Image

കരുണയുടെ കരതലം: അഡ്വ. ബിജു ഉമ്മനുമായി അഭിമുഖം: ജോര്‍ജ് തുമ്പയില്‍

Published on 21 April, 2017
കരുണയുടെ കരതലം: അഡ്വ. ബിജു ഉമ്മനുമായി അഭിമുഖം:  ജോര്‍ജ് തുമ്പയില്‍
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത അഡ്വ. ബിജു ഉമ്മന്‍ കരുണയുടെയും ദൈവഹിതത്തിന്റെയും വഴിത്താരകളിലൂടെ സഞ്ചരിക്കുന്ന വ്യക്തിയാണ്. വിശ്വസ്തതയോടെയും ആത്മാര്‍ഥമായും സഭയുടെ വളര്‍ച്ചയ്ക്കുവേണ്ടി ലഭിച്ച അവസരങ്ങളൊക്കെയും വിനിയോഗിക്കാന്‍ സാധിച്ച അഡ്വ. ഉമ്മന്‍ സര്‍വ്വസ്വീകാര്യനാണ്. അസോസിയേഷന്‍ സെക്രട്ടറിപദത്തിലേക്ക് മത്സരിച്ച സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിജു ഉമ്മന്‍ പറഞ്ഞു, പുണ്യശ്ലോകരായ പരിശുദ്ധ ബസേലിയോസ് മാര്‍തോമാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവ, പരിശുദ്ധ ബസേലിയോസ് മാര്‍തോമാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ, ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പൊലീത്ത എന്നിവരോടൊപ്പവും ഇപ്പോള്‍ പരിശുദ്ധ ബസേലിയോസ് മാര്‍തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്‌ക്കൊപ്പവും 23 വര്‍ഷം മാനേജിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കാന്‍ സാധിച്ച അനുഭവസമ്പത്തിനെ കൂടുതല്‍ മികച്ച രീതിയില്‍ സഭയ്ക്ക് പ്രയോജനപ്പെടുത്താനാകുമെന്ന വിശ്വാസമാണ്  മത്സരിക്കാന്‍ പ്രേരിപ്പിച്ചത്. 

കവിയൂര്‍ സ്ലീബാ പള്ളിയാണ് ബിജു ഉമ്മന്റെ ഇടവക. ഇടവകതലത്തില്‍ പ്രവര്‍ത്തിച്ചാണ് സഭാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ഇടവക സെക്രട്ടറി, സണ്‍ഡേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, സുവിശേഷസംഘം ഡിസ്ട്രിക്ട് ഓര്‍ഗനൈസര്‍, നിരണം ഭദ്രാസന കൗണ്‍സില്‍ അംഗം, സഭാ മാനേജിംഗ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 

കഴിഞ്ഞ മാനേജിംഗ് കമ്മിറ്റിയില്‍ നിശബ്ദനായിരുന്നു എന്ന ആരോപണത്തെ ബിജു ഉമ്മന്‍ നേരിടുന്നത് സ്വതസിദ്ധമായ അനുഭവപാരമ്പര്യം കൊണ്ടായിരുന്നു. ക്രിയാത്മകമായി പ്രവര്‍ത്തിക്കുക എന്നതിന് ബഹളം വെയ്ക്കുക എന്നൊന്നും അര്‍ഥമുള്ളതായി തനിക്ക് തോന്നുന്നില്ലെന്നാണ് ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്. നിശബ്ദമായി ചെയ്യുന്ന പ്രവര്‍ത്തികളാവും പലപ്പോഴും ഫലസിദ്ധിയുള്ളതാവുക. ഈ നിലയില്‍ തന്നെ എല്‍പ്പിച്ച കാര്യങ്ങളൊക്കെയും ഭംഗിയായി ചെയ്യാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം വിനീതനായി പറഞ്ഞു. 

റൂള്‍ കമ്മിറ്റി അംഗം എന്ന നിലയില്‍ 2006, 2011 വര്‍ഷങ്ങളിലെ സഭാഭരണഘടനാ ഭേദഗതി പ്രക്രിയയില്‍ സജീവപങ്കാളിത്തം വഹിക്കാന്‍ സാധിച്ചതാണ് ഇതിനു ഉദാഹരണമായി ബിജു ഉമ്മന്‍ എടുത്തു കാണിക്കുന്നത്. ലീഗല്‍ കമ്മിഷന്‍ അംഗം എന്ന നിലയില്‍ 2016ലെ അസോസിയേഷന്‍ നടപടിച്ചട്ടപരിഷ്‌കരണത്തില്‍ പ്രധാനപങ്കുവഹിച്ച അദ്ദേഹം തിരഞ്ഞെടുപ്പ് റദ്ദാവുന്ന ഇടവകകളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താനും ശ്രമിച്ചു. ഇതിനായി 2017 മാര്‍ച്ച് ഒന്നിന് കൂടിയ മലങ്കര അസോസിയേഷനില്‍, സങ്കീര്‍ണമായിരുന്ന തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ലളിതമാക്കി. പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ഇക്കാര്യം പരിഗണിച്ച അവസരങ്ങളില്‍ ബിജു ഉമ്മന്‍ പ്രത്യേക ക്ഷണിതാവായിരുന്നു.

സഭയുടെ ദൃശ്യതലവനും മുഖ്യകാര്യദര്‍ശിയും പരി. ബാവാ തിരുമേനിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അദ്ദേഹത്തെ സഹായിക്കാനുമാണ് അസോസിയേഷന്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതെന്നാണ് ബിജുവിന്റെ കാഴ്ചപ്പാട്. ശ്രേഷ്ഠ പിതാക്കന്‍മാരില്‍ നിന്നും ബിജു സ്വായത്തമാക്കിയ പാഠങ്ങളും ഇതൊക്കെയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ''പരിശുദ്ധ സഭയോടും പരിശുദ്ധ ബാവാ തിരുമേനിയോടും ചേര്‍ന്ന് സഭാഭരണഘടനയ്ക്കുള്ളില്‍ നിന്നല്ലാതെ അസോസിയേഷന്‍ സെക്രട്ടറിക്ക് അസ്തിത്വമില്ല.

 സെക്രട്ടറിക്കെന്നല്ല, സഭയിലെ ഒരു സ്ഥാനിക്കും ഇത്തരമൊരു അസ്തിത്വമില്ല. ഒരു എപ്പിസ്‌കോപ്പല്‍ സഭ എന്ന നിലയില്‍ സഭയിലെ പിതാക്കന്‍മാരുടെയും പരിശുദ്ധ സുന്നഹദോസിന്റെയും സ്ഥാനം അദ്വിതീയമാണ്. സഭയ്ക്കുള്ളിലെ വിവിധ ഘടകങ്ങള്‍ തമ്മിലുള്ള മല്‍സരം സഭയെ തളര്‍ത്താനേ ഉപകരിക്കൂ. പ. ബാവയോടൊപ്പം പരിശുദ്ധ സുന്നഹദോസും മാനേജിംഗ് കമ്മിറ്റിയും സ്ഥാനികളും ചേര്‍ന്നുനിന്ന് സഭയുടെ വളര്‍ച്ചയ്ക്കായി ഒരു മനസോടെ പ്രവര്‍ത്തിക്കുക എന്നതാണ് എന്റെ മനസിലെ സ്വപ്നം. ഞാന്‍ മനസില്‍ കാണുന്നത് ഇത്തരം ഒരുമയോടെയുള്ള പ്രവര്‍ത്തനമാണ്. സഭാസ്ഥാനികളെ ഭരിക്കേണ്ടത് കലഹത്തിന്റേതായ ആത്മാവല്ല, അനുരഞ്ജനത്തിന്റേതായ ആത്മാവാണെന്നതാണ് എന്റെ പക്ഷം.''

സഭയ്ക്കു രാഷ്ട്രീയമുണ്ടോ എന്ന സന്ദേഹമായിരുന്നു ബിജു ഉമ്മന്‍ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഉയര്‍ന്ന കേട്ട ചോദ്യം. അസോസിയേഷന്‍ സെക്രട്ടറിയായി മത്സരരംഗത്ത് ഇറങ്ങിയപ്പോള്‍ മുതല്‍ ഉയര്‍ന്ന കേട്ട ഈ ചോദ്യത്തെ ബിജു നേരിട്ടതും വളരെ തന്മ്വയത്വത്തോടെയാണ്. ''മലങ്കരസഭയ്ക്ക് രാഷ്ട്രീയമില്ല, ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല. ഉണ്ടാകാന്‍ പാടുമില്ല. എന്നാല്‍ സഭാംഗങ്ങള്‍ക്ക് രാഷ്ട്രീയമുണ്ട്. അതിനവര്‍ക്ക് അവകാശമുണ്ട്. സഭാംഗങ്ങളുടെ കടമയാണ് രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയയില്‍ പങ്കാളിയാകുക എന്നത്. എന്നാല്‍ സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി സഭയെ ആരും ഉപയോഗിച്ചുകൂടാ, സഭാസ്ഥാനികള്‍ പ്രത്യേകിച്ചും എന്നതാണ് എല്ലാവരും ഓര്‍ക്കേണ്ട കാര്യം. സീസര്‍ക്കുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന കാര്യം ഇക്കാര്യത്തില്‍ മറന്നുകൂടാ.'' 

ഈ നിലയില്‍ തന്നെയാണ് ബിജുവിന്റെ രാഷ്ട്രീയ ആഭിമുഖ്യവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ അദ്ദേഹം നേരിടുന്നതും. തനിക്കും രാഷ്ടീയആഭിമുഖ്യമുണ്ടെന്നത് ബിജു നിഷേധിക്കുന്നില്ല. അതൊരു തെറ്റായ കാര്യമാണന്നും ബിജു കരുതുന്നില്ല. അദ്ദേഹം ഉറപ്പിച്ചു തന്നെ പറയുന്നു, താനൊരു രാഷ്ട്രീയപ്രസ്ഥാനത്തിലും അംഗമല്ല. ഒരു ഗ്രാമപഞ്ചായത്ത് അംഗമായി പോലും മല്‍സരിച്ചിട്ടുമില്ല. അങ്ങനെയൊരു ആഗ്രഹവും അദ്ദേഹത്തിനില്ലത്രേ. ബിജുവിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിനും യാതൊരു രാഷ്ട്രീയ മോഹങ്ങളുമില്ല. കൂടുതല്‍ ചോദിച്ചപ്പോള്‍ ബിജു പറഞ്ഞു, ''അസോസിയേഷന്‍ സെക്രട്ടറിയെന്ന നിലയില്‍ എന്റെയോ എന്റെ കുടുംബത്തിന്റെയോ നേട്ടങ്ങള്‍ക്കായി പരിശുദ്ധ സഭയെ ഒരിക്കലും ഉപയോഗിക്കില്ലന്ന കാര്യം ഞാന്‍ ഉറപ്പ് തരുന്നു.''

അസോസിയേ.ഷന്‍ സെക്രട്ടറി എന്ന നിലയില്‍ ബിജുവിന്റെ വിജത്തിന്റെ പിന്നില്‍ കെട്ടുറപ്പോടു കൂടിയ കഠിനാധ്വാനമുണ്ട്. പുതിയ കാര്യങ്ങള്‍ സഭയില്‍ നടപ്പിലാക്കാന്‍ തയ്യാറെടുപ്പുണ്ടോയെന്ന ചോദ്യത്തിനു ബിജു പറഞ്ഞ് ഇങ്ങനെ, ''അസോസിയേഷന്‍ സെക്രട്ടറി എന്ന നിലയില്‍ എനിക്ക് തന്നെ സഭയില്‍ ഒരു മാറ്റവും നടപ്പാക്കാനാവില്ല. എന്നാല്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അദ്ഭുതങ്ങള്‍ നടപ്പാക്കാന്‍ നമ്മുടെ സഭയില്‍ സാധിക്കും എന്നാണ് എന്റെ പൂര്‍ണമായ വിശ്വാസം. അതിനുള്ള ആളും ധനവും നമുക്കുണ്ട്. കഴിവുള്ളവരെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയാണ് ഇതിനാവശ്യം. പ്രതിഭകളുടെ കഴിവും മികവും സഭയ്ക്ക് പ്രയോജനപ്പെടുത്താനാകുന്ന സാഹചര്യമുണ്ടാകണം.

 പരസ്പരസഹവര്‍ത്തിത്വത്തിന്റേതായ അന്തരീക്ഷം സഭയില്‍ സംജാതമാകുവാന്‍ അവസരമൊരുങ്ങുകയാണ് അടിയന്തിരമായി വേണ്ടത്. ഇക്കാര്യങ്ങള്‍ക്ക് മതിയായ പിന്തുണ ലഭിക്കും എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. പരിശുദ്ധ ബാവാ തിരുമേനിയുടെ അനുവാദത്തോടെയും അനുഗ്രഹത്തോടെയുമാണ് മല്‍സരിക്കാന്‍ ഞാനിറങ്ങിയത്. നമ്മുടെ പിതാക്കന്‍മാരോടും കൂട്ടു ട്രസ്റ്റിമാരുമായും നല്ല ബന്ധമാണ് എനിക്കുള്ളത്. എന്റെ കൂടെ മുന്‍ മാനേജിംഗ് കമ്മിറ്റികളില്‍ ഉണ്ടായിരുന്ന നിരവധിപേര്‍ ഇപ്പോഴും അംഗങ്ങളാണ്. പുതിയ അംഗങ്ങളോടും ഇതിനോടകം നല്ല ബന്ധം സ്ഥാപിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നെ അറിയുന്ന അവരുടെയൊക്കെ പിന്തുണ എനിക്കുണ്ടാകുമെന്ന് തീര്‍ച്ചയായും ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ സ്വന്തനേട്ടങ്ങള്‍ക്കായല്ലാതെ സഭയുടെ വളര്‍ച്ചയ്ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സഭാസ്‌നേഹികളുടെ പിന്തുണ ഉറപ്പായും ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.'' 

സഭയുടെ റൂള്‍ കമ്മിറ്റി, പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ ലീഗല്‍ കമ്മിഷന്‍, 2008ലെ എപ്പിസ്‌കോപ്പല്‍ തിരഞ്ഞെടുപ്പ് സ്‌ക്രീനിംഗ് കമ്മിറ്റി, കാതോലിക്കേറ്റ് & എം ഡി സ്‌കൂള്‍സ് ഗവേണിംഗ് ബോര്‍ഡ് എന്നിവയിലെ അംഗത്വം, വിവാഹസഹായ പദ്ധതി, ഭവന സഹായ വിതരണ പദ്ധതി, പരുമലയില്‍ നടന്ന മൂന്ന് മലങ്കര അസോസിയേഷന്‍ യോഗങ്ങളുടെ പബ്ലിസിറ്റി കമ്മിറ്റി എന്നിവയുടെ കണ്‍വീനര്‍, പുനര്‍ വിവാഹം സംബന്ധിച്ച പരിശുദ്ധ ബാവാ തിരുമേനിമാരുടെ നിയമോപദേഷ്ടാവ് തുടങ്ങിയ സ്ഥാനങ്ങളില്‍ വിശ്വസ്ഥതയോടെ പ്രവര്‍ത്തിക്കാന്‍ അഡ്വ. ബിജു ഉമ്മന് സാധിച്ചിട്ടുണ്ട്. 

ദേവലോകം കാതോലിക്കേറ്റ് ഓഫീസില്‍ എത്തി നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആശംസകള്‍ അറിയിച്ചപ്പോള്‍, അമേരിക്കന്‍ ഭദ്രാസനങ്ങളിലെ ഒട്ടനവധി പേരുമായി തനിക്കുള്ള ഊഷ്മളമായ വ്യക്തി ബന്ധങ്ങളെ ബിജു ഉമ്മന്‍ അനുസ്മരിച്ചു. റോക്ക് ലാന്‍ഡിലുള്ള ജെയ് (കെ.ജി. ഉമ്മന്‍) തുടങ്ങി നിരവധി വ്യക്തികളുടെ പേരുകള്‍ അദ്ദേഹം എടുത്തു പറഞ്ഞു. 

നിരണം സെന്റ് മേരീസ് സ്‌കൂള്‍ അധ്യാപിക ആശ ജേക്കബാണ് ബിജു ഉമ്മന്റെ ഭാര്യ. ക്രിസ്റ്റീന മറിയം മാത്യു (പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അധ്യാപിക), ജേക്കബ് എം. ഉമ്മന്‍ (തിരുവനന്തപുരം ടെക്‌നോ പാര്‍ക്ക് ഉദ്യോഗസ്ഥന്‍) എന്നിവരാണ് മക്കള്‍.
കോട്ടയം വൈദിക സെമിനാരിയില്‍ ചേര്‍ന്ന ആദ്യ മാനേജിങ് കമ്മിറ്റിയുടെ യോഗത്തിലാണ് ബിജു ഉമ്മന്‍ തെരഞ്ഞെടുക്കപ്പെട്ടത്. മെത്രാപ്പോലീത്തമാര്‍, തെരഞ്ഞെടുക്കപ്പെട്ടതും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതുമായ പ്രതിനിധികള്‍ എന്നിവരടക്കം 202 അംഗങ്ങള്‍ പങ്കെടുത്ത തെരഞ്ഞെടുപ്പില്‍ ബിജു ഉമ്മന് 108 വോട്ടുകളാണ് കിട്ടിയത്. 
കരുണയുടെ കരതലം: അഡ്വ. ബിജു ഉമ്മനുമായി അഭിമുഖം:  ജോര്‍ജ് തുമ്പയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക