Image

മഹാഭാരതത്തിന്‌ കോടികളിറക്കാന്‍ നിര്‍മാതാവിനെ കിട്ടിയതെങ്ങനെ ? സംവിധായകന്‍ പറയുന്നു

Published on 19 April, 2017
മഹാഭാരതത്തിന്‌   കോടികളിറക്കാന്‍ നിര്‍മാതാവിനെ കിട്ടിയതെങ്ങനെ ? സംവിധായകന്‍  പറയുന്നു


ആയിരം കോടി രൂപ മുതല്‍മുടക്കി ഒരു ഇന്ത്യന്‍ സിനിമ ഒരുങ്ങുന്നു. അതും സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന മലയാള സിനിമാ ലോകത്ത്‌ നിന്ന്‌.

 നാല്‌ ഭാഷകളിലായിട്ടാണ്‌ ഒരുക്കുന്നത്‌ എങ്കിലും അടിസ്ഥാനം മലയാളം തന്നെയാണ്‌. അതില്‍ മോഹന്‍ലാല്‍ നായകന്‍.. ഇതെങ്ങനെ സംഭവിയ്‌ക്കുന്നു?

ബി ആര്‍ ഷെട്ടിയാണ്‌ 1000 കോടി ചെലവിട്ട്‌ മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മഹാഭാരതം നിര്‍മിയ്‌ക്കുന്നത്‌.

ഇത്രയും കോടികളിറക്കാന്‍ നിര്‍മാതാവിനെ കിട്ടിയ കഥയെ കുറിച്ച്‌ ശ്രീകുമാര്‍ പറയുന്നു.

 മഹാഭാരതം എന്ന ചിത്രം നിര്‍മിയ്‌ക്കാന്‍ ഒരു നിര്‍മാതാവിനെ കിട്ടുക എന്നത്‌ അത്ര പ്രയാസമായിരുന്നില്ല. പക്ഷെ അവര്‍ക്കൊക്കെ സ്‌ക്രിപ്‌റ്റ്‌ ഞാന്‍ വില്‍ക്കണമായിരുന്നു. അതിന്‌ എനിക്ക്‌ കഴിയില്ല. എന്റെ സ്വപ്‌നമാണ്‌ മഹാഭാരതം. പലരും എന്നെ നിരുത്സാഹപ്പെടുത്തി. 

രണ്ട്‌ രണ്ടര വര്‍ഷം നിര്‍മാതാക്കളെ തപ്പി നടന്നു. ബിആര്‍ ഷെട്ടിയെ നിര്‍മാതാവായി കിട്ടിയത്‌ ഒരു അത്ഭുതം പോലെയാണ്‌. ഒരിക്കല്‍ അദ്ദേഹവുമായുള്ള സംസാരത്തിനിടയില്‍ ഷെട്ടി തന്നെയാണ്‌ മഹാഭാരതം എന്ന വാക്ക്‌ എടുത്തിട്ടത്‌. 

എന്റെ കൈയ്യില്‍ സ്‌ക്രിപ്‌റ്റുണ്ട്‌ മഹാഭാരതത്തോടുള്ള തന്റെ പാഷനെ കുറിച്ച്‌ ബിആര്‍ ഷെട്ടി പറഞ്ഞപ്പോള്‍ എന്റെ കൈയ്യിലുള്ള സ്‌ക്രിപ്‌റ്റിനെ കുറിച്ച്‌ ഞാന്‍ സംസാരിച്ചു. 

തിരക്കഥ മുഴുവന്‍ വായിച്ച ശേഷം, എപ്പോള്‍ തുടങ്ങാനാണ്‌ ഉദ്ദേശിക്കുന്നത്‌ എന്ന്‌ അദ്ദേഹം ചോദിച്ചു. സിനിമയ്‌ക്ക്‌ ഏകദേശം 650 കോടിയോളം ചെലവ്‌ വരും, വളരെ റിയലിസ്റ്റികായി ഒരുക്കാനാണ്‌ ആഗ്രഹിയ്‌ക്കുന്നത്‌ എന്ന്‌ ഞാന്‍ പറഞ്ഞു. 

എന്തിനാണ്‌ നമ്മള്‍ ശ്രമിയ്‌ക്കുന്നത്‌ എന്നതിനെ കുറിച്ച്‌ നിങ്ങള്‍ക്ക്‌ വ്യക്തമായ ധാരണയുണ്ടോ എന്ന്‌ ഷെട്ടി എന്നോട്‌ ചോദിച്ചു. ലോകം ബഹുമാനിക്കുന്ന ക്ലാസിക്കാണ്‌ മഹാഭാരതം. 

ഇന്ത്യന്‍ പുരാണകഥകള്‍ക്കുള്ള ബഹുമാനസൂചകമായിരിക്കണം ഈ സിനിമ. കാണുന്ന പ്രേക്ഷകര്‍ക്ക്‌ ഒരു സമാധാനം അനുഭവപ്പെടണം. അല്ലെങ്കില്‍ അത്‌ ഇന്ത്യന്‍ സംസ്‌കാരത്തെ അവഗണിക്കുന്നത്‌ പോലെയാവും. തലമുറകള്‍ക്കപ്പുറവും സിനിമ അംഗീകരിക്കപ്പെടണം.

 അത്തരമൊരു സിനിമ ചെയ്യാന്‍ നിങ്ങള്‍ക്ക്‌ എത്ര കോടി വേണം എന്ന്‌ ഷെട്ടി ചോദിച്ചു. 850 എന്ന്‌ പറഞ്ഞു, 1000 തന്നു അത്രയും റിയലിസ്റ്റിക്കോടെ ചിത്രീകരിക്കണമെങ്കില്‍ ഏകദേശം 850 കോടി രൂപയോളം ചെലവ്‌ വരും എന്ന്‌ ഞാന്‍ പറഞ്ഞു. 

എന്നാല്‍ ഷെട്ടി പറഞ്ഞു, 'ഞാന്‍ നിങ്ങള്‍ക്ക്‌ 1000 കോടി രൂപ നല്‍കാം. ഇന്ത്യന്‍ സിനിമയെ ആദരിയ്‌ക്കുന്ന തരത്തിലൊരു ഇതിഹാസ ചിത്രമായി മഹാഭാരതം നമുക്കൊരുക്കാം' എന്ന്‌.

 രണ്ട്‌ വര്‍ഷം നിര്‍മാതാക്കള്‍ക്കായി ഞാന്‍ അലഞ്ഞു, എന്നാല്‍ ഒരു മാസം കൊണ്ട്‌ എല്ലാ കാര്യങ്ങളും തീരുമാനമായി ശ്രീകുമാര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക