Image

എച്ച്‌1 എന്‍1 പനിക്ക്‌ തവളയില്‍ നിന്ന്‌ മരുന്ന്‌

Published on 19 April, 2017
എച്ച്‌1 എന്‍1 പനിക്ക്‌ തവളയില്‍ നിന്ന്‌  മരുന്ന്‌

കൊച്ചി: എച്ച്‌ 1 എന്‍ 1 പനിക്ക്‌ തവളയുടെ തൊലിപ്പുറത്തു നിന്ന്‌ മരുന്നു കണ്ടെത്തി. പശ്ചിമഘട്ട മലനിരകളിലെ ചതുപ്പു പ്രദേശങ്ങളില്‍ കാണുന്ന ഹൈഡ്രോഫിലാക്‌സ്‌ ബാഹുവിസ്‌താര എന്ന ശാസ്‌ത്രനാമത്തില്‍ അറിയപ്പെടുന്ന തവളയില്‍നിന്നാണ്‌ മരുന്ന്‌ കണ്ടെത്തിയത്‌. 

ഹൈഡ്രോഫിലാക്‌സ്‌  ബഹുവിസ്‌താര തവളയുടെ തൊലിപ്പുറത്ത്‌ ഉല്‍പാദിപ്പിക്കപ്പെടുന്ന പ്രത്യേക സ്രവത്തില്‍ എച്ച്‌ 1 എന്‍ 1 വൈറസുകളെ ഇല്ലാതാക്കാന്‍ കരുത്തുള്ള പ്രോട്ടീനുകളുണ്ട്‌.

കളരിപ്പയറ്റിലെ ഉറുമിയെ അനുസ്‌മരിച്ച്‌ ഇതിന്‌ 'ഉറുമിന്‍' എന്ന പേരു നല്‍കി. തിരുവനന്തപുരം രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലെ (ആര്‍ജിസിബി) ശാസ്‌ത്ര സംഘവും അമേരിക്കയിലെ എമറി വാക്‌സിന്‍ സെന്ററിലെ അസോസിയേറ്റ്‌ പ്രൊഫസര്‍ ജോഷി ജേക്കബും ചേര്‍ന്നു നടത്തിയ ഗവേഷണത്തിന്റെ ഫലം ഇന്ന്‌ പുറത്തിറങ്ങുന്ന പ്രശസ്‌ത ശാസ്‌ത്ര മാസികയായ 'ഇമ്യൂണിറ്റി'യില്‍ പ്രസിദ്ധീകരിക്കും.



ആര്‍ജിസിബിയിലെ ഡീന്‍ ഡോ.കെ.സന്തോഷ്‌ കുമാറിന്റെയും ശാസ്‌ത്രജ്ഞന്‍ ഡോ.സനില്‍ ജോര്‍ജിന്റെയും നേതൃത്വത്തില്‍ മുന്‍പ്‌ നടത്തിയ പഠനങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ അതിജീവിക്കാനുള്ള കരുത്ത്‌ ചേറില്‍ പുതഞ്ഞു ജീവിക്കുന്ന തവളകളുടെ ശരീരത്തിനുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതാണ്‌ പുതിയ കണ്ടെത്തലിലേക്ക്‌ നയിച്ചത്‌.

തവളകള്‍ക്കു നേരിയ ഷോക്ക്‌ കൊടുക്കുമ്പോള്‍ ഇവ ശരീരത്തില്‍നിന്നു സ്രവം പുറപ്പെടുവിക്കും. 2005ല്‍ സംസ്ഥാനത്ത്‌ എച്ച്‌1 എന്‍1 പടര്‍ന്നപ്പോഴാണ്‌ മരുന്നു ഗവേഷണങ്ങള്‍ക്ക്‌ ആര്‍ജിസിബി ഡയറക്ടര്‍ ഡോ.രാധാകൃഷ്‌ണപിള്ള ശ്രമം തുടങ്ങിയത്‌. 

തവളകളുടെ സ്രവം ഉപയോഗിച്ച്‌ എച്ച്‌ 1 എന്‍ 1 വൈറസിനെ ഇല്ലാതാക്കാമെന്ന വിലയിരുത്തലില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്കായി പ്രഫ.ജോഷി ജേക്കബിന്റെയും സഹായം തേടി. നാലു വര്‍ഷം ഗവേഷണം നീണ്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക