Image

പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചു

Published on 21 April, 2017
പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചു
ദേവികുളം: വനഭൂമി കൈയേറി അനധികൃതമായി പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചു. ജില്ലാഭരണകൂടം കൈയേറ്റമെന്ന് കണ്ടെത്തി പൊളിച്ചുകളഞ്ഞ കുരിശിന്റെ അതേസ്ഥാനത്താണ് വീണ്ടും കുരിശ് സ്ഥാപിച്ചത്. മരംകൊണ്ടുള്ള കുരിശാണ് സ്ഥാപിച്ചത്. എന്നാല്‍ സംഭവവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് 'സ്പിരിറ്റ് ഇന്‍ ജീസസ്' സംഘടന വ്യക്തമാക്കി. 

കൈയേറ്റ സ്ഥലത്ത് കുരിശ് സ്ഥാപിക്കരുതെന്നാണ് 
സിറോ മലബാര്‍ സഭയുടെ നിലപാടെന്നും സ്വര്‍ണക്കുരിശാണെങ്കിലും മരക്കുരിശാണെങ്കിലും അനധികൃതമായി സ്ഥാപിക്കുന്നത് ശരിയല്ലെന്നും സഭ വ്യക്തമാക്കി.
 
മൂന്നാറില്‍ ജെ.സി ബി ഉള്‍പ്പെടെയുള്ള മണ്ണ് നീക്കല്‍ യന്ത്രങ്ങള്‍ ഒഴിവാക്കണമെന്ന് കൈയേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. ഇടുക്കിയില്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കുന്നതിന് സര്‍വകക്ഷി യോഗം വിളിച്ച് പിന്തുണ തേടണമെന്നും റവന്യൂ അധികാരികളും പൊലീസും ഒന്നിച്ചു നീങ്ങണമെന്നും യോഗം തീരുമാനിച്ചു. 

കുടിയേറ്റവും കയ്യേറ്റവും വേറിട്ട് കാണണമെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. സര്‍ക്കാരിനെ അറിയിക്കാതെ മണ്ണ് നീക്കല്‍ യന്ത്രം കൊണ്ടുപോയി കുരിശ് പൊളിച്ചുനീക്കിയ നടപടി തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ് ഉദ്യോഗസ്ഥര്‍. അവര്‍ ആ ബാധ്യത നിറവേറ്റുന്നില്ലെങ്കില്‍ സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കാന്‍ കഴിയില്ല. അര്‍ദ്ധരാത്രിക്ക് ശേഷം 144 പ്രഖ്യാപിച്ചതും പൊലീസിനെ അറിയിക്കാതെ ഭൂസംരക്ഷണ സേനയുമായി കുരിശ് പൊളിക്കാന്‍ പോയതും തെറ്റാണ്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക