Image

അണ്ണാഡിഎംകെയില്‍ പൊട്ടിത്തെറി; ദിനകരന്‍ രാജിവച്ചു

Published on 18 April, 2017
അണ്ണാഡിഎംകെയില്‍ പൊട്ടിത്തെറി; ദിനകരന്‍ രാജിവച്ചു
 ചെന്നൈ: ജയലളിതയുടെ വിയോഗ ശേഷം താറുമാറായ തമിഴ്‌നാട്‌ രാഷ്ട്രീയം തിളച്ചുമറയുന്നു. അണ്ണാ ഡിഎംകെ ശശികല വിഭാഗത്തിലാണ്‌ പാളയത്തില്‍ പടയുണ്ടായിരിക്കുന്നത്‌. അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്റെ രാഷ്ട്രീയ ഭാവി ഇരുളടയുന്ന കാഴ്‌ചയാണിപ്പോള്‍. 

പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയുടെ സഹോദരീ പുത്രനാണ്‌ ടിടിവി ദിനകരന്‍. ശശികല അഴിമതിക്കേസില്‍ കര്‍ണാകട ജയിലിലേക്ക്‌ പോകും മുമ്പ്‌ തിടുക്കത്തില്‍ ദിനകരനെ പാര്‍ട്ടി ഉപാധ്യക്ഷനായി നിയമിക്കുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹം പദവി രാജി വച്ചുവെന്നാണ്‌ വിവരം.

 എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ ഇപ്പോള്‍ ദിനകരനും ശശികലയ്‌ക്കുമെതിരേ തിരിഞ്ഞിരിക്കുന്ന കാഴ്‌ചയാണിപ്പോള്‍ തമിഴ്‌നാട്ടില്‍. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അടക്കമുള്ള മന്ത്രിമാര്‍ യോഗം ചേര്‍ന്ന്‌ മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയില്‍ നിന്നു ശശികല പുറത്താക്കിയ നേതാവുമായ ഒ പനീര്‍ശെല്‍വത്തെയും കൂട്ടരെയും തിരിച്ച്‌ പാര്‍ട്ടിയിലേക്ക്‌ സ്വാഗതം ചെയ്‌തിരിക്കുകയാണ്‌. 

അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്നത്തിന്‌ വേണ്ടി ശശികല വിഭാഗവും പനീര്‍ശെല്‍വം വിഭാഗവും തമ്മില്‍ വാഗ്വാദങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന്‌ പാര്‍ട്ടിയുടെ അഭിമാന ചിഹ്നമായ രണ്ടില കിട്ടാന്‍ ദിനകരന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഉദ്യോഗസ്ഥന്‌ കൈക്കൂലി നല്‍കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നതോടെയാണ്‌ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്‌. 

സംഭവത്തില്‍ ദില്ലി പോലീസ്‌ ദിനകനെതിരേ കേസെടുത്തിരുന്നു. ദിനകരനെ ഇന്ന്‌ അറസ്റ്റ്‌ ചെയ്യുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നാണ്‌ അണ്ണാ ഡിഎംകെ ഇരുവിഭാഗം നേതാക്കളുടെ ആവശ്യം. 

ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ്‌ ശശികല. അവരെ അവിടെ ചെന്ന്‌ ദിനകരന്‍ കണ്ടു. ശേഷം ദിനകരന്‍ രാജി പ്രഖ്യാപിച്ചുവെന്നാണ്‌ വിവരം. രാജി വയ്‌ക്കുന്നത്‌ സംബന്ധിച്ച്‌ ശശികലയും ദിനകരനും ജയിലില്‍ ചര്‍ച്ച നടത്തിയിരുന്നു. ശശികല ജനറല്‍ സെക്രട്ടറി പദവിയില്‍ തുടരട്ടെയെന്നും താന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പദവി ഒഴിയാമെന്നുമാണ്‌ ദിനകരന്‍ പാര്‍ട്ടിയെ അറിയിച്ചത്‌. ദിനകരന്റെ പദവി ഒ പനീര്‍ശെല്‍വത്തിന്‌ കൈമാറാമെന്നും അദ്ദേഹം പറഞ്ഞുവെന്നാണ്‌ റിപ്പോര്‍ട്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക