Image

സുകേഷ് വന്‍കിട തട്ടിപ്പുകാരന്‍; ജീവിതപങ്കാളി മലയാളി നടി

Published on 17 April, 2017
സുകേഷ് വന്‍കിട തട്ടിപ്പുകാരന്‍; ജീവിതപങ്കാളി മലയാളി നടി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു കമീഷനില്‍ ഉള്ളവരെ പാട്ടിലാക്കി രണ്ടില ചിഹ്നം സ്വന്തമാക്കാന്‍ ഇടനിലക്കാരനായി എ.െഎ.എ.ഡി.എം.കെയുടെ ഇപ്പോഴത്തെ മുടിചൂടാമന്നന്‍ ടി.ടി.വി. ദിനകരന്‍ നിയോഗിച്ചതായി പറയുന്ന ഇടനിലക്കാരന്‍ സുകേഷ് ചന്ദ്രശേഖരന് മലയാളി ബന്ധം. സുകേഷും ജീവിത പങ്കാളിയും നടിയുമായ ലീന മരിയ പോളും നിരവധി വഞ്ചനകേസുകളില്‍ പ്രതിയാണ്. 2013 ജൂലൈയില്‍ ലീനയേയും സുകേഷിനെയും ആഡംബര കാര്‍ ഇറക്കുമതി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കോടികളുടെ തട്ടിപ്പു കേസും ഇവര്‍ക്കെതിരെയുണ്ട്. ബാലാജിയെന്നും ശേഖര്‍ റെഡ്ഡിയെന്നുമൊക്കെ തരംപോലെ അറിയപ്പെടുന്ന സുകേഷിന് പ്രായം 27. ബംഗളൂരു സ്വദേശി. ഡി.എം.കെ നേതാവ് എം.കെ. അഴഗിരിയുടെ മകനാണെന്നു പറഞ്ഞുനടന്നു. െഎ.എ.എസുകാരനായും എം.പിയായുമൊക്കെ വിലസി.

അത്യാഡംബര ജീവിതം. തെക്കന്‍ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് പിടികൂടുേമ്പാള്‍ കൈത്തണ്ടയില്‍ കിടന്ന ബ്രേസ്ലെറ്റിനു മാത്രം ആറരക്കോടി വില വരുമെന്ന് പൊലീസ് പറയുന്നു. മുറിയില്‍ കണ്ടെത്തിയ പലതരം ഷൂസുകള്‍ക്ക് വിലയിട്ടത് ഏഴു ലക്ഷമാണ്. കണ്ടെടുത്തത് 1.3 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍. ഓരോ മെഴ്‌സിഡസ്, ബി.എം.ഡബ്ല്യു കാറുകള്‍ പിടിച്ചെടുത്തിരുന്നു. എം.പിയുടെ വാഹനമാണെന്ന് അതില്‍ രേഖപ്പെടുത്തിയിരുന്നു.
ബംഗളൂരുവിലും ചെന്നൈയിലുമായി 12 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുകേഷ്. വഞ്ചന മുതല്‍ വ്യാജരേഖ ചമക്കല്‍ വരെയാണ് കേസുകള്‍. ഡല്‍ഹിയില്‍ പല ഫാം ഹൗസുകള്‍ ഇയാള്‍ക്ക് ഉണ്ടെന്നു പറയുന്നു. വിപുലമായ കണ്ണികള്‍. ടി.ടി.വി. ദിനകരനുമായി നാലു വര്‍ഷത്തോളമായി അടുപ്പമുണ്ട്. 12ാം തരം കഴിഞ്ഞപ്പോള്‍ പഠിപ്പു നിര്‍ത്തി. അതിനു ശേഷം ഇടനിലക്കാരനായി രൂപാന്തരപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരും കരാറുകാരുമായുള്ള ഇടപാടുകള്‍ ഇയാള്‍ മുഖേന നടന്നുവന്നു. ഇടക്കാലത്ത് കേസില്‍ പിടിക്കപ്പെട്ട് കുറച്ചു കാലം ജയിലില്‍ കഴിഞ്ഞു.

വ്യാജ ഇന്‍ഷുറന്‍സ് പോളിസികള്‍ വിറ്റ് 3,000 കോടി രൂപയുടെ ധനികനായി മാറിയെന്ന കഥയും സുകേഷിനെക്കുറിച്ച് പൊലീസ് പങ്കുവെക്കുന്നു. വ്യാജരേഖ കൊടുത്ത് തമിഴ്‌നാട്ടില്‍ കനറ ബാങ്കില്‍നിന്ന് 19 കോടി തട്ടിയതടക്കം നിരവധി വഞ്ചനകേസില്‍ പ്രതി. ലീന മരിയ പോളിനൊപ്പം നടത്തിയ തട്ടിപ്പുകള്‍ പലതാണ്. മുമ്പ് ഡല്‍ഹി ഫാം ഹൗസില്‍ നിന്ന് ലീനയെ അറസ്റ്റു ചെയ്തപ്പോള്‍, സുകേഷ് വെട്ടിച്ചു മുങ്ങി. പിന്നീട് കൊല്‍ക്കത്തയില്‍ നിന്ന് പിടികൂടി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക