Image

ഈജിപ്തിലെ പള്ളികളില്‍ നടന്ന സ്‌ഫോടനത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം അനുശോചിച്ചു

ജോര്‍ജ് തുമ്പയില്‍ Published on 10 April, 2017
ഈജിപ്തിലെ പള്ളികളില്‍ നടന്ന സ്‌ഫോടനത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം അനുശോചിച്ചു

ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്കിടെ ഐ എസ് ഭീകരര്‍ ക്രൂരമായി കൊലചെയ്ത ഈജിപ്തിലെ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സഹോദരങ്ങളുടെ സ്മരണകള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ചും നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തെയും വിശ്വാസി സമൂഹത്തെയും പ്രതിനിധീകരിച്ച് ആദരാഞ്ജലികളും പ്രാര്‍ഥനകളും നേര്‍ന്നും, ഭദ്രാസന മെത്രാപ്പൊലിത്ത സഖറിയാ മാര്‍ നിക്കോളോവോസ് പ്രസ്താവന പുറപ്പെടുവിച്ചു. 

ജറുസലെമിലേക്കുള്ള ക്രിസ്തുവിന്റെ രാജകീയ പ്രവേശത്തിലുള്ള സന്തോഷകരമായ നിമിഷങ്ങള്‍ നമ്മുടെ സഹോദരീ സഭയായ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാവിശ്വാസികള്‍ക്കു സംഭവിച്ച ഭീകരാക്രമണ ദുരന്തവും സ്‌ഫോടനങ്ങളും മൂലം വേദന നിറഞ്ഞതായി എന്ന് മെത്രാപ്പൊലീത്ത പ്രസ്താവനയില്‍ പറഞ്ഞു. 

രക്ഷകനായ ക്രിസ്തുവിന്റെ ഉത്ഥാനം ആഘോഷിക്കുവാന്‍ ക്രിസ്തീയ സമൂഹം തയാറെടുക്കുന്ന വേളയില്‍ നിരപരാധികളുടെ രക്തം ചിന്തപ്പെട്ടതിലെ വേദനയും ദുഖവും മെത്രാപ്പൊലീത്ത പങ്കുവച്ചു. സഹോദരീസഭാമക്കളുടെ വേദനയിലും ദുഖത്തിലും പങ്കുചേരുന്നതോടൊപ്പം ഉത്ഥിതനായ ക്രിസ്തുവിലേക്ക് നോക്കി സമാധാനവും സന്തോഷവും സ്വീകരിക്കുവാന്‍ മെത്രാപ്പൊലീത്ത ആഹ്വാനം ചെയ്തു.
ക്രിസ്തുവില്‍ നമ്മുടെ സഹോദരനായ ന്യൂയോര്‍ക്ക്, ന്യൂ ഇംഗ്ലണ്ട് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ഭദ്രാസന മെത്രാപ്പൊലിത്ത ബിഷപ്പ് ഡേവിഡ് പറയുന്നതു പോലെ തിന്‍മയുടെ ശക്തികള്‍ സഭയെ പീഡിപ്പിച്ചാലും മരണത്തിന്റെ ശക്തികള്‍ക്ക് സഭയുടെ മേല്‍ ആധിപത്യം പുലര്‍ത്താനാവില്ലന്ന പ്രത്യാശ നമ്മെ നയിക്കട്ടെ എന്ന് മെത്രാപ്പൊലീത്ത ഓര്‍മിപ്പിച്ചു.   
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക