദ്രാസനത്തിന്റെ കീഴിലുള്ള ബോത്ത് ലി മിഷനുവേണ്ടി നടത്തി പ്രവര്‍ത്തനങ്ങള്‍ അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്ന തരത്തിലായിരുന്നു.2016 ജനുവരി മുതല്‍ അടുത്ത 3 വര്‍ഷക്കാലത്തേക്കുള്ള ആവശ്യങ്ങള്‍ നിറവേറുവാനായുള്ള സാമ്പത്തിക സഹായം ബോത്ത് ലി മിഷന്‍ നല്‍കുവാന്‍ കഴിഞ്ഞു.

വിവിധ പ്രത്യയശാസ്ത്രങ്ങള്‍ ദൗത്യത്തിനു വിലങ്ങുതടികള്‍ ആകുന്ന സാഹചര്യത്തില്‍, ഭദ്രാസന യുവജന സഖ്യാംഗങ്ങളെ ആശയപരമായും ദാര്‍ശനികപരമായും ദൗത്യത്തിനായി സജ്ജരാക്കുവാന്‍ വേണ്ടി യുവധാര എന്ന പ്രസിദ്ധീകരണത്തിലൂടെ ശ്രമിച്ചു. ശ്രേഷ്ഠമായ 10 ലക്കങ്ങള്‍ വിവിധ ചിന്താവിഷയങ്ങളെ ആസ്പദമാക്കി പ്രസിദ്ധീകരിക്കാന്‍ ഒരു ശക്തമായ യുവധാര എഡിറ്റോറിയല്‍ ബോര്‍ഡിനെ വാര്‍ത്തെടുത്തു. ഇതില്‍ 3 ലക്കങ്ങള്‍ വചനമാരിയായി പെയ്തിറങ്ങുന്നു.

ലോക പ്രശസ്തമായ മാരാമണ്‍ കണ്‍വന്‍ഷന്‍ സമയത്തു മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്ന മണ്ണില്‍ പ്രകാശിപ്പിക്കാന്‍ കഴിഞ്ഞു എന്നുള്ളത് അതീവമായ അഭിമാനത്തോടും വിനയത്തോടും എടത്തു പറയാവുന്നതാണ്. 2017 മാരാമണ്‍ കണ്‍വന്‍ഷന്‍ സമയത്തു പ്രസിദ്ധീകരിച്ച ദിവ്യകാരുണ്യത്തിന്റെ ഒരു നൂറ്റാണ്ട് എന്ന തലക്കെട്ടിലുള്ള യുവധാര 100–ാം ജന്മദിനം ആഘോഷി ക്കുന്നു. ക്രൈസ്തവ സഭയുടെ വിഹായുസ്സിലെ ഒരു പുണ്യനക്ഷത്രമായി ശോഭിച്ചു കൊണ്ടിരിക്കുന്നു. അഭിവന്ദ്യ. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തായ്ക്കുള്ള ഒരു സ്‌നേഹാര്‍പ്പണമായിരുന്നു.

മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ചതുര്‍മുഖ ലക്ഷ്യങ്ങളില്‍ ഒന്നായ പഠനം എന്ന ലക്ഷ്യ പ്രാപ്തിക്കുവേണ്ടി ഓരോ വര്‍ഷവും ഓരോ ചിന്താവിഷയം തിരഞ്ഞെടുക്കുകയും ഭദ്രാസനത്തിന്റെ എല്ലാ റീജിയനുകളിലും സെന്ററുകളിലും ശാഖകളിലും പഠന സമ്മേളനങ്ങള്‍ നടത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയും റീജിയണ്‍ തലത്തിലുള്ള പഠന സമ്മേളനങ്ങള്‍ക്ക് സാമ്പത്തിക സഹായവും നല്‍കുകയുണ്ടായി. 2016 ല്‍ തിരഞ്ഞെടുത്ത വിഷയം ഫാമിലി ആസ് ഡൊമസ്റ്റിക് ചര്‍ച്ച് എന്നുള്ളതായിരുന്നു. ഭദ്രാസനത്തിലെ എല്ലാ യുവജനങ്ങള്‍ക്കും പങ്കെടുക്കത്തക്ക രീതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലും പഠന സമ്മേളനം ക്രമീകരിക്കുകയുണ്ടായി.

എല്ലാ വര്‍ഷവും മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ യുവജനവാരം ക്രമീകരിക്കുകയും പ്രാര്‍ഥനയ്ക്കും, പഠനങ്ങള്‍ക്കും, രോഗികളെ സന്ദര്‍ശിക്കുന്നതിനും കണ്‍വന്‍ഷനുകള്‍ നടത്തുന്നതിനും ആവശ്യമായ ഉത്തേജനവും നേതൃത്വവും നല്‍കുകയുണ്ടായി.2014 ലെ യുവജനവാരം ആഘോഷത്തിന്റെ ഭാഗമായി ഓരോ യുവജന സഖ്യാംഗവും ഓരോ ഡോളര്‍ എന്ന സംരംഭം ഏറ്റെടുത്തതിലൂടെ കേരളത്തിലുള്ള ഒരു മിഷന്‍ പ്രവര്‍ത്തനത്തെ സഹായിക്കുവാന്‍ കഴിഞ്ഞു.

മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ മൂന്നു ഭദ്രാസന തല കോണ്‍ഫറന്‍സു കള്‍ക്ക് നേതൃത്വം കൊടുക്കുവാനും പ്രസ്തുത സമ്മേളനങ്ങളുടെ വിജയകരമായ നടത്തിപ്പിന് വേണ്ട സഹകരണങ്ങളും ഭദ്രാസനത്തിലെ എല്ലാ ശാഖാ സഖ്യംങ്ങളില്‍ നിന്നും ലഭിക്കുന്നതിനുവേണ്ടി അശ്രാന്തമായ പരിശ്രമങ്ങള്‍ ചെയ്യുകയുണ്ടായി.കാനഡ, കലിഫോര്‍ണിയ, ഷിക്കാഗോ എന്നീ സ്ഥലങ്ങളില്‍ നടന്ന കോണ്‍ഫ റന്‍സുകള്‍ വളരെ വിജയകരങ്ങള്‍ ആയിരുന്നു.

പ്രവര്‍ത്തന ബഹുലമായ നീണ്ട മൂന്നു വര്‍ഷങ്ങളില്‍ ആവശ്യമായ നേതൃത്വ വും പ്രാര്‍ഥനയും പ്രധാനം ചെയ്ത അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്‌കോപ്പാ, അഭിവന്ദ്യ. ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പാ, റവ. ബിനോയ് സാമുവല്‍, റവ. ഡെന്നി ഫിലിപ്പ് എന്നിവര്‍ അടങ്ങിയ ഭദ്രാസന നേതൃത്വത്തോടുള്ള അകൈതവമായ നന്ദി. പ്രവര്‍ത്തനങ്ങളില്‍ നിന്നും വിരമിച്ച റവ. ബിനു സി. സാമുവേല്‍(വൈസ് പ്രസിഡന്റ്), റെജി ജോസഫ്(സെക്രട്ടറി), മാത്യൂസ് തോമസ് (ട്രഷറര്‍) ലാജി തോമസ്(അസംബ്ലി അംഗം) എന്നിവര്‍ പ്രകടിപ്പിക്കുകയുണ്ടായി. മിഷനന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുംബൈ മിഷന്‍ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മിഷനറിക്ക് ഒരു മോട്ടോര്‍ ൈബക്ക് വാങ്ങി നല്‍കുവാന്‍ സാധിച്ചതിലുള്ള ചാരിതാര്‍ത്ഥ്യം അറിയിക്കുന്നു. ഭദ്രാസന യുവജന സഖ്യത്തിന്റെ മുഖ പ്രസിദ്ധീകരണമായ യുവധാരയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അജു മാത്യു(ചീഫ് എഡിറ്റര്‍), ബെന്നി പരിമണം, കോശി ഉമ്മന്‍, ഉമ്മച്ചന്‍ മാത്യു, ഷൈജു വര്‍ഗീസ്, റോജിഷ് സാം, ശാമുവേല്‍, മിഷന്‍ ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലീബോയ് തോപ്പില്‍(കണ്‍വീനര്‍), അജു ഫിലിപ്പ്, സ്‌കറിയ മാത്യു, ബൈജു വര്‍ഗീസ്, ഡോ. നിഷ പോള്‍, ലിബു കോശി എന്നിവരെ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. 2014 ല്‍ ആരംഭിച്ച പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വര്‍ഷത്തോളം നേതൃത്വം കൊടുത്ത അന്നത്തെ ഭദ്രാസന യുവജന സഖ്യം വൈസ് പ്രസിഡന്റ് റവ. ഷാജി തോമസിനെയും ഇത്തരണത്തില്‍ ഓര്‍ക്കുന്നത് ഏറ്റവും അഭികാമ്യമാകുന്നു. പുതിയ ചൈതന്യവും ആവേശവും യുവജന സഖ്യം പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മാനിച്ച ഇവര്‍ വരും വര്‍ഷങ്ങളിലെ ചുമതലകള്‍ ഏറ്റെടുത്ത എല്ലാവര്‍ക്കും ആവശ്യമായ പിന്തുണയും പ്രാര്‍ത്ഥനകളും സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയുണ്ടായി.

മലങ്കരയുടെ മണ്ണില്‍ നവീകരണത്തിന്റെ കാഹളനാദം മുഴക്കിയ മാര്‍ത്തോമ്മാ സഭയുടെ യുവജന സഖ്യം ആധുനിക സാങ്കേതിക വിദ്യയുടെ ഈറ്റില്ലമായ ഈ മണ്ണില്‍ തളരാതെ പതറാതെ മുന്നേറണ്ടത് സഭയുടെ ദൗത്യ നിര്‍വ്വഹണത്തിന് അനിവാര്യമായ ഒരു സംഗതി ആണ്. അലസത ഒട്ടും തന്നെ തട്ടാതെ മുന്നേറുവാന്‍, ക്രൂശിന്റെ സാക്ഷികളായി തിളങ്ങുവാന്‍ നോര്‍ത്ത് അമേരിക്ക– യൂറോപ്പ് ഭദ്രാസന യുവജന സഖ്യാംഗങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കാം, പ്രാര്‍ഥിക്കാം.
ഭദ്രാസന യുവജന സഖ്യത്തിനുവേണ്ടി റെജി ജോസഫ് അറിയിച്ചതാണിത്
നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജന സഖ്യം ; സഫലമീ യാത്ര (ബെന്നി പരിമണം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക