Image

ജോലിസ്ഥലത്തെ മര്‍ദ്ദനം: നവയുഗം ജീവകാരുണ്യവിഭാഗം തുണയായി

Published on 12 April, 2017
ജോലിസ്ഥലത്തെ മര്‍ദ്ദനം: നവയുഗം ജീവകാരുണ്യവിഭാഗം തുണയായി
ദമ്മാം: ജോലിസ്ഥലത്ത് സ്‌പോണ്‍സറുടെ മകന്റെ മര്‍ദ്ദനമേല്‍ക്കുന്നു എന്ന പരാതിയുമായി നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായം തേടിയ മലയാളി, ലേബര്‍ കോടതി വഴി നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

കോഴിക്കോട് കക്കോടിപ്പാലം സ്വദേശിയായ അഷറഫിനാണ് നവയുഗം ജീവകാരുണ്യവിഭാഗം തുണയായത്. ഒന്നര വര്‍ഷം മുന്‍പാണ് ദമ്മാമിലെ ഒരു ഹോട്ടലില്‍ കുക്ക് ആയി അഷറഫ് ജോലിയ്‌ക്കെത്തിയത്. സ്‌പോണ്‍സര്‍ നല്ലവനായിരുന്നു. ശമ്പളമൊക്കെ കൃത്യമായി നല്‍കുമായിരുന്നു. എന്നാല്‍ വിദേശത്തു പഠിച്ചിരുന്ന സ്‌പോണ്‍സറുടെ മകന്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തിരികെ, ഹോട്ടലിന്റെ ചുമതല ഏറ്റെടുത്തത് മുതലാണ് അഷറഫിന്റെ കഷ്ടകാലം തുടങ്ങിയത്.

വളരെ പരുക്കനും, അക്രമസ്വഭാവം ഉള്ളവനുമായ സ്‌പോണ്‍സറുടെ മകന്‍, നിസ്സാരകാര്യങ്ങളുടെ പേരില്‍ പോലും തന്നെയും, മറ്റു ജോലിക്കാരെയും മര്‍ദ്ദിയ്ക്കുമായിരുന്നു എന്ന് അഷറഫ് പറഞ്ഞു. സ്‌പോണ്‍സര്‍ പറഞ്ഞാല്‍ പോലും അനുസരിയ്ക്കാത്ത മകന്റെ ഭരണത്തിന്‍ കീഴില്‍ ആ ഹോട്ടലിലെ ജോലി നരകതുല്യമായപ്പോഴാണ്, മറ്റു സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ച് അഷറഫ് നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകത്തെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചത്.

ഷാജി മതിലകത്തിന്റെ നിര്‍ദ്ദേശപ്രകാരം ലേബര്‍ കോടതിയില്‍ അഷറഫ് പരാതി നല്‍കി. തുടര്‍ന്ന് ലേബര്‍ ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ ഷാജി മതിലകം അഷറഫിന്റെ സ്‌പോണ്‍സറുമായി ചര്‍ച്ച നടത്തി. അഷറഫിനെ ജോലിയ്ക്ക് നിര്‍ത്താനാണ് തനിയ്ക്ക് താത്പര്യം എന്നും, മകനെ താന്‍ നിയന്ത്രിച്ചോളാം എന്നും സ്‌പോണ്‍സര്‍ പറഞ്ഞെങ്കിലും, തനിയ്ക്ക് ഇനി ആ ജോലിയില്‍ തുടരാന്‍ കഴിയില്ല എന്ന നിലപാടാണ് അഷറഫ് എടുത്തത്. തുടര്‍ന്ന് ഷാജി മതിലകത്തിന്റെ നിര്‍ബന്ധം കാരണം അഷറഫിന് ഫൈനല്‍ എക്‌സിറ്റും ആനുകൂല്യങ്ങളും നല്‍കാമെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചു.

നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍, അഷറഫിന്റെ നാട്ടിലെ ബന്ധുക്കള്‍ വിമാനടിക്കറ്റ് അയച്ചു കൊടുത്തു. ഷാജി മതിലകത്തിനും, നവയുഗത്തിനും നന്ദി പറഞ്ഞ് അഷറഫ് നാട്ടിലേയ്ക്ക് മടങ്ങി.
ജോലിസ്ഥലത്തെ മര്‍ദ്ദനം: നവയുഗം ജീവകാരുണ്യവിഭാഗം തുണയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക