Image

യുക്മ ദേശീയ കായികമേള ജൂണ്‍ 24ന്; പൊതു നിയമാവലികള്‍ പുറത്തിറക്കി

Published on 18 April, 2017
യുക്മ ദേശീയ കായികമേള ജൂണ്‍ 24ന്; പൊതു നിയമാവലികള്‍ പുറത്തിറക്കി
     ലണ്ടന്‍: യുക്മ ദേശീയ കായികമേള 2017 ജൂണ്‍ 24 ന് ബെര്‍മിംഗ്ഹാമില്‍ നടക്കും. കായിക മേളയ്ക്ക് വേദിയാകുന്നത് സട്ടന്‍ കോള്‍ഫീല്‍ഡിലെ വിന്‍ഡ്‌ലി ലെഷര്‍ സെന്റര്‍ ആണ്. 

മേളയുടെ നടത്തിപ്പ് ചുമതല യുക്മ നാഷണല്‍ കമ്മിറ്റിയുടേതാണ്. റീജണല്‍ കായികമേളകളില്‍ സിംഗിള്‍ വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്കുമാണ് ദേശീയ മേളയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക. രാവിലെ 10ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. പ്രായം തെളിയിക്കുന്ന രേഖകള്‍ ഒപ്പം കരുതേണ്ടതാണ്. റീജണല്‍ തലത്തിലോ, അസോസിയേഷന്‍ തലത്തിലോ, വക്തിഗതമായോ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കാവുന്നതാണ്. വടംവലി ഒഴികെ എല്ലാ ഇനങ്ങള്‍ക്കും മൂന്ന് പൗണ്ട് ആയിരിക്കും വ്യക്തിഗത രജിസ്‌ട്രേഷന്‍ ഫീസ്. വടംവലി മത്സരത്തിന് ഒരു ടീമിന് ഇരുപത്തഞ്ചു പൗണ്ട് ആയിരിക്കും രജിസ്‌ട്രേഷന്‍ ഫീസ്. എണ്ണൂറു മീറ്റര്‍ ഓട്ടമത്സരവും 50 വയസിനു മുകളിലുള്ളവരുടെ ഗ്രൂപ്പും ഇത്തവണത്തെ മേളയുടെ പ്രത്യേകതകളാണ്. 

ശനി രാവിലെ 11ന് മാര്‍ച്ച് പാസ്‌റ്റോടെ മത്സരങ്ങള്‍ ആരംഭിക്കും. മത്സരാര്‍ഥികളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ആറുവിഭാഗങ്ങള്‍ ആയി തിരിക്കും. അതോടൊപ്പം ഒരു പൊതു വിഭാഗവും ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് മെഡലും പ്രശംസാപത്രവും നല്‍കാവുന്നതാണ്. വടംവലി വിജയികള്‍ക്ക് സമ്മാന തുകയും ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിലും കൂടുതല്‍ വിജയങ്ങള്‍ നേടുന്നവര്‍ക്ക് ചാന്പ്യന്‍ഷിപ്പും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന അസോസിയേഷനും റീജണും എവര്‍റോളിംഗ് ട്രോഫിയും സമ്മാനിക്കും.

മത്സര ഫലങ്ങളെ സംബന്ധിച്ച് റഫറിമാരുടെ തീരുമാനം അന്തിമമായിരിക്കും. എന്നാല്‍ പരാതികള്‍ പരിഹരിക്കാന്‍ ഒരു അപ്പീല്‍ കമ്മിറ്റി ഉണ്ടായിരിക്കും. അസോസിയേഷന്‍/ റീജണല്‍ തലത്തില്‍ ഉള്ള അപ്പീല്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. എല്ലാ മത്സരാര്‍ഥികളും അനുയോജ്യമായ ഷൂസ് ധരിക്കേണ്ടതാണ്. വടംവലി മത്സരത്തില്‍ ഒരു ടീമില്‍ ഏഴ് അംഗങ്ങള്‍ക്ക് പങ്കെടുക്കാം. ടീമിന്റെ പരമാവധി ഭാരം 620 കിലോ ആയി നിജപ്പെടുത്തിയിരിക്കുന്നു. ഒപ്പം രണ്ടു പകരക്കാരുടെയും പേര് നല്‍കാം. 

അപകട സുരക്ഷ മത്സരാര്‍ഥികളുടെ ചുമതലയാണ്. 16 വയസില്‍ താഴെയുള്ള കുട്ടികളുടെ സുരക്ഷ രക്ഷിതാക്കളുടെ ചുമതലയാണ്. ഓരോ റീജണും അവരവരുടെ ബാനര്‍ പ്രഥമശുശ്രൂഷാ കിറ്റ് തുടങ്ങിയവ ഒപ്പം കരുതണം. മത്സരങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ അടങ്ങുന്ന ഇമെയില്‍ എല്ലാ റീജണല്‍ കമ്മിറ്റികള്‍ക്കും എത്തിച്ചിട്ടുണ്ട്. 

വിവരങ്ങള്‍ക്ക്: ജയകുമാര്‍ നായര്‍ 07403223066.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക