Image

ചെക്ക് കാഷിംഗ് സെന്റര്‍: ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരുടെ അഭയകേന്ദ്രം (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 20 April, 2017
 ചെക്ക് കാഷിംഗ് സെന്റര്‍: ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരുടെ അഭയകേന്ദ്രം (ഏബ്രഹാം തോമസ്)
ബാള്‍ട്ടിമോര്‍: തന്റെ ബ്രൂക്ക്‌ലിന്‍ പാര്‍ക്കിലെ സ്ഥാപനത്തിന്റെ കണ്ണാടി ചില്ലകളിലെ അകലെ നിന്ന് നടന്നു വരുന്ന റോയ് വാസ്മസിനെ കണ്ട് ചാര്‍ളി വാര്‍ഡ് പറഞ്ഞു: 'ദാ വരുന്നു എന്റെ സ്ഥിരം കസ്റ്റമര്'. സ്ഥാപനത്തിന് അകത്തെത്തിയ വാസ്മസിനെ വാര്‍ഡ് ആലിംഗനം ചെയ്ത് സ്വാഗതം ചെയ്തു. കഴിഞ്ഞ മുപ്പതു വര്‍ഷമായി ഈ ചെക്ക് കാഷിംഗ് (ചെക്ക് കാഷര്‍ എന്നും പേഴ്‌സണല്‍ ബാങ്കര്‍ എന്നും അമേരിക്കയില്‍ അറിയപ്പെടുന്നു. സ്ഥാപനത്തിന്റെ ഇടപാടുകാരനാണ് വാസ്മസ്. പേ ചെക്കുകള്‍ കാഷ് ചെയ്യുവാനും മണി ഓര്‍ഡറുകള്‍ അയയ്ക്കുവാനും ഇയാള്‍ വാര്‍ഡിന്റെ സ്ഥാപനം ഉപയോഗിക്കുന്നു.

ബാള്‍ട്ടിമോര്‍ നിവാസികളില്‍ 25% ത്തിനും ബാങ്ക് അക്കൗണ്ടില്ല. മറ്റു ചിലര്‍ അക്കൗണ്ടുകള്‍ വിപുലമായി ഉപയോഗിക്കുന്നില്ല. ഇവരൊക്കെ പണമിടപാടുകള്‍ നടത്തുന്നത് മറ്റ് സംവിധാനങ്ങളിലൂടെയാണ്. ചിലര്‍ പ്രീപെയ്ഡ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നു.
വേതനദിവസം കടം നല്‍കുന്നവരി(പേഡേ ലെന്‍ഡേഴ്‌സ്)ല്‍ നിന്ന് വ്യത്യസ്തമാണ് ചെക്ക് കാഷേഴ്‌സ്. ഇവര്‍ ഇടപാടുകാരുടെ ബില്ലുകള്‍ അടയ്ക്കുവാനും മണി ഓര്‍ഡര്‍, വയര്‍ ട്രാന്‍സ്ഫര്‍ എന്നിവ അയയ്ക്കുവാനും സൗകര്യം ചെയ്യുന്നു. അതിനാല്‍ കുടിയേറ്റക്കാര്‍ക്കും ഇവരുടെ സേവനം സ്വീകാര്യമാണ്.

കുറെയധികം വര്‍ഷങ്ങളായി ഉപഭോക്താക്കളുടെ വക്താക്കള്‍ കുറഞ്ഞ വരുമാനക്കാരുടെ ഒരു പ്രധാനപ്രശ്‌നം ചെക്ക് കാഷേഴ്‌സ് ആണെന്ന് പറഞ്ഞിരുന്നു. ഉയര്‍ന്ന ഫീസ് ചുമത്തുകയും നിലവാരം ഇല്ലാത്ത സാമ്പത്തിക ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയും ആണ് ഇവ ചെയ്യുന്നത് എന്നാരോപിച്ചിരുന്നു. എന്നാല്‍ ഗവേഷകര്‍ കണ്ടെത്തിയത് ഫീസ് ഉപഭോക്താക്കള്‍ കാര്യമാക്കുന്നില്ല, അവര്‍ വേണ്ട പരിചിതത്വം, സൗകര്യം ലാളിത്യം എന്നിവ ബാങ്കുകളേക്കാള്‍ ചെക്ക് കാഷേഴ്‌സ് നല്‍കുന്നു എന്നാണ്. ജനങ്ങളില്‍ ഇവയ്ക്കുള്ള സ്ഥാനം നിഷേധിക്കുവാന്‍ സമൂഹത്തിന് കൂടുതല്‍ ബോധവല്‍ക്കരണം നടത്തണമെന്നും സമൂഹത്തിന്റെ സാമ്പത്തികാവസ്ഥയ്ക്ക് സ്ഥിരത ഉണ്ടാവണമെന്നും വാദമുണ്ട്. ബാങ്ക് അക്കൗണ്ടിലൂടെ ക്രെഡിറ്റ് കെട്ടിപ്പടുക്കുവാനും കടം നേടാനും ധനം മിച്ചം വയ്ക്കുവാനും കഴിയും.

1980 കളില്‍ ബാങ്ക് ഡീ റെഗുലേഷന്‍ സംഭവിക്കുകയും പ്രധാനമായും താണവരുമാന പ്രദേശങ്ങളില്‍ ബാങ്ക് ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുകയും ചെയ്തപ്പോഴാണ് ചെക്ക് കാഷേഴ്‌സിന് ഉദയം ഉണ്ടായത്. വംശീയ, വര്‍ഗ വ്യത്യാസമില്ലാതെ താണ വരുമാനപ്രദേശത്ത് ഇവ വ്യാപിച്ചു. വാര്‍ഡിന്റെ സ്ഥാപനത്തില്‍ എത്തുന്നവരില്‍ 30% ന് എങ്കിലും ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം എന്ന് അയാള്‍ പറയുന്നു. എന്നാല്‍ അവര്‍ക്ക് ലഭിക്കുന്ന ഊഷ്മളതയും വര്‍ഷങ്ങളായി തുടരുന്ന സൗഹൃദവും ബാങ്കില്‍ നിന്ന് ലഭിക്കാത്തതാണ് തന്റെ സ്ഥാപനത്തെ അവര്‍ ഇഷ്ടപ്പെടുന്നതിന് കാരണം.

ചെക്ക് കാഷ് ചെയ്യാന്‍ അയാള്‍ 1.5 % മുതല്‍ 2 % വരെ ചാര്‍ജ് ചെയ്യുന്നു. 100 ഡോളറില്‍ കുറഞ്ഞ ചെക്കിന് ഒരു ഡോളറാണ് ഫീസ്. മണി ഓര്‍ഡറുകള്‍ 25 സെന്റ്, പ്രീപെയ്ഡ് കാര്‍ഡ് 2 ഡോളര്‍ എന്നിങ്ങനെ നിരക്കുകള്‍ അറിയിച്ച് സ്ഥാപനത്തില്‍ ഫ്‌ളൈയറുകളുണ്ട്. ബസ് പാസ്സുകള്‍, വയര്‍ ട്രാന്‍സ്ഫര്‍, യൂട്ടിലിറ്റി ബില്ലുകള്‍(വൈദ്യുതി, വെള്ളം എന്നിവയ്ക്ക് അടയ്‌ക്കേണ്ടത്) എന്നിവയ്ക്ക് വ്യത്യസ്ത ചാര്‍ജ്ജുകളാണ്. ഒരു ബാങ്കില്‍ നിങ്ങള്‍ക്ക് ഇത്രയുമൊന്നും സേവനം ലഭിക്കുകയില്ലെന്ന് ചെക്ക് കാഷിംഗ് വ്യവസായത്തെക്കുറിച്ച് പഠിക്കുവാന്‍ നാലുമാസം സൗത്ത് ബ്രോണ്‍ക്‌സിലെ ഒരു ചെക്ക് കാഷിംഗില്‍ ജോലി ചെയ്ത യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വേനിയയിലെ സിറ്റി പ്ലാനിംഗ് പ്രൊസഫര്‍ ലിസ സെര്‍വോണ്‍ പറയുന്നു. ഒരു ചെക്കിംഗ്(ഇന്ത്യയിലെ സേവിംഗ്‌സ് ബാങ്ക്) അക്കൗണ്ട് തുറന്നാല്‍ പോലും നിങ്ങള്‍ക്ക് 45 പേജിന്റെ ഡിസ്‌ക്ലോഷര്‍ ലഭിക്കും, ലിസ തുടര്‍ന്നു.

ഒരു അക്കൗണ്ട് തുറക്കുവാന്‍ ബാങ്ക് ആവശ്യപ്പെടുന്ന രേഖകള്‍ ഇല്ലാത്തവര്‍ക്കും ചെക്ക് കാഷേഴ്‌സ് പോയി ചെക്ക് കാഷ് ചെയ്യാം. പേ ചെക്ക് ടു പേ ചെക്കിലാണ് പലരും ജീവിക്കുന്നത്. ഇവര്‍ക്ക് പേ ചെക്ക് ബാങ്കില്‍ നിക്ഷേപിച്ച് പണം പിന്‍വലിക്കുവാന്‍ കാത്തിരിക്കുക പ്രയാസമാണ്. ഉടനെ പണം വേണമെങ്കില്‍ ഫീസ് നല്‍കി ഓവര്‍ ഡ്രാഫ്‌റ്റെടുക്കണം. ചെക്ക് കാഷേഴ്‌സില്‍ ഈ കാത്തിരിപ്പില്ല. നിശ്ചിത ഫീസ് നല്‍കിയാല്‍ മാത്രം മതി.

 ചെക്ക് കാഷിംഗ് സെന്റര്‍: ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരുടെ അഭയകേന്ദ്രം (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക