Image

അറസ്റ്റിലായ വിജയ് മല്ല്യക്ക് മണിക്കൂറുകള്‍ക്കകം ജാമ്യം

Published on 18 April, 2017
അറസ്റ്റിലായ  വിജയ് മല്ല്യക്ക് മണിക്കൂറുകള്‍ക്കകം ജാമ്യം
ലണ്ടനില്‍ അറസ്റ്റിലായ വിവാദ ഇന്ത്യന്‍ വ്യവസായി വിജയ് മല്ല്യക്ക് മണിക്കൂറുകള്‍ക്കകം ജാമ്യം. ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ മല്ല്യക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസാണ് മല്ല്യയെ അറസ്റ്റ് ചെയ്തത്. 

ബ്രിട്ടീഷ് സമയം ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് മല്ല്യയെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തത്. പിന്നീട് സെന്‍ട്രല്‍ ലണ്ടന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ഇയാളെ പോലീസ് ചോദ്യം ചെയ്തു. ഇതിനുശേഷമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. മൂന്നു മണിക്കൂറാണ് മല്ല്യ പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്.
 
 ബ്രിട്ടനിലെ നിയമനടപടികള്‍ക്ക്‌ ശേഷം മാത്രമേ ഇന്ത്യക്ക്‌ കൈമാറാനുള്ള നടപടികള്‍ ആരംഭിക്കുവെന്ന്‌ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

വിജയ്‌ മല്യക്കെതിരെ ഡല്‍ഹി കോടതിയടക്കം രാജ്യത്തെ വിവിധ കോടതികളും ജാമ്യമില്ലാ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചിരുന്നു. മുംബൈയിലെ കോടതി യുബി ഗ്രൂപ്പ്‌ ചെയര്‍മാനായ വിജയ്‌ മല്യയെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു.

9000 കോടിയുടെ വായ്‌പയെടുത്ത്‌ രാജ്യത്തെ ബാങ്കുകളെ വെട്ടിച്ച്‌ നാടുവിട്ട വിജയ്‌ മല്യയെ ഇന്ത്യക്ക്‌ കൈമാറാമെന്ന്‌ ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ ഉറപ്പ്‌ നേരത്തെ കിട്ടിയിരുന്നു. എക്‌സ്‌റ്റ്രാഡിഷനുള്ള ഇന്ത്യയുടെ അപേക്ഷ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ രേഖാമൂലം അംഗീകരിച്ചതായി വിദേശകാര്യ മന്ത്രാലയവും കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരിയില്‍ മല്യയെ നാടുകടത്തണമെന്ന ഇന്ത്യയുടെ അപേക്ഷ യുകെ ഗവണ്‍മെന്റിന്റ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറിയുടെ പരിശോധനക്ക്‌ വിട്ടിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചുള്ള ബ്രിട്ടന്റെ നീക്കം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക