Image

നരേന്ദ്ര മോദിക്ക്‌ പിന്‍ഗാമി യോഗി ആദിത്യനാഥ്‌

Published on 16 April, 2017
നരേന്ദ്ര മോദിക്ക്‌ പിന്‍ഗാമി യോഗി ആദിത്യനാഥ്‌
 ഭുവനേശ്വര്‍: ബിജെപിയില്‍ നരേന്ദ്ര മോദി യുഗം അവസാനിച്ചാല്‍ ഇനിയാര്‌ എന്ന ചോദ്യത്തിന്‌ ഉത്തരമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ ശേഷം ബിജെപിയെ നയിക്കുക ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ആയിരിക്കും. ഒഡീഷയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തിലെ കാര്യങ്ങള്‍ അങ്ങനെയാണ്‌ പുരോഗമിക്കുന്നത്‌. 

ഒരു കാലത്ത്‌ മോദി പങ്കെടുക്കുന്ന യോഗങ്ങളില്‍ പ്രവര്‍ത്തകര്‍ ആവേശത്തോടെ വിളിച്ചിരുന്ന പേരും മോദിയുടേതായിരുന്നു. ഇന്ന്‌ മോദിക്കൊപ്പം പ്രവര്‍ത്തകര്‍ വിളിക്കുന്ന പേര്‌ യോഗി എന്നാണ്‌. ഒഡീഷ സമ്മേളനത്തില്‍ മുഖ്യ സ്ഥാനവും യോഗിക്കുണ്ട്‌.

 വിമാനത്താവളത്തില്‍ നിന്നു സമ്മേളന നഗരിയിലേക്ക്‌ നേതാക്കള്‍ കാറിലും മറ്റു വാഹനങ്ങളിലുമാണ്‌ എത്തിയത്‌. യോഗി ആദിത്യനാഥ്‌ എത്തിയപ്പോള്‍ കാണാന്‍ പ്രവര്‍ത്തകര്‍ തിരക്കുകൂട്ടി. മറ്റു നേതാക്കള്‍ എത്തിയപ്പോള്‍ ഇല്ലാത്ത തിടുക്കമായിരുന്നു പ്രവര്‍ത്തകര്‍ക്ക്‌. മുമ്പ്‌ മോദിയെത്തുമ്പോഴും ഇതായിരുന്നു അവസ്ഥ.

 ബിജെപി യോഗങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തകര്‍ക്ക്‌ ആവേശമാണ്‌ യോഗി ആദിത്യനാഥ്‌. ഉത്തര്‍ പ്രദേശില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച ശേഷം പാര്‍ട്ടി മുഖ്യമന്ത്രി പദവി ഏല്‍പ്പിച്ചത്‌ യോഗി ആദിത്യനാഥിനെ ആയിരുന്നു. ഇത്‌ ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്ന സംസ്ഥാനമാണ്‌ ഉത്തര്‍പ്രദേശ്‌. അവിടെ ബിജെപിക്ക്‌ ലഭിച്ച വിജയം നിസാര കാര്യമല്ല. അവിടുത്തെ മുഖ്യമന്ത്രിയെ നേരിട്ട്‌ കാണാന്‍ പ്രവര്‍ത്തകര്‍ക്ക്‌ താല്‍പര്യമുണ്ടാവുമെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു. 

 ഞായറാഴ്‌ച ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ സമാപന സമ്മേളനത്തില്‍ യോഗി പ്രസംഗിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക