Image

ട്രമ്പിന് നാഫറ്റയില്‍ നിലപാട് മാറ്റേണ്ടി വരും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 10 April, 2017
ട്രമ്പിന് നാഫറ്റയില്‍ നിലപാട് മാറ്റേണ്ടി വരും (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍ : 1994 ല്‍ പ്രാബല്യത്തില്‍ വന്ന ഉടമ്പടിയാണ് നോര്‍ത്ത് അമേരിക്കന്‍ ട്രേഡ് അഗ്രിമെന്റ് (നാഫ്റ്റ). വടക്കേ അമേരിക്കയിലെ മൂന്ന് രാഷ്ട്രങ്ങള്‍-കാനഡ, അമേരിക്ക, മെക്‌സിക്കോ തമ്മിലുള്ള വ്യാപാരബന്ധങ്ങള്‍ ദൃഢപ്പെടുത്തുവാനാണ് ഈ ഉടമ്പടി ഉണ്ടാക്കിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രൈമറികളില്‍ പ്രചരണം നടത്തുമ്പോള്‍ മുതല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് നാഫ്റ്റയെ നിശിതമായി വിമര്‍ശിച്ചിരുന്നു. നാഫ്റ്റ ഒരു ദുരന്തമാണ്, അമേരിക്ക ഒപ്പു വച്ച ഏറ്റവും മോശം കരാറാണ് എന്നൊക്കെ പറഞ്ഞു. എന്നാല്‍ പ്രസിഡന്റായി യഥാര്‍ത്ഥ റിയാലിറ്റി ചെക്ക് നടത്തുമ്പോള്‍ തന്റെ ധാരണ തെറ്റായിരുന്നു എന്ന് റിയാലിറ്റി ഷോകളുടെ മുന്‍നായകന് ബോധ്യമായി വരികയാണ്.

 ഇപ്പോള്‍ ട്രമ്പ് ഭരണകൂടം പ്രചാരത്തിലാക്കിയ ഒരു കരട് രേഖയില്‍ നാഫ്റ്റയെക്കുറിച്ച് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിലെ വാക്‌ധോരണിയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണിവ. നാഫ്റ്റ അവസാനിപ്പിക്കണമെന്നല്ല, മറിച്ച് മെച്ചപ്പെടുത്തുവാനുള്ള നിര്‍ദേശങ്ങളാണ് കരട് രേഖയിലുള്ളത്. പ്രതീക്ഷിച്ചത് പോലെ തൊഴിലാളി സംഘടനാ നേതാക്കള്‍ എതിര്‍പ്പുമായെത്തി. അമേരിക്കന്‍ തൊഴിലാളികളെ നാഫ്റ്റ സംരക്ഷിക്കുന്നില്ല എന്ന് വിമര്‍ശിച്ചു. മറ്റ് ചിലര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഇത് ട്രമ്പിന്റെ സമീപനത്തിലെ വിപഌവകരമായ മാറ്റമായും ഇനിയും ചിലര്‍ വിശേഷിപ്പിച്ചു.

ലോകത്തില്‍ ഏറ്റവുമധികം കൃഷി വിഭവങ്ങള്‍ കയറ്റുമതി ചെയ്യുന്നത് അമേരിക്കന്‍ കര്‍ഷകരാണ്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ കര്‍ഷകരുടെ മെക്‌സിക്കോയിലേയ്ക്കും കാനഡയിലേക്കും ഉള്ള കയറ്റുമതി 10 ബില്യണ്‍ ഡോളറില്‍ 38 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. മറ്റൊരു ലോകരാഷ്ട്രത്തിലേയ്ക്കുമുള്ള കയറ്റുമതി ഇത്രയും വര്‍ധിച്ചില്ല.

ഇതേ സമയം അമേരിക്കന്‍ ഉപഭോക്താക്കള്‍ക്കും പ്രയോജനമുണ്ടായി. പഴങ്ങളും പച്ചക്കറികളും ധാരാളമായി മെക്‌സിക്കോയില്‍ നിന്നെത്തിയത് വില വലുതായി ഉയരാതിരിക്കുവാന്‍ കാരണമായി. ആഹാരസാധനങ്ങള്‍ക്ക് മറ്റ് രാജ്യക്കാര്‍ ചെലവഴിക്കുന്നതിനെക്കാള്‍ കുറവാണ് അമേരിക്കക്കാര്‍ ചെലവഴിക്കുന്നത്. എല്ലാ സീസണിലും എല്ലാത്തരം പഴവര്‍ഗങ്ങള്‍ അമേരിക്കയില്‍ സുലഭമാണെന്ന് സെന്റര്‍ ഫോര്‍ നോര്‍ത്ത് അമേരിക്കന്‍ സ്റ്റഡീസ് ഡയറക്ടര്‍ റിബേമ പറഞ്ഞു.
ട്രമ്പിന്റെ സ്ഥാനാരോഹണത്തിന്‌ശേഷം നാഫ്റ്റ ചര്‍ച്ചകളില്‍ പല പ്രമുഖരും സജീവമായിട്ടുണ്ട്. മെക്‌സിക്കോയിലേയ്ക്ക് ചോളം ധാരാളമായി കയറ്റി അയയ്ക്കുന്ന സംസ്ഥാനമാണ് അയോവ. അവിടെ നിന്നുള്ള സെനറ്റര്‍ ചക്ക് ഗ്രാസ് ലിയും ടെക്‌സസ് സെന.ജോണ്‍ കോര്‍നിനും വുഡ്‌ലാന്‍ഡ്‌സ് ജനപ്രതിനിധി കെവിന്‍ബ്രാഡിയും സജീവമായി രംഗത്തുണ്ട്.

ഓട്ടോ മൊബൈല്‍സ് നിര്‍മ്മാതാക്കളും മറ്റ് കമ്പനികളും വളരെ ശക്തമായ വിതരണ ശൃംഖല അമേരിക്കയ്ക്കും മെക്‌സിക്കോയ്ക്കും ഇടയില്‍ സൃഷ്ടിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിര്‍മ്മിക്കുന്ന പാര്‍ട്ടുകള്‍ മെക്‌സിക്കോയില്‍ അസംബിള്‍ ചെയ്യുന്ന കാറുകളില്‍ ഉപയോഗിക്കുന്നു. മറിച്ചും മെക്‌സിക്കന്‍ പാര്‍ട്ടുകള്‍ അമേരിക്കയില്‍ തയ്യാറാക്കുന്ന കാറുകളിലും ഉപയോഗിക്കാറുണ്ട്. പാര്‍ട്ടുകള്‍ അതിര്‍ത്തിയില്‍ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേയ്ക്കും തിരിച്ചും പല തവണ നിര്‍ബാധം സഞ്ചരിക്കുന്നു. ജപ്പാന്‍ നിര്‍മ്മാണ ചെലവ് കുറഞ്ഞ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്കും ജര്‍മ്മനി കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും പാര്‍ട്ടുകള്‍ അയയ്ക്കുന്നതിനോട് വ്യവസായ വിദഗ്ധര്‍ ഈ പ്രക്രിയ സാമ്യപ്പെടുത്തുന്നു.
2014 ല്‍ മെക്‌സിക്കോയില്‍ പൂര്‍ത്തിയാക്കിയ ഉത്പന്നങ്ങളിലേയ്ക്ക് അമേരിക്കയില്‍ നിന്ന് 136 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ പോയി. മെക്‌സിക്കോയില്‍ നിന്നെത്തിയ അത്രയും തന്നെ വിലയ്ക്കുള്ള സാധനങ്ങള്‍ ഉപയോഗിച്ച് അമേരിക്കയിലും ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചു. അമേരിക്കയിലെ ഒരുപാട് വ്യവസായങ്ങള്‍ മെക്‌സക്കോയില്‍ നിന്നെത്തുന്ന സാധനങ്ങള്‍ ഉപയോഗിക്കുന്നു.

അമേരിക്കയിലെ 50 ലക്ഷം തൊഴിലവസരങ്ങള്‍ മെക്‌സിക്കോയുമായുള്ള വ്യാപാരത്തില്‍ അധിഷ്ഠിതമാണ്. കാലിഫോര്‍ണിയയില്‍ 5,66,00 ടെക്‌സസില്‍ 382000 ന്യൂയോര്‍ക്കില്‍ 3,22,00 പിന്നിങ്ങനെയാണ് തൊഴിലാളികളുടെ സംസ്ഥാനങ്ങള്‍ അനുസരിച്ചുള്ള കണക്ക്. മെക്‌സിക്കന്‍ കമ്പനികള്‍ 17 ബില്യണ്‍ ഡോളര്‍ അമേരിക്കന്‍ വ്യവസായ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇവയില്‍ ഭീമന്‍ബേക്കിംഗ് കമ്പനി ഗ്രൂപ്പോ ബിംബോ 13 സിമന്റ് ഫാക്ടറികളും 381 കോണ്‍ക്രീറ്റ് പ്ലാന്റുകളുമുള്ള സിമെക്‌സും ഉള്‍പ്പെടുന്നു.

പ്രചരണകാലത്ത് നിര്‍മ്മാണ തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതിന് ട്രമ്പ് മെക്‌സിക്കോയെ പഴിച്ചു. എന്നാല്‍ ഓട്ടോമേഷനും ഉല്പാദനക്ഷമത വര്‍ധിച്ചതുമാണ് യഥാര്‍ത്ഥ കാരണങ്ങള്‍ എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ജോര്‍ജിയയിലും നോര്‍ത്ത്, സൗത്ത് കരോലിനയിലും ഇന്‍ഡ്യാനയിലും നീലകോളര്‍ തൊഴിലുകള്‍ നഷ്ടമായി. ടെക്‌സ്റ്റയില്‍സ്, ഇഷ്ടികകള്‍, ടൈലുകള്‍ തുടങ്ങിയ വ്യവസായങ്ങളില്‍ തൊഴിലാളികളുടെ വേതനം കുറഞ്ഞതും വാസ്തവമാണ്.
അമേരിക്കയുടെയും മെക്‌സിക്കോയുടെയും സമ്പദ്ഘടനകള്‍ വളരുന്നത് ഒന്നിന് പിന്നില്‍ ഒന്നായി ആണ്. തൊഴില്‍ വളര്‍ച്ച ഒരു രാജ്യത്ത് ഉണ്ടാകുമ്പോള്‍ മറ്റേ രാജ്യത്തും അതിന് പിന്നാലെ ഉണ്ടാകുന്നു.

നാഫ്റ്റ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഏവരും സമ്മതിക്കുന്നു. എന്നാല്‍ അമേരിക്കയ്ക്കും കാനഡയ്ക്കും മെക്‌സിക്കോയ്ക്കും ഏറെ പ്രയോജനപ്രദമായ ഈ ഉടമ്പടി റദ്ദാക്കുക ബുദ്ധിപരമായിരിക്കുകയില്ല എന്ന അഭിപ്രായമാണ് രാഷ്ട്രീയ, വ്യവസായ പ്രമുഖര്‍ക്കുള്ളത്. ട്രമ്പും ഈ രീതിയില്‍ ചിന്തിക്കുന്നു എന്നാണ് ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന കരട് രേഖ വ്യക്തമാക്കുന്നത്.

ട്രമ്പിന് നാഫറ്റയില്‍ നിലപാട് മാറ്റേണ്ടി വരും (ഏബ്രഹാം തോമസ്)
Join WhatsApp News
Tom abraham 2017-04-11 05:32:20
Yes, I buy an Orange for 80 cents apple for 90 cents grapes for 1.99 per pound, even jackfruit 
Pieces for 5 dollars. For a coffee, 1.59 ?
Very cheap indeed !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക