Image

മണിപ്പൂര്‍ ബിജെപി സര്‍ക്കാരിലെ സഖ്യകക്ഷി മന്ത്രി രാജിവെച്ചു

Published on 16 April, 2017
മണിപ്പൂര്‍ ബിജെപി സര്‍ക്കാരിലെ സഖ്യകക്ഷി മന്ത്രി രാജിവെച്ചു


ഗുവാഹത്തി: സ്വന്തം വകുപ്പിലെ ബാഹ്യ ഇടപെടലില്‍ പ്രതിഷേധിച്ച്‌ മണിപ്പൂര്‍ ബിജെപി സര്‍ക്കാരിലെ ആരോഗ്യമന്ത്രി എല്‍ ജയന്ത്‌കുമാര്‍ സിങ്‌ രാജിവെച്ചു. സംസ്ഥാനത്ത്‌ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം പിന്നിടും മുമ്പാണ്‌ രാജി.
മന്ത്രിയെന്ന നിലയിലുളള തന്റെ അധികാരത്തില്‍ ചില ബാഹ്യ ഇടപെടലുകളുണ്ടെന്ന്‌ രാജി കത്തില്‍ ജയന്ത്‌കുമാര്‍ പറയുന്നു. ഇദ്ദേഹത്തിന്റെ രാജികത്ത്‌ കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി ഇന്റര്‍നെറ്റില്‍ വൈറലാണ്‌.

ആരോഗ്യ മന്ത്രിയുടെ രാജികത്ത്‌ ലഭിച്ചിട്ടില്ലെന്നും അതേ കുറിച്ച്‌ അറിയില്ലെന്നുമാണ്‌ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരന്‍ സിങ്ങിന്റെ പ്രതികരണം. ഭുവനേശ്വറില്‍ നടക്കുന്ന ബിജെപി ദേശീയ എക്‌സിക്യുട്ടീവിലാണ്‌ അദ്ദേഹം ഇപ്പോള്‍.

ബിജെപി നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമായ നാഷണല്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയുടെ എംഎല്‍എയാണ്‌ ജയന്ത്‌കുമാര്‍. 60 അംഗ നിയമസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 21 സീറ്റുകളാണ്‌ നേടിയിരുന്നത്‌. ഭൂരിപക്ഷം നേടാന്‍ വേണ്ടിയിരുന്നത്‌ 31 സീറ്റുകളും.

26 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ്‌ ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ എന്‍പിപി, നാഗാ പീപ്പിള്‍സ്‌ പാര്‍ട്ടി, ലോക്‌ ജനശക്തി പാര്‍ട്ടി എന്നിവരുടെ പിന്തുണയോടെ്‌ ബിജെപി സംസ്ഥാനത്ത്‌ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക