Image

ശബരിമലയില്‍ യുവതികള്‍ സന്ദര്‍ശനം നടത്തിയ സംഭവം; വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടതായി കടകംപള്ളി സുരേന്ദ്രന്‍

Published on 16 April, 2017
ശബരിമലയില്‍ യുവതികള്‍ സന്ദര്‍ശനം നടത്തിയ സംഭവം; വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടതായി കടകംപള്ളി സുരേന്ദ്രന്‍


തിരുവനന്തപുരം : ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ സന്ദര്‍ശനം നടത്തിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഫോട്ടോകള്‍ പ്രചരിക്കുന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സിന്‌ നിര്‍ദേശം നല്‍കിയതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

കൊല്ലത്ത്‌ വ്യവസായി ആയിട്ടുള്ള ഒരാള്‍ക്കൊപ്പമാണ്‌ യുവതികള്‍ എത്തിയതെന്ന വിവരം ലഭിച്ചിട്ടുണ്ട്‌. ഇയാള്‍ ശബരിമല ദര്‍ശനത്തിന്‌ വി.ഐ.പി സൗകര്യം ഒരുക്കി നേട്ടം ഉണ്ടാക്കുന്നുവെന്ന പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം പ്രായപരിധി പാലിച്ചുള്ള സ്‌ത്രീ പ്രവേശനത്തിന്‌ ശബരിമലയില്‍ തടസ്സമില്ലെന്നും മന്ത്രി പറഞ്ഞു.



വിഷുവിളക്ക്‌ ഉത്സവത്തോടനുബന്ധിച്ച്‌ ഈ മാസം 11 നാണ്‌ യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത്‌. പാലക്കാട്‌ സ്വദേശികളായ ഒരു സംഘം യുവതികളാണ്‌ ശബരിമലയിലെത്തിയത്‌.
പത്തിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്‌ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കരുതെന്ന ആചാരം നിലനില്‍ക്കെ യാതൊരു തടസവും കൂടാതെയാണ്‌ യുവതികള്‍ സന്നിധാനത്ത്‌ പ്രവേശിച്ചതെന്നാണ്‌ ആക്ഷേപം. 

ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.


പമ്പയില്‍ യുവതികളായ സ്‌ത്രീകളെ തടയുന്നതിന്‌ നിയോഗിക്കപ്പെട്ട പൊലീസ്‌ ഇവരെ തടഞ്ഞില്ലെന്നും ഇവര്‍ സോപാനത്തെത്തി വി.ഐ.പികളെ പോലെ ദര്‍ശനം നടത്തുകയായിരുന്നെന്നുമാണ്‌ ആക്ഷേപം.

ഇവര്‍ ദര്‍ശനം നടത്തുന്നത്‌ ശ്രദ്ധയില്‍പ്പെട്ട ചിലര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന്‌ സന്നിധാനം പൊലീസ്‌ ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടുവെങ്കിലും വയസ്സ്‌ തെളിയിക്കുന്നതിനുള്ള വ്യക്തമായ രേഖകള്‍ ഒന്നും ഹാജരാക്കാതെ ഇവര്‍ മടങ്ങിയതായാണ്‌ റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നായിരുന്നു കടംകംപള്ളി സുരേന്ദ്രന്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക