Image

മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷത്തില്‍ സന്തോഷ് പണ്ഡിറ്റ് !

Published on 17 April, 2017
മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷത്തില്‍ സന്തോഷ് പണ്ഡിറ്റ്  !

സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് മെഗാതാരം മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷത്തില്‍. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റിന്റെ മലയാളത്തിലെ മുഖ്യാധാര സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. വരലക്ഷ്മി, പൂനം ബജ്വ തുടങ്ങിയവരാണ് നായികമാരായി എത്തുന്നത്.

നേരത്തെ കൃഷ്ണനും രാധയും, ടിന്റുമോന്‍ എന്ന കോടീശ്വരന്‍ തുടങ്ങിയ ഒരുപിടി തട്ടുപ്പൊളിപ്പന്‍ സിനിമകളിലൂടെ മലയാള പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനാണ് പണ്ഡിറ്റ്. എല്ലാ ചിത്രങ്ങളിലും ക്യാമറ ഒഴികെയുള്ള എല്ലാ മേഖലകളും സ്വയം കൈകാര്യം ചെയ്താണ് പണ്ഡിറ്റ് ശ്രദ്ധേയനായത്. കൃഷ്ണനും രാധയും ഉള്‍പ്പടെയുള്ള മിക്ക ചിത്രങ്ങളും തിയ്യേറ്റര്‍ റിലീസും ചെയ്തിരുന്നു. ഇതാദ്യമായാണ് സന്തോഷ് പണ്ഡിറ്റ് താന്‍ സംവിധാനം ചെയ്യാത്ത മറ്റൊരു ചിത്രത്തില്‍ അഭിനയിക്കുന്നത്. നൂറു കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷത്തിലാകും പണ്ഡിറ്റ് എത്തുക.

ഇവരെ കൂടാതെ വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍സുരേഷ് ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, സിജു ജോണ്‍, പാഷാണം ഷാജി, ബിജു കുട്ടന്‍, അര്‍ജുന്‍, അശ്വിന്‍, ജോഗി, ദിവ്യദര്‍ശന്‍, അജ്മല്‍ നിയാസ്, സുനില്‍ സുഗദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍, മഹിമ നമ്പ്യാര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. മുന്‍ പ്രവാസിയായ സിഎച്ച് മുഹമ്മദിന്റെ റോയല്‍ സിനിമാസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമായിരിക്കും ഇത്. ഓണം റിലീസായി ചിത്രം തിയ്യേറ്ററുകളിലെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക