Image

ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി ഗിന്നസ് റിക്കാര്‍ഡിലേക്ക്

Published on 18 April, 2017
ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി ഗിന്നസ് റിക്കാര്‍ഡിലേക്ക്

      ദോഹ: മീഡിയ പ്ലസ് പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനൊന്നാമത് എഡിഷന്‍ ആയിരം പേജുകളുമായി ലോകത്ത് ഏറ്റവും ഭാരം കൂടിയ ബിസിനസ് ഡയറക്ടറി എന്ന വിഭാഗത്തില്‍ ഗിന്നസ് റിക്കാര്‍ഡിന് പരിശ്രമിക്കുന്നതായി മീഡിയ പ്ലസ് സിഇഒ അമാനുള്ള വടക്കാങ്ങര പറഞ്ഞു.

ഗള്‍ഫ് പരസ്യ വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് സംരംഭകരുമായി നേരിട്ട് ബന്ധപ്പെടുവാന്‍ അവസരമൊരുക്കി 2007ല്‍ 282 പേജുകളുമായി തുടങ്ങിയ ഡയറക്ടറി ഓരോ വര്‍ഷവും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സജീവ പങ്കാളിത്തത്തോടെ വളരെ വേഗത്തിലാണ് ഉപഭോക്താക്കളുടെയും സംരംഭകരുടെയും ഇടയില്‍ സ്വീകാര്യത നേടിയത്. 

2006 ലാണ് മീഡിയ പ്ലസ് ടീം രംഗത്തു വന്നത്. പല കോണുകളില്‍ നിന്നും ഇത്തരമൊരു പ്രസിദ്ധീകരണത്തിന്റെ പ്രസക്തിയെക്കുറിച്ച് ആശങ്കകളുയര്‍ന്നെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോടെ ഗോദയിലേക്കിറങ്ങിയ മീഡിയ പ്ലസിനെ ഖത്തറിലെ ബിസിനസ് സമൂഹം അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്തു. ഓരോ വര്‍ഷവും ഡയറക്ടറിയുടെ രൂപഭാവത്തിലും കനത്തിലും ആശാവഹമായ മാറ്റങ്ങളുണ്ടാക്കി ഉപഭോക്താക്കളുടെയും സംരംഭകരുടെയും മനസ് കീഴടക്കാന്‍ ഡയറക്ടറിക്കായി.

കഴിഞ്ഞ 10 വര്‍ഷത്തിലധികമായി സ്‌മോള്‍ ആന്‍ഡ് മീഡിയം മേഖലയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ബിസിനസ് ഡയറക്ടറി എന്ന സ്ഥാനവും ഡയറക്ടറിക്ക് സ്വന്തം. 

ടാര്‍ജറ്റഡ് മാര്‍ക്കറ്റിനുള്ള ഇന്‍ട്രാ ഗള്‍ഫ്, ഇന്തോ ഗള്‍ഫ് ബിസിനസ് കോറിഡോറായി വികസിപ്പിച്ചെടുത്ത ഡയറക്ടറി ഖത്തറിന് പുറമെ യുഎഇ, ഒമാന്‍, സൗദി അറേബ്യ, ബഹറിന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലും ബിസിനസ് സമൂഹത്തിന്റെ അംഗീകാരം നേടിക്കഴിഞ്ഞു.

വിശദമായ മാര്‍ക്കറ്റിംഗ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് കാലിക്കട്ട് സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസിന് കീഴിലുള്ള കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പിന്റെ ഏറ്റവും നൂതനമായ മാര്‍ക്കറ്റിംഗ് ഉത്പന്നത്തിനുള്ള അവാര്‍ഡും കരസ്ഥമാക്കാനായിട്ടുണ്ട്.

ഖത്തര്‍ മാര്‍ക്കറ്റില്‍ പുതുമകള്‍ സമ്മാനിച്ച മീഡിയ പ്ലസിന്റെ മറ്റൊരു സവിശേഷ ഉപഹാരമായിരിക്കും ഗിന്നസ് റിക്കാര്‍ഡോടെ പുറത്തിറങ്ങുന്ന ഡയറക്ടറിയുടെ പുതിയ പതിപ്പ്. കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള വര്‍ധിച്ച പങ്കാളിത്തത്തോടെ ജൂണ്‍ 10ന് ഡയറക്ടറി പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി ചീഫ് എഡിറ്റര്‍ കൂടിയായ അമാനുള്ള വടക്കാങ്ങര പറഞ്ഞു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക