Image

ബാബറി മസ്‌ജിദ്‌ കേസില്‍ അദ്വാനി വിചാരണ നേരിടണം ; രാഷ്ട്രപതി മോഹത്തിന്‌ തിരിച്ചടി

Published on 19 April, 2017
ബാബറി മസ്‌ജിദ്‌ കേസില്‍ അദ്വാനി വിചാരണ നേരിടണം ; രാഷ്ട്രപതി മോഹത്തിന്‌ തിരിച്ചടി

ദില്ലി: അയോധ്യയില്‍ ബാബറി മസ്‌ജിദ്‌ തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ വിചാരണ നേരിടണമെന്ന്‌ സുപ്രീംകോടതി. എല്‍കെ അഡ്വാനി, മുരല്‍മനോഹര്‍ ജോഷി, ഉമാഭാരതി, വിനയ്‌കത്യാര്‍ തുടങ്ങി 13 പേരും വിചാരണ നേരിടണമെന്നാണ്‌ ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമക്കിയത്‌.
ഇവര്‍ക്കെതിരായ ഗൂഢാലോചന കുറ്റം റദ്ദാക്കിയ അലഹാബാദ്‌ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. 

ഗൂഢാലോചന കേസും ആക്രമണ കേസും ലഖ്‌നോ കോടതിയിലേക്ക്‌ മാറ്റി. രണ്ടു കേസുകള്‍ രണ്ടിടത്തായിട്ടായിരുന്നു ഇതുവരെ വിചാരണ നടന്നിരുന്നത്‌.



25 വര്‍ഷമായി തുടരുന്ന കേസ്‌ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന നിര്‍ദേശമാണ്‌ സുപ്രീം കോടതി മുന്നോട്ട്‌ വച്ചത്‌. രണ്ട്‌ വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണം. വാദം കേള്‍ക്കുന്ന ജഡ്‌ജിയെ സ്ഥലം മാറ്റരുത്‌. സാക്ഷികള്‍ എന്നും കോടതിയില്‍ ഹാജരാവുന്ന സാഹചര്യം ഉണ്ടാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കല്യാണ്‍ സിങ്‌ ഗവര്‍ണര്‍റായ സാഹചര്യത്തില്‍ അദ്ദേഹത്തിന്‌ വിചാരണ നേരിടുന്നതില്‍ നിന്നു ഇളവ്‌ നല്‍കിയിട്ടുണ്ട്‌. ഉമാഭാരതി നിലവില്‍ കേന്ദ്ര ജലവിഭവ മന്ത്രിയാണ്‌. ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്ന മന്ത്രിയെ ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭയില്‍ നിന്നു പുറത്താക്കുമോ എന്ന കാര്യമാണ്‌ ഏവരും ഉറ്റുനോക്കുന്നത്‌. ഉമാഭാരതിയെ പുറത്താക്കണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു.

ബാബരി മസ്‌ജിദ്‌ തകര്‍ത്ത കേസും ആക്രമണത്തിന്‌ ഗൂഢാലോചന നടത്തി എന്ന കേസുമാണ്‌ ഇപ്പോള്‍ നിലവിലുള്ളത്‌. ഒന്ന്‌ റായ്‌ബറേലി കോടതിയിലും മറ്റൊന്ന്‌ ലഖ്‌നൗ കോടതിയിലുമായാണ്‌ വിചാരണ നടക്കുന്നത്‌. ഗൂഢാലോചന കേസില്‍ അഡ്വാനി ഉള്‍പ്പെടെയുള്ള 13 ബിജെപി, ആര്‍എസ്‌എസ്‌ നേതാക്കളാണ്‌ പ്രതികള്‍. മറ്റേ കേസില്‍ ആയിരക്കണക്കിന്‌ കര്‍സേവകരാണ്‌. ഈ രണ്ടു കേസും ഇനി ലക്‌നൗ കോടതിയിലാണ്‌ നടക്കുക.


അഡ്വാനിയെ രാഷ്ട്രപതി പദവിയിലേക്ക്‌ പരിഗണിക്കുന്ന വേളയിലാണ്‌ കേസ്‌ ശക്തിപ്പെടുന്നത്‌. മുരളി മനോഹര്‍ ജോഷിയാവട്ടെ ഉപരാഷ്ട്രപതി പദവിയിലേക്കും പരിഗണിക്കപ്പെട്ടിരുന്നു. ഇനി രണ്ടുപേര്‍ക്കും പരമോന്നത പദവികളിലെത്തുന്നതിന്‌ തിരിച്ചടിയാവും. ഗൂഢാലോചന കുറ്റം ഒഴിവാക്കിയ അലഹാബാദ്‌ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.

അയോധ്യയിലെ ബാബരി മസ്‌ജിദ്‌ തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ നിന്നു അഡ്വാനിയെയും മറ്റു 12 ബിജെപി നേതാക്കളെയും കേസില്‍ നിന്ന്‌ ഒഴിവാക്കാന്‍ പറ്റില്ലെന്ന്‌ സുപ്രീംകോടതി കഴിഞ്ഞ മാസം ആദ്യവാരത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്‌. അദ്ദേഹം ഭരണഘടനാ പദവിയില്‍ നിന്നു മാറുമ്പോള്‍ വിചാരണ നേരിടണമെന്നാണ്‌ സുപ്രിംകോടതി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്‌.

അദ്വാനിക്കും മറ്റു ബിജെപി നേതാക്കള്‍ക്കുമെതിരായ ഗൂഡാലോചന വകുപ്പ്‌ നിലനില്‍ക്കില്ലെന്ന്‌ റായ്‌ബറേലിയിലെ വിചാരണ കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വിധി അലഹാബാദ്‌ ഹൈക്കോടതിയും ശരിവച്ചു. തുടര്‍ന്നാണ്‌ സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്‌.

അദ്വാനിക്കെതിരായ ഗൂഡാലോചന കേസ്‌ റദ്ദാക്കിയ വിചാരണ കോടതി മറ്റു ചിലര്‍ക്കെതിരായ നടപടി തുടരാനും നിര്‍ദേശിച്ചിരുന്നു. കര്‍സേവകര്‍ക്കും ചില ഹിന്ദു സംഘടനാ നേതാക്കള്‍ക്കുമെതിരായ കേസ്‌ തുടരാനാണ്‌ കോടതി നിര്‍ദേശിച്ചിരുന്നത്‌. അഡ്വാനിക്കും കൂട്ടര്‍ക്കുമെതിരായ കേസ്‌ കോടതി റദ്ദു ചെയ്യുകയും ചെയ്‌തു. ഇതിനെതിരേയാണ്‌ ഇപ്പോള്‍ സുപ്രീംകോടതി നിലപാട്‌ എടുത്തിരിക്കുന്നത്‌.



പള്ളി പൊളിക്കുന്നതിലേക്ക്‌ നയിച്ച സംഭവങ്ങളില്‍ അഡ്വാനിക്കും ബിജെപി നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ്‌ സിബിഐ വാദം. 1992 ഡിസംബര്‍ ആറിനാണ്‌ ബാബരി മസ്‌ജിദ്‌ പൊളിച്ചത്‌. പള്ളി നിന്ന സ്ഥലത്താണ്‌ രാമന്‍ ജനിച്ചതെന്ന്‌ രാമജന്‍മ ഭൂമി പ്രസ്ഥാനത്തിന്‌ വേണ്ടി വാദിച്ചിരുന്ന അഡ്വാനിയും മറ്റു നേതാക്കളും പറഞ്ഞിരുന്നു.

സംഭവം നടന്ന്‌ 25 വര്‍ഷമായിട്ടും ബിജെപി നേതാക്കള്‍ക്ക്‌ കേസില്‍ നിന്നു ഒഴിയാനാവില്ലെന്ന്‌ തെളിയിക്കുന്നതാണ്‌ സുപ്രീംകോടതിയുടെ വാക്കുകള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക