Image

ശ്രീശാന്തിന്റെ വിലക്ക്‌ നീക്കിയിട്ടില്ലെന്ന്‌ ബിസിസിഐ

Published on 18 April, 2017
ശ്രീശാന്തിന്റെ വിലക്ക്‌ നീക്കിയിട്ടില്ലെന്ന്‌ ബിസിസിഐ

മുംബൈ: ഒത്തുകളിയുമായി ബന്ധപ്പെട്ട്‌ മലയാളി താരം എസ്‌ ശ്രീശാന്തിന്‌ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക്‌ പിന്‍വലിക്കാനാവില്ലെന്ന്‌ ബിസിസിഐ ഹൈക്കോടതിയില്‍. 

വിലക്ക്‌ നീക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും വിലക്ക്‌ നീക്കേണ്ടെന്ന്‌ മുന്‍ഭരണസമിതി തീരുമാനിച്ചിരുന്നതായും ബിസിസിഐ ചൂണ്ടിക്കാട്ടി.

സ്‌കോട്ട്‌ലന്‍ഡില്‍ കളിക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ശ്രീശാന്ത്‌ നല്‍കിയ ഹര്‍ജിയിലാണ്‌ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി നിലപാട്‌ വ്യക്തമാക്കിയത്‌. 

കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ബിസിസിഐ ഭാരവാഹിയുമായ ടി.സി മാത്യുവും കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്ത യോഗത്തിലാണ്‌ വിലക്ക്‌ നീക്കേണ്ടെന്ന തീരുമാനം ബിസിസിഐ കൈക്കൊണ്ടത്‌.

തനിക്ക്‌ വാദങ്ങള്‍ ഉന്നയിക്കാന്‍ മതിയായ അവസരം നല്‍കാതെ ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക്‌ പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതാണെന്ന്‌ ഹര്‍ജിയില്‍ ശ്രീശാന്ത്‌ ചൂണ്ടിക്കാട്ടിയിരുന്നു.

2013 ഐപിഎല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന്‌ ഒത്തുകളിച്ചുവെന്നാരോപിച്ച്‌ രാജസ്ഥാന്‍ റോയല്‍സ്‌ താരങ്ങളായ ശ്രീശാന്ത്‌, അങ്കിത്‌ ചവാന്‍, അജിത്‌ ചാന്‍ഡില എന്നിവരെ ദല്‍ഹി പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. 

പിന്നീട്‌ ഇവര്‍ക്കെതിരെ ഉന്നയിച്ച കുറ്റങ്ങള്‍ക്ക്‌ തെളിവില്ലെന്ന്‌ കണ്ടെത്തി കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക