Image

കളിമണ്ണില്‍ തീര്‍ത്ത ശില്പമായി ഒരു മനുഷ്യ ശിരസ് !! (നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മകള്‍: ഭാഗം13: ഫ്രാന്‍സിസ് തടത്തില്‍)

Published on 21 April, 2017
കളിമണ്ണില്‍ തീര്‍ത്ത ശില്പമായി ഒരു മനുഷ്യ ശിരസ് !! (നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മകള്‍: ഭാഗം13: ഫ്രാന്‍സിസ് തടത്തില്‍)
മണ്‍കട്ടയുടെ മുകളില്‍ കളിമണ്ണില്‍ തീര്‍ത്ത മനുഷ്യശിരസ് !! ഏതോ ആര്‍ട്ടിസ്റ്റിന്‍റെ കരവിരുതില്‍ വിരിഞ്ഞതാണെന്നു കരുതിയാല്‍ തെറ്റി ..കണ്ടാല്‍ നല്ല ഒന്നാന്തരം ശില്പം . കണ്ണുകള്‍ കൂമ്പിയടഞ്ഞിരിക്കുന്നു . അന്തരീക്ഷമാകെ പൊടിപടലങ്ങളാല്‍ നിറഞ്ഞിരിക്കുന്നു . സമീപ പ്രദേശമാകെ യുദ്ധാന്തരീക്ഷത്തിന്‍റെ പ്രതീതി.. സംഭവ സ്ഥലം ബോംബിട്ടു തകര്‍ക്കപ്പെട്ട ഒരു വീടിന്‍റെ ബാക്കി പത്രം പോലെ ....പൊട്ടിത്തകര്‍ന്ന ഓല മേഞ്ഞ വീടിന്‍റെ മേല്‍ക്കൂരയും മണ്‍കട്ടകളില്‍ തീര്‍ത്ത ഭിത്തികളും തകര്‍ന്നു കൂമ്പാരമായിരിക്കുന്നു . തകര്‍ന്നടിഞ്ഞ മേല്‍ക്കൂരയുടെ അവശിഷ്ടങ്ങളില്‍ നിന്ന് അങ്ങിങ്ങ് തീപുകയുന്നു . കാട്ടുമരങ്ങള്‍ കൊണ്ടു നിര്‍മിച്ച കഴുക്കോലുകളില്‍ എന്തോ തൂങ്ങിക്കിടക്കുന്നു . ചുറ്റിലും പച്ചമാംസം കരിയുന്ന മണമുയരുന്നു ....കൂരാക്കൂരിരുട്ട് ...ഒന്നും കാണാനാവുന്നില്ല .

ഫോട്ടോഗ്രാഫര്‍ ടി.എ.സാബുവിന്‍റെ ക്യാമറ ഫ്‌ലാഷ് ലൈറ്റില്‍ മിന്നായം പോലെ കണ്ടു ...ഫ്‌ളാഷ് വെട്ടത്തില്‍ തന്നെ അവയെ സൂക്ഷിച്ചു നോക്കി .
അടുത്ത ഫ്‌ളാഷ് ലൈറ്റില്‍ കണ്ടു ആ ബീഭത്സ ദൃശ്യം ..! അടുക്കളയുടെ ചേരില്‍ ഉണക്കാനിട്ടിരിക്കുന്ന മാംസക്കഷണങ്ങള്‍ പോലെ തൂങ്ങിക്കിടക്കുകയാണ് കരിഞ്ഞ മനുഷ്യമാംസക്കഷണങ്ങള്‍ ..!??? കഴുക്കോലുകളിലും അവശേഷിച്ച മേല്‍ക്കൂരയിലുമെല്ലാം അതു തൂങ്ങിക്കിടക്കുന്നു ..ഒരായിരം ചോദ്യങ്ങളുയര്‍ത്തി ... ഒരു നിമിഷം ആ ഭീകരമായ ദൃശ്യം കണ്ടു തല മരവിച്ചു പോയി.

തൃശൂര്‍ ജില്ലയിലെ പീച്ചിക്കടുത്താണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ആ വന്‍ദുരന്തം അരങ്ങേറിയത് . കേരളത്തിലെ ആദ്യത്തെ മനുഷ്യ ബോംബ് ..!!! 28 വയസുകാരനായ യുവാവ് തന്നെ വഞ്ചിച്ച നഴ്‌സായ കാമുകിയെയും കുടുംബത്തെയും ഉന്മൂലനം ചെയ്യാന്‍ ചാവേറായി .... മനുഷ്യ ബോംബായി ...!!! 1997ല്‍ നടന്ന ഈ മനുഷ്യബോംബ് സ്‌ഫോടനത്തിന്‍റെ ബാക്കി പത്രമായിരുന്നു ഞാന്‍മുമ്പു വിവരിച്ച കളിമണ്‍ പ്രതിമ പോലത്തെ ശിരസും കരിഞ്ഞ മനുഷ്യ മാംസക്കഷണങ്ങളും ! ഈ സംഭവത്തിലേക്കു കടക്കും മുമ്പ് ഇതറിയാനിടയാക്കിയ സാഹചര്യം വിശദീകരിക്കാം . ബ്യൂറോയിലെ അവസാനത്തെ ഫോണ്‍വിളിയും കഴിഞ്ഞ് വീട്ടില്‍ പോകാനിരിക്കുമ്പോള്‍ മലയാള മനോരമയിലെ സാജന്‍ എബ്രഹാമിന്‍റെ ഫോണ്‍കോള്‍(അദ്ദേഹം 2008ല്‍ അന്തരിച്ചു )
എടാ ഞാന്‍അരമന ബാറിലുണ്ട് .(കെഎസ്ആര്‍ടിസി ബസ്റ്റാന്‍റിനു സമീപം ) വന്നാല്‍ രണ്ടെണ്ണം അടിക്കാം ...

അതദ്ദേഹത്തിന്‍റെ സ്ഥിരം ശൈലിയാണ് . ആരെയും കൂട്ടിനു കിട്ടിയില്ലെങ്കില്‍ എന്നെ വിളിക്കും . പ്രത്യേകിച്ചു പണിയൊന്നുമില്ലാത്തതിനാല്‍ ക്ഷണം സ്വീകരിച്ചു ഞാന്‍ ചെന്നു . ഒരു പൈന്‍റിന് ഓര്‍ഡര്‍ ചെയ്തു . ഓരോ പെഗ്ഗ് കഴിച്ചു . അപ്പോഴും എന്‍റെ ഉള്ളില്‍ ഒരു ഫോണ്‍കോള്‍ തികട്ടി വന്നു കൊണ്ടിരുന്നു ഫയര്‍ഫോഴ്‌സില്‍ വിളിച്ചപ്പോള്‍ പീച്ചിയില്‍ ഒരു വീട്ടില്‍ . മണ്ണിടിച്ചില്‍ ഉണ്ടായെന്നും ആളപായമില്ലെന്നും പറഞ്ഞിരുന്നു . കൂടുതല്‍ ചികഞ്ഞു ചോദിച്ചപ്പോള്‍ ഒരു കുട്ടിയെ കിട്ടിയെന്നും ഒരു കണ്ണു പോയ അവസ്ഥയിലാണെന്നും മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയെന്നും അവരറിയിച്ചിരുന്നു . മൂന്നു നാലുപേര്‍ മണ്ണിനടിയിലാണെന്നു സംശയിക്കുന്നതായും പറഞ്ഞു .സംഭവം നടന്നിട്ടു നാലഞ്ചു മണിക്കൂറായത്രെ . ബാറില്‍ നിന്നു വീണ്ടും പീച്ചി പോലീസ് സ്‌റ്റേഷനിലും ഫയര്‍ഫോഴ്‌സിലും വിളിച്ചു .യാതൊരു അന്വേഷണ പുരോഗതിയുമില്ല . തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രജിസ്‌ട്രേഷനില്‍ ജോലി ചെയ്യുന്ന തങ്കമണി ചേച്ചി എനിക്കു വളരെ അടുപ്പമുള്ളയാളാണ് . അന്നു തങ്കമണിച്ചേച്ചിക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നത് എന്‍റെ ഭാഗ്യം ...ചേച്ചിയെ വിളിച്ച് അന്വേഷിച്ചപ്പോള്‍ മരണമൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും എന്തെങ്കിലുമുണ്ടെങ്കില്‍ വിളിച്ചറിയിക്കാമെന്നും മറുപടി കിട്ടി . അഞ്ചു മിനിറ്റ് കഴിഞ്ഞു കാണും .. തങ്കമണിച്ചേച്ചിയുടെ ഫോണ്‍ വന്നു . ..എടാ പ്രശ്‌നമുണ്ട് . നീ ഫോട്ടോ ഗ്രാഫറെയും കൂട്ടി വേഗം മെഡിക്കല്‍ കോളേജില്‍ വാ .. കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ സാബുവിന്‍റെ വീട്ടിലേക്കു വിളിച്ചു മെഡിക്കല്‍കോളേജിലെത്താന്‍ പറഞ്ഞു . ഈ സമയം സിഗരറ്റും പുകച്ച് രണ്ടാമത്തെ പെഗ്ഗില്‍ കടന്ന സാജനോട് ക്ഷമാപണം നടത്തി ഞാന്‍ ഇപ്പോള്‍ വരാമെന്നു പറഞ്ഞു മുങ്ങി .

മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ വന്‍ ജനക്കൂട്ടം . കാഷ്വാലിറ്റിയിലേക്ക് ആറു വയസു പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുഞ്ഞിനെ ചുമന്നു കൊണ്ട് ഒരു വന്‍ ജനക്കൂട്ടം കടന്നു വരുന്നു . പലരോടും കാര്യം തിരക്കി..ആരും ആ കുട്ടിയുടെ കൂടെ വന്നവരല്ല ! കുറച്ച് ആള്‍ക്കൂട്ടം കണ്ടപ്പോള്‍ കൂടെകൂടിയവരാണ് .ഒടുവില്‍ ഒരു യുവാവിനെ കിട്ടി . അപ്പോളാണറിഞ്ഞത് ..മണ്ണിടിച്ചിലല്ല , ഉഗ്രസ്‌ഫോടനമാണ് നടന്നിരിക്കുന്നത് .. പെണ്‍കുഞ്ഞിന്‍റെ ഒരു കണ്ണു നഷ്ടപ്പെട്ടിട്ടുണ്ട് . മറ്റു ചില്ലറ പരിക്കുമുണ്ട് . അപ്പോള്‍ത്തന്നെ സാബുവിനെ ഫോണില്‍ വിളിച്ചു ഓഫീസില്‍ പോയി ജീപ്പുമായി വരാന്‍ പറഞ്ഞു . പതിനഞ്ചു മിനിറ്റിനകം സാബു ജീപ്പുമായെത്തി . പെണ്‍കുട്ടിയുടെ കൂടെ വന്ന യുവാവിനെ ഒരു തരത്തില്‍ കയ്യും കാലും പിടിച്ചപേക്ഷിച്ച് ജീപ്പില്‍ ക!യറ്റി . അയാള്‍ വരാന്‍ തയാറല്ലായിരുന്നു .പിന്നീട് ഭീഷണിപ്പടുത്തി ഒരു തരത്തില്‍ സംഭവസ്ഥലത്തേക്കു വച്ചു പിടിപ്പിച്ചു . തൃശൂര്‍ നഗരത്തില്‍ നിന്നു 45 കിലോമീറ്ററകലെയാണ് സംഭവസ്ഥലം . എന്തിനും നെഗറ്റീവ് കാണുന്ന െ്രെഡവര്‍ ജോണിച്ചേട്ടന്‍ അപ്പോള്‍ ചോദിച്ചു . .. എടാ സമയം 9 മണി കഴിഞ്ഞു . ഈ കൂരിരുട്ടത്തവിടെയെത്തുമ്പോള്‍ സമയം 1030 എങ്കിലുമാകും . അവിടെ നിന്നു തിരിച്ചെത്താന്‍ ഏറ്റവും കുറഞ്ഞത് രാത്രി ഒന്നരയെങ്കിലുമാകും . പോകണോ ..? നാളെ രാവിലെ പോയാല്‍ പോരെ ? ജീവിതത്തിലാദ്യമായി പ്രായമുള്ള ആ മനുഷ്യനെ പച്ചത്തെറി വിളിച്ചു ഞാനപ്പോള്‍ ..വണ്ടി എടുക്കടോ ..പ...ജോണിച്ചേട്ടാ ...പിന്നെ ഒരക്ഷരം പറയാതെ പാവം ജോണിച്ചേട്ടന്‍ വണ്ടി അതിവേഗത്തില്‍ വിട്ടു . ഇതിനിടയില്‍ ബാറില്‍ എന്നെ കാത്തിരിക്കുന്ന സാജന് ഞാനൊരു എസ്എംഎസ് അയച്ചു . വരാന്‍ വൈകും , ഒത്തിരി വൈകിയാല്‍ കാത്തിരിക്കേണ്ട . പിന്നീട് ഫോണ്‍ ഔട്ട് ഓഫ് റേഞ്ചിലായി ..പൈന്‍റ് ഒറ്റക്ക് അകത്താക്കിയ സാജന്‍ ഔട്ട് ഓഫ് റേഞ്ചുമായി ..

പിന്നെ ഭയചകിതനായി ഞങ്ങളോടൊപ്പം വരാന്‍ വിധിക്കപ്പെട്ട യുവാവിനെ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി . അപ്പോള്‍ അയാള്‍ കാര്യങ്ങളുടെ ചുരുളഴിച്ചു .

മേഴ്‌സി ..ദരിദ്ര കുടുംബത്തില്‍ പിറന്ന സുന്ദരിയായ യുവതി . പഠിക്കാനതി സമര്‍ഥ . പത്താം ക്ലാസുമുതല്‍ അവള്‍ നാട്ടിലെ മെക്കാനിക്കായ ഒരു യുവാവുമായി പ്രണയത്തിലായ കഥ നാട്ടിലെമ്പാടും പാട്ടാണ് . നല്ല മാര്‍ക്കോടെ എസ്എസ്എല്‍സി പാസായ അവളെ ഈ യുവാവു തന്നെ പണം മുടക്കി പ്രീഡിഗ്രിയും പിന്നീട് നഴ്‌സിംഗും പഠിപ്പിച്ചു . കുറച്ചു കാലം നാട്ടില്‍ ജോലി ചെയ്ത ശേഷം ആ യുവാവു തന്നെ പണം മുടക്കി അവളെ കുവൈറ്റിലേക്ക് അയച്ചു . കുവൈറ്റില്‍ നഴ്‌സായി ജോലി ലഭിച്ചതോടെ മേഴ്‌സിയുടെ കുടുംബം കരകയറി . മേഴ്‌സി കുവൈറ്റിലായിരുന്നപ്പോള്‍ അവളുടെ കുടുംബകാര്യങ്ങളെല്ലാം ഈ യുവാവാണ് നോക്കിയിരുന്നത് . എന്നാല്‍ അവളാകട്ടെ അവിടെ ജോലിയുണ്ടായിരുന്ന ചാലക്കുടിക്കാരനായ ഒരു അനസ്‌തേഷ്യിസ്റ്റുമായി പ്രണയത്തിലായി . ഇതൊന്നുമറിയാതെ നാട്ടിലുള്ള അവളുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും ഈ കാമുകന്‍ താന്‍ ചോര നീരായി ഉണ്ടാക്കിയ പണം മുടക്കി സഹായിച്ചു കൊണ്ടേയിരുന്നു .

പണവും പ്രശസ്തിയുമൊക്കെ വന്നു ചേര്‍ന്നപ്പോള്‍ അതിസമ്പന്നനായ ഡോക്ടറുടെ കാമുകിയായിത്തീര്‍ന്ന മേഴ്‌സിക്ക് ഈ യുവാവ് ഒരു ഭാരമായി തോന്നിത്തുടങ്ങി. എങ്ങനെ തോന്നാതിരിക്കും ? ഇയാളാണെങ്കില്‍ വെറും മെക്കാനിക്ക് .....നിലവിലുള്ള പുത്തന്‍ പ്രണയമാകട്ടെ അതിസമ്പന്നനും പ്രശസ്തനുമായ എന്‍ആര്‍ഐ ഡോക്ടര്‍ ...! അപ്പോള്‍പ്പിന്നെ വെറും മെക്കാനിക്കായ യുവാവിനെ എന്തിനു വിവാഹം ചെയ്യണം? അവള്‍ യുവാവു തനിക്കായി മുടക്കിയ മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ തയാറായി . അങ്ങനെ തീരുമാനിച്ചുറപ്പിച്ച ശേഷം ഒരു ദിവസം പതിവു പോലെ ഈ യുവാവ് മേഴ്‌സിയുടെ വീട്ടിലേക്കുള്ള പച്ചക്കറിയും പലവ്യജ്ഞനങ്ങളും വാങ്ങി അവരുടെ വീട്ടിലെത്തിയപ്പോള്‍ മേഴ്‌സിയുടെ സഹോദരി അയാളോടു പറഞ്ഞു ..
നീ ഇനി ഇവിടേക്കു വരരുത് . മുടക്കിയ മുഴുവന്‍ പണവും തിരിച്ചു തരാം . മേഴ്‌സി വേറെ വിവാഹം കഴിച്ചു . വരന്‍ ഒരു ഡോക്ടറാണ് . ഇനി നീ ഇവിടെ വന്നാല്‍ അവളുടെ ജീവിതം തകരും .
പാവം യുവാവ് .അയാളാകെ തകര്‍ന്നു പോയി . തന്‍റെ യൗവനം മുഴുവന്‍ സമ്പാദിച്ച പണം മുഴുവന്‍ അവള്‍ക്കും കുടുംബത്തിനും വേണ്ടി ചെലവഴിച്ചിട്ട് ഇപ്പോള്‍ കറിവേപ്പില പോലെ പുറത്ത് .അവളുടെ ഭാവി സംരക്ഷിക്കാന്‍ ഇനി ഇവിടെ വരരുതെന്നു പറയുമ്പോള്‍ തന്‍റെ ജീവിതവും സ്വപ്നങ്ങളും തകര്‍ന്നത് ഇവരറിഞ്ഞില്ലല്ലോ .

പ്രണയം അയാള്‍ക്കൊരു കച്ചവടമായിരുന്നില്ല ..മറിച്ച് അയാളുടെ ജീവിതം തന്നെയായിരുന്നു ..പക്ഷേ അതു മനസിലാക്കാന്‍ വഞ്ചകിയായ ആ കാമുകിയ്ക്കായില്ല .
ആകെ തകര്‍ന്നു പോയ യുവാവ് മരണതുല്യമായ അവസ്ഥയില്‍ ജീവിതം തള്ളി നീക്കി . തികഞ്ഞ മദ്യപാനിയായി അയാള്‍ മാറി . മദ്യത്തോടൊപ്പം അയാളുടെ ഉള്ളില്‍ പ്രതികാരവും നുരഞ്ഞു പൊന്തി . ചില അവസരങ്ങളില്‍ അയാള്‍ അടുത്തുള്ള പാറമടകളില്‍ പോയി അവിടെയുള്ള തൊഴിലാളികളുമായി സൗഹൃദം സ്ഥാപിച്ചു . അവര്‍ക്കു മദ്യം നല്‍കി പാറമടയിലുപയോഗിക്കുന്ന ഡൈനാമെറ്റും മറ്റും ഉണ്ടാക്കുന്ന വിധം പഠിച്ചെടുത്തു . അവരില്‍ നിന്നു തന്നെ
ഡെറ്റോനൈറ്റര്‍ , ജലാറ്റിന്‍ സ്റ്റിക്ക് , ഡൈനാമിറ്റ് തുടങ്ങിയവ സംഘടിപ്പിച്ചു . അങ്ങനെ ഇവ ഉപയോഗിച്ച് അയാള്‍ ഉഗ്രസ്‌ഫോടനമുള്ള ഒരു ബോംബ് നിര്‍മിച്ചു . അതിനു ഫ്യൂസ് ഡിവൈസ് ഘടിപ്പിച്ചു . ഇത്തരത്തിലുള്ള ബോംബുകള്‍ പലതവണ നിര്‍മിച്ച് അവയ്ക്ക് ഇലക്ട്രിക് കണക്ഷന്‍ നല്‍കി പലതവണ പാറമടകളില്‍ പൊട്ടിച്ചു പരിശീലിച്ചു . ഇതിനിടെ മേഴ്‌സി നാട്ടിലെത്തിയെന്ന അറിവ് ഈ യുവാവിനു ലഭിച്ചു . മൂക്കറ്റം മദ്യപിച്ച് സുഹൃത്തിന്‍റെ ബൈക്കുമായി മേഴ്‌സി വീ്ട്ടിലെത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം അയാള്‍ അവരുടെ വീട്ടിലെത്തി. മേഴ്‌സിയും ഭര്‍ത്താവും ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് വീട്ടിലെത്തിയതായ നാട്ടുകാര്‍ പറഞ്ഞ് അയാളറിഞ്ഞിരുന്നു . പതിവു പോലെ വീട്ടിലെത്തിയ അയാളെ വീട്ടുകാര്‍ തടഞ്ഞു . മദ്യത്തിന്‍റെ ലഹരിയില്‍ അയാള്‍ അലറി ..

മേഴ്‌സിയെ വിളിക്ക് ..
അവള്‍ വന്നിരുന്നു . നിന്നെ ഭയന്ന് അവളെ ഞങ്ങള്‍ പറഞ്ഞയച്ചു . അവളിപ്പോളിവിടില്ല ...... അവര്‍ പറഞ്ഞു
ഓല മേഞ്ഞ ഒറ്റമുറിയും അടുക്കളയും മാത്രമുള്ള ആ വീട്ടില്‍ മേഴ്‌സിയുടെ അമ്മയും മൂന്നു സഹോദരിമാരും ആറു വയസുള്ള ഒരു പെണ്‍കുഞ്ഞും കേവലം രണ്ടുമാസം മാത്രം പ്രായമുള്ള നവജാതശിശുവുമുണ്ടായിരുന്നു .

വീട്ടുകാരുടെ വിശദീകരണത്തില്‍ തൃപ്തനാകാതെ അയാള്‍ അവിടേക്ക് ഇരച്ചു കയറി .
സത്യം പറ അവളെവിടെ ..?
ഷര്‍ട്ടുയര്‍ത്തിക്കാട്ടി കൈകളില്‍ പിടിച്ചിരുന്ന രണ്ടു വയറുകള്‍ ഉയര്‍ത്തിക്കാട്ടി അയാള്‍ ആക്രോശിച്ചു . അതിന്‍റെ മറ്റേയറ്റം അയാളുടെ അരയില്‍ ഘടിപ്പിച്ചിരുന്ന ഉഗ്രശേഷിയുള്ള ബോംബിലായിരുന്നു .
ഹ്യൂമന്‍ ബോംബ് ...മനുഷ്യ ബോംബ് ...

അവര്‍ ഞെട്ടി ...
സത്യം പറഞ്ഞോ ..അവളെവിടെ ..ഇറങ്ങി വരാന്‍ പറ ഇങ്ങോട്ട് ...അല്ലെങ്കില്‍ ഈ വയറീ പ്ലഗില്‍ കുത്തിക്കയറ്റി തീര്‍ത്തു കളയും ഞാന്‍എല്ലാത്തിനേം ...അയാളുടെ ആക്രോശത്തില്‍ ആ കുടുംബം നടുങ്ങി വിറച്ചു . ഭിത്തിയിലെ പവര്‍ ഔട്ട്‌ലെറ്റ് ചൂണ്ടിക്കാട്ടി പൈശാചികഭാവത്തില്‍ നിന്ന അയാളുടെ മുമ്പില്‍ അവര്‍ കേണു ...
സത്യമായിട്ടു പറയുകയാ .. അവള്‍ വന്നിരുന്നു എന്നതു നേരാണ് . നിന്നെ പേടിച്ച് അവളെ ഞങ്ങള്‍ തിരിച്ചയച്ചു ... നീ അവിവേകം കാട്ടരുതേ മകനേ .. മേഴ്‌സിയുടെ അമ്മ വിറച്ചു കൊണ്ടപേക്ഷിച്ചു .

അവിവേകമോ ..? അങ്ങനെ ഒരു വാക്കുണ്ടോ ..? ഞാന്‍ കരുതി നിങ്ങള്‍ക്കത് അറിയില്ലെന്ന് .. അവളിവിടെയുണ്ട് ..നിങ്ങളവളെ ഒളിപ്പിച്ചിരിക്കുകയാ .. മേഴ്‌സിീീീ.. നി ഇറങ്ങി വരുന്നോ .. അതോ എന്‍റെ കൂടെ ഇവര്‍ക്കൊപ്പം ......
അയാളുടെ ഈ അലര്‍ച്ച പൂര്‍ത്തിയാക്കും മുമ്പേ മേഴ്‌സിയുടെ സഹോദരിമാരിലൊരുവള്‍ വന്ന് അയാളുടെ കാലില്‍ വീണു . അയാള്‍ മറ്റൊന്നു മാലോചിക്കാതെ പവര്‍ ഔട്ട്‌ലെറ്റിലേക്കു കുത്തിക്കയറ്റി സ്വിച്ച് ഓണ്‍ചെയ്തു .

ഠോ.... !!
ഉഗ്രസ്‌ഫോടനം ...ബഡവാഗ്‌നിജ്വാലകള്‍ വാനോളമുയര്‍ന്നു ...ചുറ്റുപാടും മനുഷ്യമാംസം കത്തിക്കരിഞ്ഞ ദുര്‍ഗന്ധം ... മേഴ്‌സിയുടെ അമ്മയും രണ്ടു സഹോദരിമാരും പിഞ്ചു കുഞ്ഞും ആ ഉഗ്രബോംബുസ്‌ഫോടനത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു . ചാവേറായെത്തിയ യുവാവിന്‍റെ ശരീരം ഛിന്നഭിന്നമായി ചിതറിത്തെറിച്ചു ...ശിരസ് തെറിച്ച് ഒരു മണ്‍കട്ടയില്‍ ചെന്നു പതിച്ചു.തലമുഴുവന്‍ പൊടിയില്‍ കുളിച്ച് കളിമണ്‍ പ്രതിമ പോലെയായ ശിരസ് അങ്ങനെയാണ് കാണപ്പെട്ടത് ..കഴുക്കോലുകളില്‍ തൂങ്ങിക്കിടന്ന കരിഞ്ഞ മാംസക്കഷണങ്ങള്‍ അയാളുടെ ശരീരം ചിതറിത്തെറിച്ചതായിരുന്നു . മേഴ്‌സിയുടെ ഒരു സഹോദരിമാത്രം ഗുരുതരമായ പരിക്കുകളോടെ രക്ഷപെട്ടു .

വീട്ടുകാര്‍ പറഞ്ഞത് ശരിയായിരുന്നു . വീട്ടിലെത്തിയ മേഴ്‌സിയെ കൊല്ലുമെന്ന് യുവാവ് ടൗണില്‍ വച്ചു പറഞ്ഞത് അവരറിഞ്ഞിരുന്നു . അതു കൊണ്ട് വീട്ടിലെത്തിയ മേഴ്‌സിയെയും ഭര്‍ത്താവിനെയും മറ്റൊരു രഹസ്യമാര്‍ഗത്തിലൂടെ നാട്ടുകാരറിയാതെ അവഅര്‍ തിരിച്ചയച്ചു . പക്ഷേ , പ്രതികാരം ഇത്ര കടുത്തതായിരിക്കുമെന്ന് ആരും കരുതിയില്ല . സ്വന്തം വീട്ടുകാരെ മുഴുവന്‍ കുരുതികൊടുത്ത പൂര്‍വകാമുകന്‍റെ നീച പ്രവര്‍ത്തി മേഴ്‌സിയെ ചില്ലറയൊന്നുമല്ല തകര്‍ത്തു കളഞ്ഞത് .അവര്‍ നാളുകളോളം മനോനില തെറ്റിയ അവസ്ഥയിലായി.. ..ഞാന്‍ സംഭവസ്ഥലത്ത് എത്തും മുമ്പേ ഞങ്ങള്‍ കൂടെക്കൊണ്ടു പോയ യുവാവ് ഇക്കാര്യങ്ങളത്രയും പറഞ്ഞു കഴിഞ്ഞിരുന്നു . ജോണിച്ചേട്ടന്‍ പറഞ്ഞതിലും വൈകിയാണ് ഞങ്ങളവിടെ എത്തിയത് . . കാരണം ദുര്‍ഘടമായ വഴിയിലൂടെ അത്രയും ദൂരം പത്തു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ തന്നെ മുക്കാല്‍ മണിക്കൂറെടുത്തു . ബോംബുസ്‌ഫോടനം മൂലം സ്ഥലത്തെ വൈദ്യുതബന്ധവും വിച്ഛേദിക്കപ്പെട്ടിരുന്നു . ഇതും നട്ടാപ്പാതിരായ്ക്ക് ഞങ്ങളെ വലച്ചു . ഫയര്‍ഫോഴ്‌സിന്‍റെ വണ്ടികളിലെ സ്‌പോര്‍ട്ട് ലൈറ്റുകള്‍ മാത്രമായിരുന്നു ഞങ്ങള്‍ക്കാകെയുണ്ടായിരുന്ന വെളിച്ചം . ആ വെളിച്ചത്തിലും സാബു തകര്‍ന്ന കെട്ടിടത്തിന്‍റെ ഉള്ളില്‍ നിന്നും ഫ്‌ളാഷ് ലൈറ്റിട്ട് ഫിലിം തീരുവോളം ഫോട്ടോകളെടുത്തു . തിരിച്ചു പോരുമ്പോഴാണു പ്രശ്‌നം .. ഫോണ്‍ വിളിക്കാന്‍ സൗകര്യമില്ല . സമയമാണെങ്കില്‍ രാത്രി പന്ത്രണ്ടു മണി... അങ്ങനെയിരിക്കുമ്പോള്‍ ഞങ്ങളെ സഹായിക്കാനൊരാള്‍ സ്വയം വന്നു . ആള് രാഷ്ട്രീയക്കാരനാണ് .കൂടുതല്‍ അന്വേഷിച്ചപ്പോള്‍ മാതൃഭൂമി തൃശൂര്‍ നൈറ്റ് ബീറ്റ് റിപ്പോര്‍ട്ടര്‍ ജോര്‍ജ് പൊടിപാറയുടെ സഹോദരന്‍..

ദൈവമേ ...പണി പാളിയോ ... ? എന്‍റെ മാത്രം സ്കൂപ്പ് സ്‌റ്റോറി .ഒറ്റ ഫോണ്‍ വിളി മതി മാതൃഭൂമിയില്‍ സ്‌റ്റോറി വരാന്‍... ഉടന്‍ എന്നിലെ കൌശലക്കാരനായ പത്രപ്രവര്‍ത്തകന്‍ ഉണര്‍ന്നു .
ഞാന്‍ പറഞ്ഞു

ജോര്‍ജ് വിളിച്ചിരുന്നു . ഞാനിങ്ങോട്ടു പോരുന്നതറിഞ്ഞു . ഞാന്‍ വിവരങ്ങള്‍ നല്‍കാമെന്നു പറഞ്ഞു .
അപ്പോള്‍ സഹോദരന്‍ പറഞ്ഞു – ഹാവൂ..സമാധാനമായി ...അവനെ സെല്‍ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ല . ഒരു ഫോട്ടോയെടുക്കണേ ..

അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയപ്പോള്‍ 12.30 . ഓഫീസില്‍ വിളിച്ചു ഫോണ്‍ ചെയ്തപ്പോള്‍ അവിടെ എല്ലാവരും കലി പൂണ്ടു തുള്ളുന്നു . എല്ലാ എഡിഷനും, ഫസ്റ്റ് എഡിഷന്‍ പോലും വിടാതെ എന്‍റെ ഈ സ്‌റ്റോറിക്കായി കാത്തിരിക്കുന്നു . എന്നെ വിളിച്ചു മടുത്ത് ഒടുവില്‍ സ്‌റ്റോറി ഇല്ലാതെ ഫസ്റ്റ് എഡിഷന്‍ പ്രിന്‍റിങിനു വിടാനൊരുങ്ങി നില്‍ക്കുകയായിരുന്നു ..ഞാനെന്‍റെ നിസഹായാവസ്ഥ വിശദീകരിച്ചു . ഉടന്‍ ഫോണിലൂടെ അഞ്ചു മിനിറ്റിനുള്ളില്‍ നാലഞ്ച പാരഗ്രാഫ് സ്‌റ്റോറി മാത്രം നല്‍കി . ജോര്‍ജിന്‍റെ സഹോദരന്‍ നല്‍കിയ ചായ പെട്ടെന്നു കുടിച്ചു ഓഫീസിലേക്ക് ...ഒന്നര മണിയായപ്പോള്‍ ഓഫീസിലെത്തി .അരമണിക്കൂറിനകം മൂന്നു സ്‌റ്റോറികള്‍ ....ഇതിനകം സാബുവിന്‍റെ കിടിലന്‍ ഫോട്ടോകള്‍ ..നമിച്ചു പോയി....വെറും പത്തുപതിനഞ്ചു മിനിറ്റുകള്‍ക്കകം ഒപ്പിച്ച പടങ്ങള്‍ ..അസാധ്യം തന്നെ ..
ഞാനെഴുതിക്കൊണ്ടിരുന്ന ഓരോ സ്‌റ്റോറികള്‍ വീതം ഉള്‍പ്പെടുത്തി പ്ലേറ്റ് മാറ്റി ഓരോ എഡിഷനുകളും അപ്‌ഡേറ്റ് ചെയ്തു . അവസാനം സിറ്റി എഡിഷന്‍ നിറയെ പടങ്ങള്‍ .. നാലു സ്‌റ്റോറികള്‍ .. തകര്‍ത്തു ...പിറ്റേന്നിറങ്ങിയ മറ്റൊരു പത്രത്തിലും ഈ വാര്‍ത്ത വന്നില്ല . മാതൃഭൂമിയുടെ ലോക്കല്‍ പേജില്‍ സിറ്റി എഡിഷനില്‍ മാത്രം ...അതും പീച്ചി പ്രാദേശിക ലേഖകന്‍ നല്‍കിയ വാര്‍ത്ത .

ഏതാണ്ടു പണികളെല്ലാം പൂര്‍ത്തിയാക്കി മൂന്നു മണിയോടെ എംഒ റോഡിലുള്ള പതിവു ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി . പെറോട്ടയും ബീഫ് െ്രെഫയും ..മനസില്‍ മുഴുവന്‍ കരിഞ്ഞ മനുഷ്യമാംസത്തിന്‍റെ മണം കാരണം മനംപിരട്ടുന്നു ..കണ്ണടച്ച് അര പൊറോട്ടയും അല്‍പം ബീഫും അകത്താക്കി . ചായ ഒന്നു സിപ് ചെയ്തപ്പോഴാണ് ഷൂസിന്‍റെ അടിയില്‍ എന്തോ പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടത് . കാലുയര്‍ത്തി സൂക്ഷിച്ചു നോക്കിയപ്പോള്‍ കിടുങ്ങിപ്പോയി ..ഒരു കഷ്ണം കരിഞ്ഞ മനുഷ്യമാം....സം...

കഴിച്ച ഭക്ഷണമത്രയും ഒറ്റത്തട്ട് . ടേബിളില്‍ നിന്ന് വാഷ്‌ബേസിനിലെത്താനായില്ല . അതിനു മുമ്പേ കുടല്‍ പിരിഞ്ഞുപോകും വിധം ഓക്കാനിച്ചു . ഇപ്പോഴും മറക്കില്ല ആ വേദന...സാധാരണ ഭക്ഷണത്തില്‍ തലമുടി കണ്ടാല്‍ പോലും പ്രതികരിക്കുന്ന ആളല്ല ഞാന്‍ ..ഹോട്ടലുകാര്‍ വിചാരിച്ചു കാണും വെള്ളമടിച്ചു വാളു വച്ചതായിരിക്കുമെന്ന് . സ്ഥിരം കസ്റ്റമറായതിനാല്‍ ഒന്നും പറഞ്ഞില്ല . റൂമില്‍ വന്നു കിടന്നിട്ട് ഉറക്കം വന്നില്ല . മൂന്നു മണിക്കൂര്‍ വിശ്രമിച്ച് ആറു മണിക്കു തന്നെ സംഭവ സ്ഥലത്തേക്കു വീണ്ടും തിരിച്ചപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ വന്‍ മാധ്യമപ്പട , ഡിജിപി ഉള്‍പ്പടെ വന്‍ പോലീസ് സേന ..അത്യപൂര്‍വമായ ഈ സംഭവം അന്വേഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും സംഭവസ്ഥലത്തെത്തിയിരുന്നു . പിറ്റേന്നു രാവിലെ തന്നെ സാജന്‍ എബ്രഹാമിന്‍റെ ഫോണെത്തി. ..
എടാ തെണ്ടീ ..എക്‌സ്ക്ലൂസീവ് അടിക്കാന്‍ കൂട്ടുകാരനെ ഒറ്റയ്ക്കാക്കി സ്ഥലം വിട്ടല്ലേ ..? ഒരു ബിറ്റെങ്കിലും തരാമായിരുന്നു . നീ കാരണം എനിക്കു മെമ്മോ കിട്ടി . സസ്‌പെന്‍ഷന്‍ എപ്പോഴുണ്ടാകുമെന്ന് കാത്തിരിക്കുകയാണ് .
ഞാന്‍ പറഞ്ഞു –

കണക്ഷന്‍ കിട്ടാത്തതു കൊണ്ട് തിരിച്ചു വന്നപ്പോള്‍ ലേറ്റായി . മൂന്നു മണിക്കു വിളിച്ചപ്പോള്‍ എന്നെ താങ്കള്‍ ചീത്ത വിളിച്ചു , മറന്നോ ?

സത്യത്തില്‍ ഞാന്‍ തിരിച്ചു വിളിച്ചിരുന്നു . ഞാന്‍ വിളിച്ച വിവരം അദ്ദേഹം അറിഞ്ഞു പോലുമില്ല . നട്ടപ്പാതിരായ്ക്ക് വിളിച്ച വിവരം എങ്ങനെ അറിയാനാണ് ?
മലയാള മനോരമയുടെ ചരിത്രത്തിലാദ്യമായി ട്രെയ്‌നിയായിരിക്കുമ്പോള്‍ പിയുസിഎല്‍ അവാര്‍ഡ് നേടിയ ഏക പത്രപ്രവര്‍ത്തകനാണ് സാജന്‍. എഴുത്തില്‍ ഒരു പ്രത്യേക ശൈലി തന്നെയുണ്ടായിരുന്നു സാജന്‍റെ പ്രവര്‍ത്തന മണ്ഡലം അധികവും എറണാകുളമായിരുന്നു . പിന്നീട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ശക്തയായ ഒരു യുവനേതാവിനെ വിവാഹം കഴിച്ചെങ്കിലും പിന്നീട് ബന്ധം പിരിഞ്ഞു . ഒറ്റയാനായി തലങ്ങും വിലങ്ങും നടന്നു . ഒടുവില്‍ കരള്‍ രോഗം ബാധിച്ച് ഒറ്റയാനായി തന്നെ മടങ്ങി . എനിക്ക് റിപ്പോര്‍ട്ടിംഗിന്‍റെയും എഴുത്തിന്‍റെയും ഒരു പാടു ടിപ്പുകളും പാഠങ്ങളും പഠിപ്പിച്ചു തന്ന ഒരു ആത്മ സുഹൃത്തിനെയാണ് നഷ്ടമായത് . അവന്റെ പതനത്തില്‍ അറിയാതെ ഞാന്‍ പലപ്പോഴും വിതുമ്പിപ്പോയിട്ടുണ്ട് .

9 വര്‍ഷം മുമ്പ് 2008 സെപ്റ്റംബര്‍ മാസത്തിലാണ് സാജന്‍ ഈ ലോകത്തു നിന്നു യാത്രയായത് . അമേരിക്കയില്‍ നിന്നു നാട്ടിലെത്തിയ ദിവസം മലയാള മനോരം പത്രം വായിക്കുകയായിരുന്നു രാവിലെ . ചരമപ്പേജില്‍ ആദ്യ കോളത്തിലെ ആദ്യ ചിത്രം കണ്ട് പരിചയമുള്ള പോലെ ....തലക്കെട്ടു നോക്കി ..സാജന്‍ എബ്രഹാം നിര്യാതനായി . ഞെട്ടിപ്പോയി ..രണ്ടു മൂന്നു വര്‍ഷത്തിനു ശേഷം മനോരമയുടെ പേപ്പര്‍കോപ്പി ആദ്യമായി വായിച്ചപ്പോള്‍ കിട്ടിയ വാര്‍ത്ത ..ഒരു നിമിഷം എന്റെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണീരടര്‍ന്നു വീണു . ഒരു ദിവസം എന്റെയും ഗതി ഇതായിരിക്കുമല്ലോ എന്നോര്‍ത്തു പോയി . അമേരിക്കയ്ക്കു പോരുന്നതിനു മുമ്പ് എറണാകുളത്തു വച്ചു കണ്ടപ്പോള്‍ എന്റെ കൂടെ കൂടി . ഞാന്‍ താമസിച്ച ഹോട്ടലില്‍ അന്തിയുറങ്ങി . ഒരുപാടു സങ്കടങ്ങള്‍ പറഞ്ഞു . കേട്ടപ്പോള്‍ ഒത്തിരി വിഷമം തോന്നി . സ്ഥിരമായി ജോലിയില്ലാത്തതിനാല്‍ പണമില്ല . പോരാത്തതിനു രോഗവും . വിവാഹജീവിതം പിരിയലിന്റെ വക്കിലെത്തിയിരുന്നു . എന്‍റെ കയ്യിലുണ്ടായിരുന്നതെല്ലാം കൊടുത്തു . ഇവിടെ വന്നതിനു ശേഷം ഒരിക്കല്‍ പോലും വിളിക്കാന്‍ കഴിയാത്തതില്‍ അതീവ ദുഖം തോന്നി . അദ്ദേഹത്തിന്‍റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു ..

മനോരമ വിട്ട സാജന്‍ പിന്നീട് ന്യൂ ഇന്ത്യ എക്‌സ്പ്രസിലും ബ്രൂണൈ സുല്‍ത്താന്റെ പത്രത്തില്‍ ഗള്‍ഫിലും ജോലി ചെയ്തിരുന്നെങ്കിലും ഒരിടത്തും രക്ഷപെട്ടില്ല .

വെടിക്കെട്ടുകളുടെ തട്ടകമായ തൃശൂര്‍ തീവ്രവാദങ്ങളുടെ വേരോട്ടമുള്ള നാടാണ് . അതുകൊണ്ടു തന്നെ ബോംബു സ്‌ഫോടനങ്ങളും മുറയില്ലാതെ നടക്കാറുണ്ട് . 1997ല്‍ സംസ്ഥാന സ്കൂള്‍ കായിക മേള നടക്കുമ്പോള്‍ രാജ്യത്തെ ആകെ ഞെട്ടിച്ച ഒരു ബോംബു സ്‌ഫോടനം നടന്നു . ബാബറി മസ്ജിദ് തകര്‍ന്നതിന്‍റെ വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് തൃശൂര്‍ റെയ്ല്‍വേ സ്‌റ്റേഷന്‍ ഉള്‍പ്പടെ പലയിടത്തും ബോംബു സ്‌ഫോടന പരമ്പര നടന്നിരുന്നു . അന്നു തൃശൂരില്‍ സംസ്ഥാന സ്കൂള്‍ കായിക മേള നടക്കുന്നതിനാല്‍ നിരവധി പത്രപ്രവര്‍ത്തകര്‍ പുറത്തു നിന്നു വന്നു താമസിച്ചിരുന്നു . അന്നത്തെ ആ സംഭവം അടുത്ത അധ്യായത്തില്‍ .

Con-e.mail.- fethadathil@gmail.com
Ph. 973-518-3447
കളിമണ്ണില്‍ തീര്‍ത്ത ശില്പമായി ഒരു മനുഷ്യ ശിരസ് !! (നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മകള്‍: ഭാഗം13: ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
One reader 2017-04-22 20:15:44
ഇത്രയും ഉജ്വലമായ ഒരു വിവരണം അടുത്തയിടക്കു വായിച്ചിട്ടില്ല. പത്രപ്രവര്‍ത്തന രംഗത്തെ പാരകള്‍ ഏതു രീതിയില്‍ വരുമെന്നതും ലെഖനം ചിത്രീകരിക്കുന്നു 
Joseph Padannamakkel 2017-04-22 21:36:31
ആരെയും ഞെട്ടിപ്പിക്കുന്ന ശ്രീ ഫ്രാൻസിസ് തടത്തിലിന്റെ 'ജ്വലിക്കുന്ന ഓർമ്മകൾ' ഈ ലേഖനത്തിൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. സിനിമാപോലുള്ള സംഭവ ബഹുലമായ ഈ ദൃക്‌സാക്ഷി വിവരണം ആരെയും ചിന്തിപ്പിക്കുന്നതാണ്. പ്രതികാര മോഹിയായ കാമുകൻ, വഞ്ചകിയായ കാമുകി, മനുഷ്യ ബോംബ് വെച്ചുള്ള കാമുകന്റെ പ്രതികാരം തീർക്കൽ, ജേർണലിസ്റ്റെന്ന നിലയിൽ സ്വന്തം പ്രൊഫഷനെ സ്നേഹിക്കുന്ന സ്വാർത്ഥത, വീടിന്റെ കത്തിയെരിയുന്ന കഴുക്കോൽ വരെ പൊട്ടി ചിതറിയ മനുഷ്യ മാംസങ്ങൾ, കണ്ണു തകർന്ന പാവം ഒരു പെൺകുട്ടി, നിഷ്കളങ്കരായവരുടെ മരണങ്ങൾ എല്ലാം വായിക്കുന്നവരുടെ മനസ്സുകളെ ചഞ്ചലമാക്കും. ദുഖിപ്പിക്കുകയും പേടിപ്പെടുത്തുകയും ചെയ്യും. സുഹൃത്തിന്റെ മരണവും നമ്മുടെയെല്ലാം ജീവിതത്തിലെ അഭ്രപാളികളിൽ തന്നെയുണ്ട്. വികാരം നിറഞ്ഞിരിക്കുന്ന ഈ ലേഖനം ഉഗ്രമായിരിക്കുന്നു. ശ്രീ ഫ്രാൻസിസ് തടത്തിലിന് അഭിനന്ദനങ്ങൾ.   
Francis E Thadathil 2017-04-23 18:01:12
ആദരണീയ ജോസഫ്
താങ്കളുടെ വസ്തുനിഷ്ടമായ കമന്റ്റിനു എങ്ങനെ നന്ദി പറയണമെന്നറിയില്ല. മനസ്സുനിറച്ച പ്രതികരണമാണ് തന്നകളിൽ നിന്നുണ്‌ടായത്. ഇത്തരത്തിലുള്ള പ്രതികരണങ്ങളാണ് ഒരു എഴുത്തുകാരന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം. കൂടുതൽ ആവേശത്തോടെ തുടർന്ന് എഴുതുവാനുള്ള പ്രചോദനവും കൂടിയാണിത്. നന്ദി.... സ്നേഹത്തിന്റെ കൈയൊപ്പ് വച്ച നന്ദി ....
Observer 2017-04-23 18:07:08
Great article
വിദ്യാധരൻ 2017-04-24 07:47:47

'ഇതാണ് ലേഖനം ഇതായിരിക്കണം ലേഖനം' എന്നൊക്കുള്ള ജാടകൾ ഇല്ലാത്ത ഒരു ലേഖനം വായിച്ചതിൽ സന്തോഷമുണ്ട്.  സംഭവത്തിന്റ വൈകാരിക തീവൃത നഷ്ടപ്പെടാതെ നിങ്ങൾ വിഷയം അവതരിപ്പിച്ചിരിക്കുന്നു.  പ്രണയം എന്ന വികാരം മാധുര്യമുള്ളെതെങ്കിലും ചിലപ്പോൾ  അപകടകരമായ അവസ്ഥയിലേക്കും കൊണ്ട് ചെന്നെത്തിക്കും.  ഇവിടെ ഒരു കുടുമ്പത്തിലെ മിക്ക അംഗങ്ങളും പ്രണയാഗ്നിയിൽ എരിഞ്ഞു ചാമ്പലായി. ഇത്തരം പ്രണയങ്ങൾ പലപ്പോഴും ലൈംഗികാകര്‍ഷണത്തിൽ നിന്ന് ഉടലെടുക്കുന്നതാണ്. അത് വിവാഹത്തിലും പിന്നീട് വിവാഹമോചനത്തിലും ചെന്ന് കലാശിക്കും. കൂടുതൽ കൂടുതൽ ചെറുപ്പക്കാർ ഇന്ന് ഭാരതത്തിൽ വിവാഹമോചനം നേടുന്നു. ആദ്യകണ്ടുമുട്ടലിൽ ചിലർ പ്രണയബദ്ധരാകുകയും പിന്നീട് താൻ കണ്ടത് വെറും മിഥ്യയായിരുന്നു എന്ന് മനസിലാകുമ്പോൾ അവർ വേർപിരിയുന്നു സ്ത്രീകൾ ഇന്ന് കൂടുതൽ കൂടുതൽ വിദ്യാഭാസപരമായും, ജോലിപരമായും  സാമ്പത്തികമായും സാമ്പത്തിക ഭദ്രത നേടിക്കൊണ്ടിരിക്കുകയാണ്  അതുപോലെ അവരുടെ ഭാവിയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുണ്ട്. കുട്ടികൾ കുടുംബം എന്നൊക്കെയുള്ള സങ്കൽപ്പങ്ങളെ യാഥാർഥ്യമാക്കുന്നതിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതൽ മുൻകൈ എടുക്കുന്നു. ഈ സംഭവത്തിലെ കഥാനായിക ജീവിതത്തെക്കുറിച്ചു കൂടുതൽ ബോധവതിയായപ്പോൾ കാമുകൻ ലൈംഗികാസക്തിയുടെ അതിപ്രസരമുള്ള ചിന്തകളിൽ നിന്ന് പുറത്തുവരാതെ പൈശാചികരൂപം പ്രാപിക്കുകയും അവസാനം ഒരു മനുഷ്യബോംബായി പൊട്ടിത്തെറിക്കുകയും മറ്റുള്ളവരെ ആ അയാളുടെ പ്രണയപരാജത്തിന്റെ അന്ഗ്നിയിൽ ചുട്ടുകരിക്കുകയും ചെയ്യുത് .  പല പാടങ്ങളും ഈ ലേഖനത്തിൽ നിന്ന് ഉൾകൊള്ളാൻ സാധിക്കും.


അനുരാഗനാടകത്തിന്‍
അന്ത്യമാം രംഗം തീര്‍ന്നു
അരങ്ങിതിലാളൊഴിഞ്ഞു
കാണികള്‍ വേര്‍പിരിഞ്ഞു

പാടാന്‍ മറന്നു പോയ
മൂഢനാം വേഷക്കാരാ (2)
തേടുന്നതെന്തിനോ നിന്‍
ഓടക്കുഴല്‍ മണ്ണടിഞ്ഞു
അനുരാഗനാടകത്തിന്‍

കണ്ണുനീരില്‍ നീന്തി നീന്തി
ഗല്‍ഗദം നെഞ്ചിലേന്തി
കൂരിരുളില്‍ ദൂരെ നിന്റെ
കൂട്ടുകാരി മാഞ്ഞുവല്ലോ
അനുരാഗനാടകത്തിന്‍

വ്യര്‍ഥമാം സ്വപ്നങ്ങള്‍തന്‍
പട്ടടക്കാടിനുള്ളില്‍
കത്തുമീ തീയിൻ മുന്നില്‍
കാവലിനു വന്നാലും നീ

അനുരാഗനാടകത്തിന്‍
അന്ത്യമാം രംഗം തീര്‍ന്നു
അരങ്ങിതിലാളൊഴിഞ്ഞു
കാണികള്‍ വേര്‍പിരിഞ്ഞു (പി. ഭാസ്കരൻ )

Dr.Sasi 2017-04-24 14:07:18
സാകല്യമായ  സന്തോഷവും  കൂടെ സന്താപവും സമ്മിശ്രമായി സമ്മാനിച്ചു വളരെ വിചാരവിവേകത്തോട് കൂടിയാണ് ശ്രീ ഫ്രാൻസിസ് എന്റെ സ്വന്തം ഗ്രാമത്തിൽ നടന്ന  ആ ദുരന്തത്തെ സകല തലങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടു  ഇവിടെ വിവരച്ചിരിക്കുന്നത്.ഈ ലേഖനം എന്റെ പഴയക്കാല ഗ്രാമീണ  ജീവിതത്തിലേക്കും ആത്മസ്മൃതിയിലേക്കു ആഴ്ന്നു പോകാനുള്ള ഒരു മടക്ക യാത്രക്കുള്ള ടിക്കറ്റ് ആയിരുന്നു .എല്ലാ അർത്ഥത്തിലും ഭാവത്തിലും ഭംഗിയായി ഭവിന തലത്തിൽ നിന്ന് കൊണ്ട് ഫ്രാൻസിസ്  ആ സംഭവം വിവരണം ചെയ്തിരിക്കുന്നു.ഈ രണ്ടു കുട്ടികളെയും എനിക്ക് നന്നായി അറിയാമായിരുന്നു ഒരു നിലക്ക് രണ്ടുപേരും എന്റെ വിദ്യാർത്ഥികളായിരുന്നു.എന്തായാലും ഈ ലേഖന പരമ്പര നല്ലൊരു സങ്കൽപ്പത്തിന്റെ സംശുദ്ധമായ സമ്മേളനമാകട്ടെ!സാഹിത്യ ലോകത്തിന്റെ ഏറ്റവും നല്ല സൗന്ദര്യം എന്നത് ഈ ലോകത്തിലെ ഏതു എഴുത്തുകാരെനയും പ്രത്യക്ഷമായി പരിചയപെടാതെ തന്നെ പരോക്ഷമായി എഴുത്തുകളിലൂടെ പരിചയപെടാൻ കഴിയുന്നതാണ്.ഈ തലത്തിലൂടെ ഫ്രാൻസിസ് എന്ന എഴുത്തുകാരനെ പരിചയപ്പെടാൻ കഴിഞ്ഞതിൽ നല്ല സന്തോഷം.ഈ ശുദ്ധമായ വിവരണംതീർച്ചയായും  ഒരു പകൽ കിനാനവിന്റെ പകർപ്പല്ല.പകൽക്കിനാവ് എന്ന ശബ്ദത്തിന്റെ അർഥം നിഷ്ഫലമായ ചിന്തകൾ എന്നാണ്.പകൽക്കിനാവ് കാണുന്നത്  അലസന്മാരാണ് .പകൽ നേരത്തെ ഉറക്കമാണോല്ലോ സ്വപ്നത്തിന് കാരണം .ഈ സ്വപ്നത്തെ ദിവാസ്വപ്നം എന്ന് പറയും .ദിവാസ്വപ്നം നിഷ്‌ഫലവും.മനക്കോട്ട കെട്ടിയാൽ കോട്ടയാവില്ലല്ലോ.
ന  ദിവാസ്വപ്‌നം കുര്യാത്‌ 
താല്പര്യം :പകൽക്കിനാവ് കാണരുത്
(Dr.Sasi)
Francis E Thadathil 2017-04-24 17:16:49
ഡോ. ശശി ,
കഴിഞ്ഞ 13  ചാപ്റ്ററുകളിൽ എനിക്ക് ലഭിച്ച കമൻറ്റുകളിൽ ഏറ്റവും ചാരിതാർഥ്യം തോന്നിയ നിമിഷമാണിത്. സ്വംഭവം നടന്ന സ്ഥലത്തുനിന്നു ഒരാൾ എവിടെ അമേരിക്കയിൽ താമസിക്കുന്നുവെന്നു അറിയുന്നതും അയാളുടെ തന്നെ പ്രോത്സാഹനം ലഭിക്കുന്നതിലും വലിയ അംഗീകാരം മറ്റെന്താണ്? നന്ദിയുണ്ട് . വായനക്കാരെ ലേഖനത്തിലേക്ക് അടുപ്പിക്കാൻ കഴിയുന്നു എന്നതാണ് ഒരു എഴുത്തുകാരന് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം. എന്റെ നേരറിവുകളും അനുഭവങ്ങളും വായനക്കാരെ അറിയിക്കുക, അത് മാത്രമാണ് ഞാൻ ചെയ്യാൻ ശ്രമിക്കുന്നത് . അതിനുള്ള അംഗീകാരം നിങ്ങൾ നൽകുന്നതിൽ അതിയേറെ സന്തോഷം. ഇനിയും ഇത്തരം ക്രിയാത്‌മക വിമർശനങ്ങൾ നൽകണമെന്ന് അപേക്ഷ . 
ശ്രീ വിദ്യാധരൻ
താങ്കളുടെ സ്നേഹോഷ്മളമായ പ്രോസാഹനത്തിനു നന്ദി . താങ്കളുടെ വിശകലനവും ശരി തന്നെ. പി . ഭാസ്കരന്റെ കവിത നൽകിയത് ഉചിതമായീ. കവി ഭാവനയെ അഭിനന്ദിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക