Image

മൂന്നാറില്‍ കൈയേറ്റ ഭൂമിയിലെ കുരിശ്‌ പൊളിച്ചുനീക്കി; ഷെഡുകള്‍ കത്തിച്ചു; പ്രദേശത്ത്‌ നിരോധനാജ്ഞ

Published on 20 April, 2017
മൂന്നാറില്‍ കൈയേറ്റ ഭൂമിയിലെ കുരിശ്‌ പൊളിച്ചുനീക്കി; ഷെഡുകള്‍ കത്തിച്ചു;  പ്രദേശത്ത്‌ നിരോധനാജ്ഞ


മൂന്നാറില്‍ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി തുടങ്ങി. സൂര്യനെല്ലി, പാപ്പാത്തിചോല എന്നിവിടങ്ങളിലെ കയ്യേറ്റങ്ങളാണ്‌ ദേവികുളം അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുളള വന്‍ സംഘം ഇന്നു രാവിലെ മുതല്‍ ഒഴിപ്പിച്ചത്‌.

 വഴിയിലുടനീളം ഇവരെ തടയാനായുളള ശ്രമങ്ങള്‍ നടന്നു. മാര്‍ഗതടസമുണ്ടാക്കാനായി വഴിയില്‍ വാഹനങ്ങള്‍ കൊണ്ടിട്ടിരുന്നു. ജെസിബി ഉപയോഗിച്ച്‌ വഴിയിലുണ്ടായിരുന്ന വാഹനങ്ങള്‍ മാറ്റിയതിന്‌ ശേഷമാണ്‌ സംഘം മുന്നോട്ട്‌ നീങ്ങിയത്‌.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ സ്ഥലത്ത്‌ പൊലീസ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്‌. ജെസിബി അടക്കമുളള വന്‍ സന്നാഹത്തോടെയാണ്‌ ഒഴിപ്പിക്കല്‍ സംഘം കൈയേറ്റ ഭൂമിയില്‍ എത്തിയത്‌. 

 പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി സ്ഥാപിച്ച ഭീമന്‍ കുരിശ്‌ റവന്യൂസംഘം പൊളിച്ചുമാറ്റി. 
 വഴിയില്‍ തടസവുമായി എത്തിയ പ്രതിഷേധക്കാരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു നീക്കുകയും ചെയ്‌തു. സൂര്യനെല്ലിക്ക്‌ സമീപമുളള പാപ്പാത്തിചോലയിലാണ്‌  കൈയേറ്റം. 

നേരത്തെ രണ്ടുതവണയും ഇവിടെ ഒഴിപ്പിക്കാന്‍ എത്തിയ സര്‍ക്കാര്‍ ജീവനക്കാരെ ഗുണ്ടകള്‍ തടഞ്ഞിരുന്നു.   ഇവിടെ നൂറിലേറെ ഏക്കര്‍ ഭൂമിയാണ്‌ കൈയേറിയിരുന്നത്‌. ഇവിടെയുണ്ടായിരുന്ന താത്‌കാലിക ഷെഡുകള്‍ ഭൂസംരക്ഷണ സേന കത്തിച്ചു കളഞ്ഞു.

ചിന്നക്കനാല്‍ ഭാഗത്തെ 34/1 എന്ന സര്‍വെ നമ്പരിലുളള സ്ഥലമാണിത്‌. ഇവിടെ നിലവില്‍ സര്‍ക്കാര്‍ ആര്‍ക്കും ഭൂമി പതിച്ചുനല്‍കിയിട്ടില്ല. ഇവിടെയാണ്‌ വലിയ ഇരുമ്പ്‌ ഗര്‍ഡറില്‍ കോണ്‍ക്രീറ്റിലുറപ്പിച്ച കൂറ്റന്‍ കുരിശ്‌ സ്ഥാപിച്ചത്‌. ഇതിനു ചുറ്റുമുളള ഏക്കര്‍ കണക്കിന്‌ സ്ഥലവും കൈയേറ്റക്കാര്‍ സ്വന്തമാക്കിയിട്ടുണ്ട്‌. കൂടാതെ ഇവിടെ ഒരു കെട്ടിടവും നിര്‍മ്മിച്ചിട്ടുണ്ട്‌. 

കുരിശ്‌ സ്ഥാപിച്ചുളള കൈയേറ്റം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്‌ ഉടുമ്പന്‍ചോല അഡീഷണല്‍ തഹസില്‍ദാര്‍ ദേവികുളം സബ്‌കളക്ടര്‍ശ്രീറാം വെങ്കിട്ടരാമന്‌ ഇത്‌ സംബന്ധിച്ച റിപ്പോര്‍ട്ട്‌ നേരത്തെ കൈമാറിയിരുന്നു. തുടര്‍ന്ന്‌ കുരിശ്‌ പൊളിച്ചുമാറ്റി സ്ഥലം ഒഴിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. രണ്ടുതവണ ഇതിനുളള നീക്കം നടത്തിയെങ്കിലും പ്രതിഷേധം ഉണ്ടായി. ഇതിനെ തുടര്‍ന്നാണ്‌ ഇപ്പോഴത്തെ ഒഴിപ്പിക്കല്‍ നടപടി.



 മൂന്നാര്‍ ദൗത്യത്തിന്‌ നേതൃത്വം നല്‍കുന്ന സബ്‌കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടേയും പോലീസിന്റെയും സംഘമാണ്‌ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. പ്രദേശത്ത്‌ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്‌. വിശ്വാസികള്‍ സംഘര്‍ഷമുണ്ടാക്കാനുള്ള സാധ്യതയുള്ളതിനാലാണ്‌ നിരോധനാജ്ഞ. 

 ഭീമന്‍ കുരിശ്‌ പൊളിക്കുന്നത്‌ അറിഞ്ഞ്‌ വിവിധയിടങ്ങളില്‍ നിന്നും ഇവിടേക്ക്‌ വിശ്വസികളുടെ വന്‍ ഒഴുക്കാണുള്ളത്‌. എന്നാല്‍ നിരോധനാജ്ഞ ഉള്ളതിനാല്‍ പോലീസ്‌ ഇവരെ സ്ഥലത്തേക്ക്‌ കടത്തിവിടാതെ തടയുകയാണ്‌. ഇന്ന്‌ പുലര്‍ച്ചെയോടെയാണ്‌ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയത്‌. 

 

കുരിശ്‌ സ്ഥാപിച്ചുള്ള കയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന്‌ ഉടുമ്പന്‍ചോല അഡീഷണല്‍ തഹസീല്‍ദാര്‍ കൂടിയായ ദേവികുളം സബ്‌കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന്‌ കുരിശ്‌ പൊളിച്ചുമാറ്റി സ്ഥലം ഒഴിപ്പിക്കാന്‍ ഉത്തരവായി. 

 ഏപ്രില്‍ 12ന്‌ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ്‌ കളക്ടര്‍ അടങ്ങുന്ന സംഘത്തിന്‌ നേരെ സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ മുന്നൂറ്‌ വണ്ടിയോളം പോലീസാണ്‌ ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി മൂന്നാറിലെത്തിയിരിക്കുന്നത്‌. 

എറണാകുളം റേഞ്ച്‌ ഐജി പി വിജയനാണ്‌ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളെ സഹായിക്കാന്‍ പ്രത്യേക പോലീസ്‌ സംഘത്തെ നിയോഗിച്ചിരിക്കുന്നത്‌. ദേവീകുളത്ത്‌ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളില്‍ പോലീസിന്റെ ഭാഗത്ത്‌ നിന്നും ഗുരുതര വീഴ്‌ച സംഭവിച്ചുവെന്ന്‌ സബ്‌കളക്ടര്‍ നേരത്തെ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.

 ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന്‌ മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത നിര്‍മ്മാണങ്ങളുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഇതു പ്രകാരമാണ്‌ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ക്ക്‌ തുടക്കമിട്ടിരിക്കുന്നത്‌. റവന്യൂ വകുപ്പിന്റെയും മന്ത്രിയുടെയും പൂര്‍ണ പിന്തുണ നടപടിക്കുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക