Image

എന്‍.ഡി.എക്ക് മലപ്പുറത്ത് അടിപതറി

Published on 17 April, 2017
എന്‍.ഡി.എക്ക് മലപ്പുറത്ത് അടിപതറി
ബി.ജെ.പി നേതൃത്വം നല്‍കിയ എന്‍.ഡി.എക്ക് മലപ്പുറത്ത് അടിപതറി. 970 വോട്ട് മാത്രം അധികം ലഭിച്ചത് നേതൃത്വത്തെ പോലും ഞെട്ടിച്ചു. 65,675 വോട്ടാണ് ഏഴ് മണ്ഡലങ്ങളിലും കൂടി എന്‍.ഡി.എക്ക് ലഭിച്ചത്. 2014ല്‍ 64,705 വോട്ടുകളായിരുന്നു നേടിയത്. അതേസമയം, 2014 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ ഏഴുമണ്ഡലങ്ങളിലും കൂടി 73,447 വോട്ട് ലഭിച്ച സ്ഥാനത്താണ് ഈ തിരിച്ചടി. അന്ന് ലീഡ് നല്‍കിയ പല മണ്ഡലങ്ങളിലും വോട്ടുകളില്‍ ഗണ്യമായ കുറവാണുണ്ടായത്. വള്ളിക്കുന്ന് മണ്ഡലത്തില്‍ മാത്രമാണ് ഭേദപ്പെട്ട മുന്നേറ്റം കാഴ്ച വെക്കാനായത്. 17,190 വോട്ട് വള്ളിക്കുന്നില്‍ ലഭിച്ചെങ്കിലും 2016 നിയമസഭ തെരഞ്ഞെടുപ്പിലെ കണക്ക് നോക്കുമ്പോള്‍ പിന്നിലുമാണ്. 22,887 ആയിരുന്നു നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടുനില. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 15,982 വോട്ടും ലഭിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ 11,223 വോട്ട് ലഭിച്ച മഞ്ചേരി മണ്ഡലത്തില്‍ 10,159 വോട്ടാണ് ഇത്തവണ ലഭിച്ചത്. മങ്കടയില്‍ 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 8,279 വോട്ടും 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ 6,641ഉം ലഭിച്ചപ്പോള്‍ 7,664 വോട്ടാണ് ഇക്കുറി ലഭിച്ചത്.

2014, 16 വര്‍ഷങ്ങളില്‍ പെരിന്തല്‍മണ്ണയില്‍ യഥാക്രമം 7,356ഉം 5,917ഉം ആയിരുന്നു ബി.ജെ.പി വോട്ട്. എന്നാല്‍, 7,494 വോട്ടാണ് ഇപ്പോള്‍ നേടിയത്. മലപ്പുറം മണ്ഡലത്തില്‍ ഓരോ തെരഞ്ഞെടുപ്പിലും വോട്ട് വര്‍ധിപ്പിച്ച ബി.ജെ.പിക്ക് ഇത്തവണ 6,000 വോട്ടുപോലും തികക്കാനായില്ല. 2014 ലോക്‌സഭയില്‍ 5,772, 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ 7,211 എന്നിങ്ങനെയായിരുന്നു മലപ്പുറം മണ്ഡലത്തിലെ വോട്ടുനിലയെങ്കില്‍ ഇക്കുറി അത് 5,896 ആണ്. കൊണ്ടോട്ടി മണ്ഡലത്തില്‍ 11,317 വോട്ടാണ് ഇത്തവണ ലഭിച്ചത്. 10,960, 12,513 എന്നിങ്ങനെയായിരുന്നു ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണം. ന്യൂനപക്ഷ വോട്ടുകള്‍ ഏറെയുള്ള മണ്ഡലത്തില്‍ ആ ചേരിയില്‍നിന്നുതന്നെ തങ്ങള്‍ക്ക് വോട്ടുലഭിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശും നേതാക്കളും. എന്നാല്‍, നിഷ്പക്ഷ ൈഹന്ദവവോട്ടുകള്‍ പോലും ലഭിച്ചില്ല. എങ്ങനെ നോക്കിയാലും 90,000 വോട്ടെങ്കിലും ബി.ജെ.പി പ്രതീക്ഷിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക