Image

ഈസ്റ്ററിന്റെ കാതല്‍ (ഡി. ബാബു പോള്‍)

Published on 19 April, 2017
ഈസ്റ്ററിന്റെ കാതല്‍ (ഡി. ബാബു പോള്‍)
ക്രിസ്ത്യാനികളുടെ പഞ്ചാംഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ആണ് ഈസ്റ്റര്‍. അങ്ങനെ ഒരു മൂന്നാം നാള്‍ ഉണ്ടായതിനാലാണ് ദുഃഖ വെള്ളിയാഴ്ച പ്രശസ്തമായത്. ഈസ്റ്ററില്ലെങ്കില്‍ ക്രിസ്തുവിന്റെ മരണം മറ്റൊരു കഴുവേറ്റല്‍ മാത്രം ആയി ഒടുങ്ങുമായിരുന്നുവല്ലോ.

റോമാ ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിച്ചതിനെ തുടര്‍ന്ന് സൂര്യോത്സവം നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജനം അത് ഉപേക്ഷിച്ചില്ല. അപ്പോഴാണ് മാര്‍ ക്രിസോസ്റ്റം ശ്രീയേശു മാനവരാശിയുടെ മഹാസൂര്യനാണെന്നും അതുകൊണ്ട് സൂര്യോത്സവം ശ്രീയേശുവിന്റെ ജന്മനാള്‍ ആയി സങ്കല്‍പിക്കാമെന്നും പ്രസംഗിച്ചത്. അടിച്ച വഴിയെ പോകാത്തതിനെ പോയ വഴിയെ അടിക്കാം എന്ന് ചക്രവര്‍ത്തിയും നിശ്ചയിച്ചു. അങ്ങനെ യഹൂദരല്ലാതിരുന്ന പാശ്ചാത്യ െ്രെകസ്തവര്‍ക്ക് ക്രിസ്മസ് വലിയ പെരുനാളായി. ഒരായിരം കൊല്ലം കഴിഞ്ഞപ്പോള്‍ അവര്‍ കൊളൊണിയല്‍ ശക്തികളായി. അതോടെ അവരുടെ ക്രിസ്മസ് ലോകവ്യാപകമായി. പൗരസ്ത്യ സഭകള്‍ അതുവരെ ആഘോഷിച്ചിരുന്ന എപ്പിഫനി– രാക്കുളിപ്പെരുനാള്‍– അങ്ങനെ ക്രമേണ അസ്തപ്രഭമായി. കോളനികളിലെ അെ്രെകസ്തവര്‍ക്കാകട്ടെ അധികാരികളുടെ ഉത്സവം നാട്ടുനടപ്പുമായി. അങ്ങനെയാണ് ഈസ്റ്റര്‍ ക്രിസ്മസിനെക്കാള്‍ ചെറിയ പെരുനാള്‍ ആയി ഭവിച്ചത്.

ഈസ്റ്റര്‍ എന്ന പേരിനും ഉണ്ട് ഒരു പശ്ചാത്തലം. അത് ക്രിസ്തുമതം ഇംഗ്ലണ്ടില്‍ എത്തിയതുമായി ബന്ധപ്പെട്ടിരിക്കുന്നു. ജര്‍മ്മനിയിലെ ഒസ്റ്റാറൂണ്‍ (ആധുനിക ജര്‍മ്മന്‍ പദം ഓസ്‌റ്റേണ്‍), ലിത് വേനിയയിലെ ഔസ്ത്രാ എന്നിവ പ്രഭാതദേവിയെ സൂചിപ്പിച്ചിരുന്നു. ഓള്‍ഡ് ഇംഗ്ലീഷില്‍ അത് ഈസ്‌ത്രെ എന്നായി. ഈസ്‌ത്രെ ദേവിയുടെ ഉത്സവം ഏപ്രില്‍ ആയിരുന്നു. അന്ന് ആ മാസത്തിന് ഇംഗ്ലണ്ടില്‍ ഈസ്‌ത്രെ മാസം എന്നായിരുന്നു പേര്. ബീഡ് എന്ന പുണ്യപുരുഷന്‍ ഈസ്‌ത്രെ മാസത്തെ പെസഹാമാസം എന്ന് വിളിച്ചു. പതിന്നാലാം നൂറ്റാണ്ടോടെ അത് ഈസ്റ്റര്‍ എന്നായി. മധ്യകാലഭാഷയില്‍ (മിഡില്‍ ഇംഗ്ലീഷ് എന്നാണ് ഇംഗ്ലീഷ് പഠിച്ചിട്ടുള്ളവര്‍ പറയുക.)

കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ഇക്കൊല്ലത്തെ ഈസ്റ്റര്‍. ഭൂരിപക്ഷം െ്രെകസ്തവര്‍ക്കും ജൂലിയന്‍ കലണ്ടര്‍ ആചരിക്കുന്നവര്‍ക്ക് തീയതി മാറും. അത് മറ്റൊരു കഥ.

മരണത്തെ അതിജീവിക്കുക എന്നത് മനുഷ്യന്‍ എന്നും സ്വപ്നം കണ്ടിരുന്നു. ഋതുഭേദങ്ങള്‍ വിശദീകരിക്കുവാന്‍ പ്രാചീന സമൂഹങ്ങള്‍ നെയ്‌തെടുത്ത കഥകളില്‍ പുനരുത്ഥാനം അവിഭാജ്യഘടകമാണ്. ദേവീദേവന്മാര്‍ മരിക്കുകയും പുനരുത്ഥാനം ചെയ്കയും ചെയ്യുമെന്നു പറഞ്ഞവര്‍ തങ്ങളുടെ സ്വകാര്യ മോഹങ്ങള്‍ ഉദാത്തീകരിക്കയായിരുന്നിരിക്കാം..

ഗ്രീക്കുചിന്തയില്‍ ശരീരം തൃജിക്കുന്നത് കാമ്യമായി കരുതപ്പെട്ടിരുന്നു. ആത്മാവ് ശരീരത്തില്‍ നിന്ന് മുക്തി നേടുന്ന പ്രതിഭാസമാണ് മരണം എങ്കില്‍ പുനരുത്ഥാനം കാമ്യമാവുകയില്ല. അതുകൊണ്ടാവണം ഗ്രീക്കുകാര്‍ പുനരുത്ഥാനത്തില്‍ വിശ്വസിക്കാതിരുന്നത്. ഏതന്‍സിലെ അരയോ പാഗക്കുന്നില്‍ പൗലോസ് നടത്തിയ വിഖ്യാതമായ പ്രസംഗം കേട്ടവരില്‍ ചിലര്‍ പരിഹസിച്ചു. പരിഹസിക്കാതിരുന്നവരാകട്ടെ ‘‘ഞങ്ങള്‍ പിന്നെ വീണ്ടും കേള്‍ക്കാം.’’ എന്ന് ഭംഗിവാക്ക് പറഞ്ഞ് തടിതപ്പുകയും ചെയ്തു.

യഹൂദന്മാര്‍ പുനരുത്ഥാനത്തില്‍ പൊതുവെ വിശ്വസിച്ചിരുന്നു. ഭൗതിക ശരീരത്തോടെ ഉള്ള പുനരുത്ഥാനം ആയിരുന്നു അവരുടെ സങ്കല്പം. എന്നാല്‍ ബൈബിളിലെ പഴയ നിയമത്തില്‍ പുനരുത്ഥാനത്തെക്കുറിച്ച് ഏറെയൊന്നും പറയുന്നില്ല. ഏലിയായുടെയും ഏലീശായുടെയും വീരഗാഥകളില്‍ പറയുന്നത് യേശു ക്രിസ്തു തന്റെ മനുഷ്യാവതാരനാളുകളില്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങളിലെന്നത് പോലെ ഏത് ജീവിതത്തില്‍ നിന്ന് നിഷ്ക്രമിച്ചുവോ ആ ജീവിതത്തിലേയ്ക്ക് മടങ്ങി വരുന്ന – മടക്കി വരുത്തുന്ന– സംഭവങ്ങളെക്കുറിച്ചാണ്. നയീനിലെ യുവാവും യായീറോസിന്റെ പുത്രിയും ലാസര്‍ തന്നെയും ഇഹലോകത്തിലേയ്ക്കാണ് തിരിച്ചെത്തിയത്. അവര്‍ യഥാകാലം സ്വാഭാവികമരണം പ്രാപിച്ചിരിക്കണം. നിത്യതയിലേയ്ക്കുള്ള പുനരുത്ഥാനം ആയിരുന്നില്ലല്ലോ അവര്‍ നേടിയത്. യെഹസ്‌ക്കേല്‍(എസക്കിയേല്‍) പ്രവചനത്തില്‍ പുനരുത്ഥാനം ഒരു പ്രതീകമായി കാണുന്നുണ്ട്. ദാനിയേല്‍ പ്രവചനത്തിലെ ഒരു വാക്യം ആണ് എന്റെ സ്വര്‍ഗ്ഗസ്ഥ പത്‌നിയുടെ കബറില്‍ ഞാന്‍ കൊത്തിവച്ചിട്ടുള്ളത്. ‘‘ നീ വിശ്രമിക്കുക, കാലാവസാനത്തില്‍ നീ എഴുന്നേല്‍ക്കും.’’ ഇങ്ങനെ വ്യാഖ്യാനിച്ചെടുക്കാവുന്ന പരാമര്‍ശങ്ങള്‍ വേറെയും കാണാം. എന്നാല്‍ മനുഷ്യാവതാരകാലത്ത് പോലും യഹൂദന്മാര്‍ക്കിടയില്‍ പൂര്‍ണ്ണ സ്വീകാര്യത ലഭിക്കാതിരുന്നതാണ് പുനരുത്ഥാന സങ്കല്പം എന്നതിന് സദൂക്യര്‍’’ സാക്ഷി.

െ്രെകസ്തവ ദര്‍ശനത്തിലാണ് നിസ്തുലമായ ഒരു തലത്തിലേയ്ക്ക് പുനരുത്ഥാന സങ്കല്പം എത്തിച്ചേരുന്നത്. സെന്റ് പോളിന്റെ ഭാഷയില്‍ മരിച്ചവര്‍ക്കിടയില്‍ ക്രിസ്തു ആണ് ആദ്യഫലം. നിലവിലിരിക്കുന്ന ധാരണയ്ക്ക് പ്രഗത്ഭനും പണ്ഡിത പ്രകാണ്ഡവും ആയിരുന്ന പൗലോസ് നിര്‍വ്വചനം നല്‍കി എന്ന് കരുതിയാല്‍ മതി.

വെളിപാടുപുസ്തകത്തില്‍ കാണുന്ന ഒരു വാങ്മയം ഉണ്ട്. അവിടെ രണ്ടാം മരണത്തിന് വിധിക്കപ്പെടാത്തവര്‍ അനുഭവിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും പറുദീസയുടെ ആദിസങ്കല്പത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്.

െ്രെകസ്തവ വീക്ഷണപ്രകാരം അതായത് ഭാവിയിലെ പുനരുത്ഥാനത്തിന്റെ സമകാലഭാവം ആസ്വദിക്കാന്‍ വിളിക്കപ്പെട്ടവരാണ് മനുഷ്യര്‍. നാം ക്രിസ്തുവിനോട് കൂടെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അതുകൊണ്ട് ഉയരങ്ങളിലുള്ളത് അന്വേഷിക്കുകയാണ് നമുക്ക് കരണീയം. ഭൂമിയിലുള്ളതിലുപരി ഉയരത്തിലുള്ളത് ചിന്തിക്കുവാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു എന്ന് പൗലോസ് പറയുന്നുണ്ട്. അതുകൊണ്ട് നാം പഴയ മനുഷ്യന്റെ പ്രവൃത്തികള്‍ ഉരിഞ്ഞു കളഞ്ഞ് പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യന്‍ ആകേണ്ടിയിരിക്കുന്നു.

ഈസ്റ്റര്‍ കേവലം ഒരു വാര്‍ഷികാചരണമല്ല. അത് ദൈനംദിന ജീവിതത്തിന്റെ അടയാളപ്പലകയാണ്. ആ അടയാളപ്പലക ദൃശ്യമാകുവാനും ആ വഴിയെ യാത്ര ചെയ്യുവാനും ഈ കാലഘട്ടം നമുക്ക് പ്രചോദനമാവണം. അത് അടയാളപ്പലകയാണെന്നും വഴി നാം തന്നെ താണ്ടേണ്ടതുണ്ടെന്നും ഓര്‍മ്മിക്കുന്നവരാണ് പുനരുത്ഥാനത്തിന്റെ അരൂപി സ്വാംശീകരിക്കുക.

ഋഗ്വേദത്തില്‍ പറയുമ്പോലെ

സ്വസ്തി പന്ഥാ മനുചരേമ (മംഗള മാര്‍ഗ്ഗത്തിലെ പഥികരാവുക നാം) ; സംഗച്ഛധ്വാം (ഐക്യത്തോടെയാവട്ടെ ആ സഞ്ചാരം) ; സംവദധ്വം (ഐക്യത്തോടെ നമുക്ക് സംസാരിക്കാം.) ഇത് ഒരു ദിവസത്തെ ഉത്സവമല്ല. ഓരോ ദിവസത്തെയും ധര്‍മ്മമാണ്. അതു തന്നെയാണ് ഈസ്റ്ററിന്റെ കാതലും.

(കടപ്പാട്: മനോരമ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക