Image

അച്ഛനമ്മമാര്‍ക്ക് പാഠമാകേണ്ട കൊലപാതകം (അനില്‍ പെണ്ണുക്കര)

Published on 12 April, 2017
അച്ഛനമ്മമാര്‍ക്ക് പാഠമാകേണ്ട കൊലപാതകം (അനില്‍ പെണ്ണുക്കര)
ചെങ്ങന്നൂരില്‍ അമേരിക്കന്‍ മലയാളിയെ മകന്‍ കൊന്നു ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ സംഭവം നടന്നു ഒരു വര്ഷം ആകുന്നതിനു മുന്‍പ് തന്നെ തിരുവനന്തപുരത്തു ഒരു മകന്‍ അച്ഛനെയും അമ്മയെയും ബന്ധുവായ സ്ത്രീയെയും സഹോദരിയെയും ആസൂത്രിതമായി കൊലപ്പെടുത്തിയിട്ട് പുഞ്ചിരിച്ചങ്ങനെ നില്‍ക്കുന്നു.വരും വര്‍ഷങ്ങളില്‍ മലയാളി കുടുംബങ്ങങ്ങളില്‍ ഇത്തരം കൊലപാതകങ്ങള്‍ വീണ്ടും ഉണ്ടാകുമെന്നു പോലീസും മനഃശാസ്ത്ര വിദഗ്ധരും പറയുന്നു.കമ്പ്യൂട്ടറിന് മുന്നിലെ ഏകാന്ത ജീവിതമാണ് കേഡല്‍ ജീന്‍സണ്‍ രാജയിലെ കൊലയാളിയെ സൃഷ്ടിച്ചതെന്ന് മന:ശാസ്ത്ര വിദഗ്ദരുടെ കണ്ടെത്തല്‍.
ഇപ്പോള്‍ കമ്പ്യൂട്ടര്‍ ഇല്ലാത്ത വീടുണ്ടോ?
അച്ഛനും അമ്മയും ഇട്ട പേര് കൊള്ളാം കേഡല്‍ .
അവസാനം മകന്‍ ഒന്നാം തരം കേഡി ആയി.

"നാല് കൊലപാതകങ്ങള്‍ നടത്തിയിട്ടു യാതൊരു ഉളുപ്പുമില്ലാതെ നാട്ടുകാര്‍ക്കും ടി വി ചാനലുകള്‍ക്ക് മുന്നിലും എങ്ങനെ വന്നു നില്ക്കാന്‍ സാധിക്കുന്നു എന്റെ ഈശോയെ .."എന്ന് ഒരമ്മച്ചി.
"ഇത്തരം കൊച്ചുമക്കള്‍ വീട്ടിലുണ്ടോ" എന്ന് ചോദിച്ചപ്പപ്പോള്‍ അമ്മച്ചി പറയുന്നു ."അവരൊക്കെ അമേരിക്കയിലാ...അവര് നല്ല പിള്ളേരാ...ഞാന്‍ അവരുടെ അപ്പനെ കഷ്ടപ്പെട്ട് പഠിപ്പിച്ചതാ. മക്കളെ നന്നായിട്ടു വളര്‍ത്തിയാല്‍ ഇങ്ങനെ ഒന്നും സംഭവിക്കില്ല "എന്ന് അമ്മച്ചി ആണയിടുന്നു .

"ഒരു കുഞ്ഞിനെ നല്ലതാക്കുന്നതും ചീത്തയാകുന്നതും മാതാപിതാക്കളാ."അമ്മച്ചി വാചാലയാകുന്നു."ആഴ്ചയില്‍ പള്ളിയില്‍ പോകണം ദൈവ ഭയം വേണം അപ്പനോടും അമ്മയോടുമൊപ്പം ഇരുന്നു ഭക്ഷണം കഴിക്കണം.അപ്പോള്‍ ആര്‍ക്കെങ്കിലും ഇച്ചിരി കുറവുണ്ടെങ്കില്‍ അത് പങ്കു വയ്ക്കും.സ്‌നേഹം വളരും.പണ്ടൊക്കെ അങ്ങനെ ആയിരുന്നു.അച്ഛന്റെ പ്രയാസം അമ്മ അറിയുമ്പോള്‍ 'അമ്മ മക്കളോട് പറയും അച്ഛന് ജോലി കുറവായിതുടങ്ങി.നിങ്ങള്‍ നന്നായി പഠിക്കണമെന്ന്.അച്ഛന്റെ ഷര്‍ട്ട് ചെറുതാക്കി മക്കള്‍ക്ക് കൊടുക്കും .ഇന്ന് കാലം മാറി.മക്കള്‍ പറയുന്നത് വാങ്ങിക്കൊടുക്കും.ഒരു പായില്‍ കിടന്നുറങ്ങിയ കുടുംബം പല മുറികളില്‍ ആയി .മുറികള്‍ക്ക് പൂട്ട് വീണു.പിന്നെ അവരുടെ ലോകം.ഈശോയെ ലോകം പോയ പോക്കേ.."

ഒരു സാധാരണ അമ്മച്ചിയുടെ വാക്കുകള്‍ .
ഇത് വെറും വാക്കുകള്‍ അല്ല .
മാതാപിതാക്കളെ കൊല്ലാനുറച്ചു തന്നെ ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നു കെടല്‍ നടത്തിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊല നടത്തിയത്. ആദ്യം അച്ഛനെ കൊലപ്പെടുത്തി. തുടര്‍ന്ന് അമ്മയെയും കൊലപ്പെടുത്തി. തെളിവ് നശിപ്പിക്കുന്നതിനാണ് സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയത്.
വീട്ടുകാര്‍ തന്നെ വല്ലാതെ അവഗണിച്ചതിനാലാണ് കൊല നടത്തിയതെന്നും കേഡല്‍ മൊഴി നല്‍കിയതിനെ നിസാരമായി കാണരുത് .

കേഡല്‍ ജീന്‍സണ്‍ രാജയ്ക്കു നേരത്തെ തന്നെ "സ്കിസോഫ്രിനിയ "എന്ന കടുത്ത മാനസികരോഗം പ്രകടമായിരുന്നിരിക്കാമെന്ന് മാനസികാരോഗ്യ വിദഗ്ധരുടെ നിഗമനം. മാനസിക രോഗം പുറത്തറിഞ്ഞാല്‍ അതു തങ്ങളുടെ സോഷ്യല്‍ സ്റ്റാറ്റസിനെ ബാധിക്കുമെന്നു കരുതി രക്ഷിതാക്കള്‍ രോഗവിവരം മറച്ചു വച്ചതായിരിക്കാമെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.
നന്തന്‍കോട് ക്ലിഫ് ഹൗസിനുസമീപം ബെയിന്‍സ് കോമ്പൗണ്ടില്‍ 117ാം നമ്പര്‍ വീട്ടില്‍ നിഗൂഢതകള്‍ ഉണ്ടായിരുന്നുവെങ്കിലും വീട്ടുകാരായ ഡോ.ജീന്‍ പത്മയും റിട്ടേയ്ഡ് പ്രോഫസര്‍ ഡോ.എ.രാജതങ്കവും തങ്ങളുടെ മക്കള്‍ക്ക് സ്‌നേഹം വാരിക്കോരിയാണ് നല്‍കിയിരുന്നത്. മക്കളായ ഡോ.കരോളിനും കേഡല്‍ ജീന്‍സണും ഇത് ആവോളം അനുഭവിക്കുകയും ചെയ്തുവെന്നത് ബന്ധുക്കള്‍ പറയുന്നുണ്ട്.

പപ്പയും മമ്മിയും മക്കളുടെ ഇഷ്ടത്തിന് എതിര് നിന്നിട്ടില്ല. കാരോളിനെ അവര്‍ ലക്ഷ്യത്തിലെത്തിച്ചു. പക്ഷേ കേഡല്‍ ജീന്‍സണിന്റെ കാര്യത്തില്‍ അതു നടന്നില്ല.
ജീന്‍സണെ ഡോക്ടറാക്കാന്‍ ജീന്‍ പത്മ കിണഞ്ഞു പരിശ്രമിച്ചു. എന്നാല്‍ ഒരു വര്‍ഷം മെഡിക്കല്‍ പഠനം നടത്തി പിന്നീട് അതിനു ഗുഡ്‌ബൈ പറഞ്ഞു.
ബന്ധുക്കളോ നാട്ടുകാരോ കേഡലിന് മാനസികരോഗമാണെന്നു അറിഞ്ഞാല്‍ അതു തങ്ങളുടെ സ്റ്റാറ്റസിന് കോട്ടം വരുത്തുമെന്നും ഇവര്‍ കരുതിയിന്നത്രെ.

ചില ബുദ്ധി കൂടിയ അച്ഛനമ്മമാര്‍ അല്പം ബുദ്ധിക്കു കുഴപ്പമുള്ള ,അന്തര്മുഖത്ത്വവും ഉള്ള കുട്ടികളെ ചെറുപ്പത്തിലേ ,മണ്ടന്‍ ,മന്ദന്‍ ,കാലന്‍ എന്നൊക്കെ പരസ്യമായി വിളിക്കുന്നത് കേട്ടിട്ടുണ്ട്.
കുഴപ്പമുള്ള കുട്ടികളെ നമ്മോടു ചേര്‍ത്തു നിര്‍ത്തണം.അവനോടൊപ്പം എല്ലാവരും ഉണ്ടന്ന് അവനു തോന്നണം .അങ്ങനെ അല്ലെ.
ഇല്ലങ്കില്‍ അവന്‍ കാലനാകും.യാതൊരു സംശയവും വേണ്ട.അച്ഛന്റെ മഹത്വം,അമ്മയും ,അമ്മയുടെ മഹത്വം അച്ഛനും മക്കള്‍ക്ക് പറഞ്ഞു കൊടുക്കണം.മക്കളുടെ മഹത്വം കണ്ടുപിടിച്ചു പരസ്പരം ഷെയര്‍ ചെയ്യാനുള്ള മാനസികാവസ്ഥ അച്ഛനും അമ്മയ്ക്കും ഉണ്ടാകണം.
ഓട്ടിസം ബാധിച്ച സുകേഷ് കുട്ടന്‍ നമുക്ക് പ്രിയങ്കരന്‍ ആയതു എങ്ങനെ ആണ് .ആ അമ്മയുടെ പരിചരണം ,അധ്വാനം ഒക്കെ അല്ലെ.
ജനിപ്പിക്കാന്‍ കാണിക്കുന്ന ഉത്സാഹം വളര്‍ത്താനും കാണിച്ചില്ലങ്കില്‍ അവസാനം ചാക്കില്‍ കയറും .അല്ലങ്കില്‍ അവര്‍ പച്ചയ്ക്കു കത്തിക്കും ഉറപ്പ്.

പണ്ട് നമ്മുടെയൊക്കെ വീടുകളെ ധന്യമാക്കിയിരുന്നത് നമ്മുടെയൊക്കെ അയല്പക്കങ്ങള്‍ ആയിരുന്നു.ഇന്ന് അയാള്‍ പക്കങ്ങള്‍ ഇല്ല.അവിടെയെല്ലാം മതിലുകള്‍ വന്നു.പരസ്പരം കാണാതെ ആയി.നാല് പേര് മരിച്ചു കിടന്നിട്ടു ,അല്ലങ്കില്‍ കോല നടന്നിട്ടു അടുത്തുള്ളവര്‍ അറിഞ്ഞില്ല എന്ന് വച്ചാല്‍ എന്ത് അയല്‍ ബന്ധം.മക്കളുടെ തോളില്‍ ഒന്ന് കയ്യിടാന്‍ സാധിക്കാതെ ,അവനോടൊപ്പം ഒന്ന് കളിക്കുവാന്‍ മിനക്കെടാതെ,അന്തിപ്രാര്‍ത്ഥനയില്‍ അവരെക്കൂടി കൂട്ടാതെ, പണത്തിന്റെയും പ്രതാപത്തിന്റെയും പിറകെ പോകുന്ന അച്ഛനമ്മമാര്‍ക്ക് നന്തന്‍കോട്ടെ കൊലപാതകം ഒരു പാഠമായിരിക്കട്ടെ...
അച്ഛനമ്മമാര്‍ക്ക് പാഠമാകേണ്ട കൊലപാതകം (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക