Image

"പിണറായിപ്പെരുമ "പിണറായി ഗ്രാമത്തെ തെറ്റായി പ്രചിരിപ്പിച്ചവര്‍ക്കുള്ള മറുപടി

അനില്‍ പെണ്ണുക്കര Published on 14 April, 2017
"പിണറായിപ്പെരുമ "പിണറായി ഗ്രാമത്തെ തെറ്റായി പ്രചിരിപ്പിച്ചവര്‍ക്കുള്ള മറുപടി
പിണറായിപ്പെരുമ പിണറായി ഗ്രാമത്തെ തെറ്റായി പ്രചിരിപ്പിച്ചവര്‍ക്കുള്ള മറുപടിഎന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍.പിണറായിയില്‍ സംഘടിപ്പിച്ച "പിണറയിപ്പെരുമ"സാംസ്കാരികോത്സവം സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .എല്ലാവര്‍ഷവും ഒരാഴ്ചക്കാലം ഈ സര്‍ഗോത്സവം നടത്താനാണ് പരിപാടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

പിണറായി ഗ്രാമത്തെയും,കണ്ണൂര്‍ ജില്ലയേയും അക്രമത്തിന്റെയും സംഘര്‍ഷത്തിന്റെയും നാടായി പ്രചരിപ്പിക്കുവാന്‍ ഒരു വിഭാഗം മാധ്യമങ്ങളും ഒരു വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങുകയായിരുന്നു .ഇന്ന് സാംസ്കാരിക മേഖലയിലും പ്രത്യേകതരം അസഹിഷ്ണുത കടന്നുവരികയാണ് .തങ്ങള്‍ക്ക് ഹിതകരമായതേ സാംസ്കാരിക പ്രവര്‍ത്തകര്‍ പറയാവൂ എന്ന നിലപാടാണ് വര്‍ഗീയശക്തികള്‍ സ്വീകരിക്കുന്നത്. സാംസ്കാരികമേഖലയിലെ ഒട്ടേറെപേര്‍ക്ക് അത്യന്തം ഹീനമായ അനുഭവം അടുത്തകാലത്തുണ്ടായി. ജനങ്ങളുമായി അടുത്തിടപഴകുന്ന ആളെന്ന നിലയില്‍ നാട്ടില്‍ ഉയര്‍ന്നുവന്ന പ്രശ്‌നത്തില്‍ എം ടി പ്രതികരിച്ചപ്പോള്‍ അതിനോട് എത്രമാത്രം അസഹിഷ്ണുതയാണ് പ്രകടിപ്പിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം.

ആശയസംഘട്ടനത്തില്‍നിന്ന് ഒരുപടി കടന്ന് വര്‍ഗീയശക്തികള്‍ അസഹിഷ്ണുതയോടെ ഇടപെടുകയാണ്. സാംസ്കാരിക മേഖലയില്‍ സാമൂഹ്യപ്രതിബദ്ധതയോടെയുള ഇടപെടലുണ്ടായില്ലെങ്കില്‍ കാലത്തിനനുസരിച്ചുള്ള ചുമതല നിര്‍വഹിക്കാനാവില്ലെന്നും പിണറായി പറഞ്ഞു. ഇത്തരത്തിലുള്ള അസഹിഷ്ണുതകള്‍ എല്ലാം അസ്ഥാനത്താണെന്ന് "പിണറായിപ്പെരുമ "തെളിയിച്ചിരിക്കുകയാണ്.അദ്ദേഹം പറഞ്ഞു .

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയായി. കെ കെ രാഗേഷ് എംപി അധ്യക്ഷത വഹിച്ചു. ലോഗോപുരസ്കാരം പി ജയരാജന്‍ സമ്മാനിചു .ബഡ്‌സ് സ്കൂള്‍ യൂണിഫോം വിതരണം കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍വഹിച്ചൂ . അലങ്കരണ പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് സമ്മാനിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പിള്ളി ,പി.കെ .ശ്രീമതി എം.പി,സൂര്യ കൃഷ്ണമൂര്‍ത്തി സി എന്‍ ചന്ദ്രന്‍, യു ബാബുഗോപിനാഥ്, അബ്ദുള്‍ കരീം ചേലേരി, കെ ശശിധരന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

പകല്‍ മൂന്നിന് മിനി എസി ഓഡിറ്റോറിയത്തില്‍ 'മണ്‍റോ തുരുത്ത്' സിനിമയോടെയാണ് അഞ്ചാംദിവസം തുടങ്ങിയത് . മനുജോസും സംഘവും നയിക്കുന്ന കുഞ്ഞരങ്ങ്. സ്കൂള്‍ ഗ്രൌണ്ടിലെ തെരുവരങ്ങില്‍ തെരുവ് സര്‍ക്കസ്. നാട്ടരങ്ങില്‍ പടയണി. തുടര്‍ന്ന് ദിവ്യ ഉണ്ണിയുടെ ഭരതനാട്യവും സ്റ്റീഫന്‍ ദേവസിയുടെ ഫ്യൂഷന്‍ മ്യൂസികും. പത്തിന് 'ജേക്കബിന്റെ സ്വര്‍ഗരാജ്യം' സിനിമ പ്രദര്‍ശനവും നടന്നു.

ജയരാജ് വാര്യര്‍ കാണികളെ കൈയിലെടുത്തപ്പോള്‍ പിണറായി പെരുമയുടെ നടനപൂര്‍ണതയുമായി ലക്ഷ്മി ഗോപാലസ്വാമിയും വിനീതും അരങ്ങില്‍നിറഞ്ഞു. ദിവസേനയെത്തുന്ന പതിനായിരങ്ങള്‍ കലയെ, സംസ്കാരത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുവെക്കുമെന്ന് പ്രഖ്യാപിക്കുകയാണിവിടെ. മിനി എസി ഓഡിറ്റോറിയത്തില്‍ 'ഒറ്റാല്‍' സിനിമ, 'മഹേഷിന്റെ പ്രതികാരം' സിനിമ പ്രദര്‍ശിപ്പിച്ചു.
മുഖ്യവേദിയില്‍ നിഹാരിക എസ് മോഹന്റെ ഏകപാത്ര നാടകം 'മലാല അക്ഷരങ്ങളുടെ മാലാഖ' അരങ്ങേറി.

വിദ്യാഭ്യാസസ്വാതന്ത്യ്രത്തിനായി താലിബാനോട് പൊരുതി വിജയംവരിച്ച നൊബേല്‍ ജേതാവ് മലാല യൂസഫ് സായിയുടെ ജീവിതം ഭാവതീവ്രതയോടെ നിഹാരിക പകര്‍ന്നാടി. സ്റ്റുഡന്റ് കാറ്റഗറിയില്‍ കൂടുതല്‍ വേദിയില്‍ നാടകം അവതരിപ്പിച്ചതിനുള്ള യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറത്തിന്റെ റെക്കോഡ് പ്രഖ്യാപനവും വേദിയില്‍ നടന്നു. കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദനെ ചടങ്ങില്‍ ആദരിച്ചു. അഡ്വ. കെ കെ രമേഷ് അധ്യക്ഷനായി.
തുടര്‍ന്ന് ചടുല നടനവുമായി ലക്ഷ്മിഗോപാലസ്വാമിയും വിനീതും വേദിയിലെത്തി. ഭാവരാഗതാളലയങ്ങളുടെ സമ്മോഹന ചാരുതയില്‍ ഇരുവരും ഭരതനാട്യമാടിയപ്പോള്‍ നിറഞ്ഞ സദസ്സിന് ലഭ്യമായത് അര്‍ഥപൂര്‍ണമായ വിഷുക്കണി.

നാട്ടരങ്ങില്‍ വൈകിട്ട് അര്‍ജുനനൃത്തവും അരങ്ങേറി. ഗ്രാന്‍ഡ് സര്‍ക്കസിലെ കലാകാരന്മാരുടെ പ്രകടനങ്ങള്‍ കാണികളെ വിസ്മയിപ്പിച്ചു. മുഖ്യവേദിക്ക് സമീപം ഒരുക്കിയ ഭക്ഷ്യമേളയായിരുന്നു മറ്റൊരു ആകര്‍ഷണകേന്ദ്രം. മലബാറിന്റെ തനതുരുചിയുമായി ഒരുക്കിയ ഭക്ഷ്യമേളയില്‍ തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനും കലാപരിപാടികള്‍ കാണാന്‍ ഇരുന്നു.

ഒരാഴ്ച കാലം പിണറായിയുടെ പെരുമ നാടിനു മുന്നില്‍ വിളിച്ചറിയിച്ചത് ഒരു നാട്ടു സംസ്കാരത്തിന്റെ തുടിയും താളവും ആയിരുന്നു.അടുത്ത വര്‍ഷത്തെ കലാ മാമാങ്കത്തിന് കാത്തിരിക്കുകയാണ് പിണറായിയില്‍ സാധാരണ ജനങ്ങള്‍
"പിണറായിപ്പെരുമ "പിണറായി ഗ്രാമത്തെ തെറ്റായി പ്രചിരിപ്പിച്ചവര്‍ക്കുള്ള മറുപടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക