Image

യാത്ര മാറ്റി വയ്ക്കാന്‍ തയ്യാറാകുന്നവര്‍ക്ക് 10,000 ഡോളര്‍ വരെ നഷ്ടപരിഹാരം നല്‍കാമെന്ന് ഡെല്‍റ്റ

ഏബ്രഹാം തോമസ് Published on 19 April, 2017
യാത്ര മാറ്റി വയ്ക്കാന്‍ തയ്യാറാകുന്നവര്‍ക്ക് 10,000 ഡോളര്‍ വരെ നഷ്ടപരിഹാരം നല്‍കാമെന്ന് ഡെല്‍റ്റ
ന്യൂയോര്‍ക്ക്: റിസര്‍വേഷന്‍ ഉണ്ടായിരുന്നിട്ടും ഒരു യാത്രക്കാരനെ ബലം പ്രയോഗിച്ച് വലിച്ചിഴച്ച് ഫ്‌ളൈറ്റില്‍ നിന്ന് പുറത്താക്കിയ യുണൈറ്റഡ് എയര്‍ ലൈന്‍സിനെതിരെ വലിയ ധാര്‍മ്മികരോഷം ഉണ്ടായി. ഫ്‌ളൈറ്റ് ഓവര്‍ ബുക്ക്ഡ് ആയിരുന്നുവെന്നും യാത്ര മാറ്റി വയ്ക്കുവാന്‍ നടത്തിയ അഭ്യര്‍ത്ഥന യാത്രക്കാരന്‍ നിരസിച്ച സാഹചര്യത്തിലാണ് വിമാനത്തില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം യാത്രക്കാരനെ പുറത്താക്കേണ്ടി വന്നതെന്നും യുണൈറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നല്‍കിയ വിശദീകരണം കൂടുതല്‍ പ്രതിഷേധത്തിന് ഇടയാക്കി. മാധ്യമങ്ങളില്‍ യുണൈറ്റഡിനെ കളിയാക്കി ധാരാളം കാര്‍ട്ടൂണുകള്‍ വന്നു. എയര്‍ ലൈനിന് ഒരുപാട് ടിക്കറ്റ് കാന്‍സലേഷനുകള്‍ നേരിടേണ്ടി വന്നു. തുടര്‍ന്ന യുണൈറ്റഡിന്റെ നിരുപാധികം മാപ്പ് പറഞ്ഞു.

ഈ പശ്ചാത്തലത്തില്‍ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഓവര്‍ ബുക്കിംഗ് ഉണ്ടാകുന്ന സാഹചര്യത്തില്‍ ഡെല്‍റ്റയുടെ അഭ്യര്‍ത്ഥന മാനിച്ച് സീറ്റ് വിട്ടു നല്‍കി യാത്ര മാറ്റി വയ്ക്കുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം ഉയര്‍ത്തുവാന്‍ തീരുമാനിച്ചു.

എയര്‍പോര്‍ട്ട് ഗേറ്റുകളില്‍ നില്‍ക്കുന്ന ഡെല്‍റ്റ ജീവനക്കാരായ ഏജന്റുമാര്‍ക്ക്  2,000 ഡോളര്‍ വരെയും മാനേജര്‍മാര്‍ക്ക് 9,950 ഡോളര്‍ വരെയും നഷ്ടപരിഹാരം നല്‍കുവാന്‍ അധികാരം നല്‍കി. ഇതുവരെ ഗേറ്റ് ഏജന്റ്‌സിന് 800 ഡോളര്‍ വരെയും മാനേജര്‍മാര്‍ക്ക് 1,350 ഡോളര്‍ വരെയും നഷ്ടപരിഹാരം നല്‍കുവാനേ അധികാരം ഉണ്ടായിരുന്നുള്ളൂ.

അമേരിക്കന്‍ എയര്‍ലൈന്‍സും സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സും നല്‍കുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചിട്ടില്ല. ഈ എയര്‍ ലൈനുകള്‍ ഇടയ്ക്കിടെ നയങ്ങള്‍ മാറ്റാറുണ്ട് എന്ന വിശദീകരണം മാത്രമാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കന്‍ പറയുന്നത് കണ്‍ഫേം ചെയ്ത സീറ്റില്‍ നിന്ന് ഒരു യാത്രക്കാരനെയും മാറ്റില്ല എന്നാണ്.

ഒരു റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ വര്‍ഷം ഡെല്‍റ്റ 1, 31, 603 യാത്രക്കാരോട് യാത്ര മാറ്റി വയ്ക്കുവാന്‍ ആവശ്യപ്പെട്ടു. ഡെല്‍റ്റ ഇതു നിഷേധിക്കുകയും യാത്രക്കാരില്‍ 99 % വും നഷ്ടപരിഹാരം വാങ്ങി യാത്ര മാറ്റിവയ്ക്കുവാന്‍ തയ്യാറായി എന്ന് പറയുകയും ചെയ്തു.
എയര്‍ലൈനുകള്‍ സ്ഥിരമായി ഓവര്‍ ബുക്ക് ചെയ്യാറുണ്ട്. ക്യാന്‍സലേഷനുകള്‍ പ്രതീക്ഷിച്ചാണ് ഇങ്ങനെ ചെയ്യുന്നത്. എല്ലാവരെയും കൊണ്ടു പോകാനാവാതെ വന്നാല്‍ വൗച്ചറുകള്‍ നല്‍കിയോ നഷ്ടപരിഹാരം നല്‍കിയോ യാത്രക്കാരെ ശാന്തരാക്കുകയാണ് പതിവ്.

 കഴിഞ്ഞ വര്‍ഷം കണ്‍ഫോംഡ് ബുക്കിംഗ് ഉണ്ടായിരുന്ന 14,979 യാത്രക്കാരെ നിര്‍ദ്ദിഷ്ട ഫ്‌ളൈറ്റുകളില്‍ കയറ്റാതെ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്  ഒന്നാം സ്ഥാനത്തെത്തി.
അമേരിക്കന്‍-8312, യുണൈറ്റഡ്-3,765, എക്‌സ്പ്രസ് ജെറ്റ്-3, 182, ജെറ്റ് ബഌ- 3, 176 എന്നിവ  പിന്നാലെ എത്തി. 2017 ജനുവരിയില്‍ 227 യാത്രക്കാരെ 'പുറത്താക്കി'. അമേരിക്കന്‍ ഒന്നാമതായി. യുണൈറ്റഡ്-174, ഫ്രോണ്ടിയര്‍-96, സ്പിരിറ്റ്- 93, സൗത്ത് വെസ്റ്റ്-87, ഡെല്‍റ്റ-79 എന്നിങ്ങനെയാണ് മറ്റ് എയര്‍ലൈനുകളുടെ നില. ഷിക്കാഗോ മുതല്‍ ലൂയിസ് വില്‍ വരെയുള്ള ഒരു ഫ്‌ളൈറ്റില്‍ യുണൈറ്റഡ് മുന്നോട്ടു വച്ച 800 ഡോളര്‍ സ്വീകരിക്കുവാന്‍ യാത്രക്കാര്‍ തയ്യാറായില്ല. എയര്‍ലൈന്‍ തിരഞ്ഞെടുത്ത നാലുപേരില്‍ ഒരാളാണ് വിമാനത്തില്‍ നിന്നിറങ്ങാന്‍ മടിച്ചത്. ഇയാളെയാണ് ബലം പ്രയോഗിച്ചു പുറത്താക്കിയത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക