Image

പാലം കല്യാണസുന്ദരം (പി. ടി. പൗലോസ്)

Published on 20 April, 2017
പാലം കല്യാണസുന്ദരം (പി. ടി. പൗലോസ്)
1962 നവംബറിലെ ഒരു സായാഹ്നം. സ്ഥലം മറീന ബീച്ച് മദ്രാസ്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ ജവാന്മാര്‍ ചൈന പട്ടാളത്തെ നിലംപരിശാക്കി മുന്നേറുന്നു. ഇന്ത്യന്‍ സൈന്യത്തിന് ഐക്യദാര്‍ട്യം പ്രകടിപ്പിച്ചുകൊണ്ട് അന്നത്തെ തമിഴ് നാട് (മദ്രാസ് ) മുഖ്യ മന്ത്രി കെ. കാമരാജ് പ്രസംഗിക്കുന്നു. പ്രധാന മന്ത്രി നെഹ്രുവിന്റെ അഭ്യര്‍ത്ഥന പ്രകാരം ദേശീയ പ്രതിരോധ നിധിയിലേക്ക് ഉദാരമായ സംഭാവന നല്‍കുവാന്‍ കാമരാജ് അവിടെ കൂടിയ ജനങ്ങളോട് ആഹുവാനം ചെയ്തു. ഉടനെ ആള്‍ക്കൂട്ടത്തില്‍ നിന്നും നീണ്ട് മെലിഞ്ഞ ഒരു കോളേജ് പയ്യന്‍ വേദിയിലേക്ക് ഓടിക്കയറി തന്റെ കഴുത്തിലെ മൂന്ന് പവനോളം വരുന്ന സ്വര്‍ണമാല ഊരി പ്രതിരോധ നിധിയിലേക്കുള്ള സംഭാവനയായി മുഖ്യ മന്ത്രിയെ ഏല്‍പ്പിച്ചു. അതായിരുന്നു പാലം കല്യാണസുന്ദരം എന്ന സാമൂഹ്യ പ്രവര്‍ത്തകന്റെ കുതിപ്പിന്റെ തുടക്കം. ആ കുതിപ്പ് ഇന്നും തുടരുന്നു.

1943 ല്‍ തമിഴ് നാട്ടിലെ തിരുനെല്‍വേലിയില്‍ സാമാന്യം ഭേദപ്പെട്ട ഒരു കര്‍ഷക കുടുംബത്തില്‍ ജനനം. സെന്റ് സേവിയേഴ്‌സില്‍ നിന്നും തമിഴ് മുഖ്യ വിഷയമായെടുത് BA ബിരുദം. പിന്നെ ലൈബ്രറി സയന്‍സില്‍ ഗോള്‍ഡ് മെഡല്‍, സാഹിത്യത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദങ്ങള്‍. തൂത്തുക്കുടിയിലെ കുമാരകറുപ്പ ആര്‍ട്‌സ് കോളേജില്‍ ലൈബ്രേറിയന്‍ ആയി നിയമനം. 35 വര്‍ഷത്തെ സേവനത്തിന് ശേഷം 1998 ല്‍ അവിടെനിന്നും വിരമിച്ചു. തന്റെ ആദ്യത്തെ ശമ്പളമായ 140 രൂപ കിട്ടിയപ്പോള്‍ 40 രൂപ സ്വന്തം ചിലവിനും 100 രൂപ പഠിക്കാന്‍ കഴിവില്ലാത്ത കുട്ടികള്‍ക്കുമായി വീതിച്ചു കൊടുത്തു.

അങ്ങനെ അഞ്ചു വര്‍ഷം . പിന്നീട് കല്യാണസുന്ദരം തന്റെ ശമ്പളം മുഴുവനും ചേരിപ്രദേശത്തെ പാവങ്ങള്‍ക്കും പഠിക്കാന്‍ കഴിവില്ലാത്ത കുട്ടികള്‍ക്ക് വേണ്ടിയും ചിലവഴിച്ചു. തന്റെ രണ്ടു നേരത്തെ ഭക്ഷണത്തിനായി ജോലി കഴിഞ്ഞാല്‍ രാത്രി കാലങ്ങളില്‍ ഹോട്ടലുകളിലും അലക്കുകടകളിലും അദ്ദേഹം പണിയെടുത്തു. തെരുവോരങ്ങളിലും റെയില്‍വേ പ്ലാറ്റുഫോമുകളിലും പാവങ്ങളുടെ കൂടെ അന്തിയുറങ്ങി ദാരിന്ദ്രമെന്തെന്നറിയാന്‍ , മുഴുവന്‍ വരുമാനവും അവര്‍ക്കായി ചിലവഴിച്ചുകൊണ്ട് . പുറംലോകമതറിഞ്ഞില്ല. അദ്ദേഹമറിയിച്ചുമില്ല. എന്നാല്‍ 1990 ല്‍ ഇദ്ദേഹത്തിന് ഒരു ലക്ഷം രൂപ ശമ്പള വര്‍ധനവിന്റെ arrears യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ ഒന്നിച്ചു നല്‍കിയപ്പോള്‍, ആ തുക മുഴുവനും പാവപ്പെട്ട കുട്ടികള്‍ക്കായി ചിലവഴിക്കാന്‍ ജില്ലാ കളക്ടറെ ഏല്‍പ്പിച്ചു. കളക്ടര്‍ അതിന് വലിയ പബ്ലിസിറ്റി കൊടുത്തു. 

അങ്ങനെ കല്യാണസുന്ദരത്തെക്കുറിച്ചു പലരും അറിയാന്‍ തുടങ്ങി. ജോലിയില്‍ നിന്നും വിരമിച്ച ശേഷം 1998 ല്‍ "പാലം" എന്ന സംഘടനക്ക് രൂപം നല്‍കി പ്രവര്‍ത്തിച്ചു വരുന്നു. ദാരിദ്ര്യത്തിന്റെ ആഴങ്ങളിലേക്ക്, വേദനിക്കുന്നവന്റെ ഹ്രദയങ്ങളിലേക്ക് സാന്ത്വനത്തിന്റെ ഒരു പാലമായി കല്യാണസുന്ദരം 74 വയസ്സിലും ചുറുചുറുക്കോടെ പുത്തന്‍ പ്രതീക്ഷകളുമായി ഇന്നും തന്റെ പ്രവര്‍ത്തന വഴികളിലുണ്ട്. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ പുസ്തകം പഠിച്ച ഓര്‍മ്മയുടെ പിന്‍ബലത്തില്‍ മുഴുവന്‍ വരുമാനവും മറ്റുള്ളവര്‍ക്ക് വേണ്ടി ചിലവഴിച്ച ലോകത്തിലെ ജീവിക്കുന്ന ഇതിഹാസമാണ് പാലം കല്യാണസുന്ദരം. പെന്‍ഷന്‍ പറ്റിയപ്പോള്‍ കിട്ടിയ 10 ലക്ഷവും കിട്ടിക്കൊണ്ടിരിക്കുന്ന പെന്‍ഷനും ഒരു അമേരിക്കന്‍ സംഘടന Man of the Millennium  ആയി ഇദ്ദേഹത്തിന് കൊടുത്ത മുപ്പതു കോടി രൂപയും ചേരികളില്‍ താമസിക്കുന്ന പാവപ്പെട്ടവരുടെ ഉന്നമനത്തിനും കുട്ടികളുടെ പഠിപ്പിനുമായി മാറ്റിവച്ചുകൊണ്ട് , വിവാഹം കഴിച്ചുപോലും ജീവിതം ആര്‍ഭാടമാക്കാതെ , ചെന്നൈയിലെ സൈദാപ്പേട്ടിലുള്ള തന്റെ കൊച്ചു വസതിയിലെ ഏകാന്തമായ ലാളിത്യത്തിലേക്ക് അദ്ദേഹം ഒതുങ്ങി.

പദ്മശ്രീയും പദ്മവിഭൂഷണും ഭാരതര്തനവുമൊക്കെ അര്‍ഹതയില്ലാത്തവന്റെ നെഞ്ചത്തേക്ക് ഉളുപ്പില്ലാതെ ചാര്‍ത്തിക്കൊടുക്കാന്‍ രാഷ്ട്രീയനപുംസകങ്ങള്‍ കോമരം തുള്ളുന്ന ഈ നെറികെട്ട രാഷ്ട്രീയ ഭൂമികയില്‍ നമുക്ക് അഭിമാനിക്കാം, കല്യാണസുന്ദരം പോലുള്ള മനുഷ്യ രത്‌നത്തിന് ഭാരതര്തനം കിട്ടിയില്ലെങ്കിലും ഭാരതത്തിലെ ദരിദ്രനാരായണന്മാരുടെ ഹ്രദയങ്ങളില്‍ രത്‌നസിംഹാസനം പണിത് അദ്ദേഹം ഉപവിഷ്ടനായി എന്ന്. നവമാധ്യമങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന മറ്റുചില സത്യങ്ങളും നമുക്കിവിടെ കൂട്ടി വായിക്കാം :

atcress Rekha attended Rajya Sabha for 18 days in last 5 years and took home 65+ lakhs as salary and allowances .

Sachin Tendulkar attended Rajya Sabha 23 days and took home 59+ lakhs .

നമ്മുടെ നികുതിപ്പണം മലവെള്ളം പോലെ ഒഴുകിത്തീരുമ്പോള്‍ നമുക്ക് ലജ്ജയോടെ തലകുനിക്കാം ജനാധിപധ്യത്തിന്റെ മൂല്യത്തകര്‍ച്ചയോര്‍ത് . അതോടൊപ്പം പാലം കല്യാണസുന്ദരത്തിന്റെ വാക്കുകള്‍ നമുക്ക് തങ്കലിപികളിലും കുറിച്ചിടാം :

"we cannot sustain ourselves unless we cotnribute to the socitey in some way or the other . What do we take with us when we leave planet earth ?"
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക